ഐപിഎല്ലിന്റെ വരാനിരിക്കുന്ന സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ പിങ്ക് ജഴ്‌സിയില്‍ സഞ്ജു സാംസണിനെ കണ്ടേക്കില്ലെന്ന അഭ്യൂഹങ്ങളാണ് പുറത്തുവരുന്നത്. മോഹിപ്പിക്കുന്ന ഓഫറുകളുമായി രണ്ടു വമ്പന്‍ ഫ്രാഞ്ചൈസികള്‍ അദ്ദേഹത്തിനു പിന്നാലെയുണ്ടെന്നും ഒരുപക്ഷെ വലിയൊരു കൂടുമാറ്റം അടുത്ത സീസണിനു മുമ്പ് സംഭവിക്കാനുള്ള സാധ്യതയും കൂടുതലാണെന്നുമാണ് റിപ്പോര്‍ട്ട്. നിലവില്‍ നായകന്‍ കൂടിയായ സഞ്ജുവിനെ അടുത്ത സീസണിലും നിലനിര്‍ത്താന്‍ റോയല്‍സ് തയ്യാറെടുക്കവെയാണ് വലിയ ട്വിസ്റ്റിനു വഴി തെളിയുന്നത്.
കഴിഞ്ഞ ഐപിഎല്‍ സീസണിനു തൊട്ടുമുമ്പും ഈ തരത്തില്‍ വലിയൊരു സര്‍പ്രൈസ് ട്രാന്‍സ്ഫര്‍ സംഭവിച്ചിരുന്നു. ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റനായിരുന്ന ഹാര്‍ദിക് പാണ്ഡ്യയെ തിരികെ വാങ്ങി മുംബൈ ഇന്ത്യന്‍സാണ് എല്ലാവരെയും ഞെട്ടിച്ചത്. ഹാര്‍ദിക്കിന്റെയു മുംബൈയുടെയും ആരാധകര്‍ക്കു ഇതൊരു വലിയ ഷോക്കും കൂടിയായിരുന്നു. അടുത്ത സീസണിനു മുമ്പ് സഞ്ജു റോയല്‍സ് വിടുകയാണെങ്കില്‍ അതു വലിയ ചര്‍ച്ചയായി മാറുമെന്ന കാര്യത്തില്‍ സംശയമില്ല. സോഷ്യല്‍ മീഡിയയിലാണ് സഞ്ജുവിനെ റാഞ്ചാന്‍ ചില ടീമുകള്‍ നീക്കം തുടങ്ങിയിട്ടുണ്ടെന്ന സൂചനകള്‍ പറത്തുവന്നിരിക്കുന്നത്.

അഞ്ചു തവണ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ്, ഇതുവരെ കിരീടം നേടിയിട്ടില്ലാത്ത റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു എന്നിവയാണ് ഈ ഫ്രാഞ്ചൈസികള്‍. 30 കോടി രൂപയാണ് സഞ്ജുവിനു സിഎസ്‌കെ വാഗ്ദാനം ചെയ്തിരിക്കുന്നതെന്നാണ് വിവരം. ആര്‍സിബിയാവട്ടെ 25 കോടിയും നല്‍കാന്‍ സമ്മതം മൂളിയെന്നും സൂചനയുണ്ട്. എന്നാല്‍ ഇതേക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇനിയും വന്നിട്ടില്ല.
അടുത്ത സീസണില്‍ വിക്കറ്റ് കീപ്പര്‍മാരെ ആവശ്യമുളള ഫ്രാഞ്ചൈസികളാണ് സിഎസ്‌കെയും ആര്‍സിബിയും. അതിനാല്‍ ഈ ഓഫറുകളെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ പൂര്‍ണമായി തള്ളികളയാനും സാധിക്കില്ല. മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണി അടുത്ത സീസണിലും കളിക്കുമോയെന്ന കാര്യം ഇപ്പോഴും സംശയത്തിന്റെ നിലയിലാണ്.
ഇടയ്ക്കിടെ ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ അലട്ടുന്നതിനാല്‍ തന്നെ 43 കാരനായ ധോണി വിരമിക്കാനുള്ള സാധ്യതയു കൂടുതലാണ്. അങ്ങനെ വന്നാല്‍ ഒരു പകരക്കാരനെ സിഎസ്‌കെയ്ക്കു ആവശ്യമായി വരികയും ചെയ്യും. ധോണിയുടെ പകരക്കാരന്റെ റോളിലേക്കു പെര്‍ഫെക്ടാണ് സഞ്ജു.
റിഷഭ് പന്തിനെ റാഞ്ചാന്‍ സിഎസ്‌കെ ശ്രമിക്കുന്നതായി നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പക്ഷെ അടുത്ത സീസണിലും ഡല്‍ഹി ക്യാപ്പിറ്റല്‍സില്‍ റിഷഭ് തുടരുമെന്നാണ് ടീം ഡയറക്ടറായ സൗരവ് ഗാംഗുലി പിന്നീട് പ്രതികരിച്ചത്.

ആര്‍സിബിയുടെ കാര്യമെടുത്താല്‍ ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്കായിരുന്നു കഴിഞ്ഞ സീസണ്‍ വരെ അവര്‍ക്കായി വിക്കറ്റ് കാത്തത്. പക്ഷെ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും അദ്ദേഹം ഇപ്പോള്‍ വിരമിച്ചു കഴിഞ്ഞു. അതിനാല്‍ അടുത്ത സീസണില്‍ ഡിക്കെയുടെ സേവനവും ആര്‍സിബിക്കു ലഭിക്കില്ല.
സഞ്ജുവിനെ സ്വന്തമാക്കാനായാല്‍ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പിങിനൊപ്പം ക്യാപ്റ്റന്‍സിയും ആര്‍സിബിക്കു നല്‍കാന്‍ സാധിക്കും. സൗത്താഫ്രിക്കയുടെ മുന്‍ നായകന്‍ ഫാഫ് ഡുപ്ലെസിയാണ് 2022 മുതല്‍ ടീമിനെ നയിക്കുന്നത്. പക്ഷെ അടുത്ത സീസണില്‍ അദ്ദേഹത്തെ നിലിനിര്‍ത്തുമോയെന്ന കാര്യം സംശയമാണ്.
അതേസമയം, സഞ്ജുവിനെ സംബന്ധിച്ച് റോയല്‍സുമായി അഭേദ്യമായ ബന്ധമാണുള്ളത്. 2013ല്‍ അവര്‍ക്കൊപ്പം ഐപിഎല്‍ കരിയര്‍ ആരംഭിച്ച അദ്ദേഹം 2021 മുതല്‍ ടീമിനെ നയിച്ചുകൊണ്ടിരിക്കുകയും ചെയ്യുകയാണ്. മുന്‍ സീസണുകളിലും സഞ്ജുവിനു ഈ തരത്തില്‍ മറ്റു ചില ഫ്രാഞ്ചൈസികളില്‍ നിന്നും വലിയ ഓഫറുകള്‍ വന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പക്ഷെ അദ്ദേഹം ഇതെല്ലാം നിരസിച്ച് റോയല്‍സിനൊപ്പം തുടരുകയായിരുന്നു. ഇത്തവണ സഞ്ജുവിവു മനംമാറ്റമുണ്ടാവുമോയെന്നാണ് കാത്തിരുന്നു കാണേണ്ടത്.