ഐപിഎല്ലിന്റെ ആദ്യ പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സ് പ്ലെയിങ് ഇലനിലേക്കു അവകാശവാദമുന്നയിച്ചിരിക്കുകയാണ് കൗമാര വിസ്മയം വൈഭവ് സൂര്യവന്‍ഷി. സീസണിനു മുന്നോടിയായുള്ള പരിശീലന മല്‍സരത്തില്‍ തകര്‍ത്തടിച്ചാണ് 13കാരന്‍ ടീം മാനേജ്‌മെന്റിന്റെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്.
ഇതോടെ അടുത്ത ഞായറാഴ്ച സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള പോരാട്ടത്തില്‍ റോയല്‍സ് ഇലവനില്‍ വൈഭവിനും ഇടം ലഭിക്കുമോയെന്നാണ് ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്നത്. ജയ്പൂരിലെ എസ്എംഎസ് സ്റ്റേഡിയത്തില്‍ നടന്ന റോയല്‍സിന്റെ ഇന്‍ട്രാ സ്‌ക്വാഡ് പരിശീലന മല്‍സരത്തില്‍ നിന്നുള്ള വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

കൂറ്റന്‍ സിക്‌സ്
രാജസ്ഥാന്‍ റോയല്‍സ് പേസ് നിരയിലെ പുതിയ സാന്നിധ്യമായ അണ്‍ക്യാഡ്‌സ് ഇന്ത്യന്‍ പേസര്‍ ആകാശ് മധ്വാളിനെതിരായ വൈഭവ് സൂര്യവന്‍ഷിയുടെ ബാറ്റിങ് വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വന്നിരിക്കുന്നത്. വളരെ പെട്ടെന്നു തന്നെ ഇതു ആരാധകര്‍ക്കിടയില്‍ വൈറലായി മാറുകയും ചെയ്തു.
മുന്‍ മുംബൈ ഇന്ത്യന്‍സ് താരം കൂടിയായ മധ്വാള്‍ മികച്ച യോര്‍ക്കറുകളെറിയാന്‍ മിടുക്കനാണ്. പ്രത്യേകിച്ചും ഡെത്ത് ഓവറുകളില്‍ ചില ശ്രദ്ധേയമായ പ്രകടനങ്ങള്‍ താരം നടത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ പരിശീലന മല്‍സരത്തില്‍ വളരെ അനായാസമായിട്ടാണ് മധ്വാളിനെതിരേ വൈഭവ് ബാറ്റ് ചെയ്തത്.
പരിശീലന മല്‍സരത്തില്‍ ആകാശ് മധ്വാളിനെതിരേ ബാറ്റ് ചെയ്യുന്ന വൈഭവ് സൂര്യവന്‍ഷി. വീഡിയോ കാണാം
കട്ട് ഷോട്ടിലൂടെ ഒരു കൂറ്റന്‍ സിക്‌സര്‍ വൈഭവ് പായിച്ചപ്പോള്‍ പരിശീലന മല്‍സരം കാണാന്‍ സ്‌റ്റേഡിയത്തിലെത്തിയ റോയല്‍സ് ആരാധകര്‍ എഴുന്നേറ്റ് നിന്ന് ആവേശത്തോടെ കൈകളുയര്‍ത്തി ആര്‍പ്പുവിളിക്കുന്നതും ഈ വീഡിയോയില്‍ കാണാന്‍ സാധിക്കും.
കൂടാതെ തലങ്ങും വിലങ്ങും ചില അഗ്രസീവ് ഷോട്ടുകളും വൈഭവ് കളിക്കുന്നതും വീഡിയോയിലുണ്ട്.
വൈഭവിനു നറുക്കുവീഴുമോ?
പരിശീലന മല്‍സരത്തില്‍ നടത്തിയ ശ്രദ്ധേയമായ പ്രകടനത്തോടെ രാജസ്ഥാന്‍ റോയല്‍സിന്റെ പ്ലെയിങ് ഇലവനിലേക്കും വൈഭവ് സൂര്യവന്‍ഷിക്കു ഇനി വിളിയെത്തുമോയെന്നാണ് കാത്തിരുന്നു കാണേണ്ടത്. പക്ഷെ ടൂര്‍ണമെന്റില്‍ ഇനിയും അരങ്ങേറിയിട്ടില്ലാത്ത 13 വയസ്സ് മാത്രം പ്രായമുള്ള താരത്തെ സീസണിലെ ആദ്യ കളിയില്‍ തന്നെ ഇറക്കുന്നത് ചൂതാട്ടമായി മാറിയേക്കും.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പോലെ ശക്തരായ ഒരു എതിരാളികള്‍ക്കെതിരേ അവരുടെ ഗ്രൗണ്ടില്‍ ഐപിഎല്ലിലെ ആദ്യ മല്‍സരം കളിക്കാനിറങ്ങുമ്പോള്‍ അതു വൈഭവിനെ കടുത്ത സമ്മര്‍ദ്ദത്തിലാക്കിയേക്കും. ഇതു താരത്തിന്റെ പ്രകടനത്തെയും ബാധിച്ചേക്കാം. അതുകൊണ്ടു തന്നെ ഇപ്പോഴത്തെ ഫോമിന്റെ മാത്രം അടിസ്ഥാനത്തില്‍ വൈഭവിന് ധൃതി പിടിച്ച് അരങ്ങേറാന്‍ റോയല്‍സ് അവസരം നല്‍കിയേക്കില്ല.
പകരം സീസണിന്റെ പകുതിയോടെ ഏതെങ്കിലുമൊരു മല്‍സരത്തിലൂടെ താരത്തെ പരിക്ഷിക്കാനായിരിക്കും റോയല്‍സ് കോച്ച് രാഹുല്‍ ദ്രാവിഡിന്റെ പ്ലാന്‍. നേരത്തേ ഇന്ത്യന്‍ ബാറ്റിങ് സെന്‍സേഷനും യുവ ഓപ്പണറുമായ യശസ്വി ജയ്‌സ്വാളിന്റെ കാര്യത്തിലും റോയല്‍സ് ചെയ്തത് ഇങ്ങനെ തന്നെയാണ്.
സീസണിലെ ആദ്യ മല്‍സരങ്ങളില്‍ കുറച്ചു മല്‍സരങ്ങളില്‍ മാത്രമേ ജയ്‌സ്വാളിനെ പരീക്ഷിച്ചിരുന്നുള്ളൂ. പിന്നീടാണ് ഇലവനിലെ സ്ഥിരം സാന്നിധ്യമായി അദ്ദേഹം മാറിയത്. ഇന്ത്യയുടെ അണ്ടര്‍ 19 ടീമിനായി കഴിഞ്ഞ വര്‍ഷത്തെ ഏഷ്യാ കപ്പിടക്കം കളിച്ചിട്ടുള്ള താരമാണ് വൈഭവ്.
എന്നാല്‍ താരം ശ്രദ്ധിക്കപ്പെടുന്നത് ഓസ്‌ട്രേലിയയുടെ അണ്ടര്‍ 19 ടീമിനെതിരായ യൂത്ത് ടെസ്റ്റില്‍ നേടിയ ഇടിവെട്ട് സെഞ്ച്വറി പ്രകടനത്തോടെയാണ്. കഴിഞ്ഞ മെഗാ ലേലത്തില്‍ 1.10 കോടി രൂപയ്ക്കാണ് ബിഹാറിള്ള വൈഭവിനെ റോയല്‍സ് സ്വന്തമാക്കിയത്. ഇതോടെ ഐപിഎല്‍ കരാറില്‍ ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരെന്ന റെക്കോര്‍ഡും 13 കാരനെ തേടിയെത്തി.