Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ലേലത്തില്‍ ആര്‍ക്കും വേണ്ട, ഇപ്പോള്‍ ലഖ്‌നൗ ഹീറോ! ശാര്‍ദ്ദുലാണ് റിയല്‍ ഹീറോ

ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണിലെ ഏഴാം മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് തോല്‍പ്പിച്ചിരിക്കുകയാണ്. അഞ്ച് വിക്കറ്റിനാണ് റിഷഭ് പന്തിന്റെ ലഖ്‌നൗ വിജയം നേടിയത്. സ്വന്തം തട്ടകത്തില്‍ ഹൈദരാബാദ് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയപ്പോള്‍ റെക്കോഡ് സ്‌കോറാണ് എല്ലാവരും പ്രതീക്ഷിച്ചത്. എന്നാല്‍ 9 വിക്കറ്റിന് 190 എന്ന സ്‌കോറില്‍ ഹൈദരാബാദിനെ തളക്കാന്‍ ലഖ്‌നൗവിനായി. മറുപടിക്കിറങ്ങിയ ലഖ്‌നൗ 23 പന്ത് ബാക്കിനിര്‍ത്തിയാണ് വിജയം നേടിയെടുത്തത്.

നിക്കോളാസ് പുരാന്റെ വെടിക്കെട്ടാണ് ലഖ്‌നൗവിന്റെ ജയം എളുപ്പമാക്കിയത്. 26 പന്തില്‍ ആറ് വീതം ഫോറും സിക്‌സും ഉള്‍പ്പെടെ 70 റണ്‍സാണ് പുരാന്‍ നേടിയത്. മിച്ചല്‍ മാര്‍ഷ് 31 പന്തില്‍ 52 റണ്‍സും നേടി ജയത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു. എന്നാല്‍ മത്സരത്തില്‍ ലഖ്‌നൗവിന്റെ ശരിയായ മാച്ച് വിന്നര്‍ പേസര്‍ ശാര്‍ദ്ദുല്‍ ഠാക്കൂറാണ്. നാല് വിക്കറ്റുമായി കളിയിലെ താരമായത് ശാര്‍ദ്ദുലാണ്. ടീം മാനേജ്‌മെന്റ് ശാര്‍ദ്ദുലില്‍ അര്‍പ്പിച്ച വിശ്വാസം കാക്കാന്‍ താരത്തിന് സാധിച്ചുവെന്ന് തന്നെ പറയാം.

ലേലത്തില്‍ ആര്‍ക്കും വേണ്ടാതിരുന്ന താരം

മെഗാ ലേലത്തില്‍ ആരും വാങ്ങാന്‍ തയ്യാറാവാതെ ഇരുന്ന താരമാണ് ശാര്‍ദ്ദുല്‍ ഠാക്കൂര്‍. താരത്തിന്റെ ടി20യിലെ പ്രകടന കണക്കുകളും അത്ര മികച്ചതായിരുന്നില്ല. എന്നാല്‍ പകരക്കാരന്റെ റോളില്‍ ലഖ്‌നൗവിലേക്ക് വിളിയെത്തിയപ്പോള്‍ തന്റെ മികവ് എന്താണെന്ന് കാട്ടിക്കൊടുക്കാന്‍ താരത്തിന് സാധിക്കുന്നു. ഹൈദരാബാദ് ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയപ്പോള്‍ 250ന് മുകളില്‍ സ്‌കോര്‍ എല്ലാവരും പ്രതീക്ഷിച്ചതാണ്. ലഖ്‌നൗവിന്റെ ബൗളിങ് നിരയും ശരാശരിയായതിനാല്‍ ബാറ്റിങ് വെടിക്കെട്ട് ഉറപ്പിച്ചിരുന്നു.

എന്നാല്‍ ശാര്‍ദ്ദുലിന്റെ ഓവറാണ് ഹൈദരാബാദിന്റെ എല്ലാ പ്രതീക്ഷകളും തകര്‍ത്തത്. ലഖ്‌നൗവിനായി ബൗളിങ് ഓപ്പണ്‍ ചെയ്തത് ശാര്‍ദ്ദുലാണെന്നതാണ് എടുത്തു പറയേണ്ടത്. ആദ്യ ഓവറില്‍ത്തന്നെ കരുത്തുകാട്ടാന്‍ ശാര്‍ദ്ദുലിന് സാധിച്ചു. തന്റെ രണ്ടാം ഓവറിലാണ് ശാര്‍ദ്ദുല്‍ കളിയുടെ ഗതി മാറ്റിയത്. അഭിഷേക് ശര്‍മയെ ഷോര്‍ട്ട് ബോളില്‍ പുറത്താക്കിയ ശാര്‍ദ്ദുല്‍ ഇഷാന്‍ കിഷനെ ഗോള്‍ഡന്‍ ഡെക്കുമാക്കി. അവസാന മത്സരത്തില്‍ സെഞ്ച്വറിയടിച്ച താരമാണ് ഇഷാന്‍.

രണ്ട് വെടിക്കെട്ട് താരങ്ങളെ ചെറിയ സ്‌കോറില്‍ പുറത്താക്കാന്‍ ശാര്‍ദ്ദുലിന് സാധിച്ചത് ലഖ്‌നൗവിന് ഗുണകരമായി മാറി. മധ്യ ഓവറുകളിലും ശാര്‍ദ്ദുല്‍ മികവ് കാട്ടി. അഭിനവ് മനോഹറിനേയും മുഹമ്മദ് ഷമിയേയും പുറത്താക്കി ഹൈദരാബാദിന്റെ വമ്പന്‍ സ്‌കോര്‍ മോഹത്തെ തടുക്കാന്‍ ശാര്‍ദ്ദുലിനായി. ആര്‍ക്കും വേണ്ടാത്ത താരത്തില്‍ നിന്നാണ് ശാര്‍ദ്ദുല്‍ ടീമിന്റെ ഹീറോയായി മാറിയിരിക്കുന്നത്.

shardul thakur

ഹൈദരാബാദിനെ ചതിച്ചത് അമിത ആത്മവിശ്വാസം

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ചതിച്ചത് ടീമിന്റെ അമിത ആത്മവിശ്വാസമാണെന്ന് പറയാം. ബാറ്റിങ് കരുത്തില്‍ വലിയ പ്രതീക്ഷ അര്‍പ്പിക്കുന്ന ടീമാണ് ഹൈദരാബാദ്. ടീമിന്റെ നട്ടെല്ല് ബാറ്റിങ് നിരയാണെന്ന് പറയാം. ഹൈദരാബാദിന്റെ ബൗളിങ് നിര പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയരാത്തത് ടീമിന് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. ടി നടരാജന്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവരെയെല്ലാം ഇത്തവണ ഹൈദരാബാദ് കൈവിട്ട് കളഞ്ഞു. പകരംകൊണ്ടുവന്ന മുഹമ്മദ് ഷമിയും സിമര്‍ജീത് സിങ്ങുമെല്ലാം ചെണ്ടകളാവുകയാണ്.

നായകന്‍ പാറ്റ് കമ്മിന്‍സിന്റെ ടി20യിലെ ഇക്കോണമി നേരത്തെ തന്നെ അത്ര മികച്ചതല്ല. എന്നാല്‍ ലഖ്‌നൗവിനെതിരേ രണ്ട് വിക്കറ്റടക്കം ഭേദപ്പെട്ട പ്രകടനം നടത്താനായി. ആദം സാംബയാണ് ടീമിന്റെ പ്രധാന സ്പിന്നര്‍. ഓസീസ് സ്പിന്നര്‍ക്ക് കാര്യമായ പ്രകടനം നടത്താന്‍ സാധിക്കാത്തതും ഹൈദരാബാദിനെ ബാധിച്ചിട്ടുണ്ട്. ശക്തമായി തിരിച്ചുവരവ് നടത്താന്‍ ശേഷിയുള്ള ടീമാണ് ഹൈദരാബാദ്. എന്നാല്‍ ഇതിന് ടീമിന്റെ ബൗളിങ് നിരകൂടി മെച്ചപ്പെടേണ്ടതായുണ്ട്.

ജയിച്ചെങ്കിലും ലഖ്‌നൗവിന് കാര്യങ്ങള്‍ എളുപ്പമല്ല

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ ജയിച്ചെങ്കിലും ലഖ്‌നൗവിന്റെ ബൗളിങ് നിരയില്‍ ആശങ്കകളേറെയാണ്. ശാര്‍ദ്ദുലില്‍ നിന്ന് സ്ഥിരതയോടെ ഇത്തരം പ്രകടനങ്ങള്‍ പ്രതീക്ഷിക്കാനാവില്ല. ആവേശ് ഖാന്‍ തല്ലുകൊള്ളിയാണ്. യുവ താരം പ്രിന്‍സ് യാദവ് ഭേദപ്പെട്ട് നില്‍ക്കുന്നുണ്ടെങ്കിലും വിശ്വസ്തനാണെന്ന് പറയാനാവില്ല. ആദ്യ മത്സരത്തിലെ തോല്‍വിയില്‍ നിന്ന് കരകയറി വിജയ വഴിയിലേക്കെത്താന്‍ ലഖ്‌നൗവിന് സാധിച്ചെങ്കിലും ടീമിന് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പാണ്.

Story first published: Friday, March 28, 2025, 6:40 [IST]
Other articles published on Mar 28, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+