ആറാം ഐപിഎല്‍ ട്രോഫിയെന്ന സ്വപ്‌നവുമായെത്തിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിനു ആഗ്രഹിച്ചതു പോലെയൊരു തുടക്കമല്ല ഐപിഎല്ലിന്റെ 18ാം സീസണില്‍ ലഭിച്ചിരിക്കുന്നത്. ആദ്യത്തെ മൂന്നു റൗണ്ടുകള്‍ക്കു ശേഷമുള്ള പ്രകടനം വിലയിരുത്തുമ്പോള്‍ റുതുരാജ് ഗെയ്ക്വാദിനു കീഴില്‍ ഈ സീസണില്‍ ചെന്നൈ കിരീടം ചൂടാനുള്ള സാധ്യത കുറവാണെന്നു കാണാം.
നിലവില്‍ പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ് ചെന്നൈയുള്ളത്. ആദ്യ കളിയില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ ജയിച്ചുകൊണ്ട് തുടങ്ങിയെങ്കിലും തുടര്‍ന്നുള്ള രണ്ടു കളിയിലും പരാജയം നേരിട്ടു. മുംബൈയ്‌ക്കെതിരേ റണ്‍ചേസില്‍ നാലു വിക്കറ്റിനു കഷ്ടിച്ചായിരുന്നു സിഎസ്‌കെയുടെ വിജയം. അതിനു ശേഷം റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനോടു ഹോംഗ്രൗണ്ടായ ചെപ്പോക്കില്‍ 50 റണ്‍സിനാണ് അവര്‍ തകര്‍ന്നടിഞ്ഞത്.
ചരിത്രത്തിലാദ്യമായാണ് ഈ ഗ്രൗണ്ടില്‍ ആര്‍സിബിയോടു സിഎസ്‌കെയ്ക്കു പരാജയം രുചിക്കേണ്ടി വന്നത്. മാത്രമല്ല, റണ്‍സിന്റെ അടിസ്ഥാനത്തില്‍ ചെന്നൈയുടെ ഏറ്റവും വലിയ തോല്‍വി കൂടിയായിരുന്നു ഈ കളിയിലേത്. ടൂര്‍ണമെന്റില്‍ ഏറ്റവും മോശം ഫോമിലായിരുന്ന രാജസ്ഥാന്‍ റോയല്‍സിനെ പോലും സിഎസ്‌കെയ്ക്കു തോല്‍പ്പിക്കാനായില്ലെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം. ആറു റണ്‍സിനാണ് റോയല്‍സിനു പരാജയം സമ്മതിക്കേണ്ടി വന്നത്.
കടലാസില്‍ വളരെ സന്തുലിതമായ, ശക്തമായ ടീമായാണ് കാണപ്പെടുന്നതെങ്കിലും ഒരുപാട് പ്രശ്‌നങ്ങള്‍ ചെന്നൈ ടീമിനുള്ളതായി കാണാം. ഈ സീസണില്‍ അവര്‍ക്കു ഏറ്റവും വലിയ ആശങ്കയായി മാറിയിട്ടുള്ള മൂന്നു പ്രധാനപ്പെട്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്നു നമുക്കു പരുശോധിക്കാം.

റുതുരാജിന്റെ ക്യാപ്റ്റന്‍സി
ചെന്നൈ സൂപ്പര്‍ കിങ്‌സിനു ക്ഷീണമാവുന്ന ആദ്യത്തെ കാര്യം റുതുരാജ് ഗെയ്ക്വാദിന്റെ ക്യാപ്റ്റന്‍സിയാണ്. ഈ സീസണില്‍ ഇതിനകം നടന്ന മൂന്നു കളികളെടുത്താല്‍ നായകനെന്ന നിലയില്‍ ചില സംശയാസ്പദമായ തീരുമാനങ്ങള്‍ അദ്ദേഹം എടുത്തിട്ടുള്ളതായി കാണാം. സിഎസ്‌കെയുടെ ചരിത്രമെടുത്താല്‍ മറ്റു ഫ്രാഞ്ചൈസികളെ അപേക്ഷിച്ച് തങ്ങളുടെ കളിക്കാരെ ഏറ്റവുമധികം പിന്തുണടച്ചിട്ടുള്ള ടീമാണ്. ഫ്‌ളോപ്പായി കൊണ്ടിരുന്നാലും അവര്‍ക്കു ചെന്നൈ വീണ്ടും വീണ്ടും അവസരങ്ങള്‍ നല്‍കുന്നത് പതിവു കാഴ്ചയായിരുന്നു.
പക്ഷെ ഈ സീസണില്‍ ആദ്യത്തെ രണ്ടു മല്‍സരങ്ങള്‍ കഴിഞ്ഞപ്പോഴേക്കും ഓള്‍റൗണ്ടര്‍മാരായ ദീപക് ഹൂഡയെയും സാം കറെനെയും സിഎസ്‌കെ കൈവിട്ടു കഴിഞ്ഞു. റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവുമായുള്ള ഈ സീസണിലെ രണ്ടാമത്തെ കളിയില്‍ മോശം ഫോമിലുള്ള ഇടം കൈയന്‍ ബാറ്ററും മറുനാടന്‍ മലയാളിയുമായ ദേവ്ദത്ത് പടിക്കലിനെതിരേ റുതുരാജ് പന്തേല്‍പ്പിച്ചത് ഇടംകൈയന്‍ ബൗളറായ രവീന്ദ്ര ജഡേജയെയാണ്.
ഈ മല്‍സരത്തിനു മുമ്പ് കളിച്ച അവസാനത്തെ എട്ടിന്നിങ്‌സുകളില്‍ ഒന്നില്‍പ്പോലു ദേവ്ദത്ത് 13ന് മുകളില്‍ സ്‌കോര്‍ ചെയ്തിട്ടില്ല. പക്ഷെ ചെന്നൈയ്‌ക്കെതിരേ ജഡേജയുടെ ബൗളിങ് താരം മുതലെടുത്തു, 14 ബോളില്‍ 27 റണ്‍സും ദേവ്ദത്ത് അടിച്ചെടുത്തു. റുതുരാജിന്റെ ക്യാപ്റ്റന്‍സി പിഴവാണ് ഇതിനു താരത്തെ സഹായിച്ചത്.
നേരത്തേ ചെന്നൈയ്ക്കായി ഓപ്പണിങില്‍ ഇറങ്ങി സീസണിലെ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയിട്ടുള്ള താരമാണ് റുതുരാജ്. പക്ഷെ ഈ സീസണില്‍ ഓപ്പണിങ് വിട്ട അദ്ദേഹം മൂന്നാം നമ്പറിലാണ് ബാറ്റ് ചെയ്തു കൊണ്ടിരിക്കുന്നത്. ഇതു തീര്‍ച്ചയായും വലിയ അബദ്ധമാണ്. ഓപ്പണിങാണ് തനിക്കു ബെസ്‌റ്റെന്നു ബോധ്യമുണ്ടായിട്ടും അതു വേണ്ടെന്നു വച്ച് മൂന്നിലേക്കു മാറിയതില്‍ പഴി കേള്‍ക്കേണ്ടത് റുതുരാജ് തന്നെയാണ്.
ന്യൂബോള്‍ കോമ്പിനേഷന്‍
ചെന്നൈ സൂപ്പര്‍ കിങ്‌സിനായി ഈ സീസണില്‍ ന്യൂബോള്‍ കൈകാര്യം ചെയ്യുന്നത് ഇടംകൈയന്‍ പേസറായ ഖലീല്‍ അഹമ്മദാണ്. അദ്ദേഹം ഈ റോള്‍ നല്ല രീതിയില്‍ കൈകാര്യം ചെയ്യുന്നുണ്ടെങ്കിലും മറുഭാഗത്തു മറ്റാരില്‍ നിന്നും കാര്യമായ പിന്തുണ ലഭിക്കുന്നില്ല. കൂടുതല്‍ അവസരങ്ങള്‍ നല്‍കിയാല്‍ ഈ റോള്‍ നന്നായി ചെയ്യാന്‍ സാധിക്കുന്നയാളാണ് ഇംഗ്ലണ്ടിന്റെ സീം ബൗളിങ് ഓള്‍റൗണ്ടര്‍ കൂടിയായ സാം കറെന്‍.
പക്ഷെ ആദ്യ രണ്ടു കളി കഴിഞ്ഞതോടെ കറെനിലുള്ള വിശ്വാസം സിഎസ്‌കെ ടീം മാനേജ്‌മെന്റിനു നഷ്ടമായിരിക്കുകയാണ്. രാജസ്ഥാന്‍ റോയല്‍സുമായുള്ള കഴിഞ്ഞ കളിയില്‍ അദ്ദേഹത്തിനു പകരം മറ്റൊരു ഇംഗ്ലീഷ് ഫാസ്റ്റ് ബൗളറായ ജാമി ഒവേര്‍ട്ടനെ കളിപ്പിച്ചെങ്കിലും ഈ നീക്കം ദുരന്തമായി മാറി. രണ്ടോവറില്‍ 15 ഇക്കോണമി റേറ്റില്‍ 30 റണ്‍സാണ് താരം വാരിക്കോരി നല്‍കിയത്.
ചെന്നൈയ്ക്കു ന്യൂബോളില്‍ തീര്‍ച്ചയായും പരീക്ഷിക്കാവുന്ന താരമാണ് ഇന്ത്യയുടെ യുവ ഫാസ്റ്റ് ബൗളര്‍ അന്‍ഷുല്‍ കാംബോജ്. സിഎസ്‌കെയ്ക്കു ഖലീല്‍ അഹമ്മദിന്റെ ന്യൂബോള്‍ പങ്കാളിയായി തീര്‍ച്ചയായും അദ്ദേഹത്തെ പരീക്ഷിക്കാമായിരുന്നു. പക്ഷെ ടീം മാനേജ്‌മെന്റിനു ഇപ്പോഴും ഇങ്ങനെയൊരു ബുദ്ധി തോന്നിയിട്ടില്ല. അന്‍ഷുലിനെ കളിപ്പിച്ചാല്‍ ഒരു വിദേശ താരത്തിന്റെ സ്ലോട്ട് കൂടി ചെന്നൈക്കു ലഭിക്കുകയും അവിടെ ഡെവന്‍ കോണ്‍വേയെ അവര്‍ക്കു കളിപ്പിക്കുകയും ചെയ്യാം.

മോശം ഫോമിലുള്ള രാഹുല്‍ ത്രിപാഠിയെ മാറ്റി ഓപ്പണിങില്‍ കോണ്‍വേയ്‌ക്കൊപ്പം റുതുരാജ് ഗെയ്ക്വാദിനെയും ചെന്നൈയ്ക്കു ഇറക്കാന്‍ കഴിയും. പവര്‍പ്ലേയില്‍ നന്നായി ബൗള്‍ ചെയ്യാന്‍ സാധിക്കുന്നയാളാണ് അന്‍ഷുല്‍. കൂടാതെ ബാറ്റിങിലും ഭേദപ്പെട്ട സംഭാവന നല്‍കാന്‍ താരത്തിനു സാധിക്കും.
ജഡേജയുടെ റോള്‍
ഈ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി ഇതിനകം ആറ്, ഏഴ് സ്ഥാനങ്ങളിലാണ് രവീന്ദ്ര ജഡേജ ബാറ്റ് ചെയ്തിട്ടുള്ളത്. പക്ഷെ ആദ്യ ബോള്‍ മുതല്‍ ആഞ്ഞടിക്കാന്‍ സാധിക്കുന്ന ബാറ്ററല്ല അദ്ദേഹമെന്നു വ്യക്തമായി കഴിഞ്ഞു. ക്രീസിന്റെ ഒരു ഭാഗത്തു സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്തു പിടിച്ചുനില്‍ക്കാന്‍ മാത്രമേ ജഡ്ഡുവിനു സാധിക്കുകയുള്ളൂ. മധ്യനിരയില്‍ അദ്ദേഹത്തെ ടീമിനു പരീക്ഷിക്കാവുന്നതാണ്.
നാലാം നമ്പര്‍ ജഡ്ഡുവിനു കൂടുതല്‍ യോജിച്ചതാണ്. ദീപക് ഹൂഡ, വിജയ് ശങ്കര്‍ എന്നിവര്‍ മധ്യനിരയില്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ ഇനി ജഡേജയെ സിഎസ്‌കെയ്ക്കു പരീക്ഷിക്കാം. കോണ്‍വേ, റുതുരാജ്, രചിന്‍ എന്നിവരെ ടോപ്പ് ത്രീയില്‍ ഇറക്കി തുടര്‍ന്ന് ജഡേജ, ശിവം ദുബെ, സാം കറെന്‍, എംഎസ് ധോണി എന്നിങ്ങനെ ബാറ്റിങ് ഓര്‍ഡറായിരിക്കും സിഎസ്‌കെയ്ക്കു ബെസ്റ്റ്. ബൗളില്‍ അന്‍ഷുലിനൊപ്പം അശ്വിന്‍, നൂര്‍ അഹമ്മദ്, ഖലീല്‍ അഹമ്മദ് എന്നിവരെയും ചെന്നൈയ്ക്കു കളിപ്പിക്കാവുന്നതാണ്.