ഐപിഎല്ലിന്റെ പുതിയ സീസണില്‍ അഞ്ചു തവണ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സിന്റെ പ്ലെയിങ് ഇലവന്‍ എങ്ങനെയാവുമെന്നു നിരീക്ഷണം നടത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ മധ്യനിര ബാറ്ററും സൂപ്പര്‍ ഫീല്‍ഡറുമായ മുഹമ്മദ് കൈഫ്. മെഗാ ലേലം കഴിഞ്ഞതോടെ മുംബൈ ടീമിനക്കുറിച്ചുള്ള ചിത്രം തെളിഞ്ഞു കഴിഞ്ഞു. ട്രെന്റ് ബോള്‍ട്ട്, വില്‍ ജാക്‌സ്, മിച്ചെല്‍ സാന്റ്‌നര്‍ എന്നിവരടക്കം ചില മികച്ച കളിക്കാരെ ടീമിലക്കു കൊണ്ടുവരാന്‍ മുംബൈയ്ക്കായിരുന്നു.
സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ മുംബൈ ടീമിനെക്കുറിച്ച് വിശകലനം നടത്തവെയാണ് അടുത്ത സീസണിലെ പ്ലെയിങ് ഇലവനെക്കുറിച്ച് കൈഫ് സംസാരിച്ചത്. മുന്‍ നായകന്‍ രോഹിത് ശര്‍മയും വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനും ചേര്‍ന്നായിരുന്നു കഴിഞ്ഞ സീസണ്‍ വരെ മുംബൈയുടെ ഓപ്പണിങ് ജോടികള്‍. എന്നാല്‍ സീസണിനു ശേഷം ഇഷാനെ ഒഴിവാക്കിയ അവര്‍ക്കു ലേലത്തില്‍ തിരികെ വാങ്ങാന്‍ സാധിച്ചതുമില്ല.

തിലക് ഓപ്പണിങിലേക്ക്
ഇഷാന്‍ കിഷന്റെ അഭാവത്തില്‍ ഇടംകൈയന്‍ ബാറ്ററും ഓള്‍റൗണ്ടറുമായ തിലക് വര്‍മ മുംബൈ ഇന്ത്യന്‍സിന്റെ ഓപ്പണിങ് റോളിലേക്കു വരുമെന്നാണ് മുഹമ്മദ് കൈഫിന്റെ നിരീക്ഷണം. വില്‍ ജാക്‌സിനു മുംബൈ ഇന്ത്യന്‍സില്‍ ബാറ്റിങില്‍ താഴേക്കു ഇറങ്ങേണ്ടതായി വരും. രോഹിത് ശര്‍മയും തിലക് വര്‍മയു ചേര്‍ന്നായിരിക്കും ഇത്തവണ ഓപ്പണ്‍ ചെയ്യുകയെന്നു എനിക്കു തോന്നുന്നു.
അതിനു ശേഷം മൂന്നാം നമ്പറില്‍ സൂര്യകുമാര്‍ യാദവും കളിക്കും. അദ്ദേഹത്തിന്റെ നമ്പര്‍ എല്ലായ്‌പ്പോഴും മൂന്ന് തന്നെയാണ്. ഇവിടെ സൂര്യ നന്നായി കളിക്കുകയും ചെയ്യാറുണ്ട്. നമാന്‍ ധിറായിരിക്കും നാലാം നമ്പറിലെത്തുക. ഹാര്‍ദിക് പാണ്ഡ്യയെ അഞ്ചാം നമ്പറില്‍ നിലനിര്‍ത്താം. അതിനു ശേഷമായിരിക്കും വില്‍ ജാക്‌സിന്റെ ഊഴമെന്നും കൈഫ് അഭിപ്രായപ്പെട്ടു.
വിക്കറ്റ് കീപ്പിങ് പ്രശ്‌നമാണ്
ഇഷാന്‍ കിഷനു പകരം പരിചയ സമ്പന്നനായ ഒരു വിക്കറ്റ് കീപ്പറെ ലേലത്തില്‍ കൊണ്ടുവരാന്‍ മുംബൈ ഇന്ത്യന്‍സിനു സാധിച്ചില്ലെന്നത് പ്രശ്‌നം തന്നെയാണെന്നു മുഹമ്മദ് കൈഫ് പറഞ്ഞു. ഒരു യുവ വിക്കറ്റ് കീപ്പറെയാണ് മുംബൈ ഇന്ത്യന്‍സിനു ഏഴാമനായി കളിപ്പിക്കേണ്ടതായി വരിക. അതു റോബിന്‍ മിന്‍സാവാന്‍ തന്നെയാണ് സാധ്യത.
അധികം അറിയപ്പെടാത്ത ഒരു ബാറ്റര്‍ കൂടിയാണ് താരം. ലേലത്തിന്റെ ആദ്യദിനം നിരാശപ്പെടുത്തിയ മുംബൈ രണ്ടാംദിനത്തില്‍ മികച്ച തിരിച്ചുവരവ് തന്നെയാണ് നടത്തിയിരിക്കുന്നതെന്നും കൈഫ് വിലയിരുത്തി. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരായി റോബിന്‍ മിന്‍സും ശ്രീജിത്ത് കൃഷ്ണനുമാണ് മുംബൈ ടീമിലുള്ളത്. ഇവരിലൊരാളെ മുംബൈ ചിലപ്പോള്‍ ഇംപാക്ട് പ്ലെയറായി പരീക്ഷിക്കാനുള്ള സാധ്യതയും കൂടുതലാണ്.
ബൗളിങ് മികച്ചത്
മുംബൈ ഇന്ത്യന്‍സിന്റെ ബൗളിങ് നിരയില്‍ മുന്‍ സീസണുകളിലുണ്ടായിരുന്ന കുറവുകള്‍ ഇത്തവണ പരിഹരിച്ചു കഴിഞ്ഞതായി മുഹമ്മദ് കൈഫ് ചൂണ്ടിക്കാട്ടി. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെ നേരത്തേ തന്നെ നിലനിര്‍ത്തിയ മുംബൈ ലേലത്തില്‍ ന്യൂസിലാന്‍ഡ് സ്റ്റാര്‍ പേസര്‍ ട്രെന്റ് ബോള്‍ട്ട്, ഇന്ത്യന്‍ സീമര്‍ ദീപക് ചാഹര്‍ എന്നിവരെ സ്വന്തമാക്കുകയും ചെയ്തിരുന്നു.

മുബൈ ഇന്ത്യന്‍സിലെ ഒന്നോ, രണ്ടോ കളിക്കാരെ മാറ്റിനിര്‍ത്തിയാല്‍ ബാക്കിയുള്ളവരെല്ലാം കഴിവ് തെളിയിച്ച മാച്ച് വിന്നര്‍മാരാണ്. ബൗളിങിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചു കഴിഞ്ഞു. ദീപക് ചാഹര്‍ വളരെ നന്നായി ബൗള്‍ ചെയ്യാറുണ്ട്. ചെന്നൈയ്ക്കായി അദ്ദേഹം അതു ചെയ്തിട്ടുമുള്ളതാണ്. ട്രെന്റ് ബോള്‍ട്ടും ജസ്പ്രീത് ബുംറയും വീണ്ടും ഒരുമിച്ച് ബൗള്‍ ചെയ്യുന്നതു നിങ്ങള്‍ക്കു കാണാന്‍ സാധിക്കുമെന്നും കൈഫ് പറഞ്ഞു.
ന്യൂസിലാന്‍ഡിന്റെ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറായ മിച്ചെല്‍ സാന്റ്‌നറെ സ്വന്തമാക്കാനായത് മുംബൈയുടെ സ്പിന്‍ വിഭാഗം കൂടുതല്‍ ശക്തിപ്പെടുത്തിയിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഹാര്‍ദിക് പാണ്ഡ്യയും ബൗള്‍ ചെയ്യുന്നുണ്ട്.
സ്പിന്‍ ബൗളിങായിരുന്നു മുംബൈയുടെ ഒരു വീക്ക്‌നെസ്. സാന്റ്‌നറെ ഉള്‍പ്പെടുത്തിയത് ഇതു ഒരു പരിധി ഈ പ്രശ്‌നം പരിഹരിക്കുകയും ചെയ്തിട്ടുണ്ട്. കടലാസില്‍ കരുത്തുറ്റ ടീമായാണ് മുംബൈ കാണപ്പെടുന്നതെന്നും കൈഫ് കൂട്ടിച്ചേര്‍ത്തു.
കൈഫ് തിരഞ്ഞെടുത്ത മുംബൈ ഇന്ത്യന്‍സ് 11
രോഹിത് ശര്‍മ, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, നമാന്‍ ധിര്‍, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), വില്‍ ജാക്‌സ്, റോബിന്‍ മിന്‍സ് (വിക്കറ്റ് കീപ്പര്‍), മിച്ചെല്‍ സാന്റ്‌നര്‍, ദീപക് ചാഹര്‍, അല്ലാ ഗസന്‍ഫര്‍, ജസ്പ്രീത് ബുംറ, ട്രെന്റ് ബോള്‍ട്ട്.