ജയ്പൂര്‍: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായുള്ള ഐപിഎല്‍ പോരാട്ടത്തിലെ മിന്നുന്ന പ്രകടനത്തോടെ രാജസ്ഥാന്‍ റോല്‍സില്‍ ഓപ്പണിങ് റോള്‍ ഉറപ്പിച്ചിരിക്കുകയാണ് വണ്ടര്‍ കിഡായ വൈഭവ് സൂര്യവന്‍ഷി. അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ നിര്‍ഭയമായ ബാറ്റിങിലൂടെ കൈയടി നേടിയിരിക്കുകയാണ് ഈ 14കാരന്‍. 20 ബോളില്‍ മൂന്നു സിക്‌സറും രണ്ടു ഫോറുമടക്കം വൈഭവ് അടിച്ചെടുത്തത് 34 റണ്‍സാണ്.
ഈ പ്രകടനത്തോടെ റോയല്‍സിന്റെ പ്ലെയിങ് ഇലവനില്‍ ഈ ഇടംകൈയന്‍ ബാറ്റര്‍ സ്ഥാനം ഏറെക്കുറെ ഉറപ്പിച്ചിരിക്കുകയാണെന്നു തന്നെ പറയേണ്ടി വരും. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ പരിക്കേറ്റ് പുറത്തായതോടെയാണ് വൈഭവിനു ടീമിലേക്കു വഴി തുറന്നത്. ലഭിച്ച അവസരം താരം ശരിക്കും മുതലാക്കുകയും ചെയ്തു. സീസണില്‍ ഇനി ശേഷിച്ച ആറു മല്‍സരങ്ങളിലും വൈഭവിനു അവസരം നല്‍കാന്‍ റോയല്‍സ് ശ്രമിക്കുമെന്നുറപ്പാണ്.
സഞ്ജു ഇനി മടങ്ങിയെത്തിയാല്‍ അദ്ദേഹത്തിനു നിലവിലെ റോളില്‍ നിന്നു മാറേണ്ടി വന്നേക്കും. കൂടാതെ നിലവില്‍ പ്ലെയിങ് ഇലവന്റെ ഭാഗമായ ഒരു താരത്തെ റോയല്‍സിനു ഒഴിവാക്കേണ്ടതായും വരും. വൈഭവിന്റെ വരവോടെ ടീമിലെ സ്ഥാനം തെറിക്കുക ആര്‍ക്കാവുമെന്നു നോക്കാം.

സഞ്ജുവിനു പുതിയ റോള്‍?
ഐപിഎല്ലിന്റെ ഈ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനായി ഇതിനകം കളിച്ചിട്ടുള്ള മല്‍സരങ്ങളിലെല്ലം ഓപ്പണറായാണ് സഞ്ജു സാംസണ്‍ ഇറങ്ങിയത്. ഇന്ത്യന്‍ ടീമിനായി ഓപ്പണിങ്ങില്‍ ഇറങ്ങിയ ശേഷം നടത്തിയ തകര്‍പ്പന്‍ പ്രകടനവും റോയല്‍സില്‍ ജോസ് ബട്‌ലറുടെ അഭാവവുമാണ് ഓപ്പണിങ് ഏറ്റെടുക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.
ഓപ്പണറായി ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും സഞ്ജു- ജയ്‌സ്വാള്‍ സഖ്യം പ്രതീക്ഷതു പോലെ വലിയ വിജയമായി മാറിയില്ല. ഇപ്പോള്‍ വൈഭവ് സൂര്യവന്‍ഷിലൂടെ പുതിയൊരു വെടിക്കെട്ട് ഓപ്പണിങ് ജോടിയെ റോയല്‍സിനു ലഭിച്ചിരിക്കുകയാണ്. ആദ്യ ബോള്‍ മുതല്‍ തന്നെ ആഞ്ഞടിക്കാന്‍ ഇഷ്ടപ്പെടുന്ന ഇടംകൈയന്‍ ബാറ്റര്‍മാരാണ് ഇരുവരും.
മികച്ച പിന്തുണ നല്‍കുകയും ഓപ്പണിങില്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കുകയും ചെയ്താല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ട്രാവിസ് ഹെഡ്- അഭിഷേക് ശര്‍മ സഖ്യത്തെപ്പോലെ എതിരാളികളുടെ ഉറക്കം കെടുത്തുന്ന മാര കോംബോയായി മാറാന്‍ ജയ്‌സ്വാള്‍- വൈഭവ് സഖ്യത്തിനു സാധിക്കും.
ഈ ജോടിയെ വളര്‍ത്തിയെടുക്കുന്നതിനായി സീസണിലെ ഇനിയുള്ള മല്‍സരങ്ങളില്‍ സഞ്ജു തന്റെ പഴയ റോളിലേക്കു തിരികെ പേയേക്കും. മൂന്നാം നമ്പറിലായിരിക്കും ശേഷിച്ച മല്‍സരങ്ങളില്‍ അദ്ദേഹം കളിച്ചേക്കുക. സഞ്ജുവിന്റെ ഫേവറിറ്റ് പൊസിഷനും അദ്ദേഹം ഏറ്റവും മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുള്ളതും മൂന്നാം നമ്പറിലുമാണ്. ബട്‌ലര്‍- ജയ്‌സ്വാള്‍ ജോടി ഓപ്പണിങില്‍ കളിക്കവെ മൂന്നാമനായി തകര്‍പ്പന്‍ പ്രകടനങ്ങളാണ് കഴിഞ്ഞ സീസണ്‍ വരെ സഞ്ജു നടത്തിക്കൊണ്ടിരുന്നത്.
പുറത്താവുക ആര്?
വൈഭവ് സൂര്യവന്‍ഷി രാജസ്ഥാന്‍ റോയല്‍സ് ടീമിലെ സ്ഥിരം സാന്നിധ്യമായി മാറുന്നതോടെ പ്ലെയിങ് ഇലവനില്‍ തീര്‍ച്ചയായും ചില അഴിച്ചുപണികള്‍ ആവശ്യമായി വരും. വൈഭവ്- യശസ്വി ജയ്‌സ്വാള്‍ സഖ്യം ഓപ്പണ്‍ ചെയ്യുമ്പോള്‍ മൂന്നാം നമ്പറില്‍ സഞ്ജു സാംസണെത്തും. നാലാം നമ്പറില്‍ റിയാന്‍ പരാഗാണ് കളിക്കുക. കാരണം അദ്ദേഹത്തിന്റെ ബെസ്റ്റ് പൊസിഷന്‍ ഇതു തന്നെയാണ്.

ഇതോടെ ഓള്‍റൗണ്ടര്‍ നിതീഷ് റാണയ്ക്കു അഞ്ചിലേക്കു മാറേണ്ടതായി വരും. റാണയ്ക്കു ബെസ്റ്റ് മൂന്നാം നമ്പറാണെങ്കിലും ഇനി അതു ലഭിക്കില്ല. ബാറ്റിങില്‍ തുടരെ ഫ്‌ളോപ്പായി കൊണ്ടിരിക്കുന്ന ധ്രുവ് ജുറേലിനെ ഇനി റോയല്‍സ് ഇലവനില്‍ ആവശ്യമില്ല.
പകരം ആറാം നമ്പറില്‍ ഷിംറോണ്‍ ഹെറ്റ്‌മെയറെ ഇറക്കണം. ജുറേലിനേക്കാള്‍ ഫിനിഷിങില്‍ തിളങ്ങാനാവുക അദ്ദേഹത്തിനാണ്. ഏഴാമനായി ശ്രീലങ്കയുടെ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വനിന്ദു ഹസരംഗയുടെ ഊഴമായിരിക്കും. അതിനു ശേഷം മഹീഷ് തീക്ഷണയും പേസര്‍മാരും കളിക്കും.