ഹൈദരാബാദ്: ഐപിഎല്‍ 2025 സീസണിലെ രണ്ടാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഏറ്റുമുട്ടുകയാണ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഹൈദരാബാദ് ഗംഭീര പ്രകടനമാണ് തുടക്കം മുതല്‍ കാഴ്ചവെച്ചത്. തകര്‍ത്തടിക്കുന്നത് ശീലമാക്കിയ ഹൈദാരാബാദ് ഇത്തവണയും ശീലം തെറ്റിച്ചില്ല. പവര്‍പ്ലേയില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 94 റണ്‍സാണ് ഹൈദരാബാദ് അടിച്ചെടുത്തത്.
11 പന്തില്‍ അഞ്ച് ഫോറടക്കം 24 റണ്‍സെടുത്ത അഭിഷേക് ശര്‍മയെ മഹേഷ് തീക്ഷണ പുറത്താക്കിയെങ്കിലും മറുവശത്ത് ട്രാവിസ് ഹെഡും ഇഷാന്‍ കിഷനും അടി തുടര്‍ന്നു. ഇത്തവണ വലിയ പ്രതീക്ഷയോടെ രാജസ്ഥാന്‍ കൊണ്ടുവന്ന എല്ലാ ബൗളര്‍മാരും നന്നായി തല്ലുവാങ്ങി. ഇതില്‍ എടുത്തു പറയേണ്ടത് ഇംഗ്ലണ്ട് സ്റ്റാര്‍ പേസറായ ജോഫ്രാ ആര്‍ച്ചറുടെ ബൗളിങ്ങാണ്. ഹൈദരാബാദ് ബാറ്റ്‌സ്മാന്‍മാരുടെ ചൂട് നന്നായി അറിയാന്‍ ആര്‍ച്ചര്‍ക്ക് സാധിച്ചു.
പവര്‍പ്ലേയില്‍ വഴങ്ങിയത് 23 റണ്‍സ്
ആദ്യ ഓവറില്‍ ജോഫ്രാ ആര്‍ച്ചറെയാണ് എല്ലാവരും പ്രതീക്ഷിച്ചത്. ട്രാവിസ് ഹെഡിനെ കഴിഞ്ഞിടെ നടന്ന മത്സരത്തില്‍ ആര്‍ച്ചര്‍ പുറത്താക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് പരിഗണിക്കാതെ അഞ്ചാം ഓവറിലാണ് രാജസ്ഥാന്‍ റോയല്‍സ് നായകനായ റിയാന്‍ പരാഗ് ആര്‍ച്ചറെ കൊണ്ടുവരുന്നത്. അപ്പോഴേക്കും നിലയുറുപ്പിച്ച ട്രാവിസ് ഹെഡ് ആര്‍ച്ചറെ ശരിക്കും പഞ്ഞിക്കിട്ടുവെന്ന് പറയാം. ആര്‍ച്ചറുടെ ഒരോവറില്‍ നാല് ഫോറും സിക്‌സുമടക്കം 23 റണ്‍സാണ് ഹെഡ് അടിച്ചെടുത്തത്.
21 പന്തിലാണ് ഹെഡ് അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഫിഫ്റ്റിക്ക് ശേഷവും തല്ലിത്തകര്‍ത്ത ഹെഡ് 31 പന്തില്‍ 67 റണ്‍സെടുത്താണ് പുറത്തായത്. ഒമ്പത് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെയാണ് ഹെഡ് തല്ലിത്തകര്‍ത്തത്. തുഷാര്‍ ദെശപാണ്ഡെയുടെ സ്ലോ ബോള്‍ കെണിയില്‍ വീണാണ് ഹെഡ് മടങ്ങിയത്. എന്നാല്‍ ആര്‍ച്ചര്‍ക്ക് ഒരു ഇംപാക്ടും സൃഷ്ടിക്കാനായില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. 12.5 കോടിക്കാണ് രാജസ്ഥാന്‍ ആര്‍ച്ചറെ വാങ്ങിയത്. ഇതിനോട് നീതികാട്ടാന്‍ പേസര്‍ക്കായില്ല.
ഇഷാന്‍ കിഷനും ആര്‍ച്ചറെ തല്ലിക്കൂട്ടി
ട്രാവിസ് ഹെഡിന്റെ വെടിക്കെട്ടിന് പിന്നാലെ ഇഷാന്‍ കിഷനും ജോഫ്രാ ആര്‍ച്ചറെ തല്ലിപ്പറത്തി. ആര്‍ച്ചറെ തുടര്‍ച്ചയായി രണ്ട് സിക്‌സുകള്‍ പറത്തിയാണ് ഇഷാന്‍ ഫിഫ്റ്റി പൂര്‍ത്തിയാക്കിയത്. മൂന്ന് ഓവര്‍ എറിഞ്ഞപ്പോഴേക്കും 57 റണ്‍സാണ് ആര്‍ച്ചര്‍ വിട്ടുകൊടുത്തത്. ആറ് ഫോറും നാല് സിക്‌സും വഴങ്ങിയ താരം രണ്ട് വൈഡും എറിഞ്ഞു. മികച്ച ലൈനിലും ലെങ്തിലും പന്തെറിയാന്‍ സാധിക്കാത്ത ആര്‍ച്ചര്‍ ചെണ്ടയായി മാറുന്നതാണ് കാണാനായത്.

രാജസ്ഥാന്റെ ഒട്ടുമിക്ക ബൗളര്‍മാരും നന്നായി തല്ലുവാങ്ങിയെന്നതാണ് വസ്തുത. ഫസല്‍ഹഖ് ഫറൂഖി മൂന്ന് ഓവറില്‍ 49 റണ്‍സാണ് വിട്ടുകൊടുത്തത്. മഹേഷ് തീക്ഷണ പ്രതീക്ഷ നല്‍കിയെങ്കിലും നാല് ഓവറില്‍ 52 റണ്‍സ് വിട്ടുകൊടുത്തു. രാജസ്ഥാന്‍ റോയല്‍സിന്റെ ഫീല്‍ഡിങ് ദുരന്തമായി മാറുന്നതാണ് കാണാനായത്. നിരവധി ക്യാച്ചുകളും ഫീല്‍ഡിങ് പിഴവുകളും രാജസ്ഥാന്‍ പാഴാക്കി. ഹൈദരാബാദിന്റെ ബാറ്റിങ് നിര തല്ലിത്തകര്‍ത്തത് രാജസ്ഥാന് വലിയ സമ്മര്‍ദ്ദ് സൃഷ്ടിച്ചുവെന്ന് പറയാം.
ബൗളര്‍മാരെ ഫലപ്രദമായി ഉപയോഗിക്കാനായില്ല
ബൗളര്‍മാരെ വേണ്ടവിധം ഉപയോഗിക്കാന്‍ രാജസ്ഥാന്‍ നായകന്‍ റിയാന്‍ പരാഗിന് സാധിച്ചിട്ടില്ലെന്ന് പറയാം. ജോഫ്രാ ആര്‍ച്ചറെ ആദ്യ ഓവറില്‍ത്തന്നെ ഉപയോഗിക്കണമായിരുന്നു. സീനിയര്‍ താരമായ സന്ദീപ് ശര്‍മക്ക് പവര്‍പ്ലേയ്ക്കുള്ളില്‍ ഓവര്‍ നല്‍കാത്തതും മണ്ടന്‍ തീരുമാനമാണ്. തുഷാര്‍ ദെശപാണ്ഡെ സ്വിങ് പേസറാണ്. ന്യൂബോളില്‍ തുഷാര്‍ വിക്കറ്റ് നേടാന്‍ മിടുക്കനാണ്. എന്നാല്‍ മധ്യ ഓവറിലാണ് തുഷാറിന് അവസരം നല്‍കിയത്. ഇതെല്ലാം രാജസ്ഥാന്‍ കാട്ടിയ മണ്ടത്തരങ്ങളാണെന്ന് പറയാം.