അപ്രതീക്ഷിത ക്ലൈമാക്‌സുമായി ഐപിഎല്ലിന്റെ 18ാം സീസണ്‍ അവസാനിച്ചിരിക്കുകയാണ്. ആരും തന്നെ പ്രവചിക്കാത്ത റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളുരൂ ടീമിന്റെ കിരീടധാരണത്തിനാണ് ഈ ഐപിഎല്‍ സാക്ഷിയായത്. ഇതുവരെ കിരീടഭാഗ്യമുണ്ടായിട്ടില്ലാത്ത ടീമുകളുടെ കലാശപ്പോരില്‍ പഞ്ചാബ് കിങ്‌സിനെ വീഴ്ത്തിയാണ് 17 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ആര്‍സിബി കന്നിക്കിരീടത്തില്‍ മുത്തമിട്ടത്.
മികച്ച ഒരുപിടി യുവതാരങ്ങളുടെ മാജിക്കല്‍ പ്രകടനത്തിനു കൂടി ഈ സീസണ്‍ സാക്ഷിയായിരുന്നു. ചിലര്‍ക്കാവട്ടെ അരങ്ങേറ്റ സീസണ്‍ കൂടിയായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇനിയും അരങ്ങേറിയിട്ടില്ലാത്ത ഇന്ത്യന്‍ താരങ്ങളെ മാത്രം ഉള്‍പ്പെടുത്തി ഒരു അണ്‍ക്യാപ്ഡ് ഇലവന്‍ തിരഞ്ഞെടുത്താല്‍ ആര്‍ക്കെല്ലാം ഇടം പിടിക്കുമെന്നു നോക്കാം.

ടോപ്പ് ത്രീയില്‍ ഇവര്‍
ഇന്ത്യന്‍ അണ്‍ക്യാപ്ഡ് ഇലവന്റെ ഓപ്പണിങ് ജോടികള്‍ വെടിക്കെട്ട് ബാറ്ററര്‍മാരും ഇടംകൈയന്‍ താരങ്ങളുമായ വൈഭവ് സൂര്യവംശിയും പ്രിയാന്‍ഷ് ആര്യയുമായിരിക്കും. രണ്ടു പേരും ഈ സീസണിലെ ഐപിഎല്ലിലൂടെ അരങ്ങേറിയവരാണ്. റണ്ണറപ്പായ പഞ്ചാബ് കിങ്‌സിന്റെ തുറുപ്പുചീട്ടാണ് പ്രിയാന്‍ങ്കില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പമായിരുന്നു 14 വയസ്സ് മാത്രമുള്ള വൈഭവ്.
23 കാരനായ പ്രിയാന്‍ഷ് പഞ്ചാബിനു വേണ്ടി 17 മല്‍സരങ്ങളിലാണ് കളിച്ചത്. 179.24 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റില്‍ അദ്ദേഹം 475 റണ്‍സും സ്‌കോര്‍ ചെയ്തു. ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള ലീഗ് ഘട്ടത്തിലെ പോരാട്ടത്തില്‍ 42 ബോളില്‍ സെഞ്ച്വറി കുറിക്കാനും പ്രിയാന്‍ഷിനായിരുന്നു.
വൈഭവാകട്ടെ ഈ സീസണിലെ ആദ്യത്തെ കുറച്ചു മല്‍സരങ്ങളില്‍ ബെഞ്ചിലിരുന്ന ശേഷം നായകന്‍ സഞ്ജു സാംസണ്‍ പരിക്കേറ്റ് പുറത്തായതോടെയാണ് പ്ലെയിങ് ഇലവനിലേക്കു വന്നത്. തനിക്കു ലഭിച്ച അവസരം ഈ കൗമാര താരം ശരിക്കും മുതലാക്കുകയും ചെയ്തു.
മൂന്നാമത്തെ കളിയില്‍ തന്നെ ഇടിവെട്ട് സെഞ്ച്വറിയും കുറിക്കാന്‍ വൈഭവിനായിരുന്നു. ഗുജറാത്ത് ടൈറ്റന്‍സിനെതിരേയാണ് വെറും 38 ബോളില്‍ താരം മൂന്നക്കം കടന്നത്. ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ തന്നെ വേഗമേറിയ രണ്ടാം സെഞ്ച്വറി കൂടിയാണിത്. ഈ സീസണില്‍ ഏഴു മല്‍സരങ്ങളില്‍ മാത്രമേ വൈഭവ് കളിച്ചുള്ളൂ. 206.55 എന്ന ഞെട്ടിക്കുന്ന സ്‌ട്രൈക്ക് റേറ്റില്‍ 252 റണ്‍സും അടിച്ചെടുത്തു.
ഇലവനു വേണ്ടി മൂന്നാം നമ്പറില്‍ കളിക്കുക പഞ്ചാബിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്ററായ പ്രഭ്‌സിമ്രന്‍ സിങാണ്. പതിവുപോലെ ഈ സീസണിലും പഞ്ചാബ് ബാറ്റിങില്‍ ഇംപാക്ടുണ്ടാക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. 17 മല്‍സരങ്ങളില്‍ നിന്നും 160.52 സ്‌ടൈക്ക് റേറ്റില്‍ നാലു ഫിഫ്റ്റികളടക്കം 549 റണ്‍സാണ് പ്രഭ്‌സിമ്രന്‍ സകോര്‍ ചെയ്തത്. പഞ്ചാബിനെ ഇത്തവണ ഫൈനലിലെത്തിക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കും വഹിച്ചിരുന്നു.
മധ്യനിര, ബൗളര്‍മാര്‍
നാലു മുതല്‍ എട്ടു വരെയുള്ള സ്ഥാനങ്ങളില്‍ നെഹാല്‍ വധേര, ആയുഷ് ബഡോനി, ശശാങ്ക് സിങ്, നമാന്‍ ധിര്‍, വിപ്രാജ് നിഗം എന്നിവരാണ് ഇന്ത്യന്‍ ഇലവനിലുള്ളത്. പഞ്ചാബ് കിങ്‌സിനായി ചില മാച്ച് വിന്നിങ് പ്രകടനങ്ങള്‍ നടത്തിട താരമാണ് 24 കാരനായ വധേര. 16 മല്‍സരങ്ങളാണ് അദ്ദേഹം കളിച്ചത്. 145.84 സ്‌ട്രൈക്ക് റേറ്റോടെ 369 റണ്‍സും നേടി. രണ്ടു ഫിഫ്റ്റി പ്ലസ്
സ്‌കോറുകളും ഇതിലുള്‍പ്പെടും.
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് താരമായ ബഡോനിയാണ് അഞ്ചാമന്‍. ഇലവനെ നയുക്കുന്നതും അദ്ദേഹമാണ്. എല്‍എസ്ജിക്കു വേണ്ടി 14 ഇന്നിങ്‌സുകളില്‍ ബാറ്റ് ചെയ്ത ബഡോനി 148.19 സ്‌ട്രൈക്ക് റേറ്റില്‍ 329 റണ്‍സാണ് നേടിയത്. പഞ്ചാബിന്റെ ഫിനിഷറായ ശശാങ്ക് തുടരെ രണ്ടാം സീസണിലും ചില മികച്ച പ്രകടനങ്ങളിലൂടെ കൈയടി നേടി.

17 മല്‍സരങ്ങളിലാണ് അദ്ദേഹം കളിക്കാനിറങ്ങിയത്. 153.50 സ്‌ട്രൈക്ക് റേറ്റില്‍ 35 റണ്‍സ് അടിച്ചെടുക്കാനും ശശാങ്കിനു സാധിച്ചു. ഫൈനലില്‍ ടീമിനെ വിയജത്തിനു തൊട്ടരികെ വരെയെത്തിച്ചത് അദ്ദേഹത്തിന്റെ പോരാട്ടവീര്യമാണ്. മുംബൈ ഇന്ത്യന്‍സിനു വേണ്ടി ഫിനിഷിങില്‍ മിന്നിച്ച താരമാണ് ധിര്‍. 16 മല്‍സരങ്ങളില്‍ നിന്നും 182.60 സ്‌ട്രൈക്ക് റേറ്റില്‍ 252 റണ്‍സ് അദ്ദേഹം നേടി.
ഇത്തവണത്തെ കണ്ടെത്തലുകളിലൊരാളാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വിപ്രാജ് നിഗം. ഡിസിക്കായി 14 മല്‍സരങ്ങളില്‍ കളിച്ച അദ്ദേഹം 11 വിക്കറ്റുകളെടുക്കുന്നതിനൊപ്പം 142 റണ്‍സും സ്‌കോര്‍ ചെയ്തിരുന്നു.
ബൗളിങിലേക്കു വന്നാല്‍ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാരായി ദിഗ്വേഷ് റാട്ടിയെയും സുയാഷ് ശര്‍മയെയും കാണാം. എല്‍എസ്ജിക്കായി 13 കളിയില്‍ 14 വിക്കറ്റുകളാണ് അരങ്ങേറ്റ സീസണില്‍ തന്നെ റാട്ടി നേടിയത്. റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനു വേണ്ടി 14 കളിയില്‍ എട്ടു വിക്കറ്റുകളും സുയാഷ് നേടി. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ വൈഭവ് അറോറയാണ് ഇലവനിലെ പേസര്‍. 12 മല്‍സരങ്ങളില്‍ നിന്നും 17 വിക്കറ്റുകള്‍ അദ്ദേഹം സ്വന്തമാക്കിയിരുന്നു.
അണ്‍ക്യാപ്ഡ് ഇന്ത്യന്‍ 11
പ്രിയാന്‍ഷ് ആര്യ (പിബികെഎസ്), വൈഭവ് സൂര്യവംശി (ആര്‍ആര്‍), പ്രഭ്‌സിമ്രാന്‍ സിംഗ് (പിബികെഎസ്, വിക്കറ്റ് കീപ്പര്‍), നെഹാല്‍ വധേര (പിബികെഎസ്), ആയുഷ് ബഡോനി (എല്‍എസ്ജി) (ക്യാപ്റ്റന്‍), ശശാങ്ക് സിംഗ് (പിബികെഎസ്), നമാന്‍ ധിര്‍ (എംഐ), വിപ്രാജ് നിഗം (ഡിസി), ദിഗ്വേശ് കുമാര്‍ റാട്ടി (ഡിസി), സുയാഷ് ശര്‍മ (ആര്‍സിബി), വൈഭവ് അറോറ (കെകെആര്‍).