കൊല്‍ക്കത്ത: നിലവിലെ ചാംപ്യന്‍മാരെന്ന തലയെടുപ്പുമായി ഇറങ്ങിയ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു ഐപിഎല്ലില്‍ വീണ്ടുമൊരു തോല്‍വിയേറ്റു വാങ്ങേണ്ടി വന്നിരിക്കുകയാണ്. ഹോംഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡന്‍സില്‍ മുന്‍ ജേതാക്കളായ ഗുജറാത്ത് ടൈറ്റന്‍സിനോടു 39 റണ്‍സിന്റെ പരാജയമാണ് അജിങ്ക്യ രഹാനെയ്ക്കും സംഘത്തിനും നേരിട്ടത്. ഇതോടെ പോയിന്റ് പട്ടികയില്‍ ഏഴാമതുള്ള കെകെആറിന്റെ പ്ലേഓഫ് സ്വപ്‌നങ്ങള്‍ക്കും മങ്ങലേറ്റു.
എട്ടു മല്‍സരങ്ങളില്‍ വെറും മൂന്നെണ്ണത്തില്‍ മാത്രമേ കെകെആറിനു വിജയിക്കാനായിട്ടുളളൂ. പ്ലേഓഫില്‍ സ്ഥാനം ഉറപ്പിക്കണമെങ്കില്‍ ഇനി ശേഷിച്ച ആറു കളികൡ അഞ്ചെണ്ണമെങ്കിലും അവര്‍ക്കു ജയിച്ചേ തീരൂ. ജിടിയുമായുള്ള കഴിഞ്ഞ മല്‍സരത്തിലേക്കു വന്നാല്‍ പല മണ്ടത്തരങ്ങളും കെകെആറിന്റെ ഭാഗത്തു നിന്നും സംഭവിച്ചതായി കാണാം. ഈ കളിയില്‍ അവര്‍ തോല്‍ക്കാനുള്ള മൂന്നു പ്രധാനപ്പെട്ട കാരണങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.

ആദ്യത്തെ പിഴവ്
ഗുജറാത്ത് ടൈറ്റന്‍സിനെതിരേ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് വരുത്തിയ ആദ്യത്തെ പിഴവ് തുടക്കത്തില്‍ തന്നെ അവരുടെ വിക്കറ്റുകളെടുക്കാന്‍ ശ്രമിച്ചില്ലെന്നതാണ്. ഈ സീസണിലെ ഐപിഎല്ലില്‍ ഏറ്റവും മികച്ച ഫോമിലുള്ള ഓപ്പണിങ് ജോടികളാണ് ശുഭ്മന്‍ ഗില്ലും സായ് സുദര്‍ശനും.
അതുകൊണ്ടു തന്നെ ഈ ജോടിയെ തുടക്കത്തില്‍ തന്നെ വേര്‍പിരിക്കേണ്ടത് ആവശ്യമായിരുന്നു. ഇതിനു സാധിക്കണമെങ്കില്‍ ഏറ്റവും മികച്ച ബൗളര്‍മാരെ തന്നെ കെകെആര്‍ നായകന്‍ അജിങ്ക്യ രഹാനെ തുടക്കത്തില്‍ തന്നെ കൊണ്ടു വരേണ്ടതും ആവശ്യമായിരുന്നു.
നിലവില്‍ കെകെആറിന്റെ ബൗളിങ് നിരയില്‍ ബ്രേക്ക്ത്രൂകള്‍ തുടക്കത്തില്‍ നല്‍കാന്‍ കഴിയുന്നയാള്‍ ഹര്‍ഷിത് റാണയാണ്. പക്ഷെ അദ്ദേഹത്തെ പരീക്ഷിക്കാന്‍ രഹാനെ വൈകുകയായിരുന്നു.
പകരം ഈ സീസണില്‍ ഒരുപാട് റണ്‍സ് വഴങ്ങിയ വൈഭവ് അറോറയെയും മോയിന്‍ അലിയെയുമെല്ലാമാണ് പരീക്ഷിച്ചത്. ഇതു ഗില്‍- സായ് ജോടിയെ ക്രീസില്‍ നിലയുറപ്പിക്കാനും സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്താന്‍ സഹായിക്കുകയും ചെയ്തു.
അഞ്ചാമത്തെ ഓവറിലാണ് ഹര്‍ഷിത് പന്തെറിയാനെത്തിയത്. പകരം ഹര്‍ഷിത്തിനെ കൊണ്ടായിരുന്നു കെകെആറിന്റെ ബൗളിങ് ഓപ്പണ്‍ ചെയ്യിക്കേണ്ടിയിരുന്നത്. 114 റണ്‍സാണ് ഓപ്പണിങ് വിക്കറ്റില്‍ ഗില്‍- സായ് ജോടി നേടിയത്. അപ്പോള്‍ തന്നെ മല്‍സരം കെകെആറില്‍ നിന്നും ഏറെക്കുറെ വഴുതിപ്പോയിരുന്നു.
ഹര്‍ഷിത് റണ്‍ വഴങ്ങുമെങ്കിലും വിക്കറ്റുകളെടുക്കാന്‍ ശേഷിയുള്ള ബൗളറാണ്. അതുകൊണ്ടു തന്നെ ബ്രേക്ക്ത്രൂകള്‍ ആവശ്യമെങ്കില്‍ അദ്ദേഹത്തെ തുടക്കത്തില്‍ തന്നെ ബൗളിങില്‍ പരീക്ഷിക്കേണ്ടത് പ്രധാനമാണ്.
രണ്ടാമത്തെ പിഴവ്
കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് വരുത്തിയ രണ്ടാമത്തെ പിഴവ് സീം ബൗളിങ് ഓള്‍റൗണ്ടറായ ആന്ദ്രെ റസ്സലിനു ബൗങിങില്‍ കൂടുതല്‍ ഓവറുകള്‍ നല്‍കിയില്ലെന്നതാണ്. ഈ മല്‍സരത്തില്‍ 13ാമത്തെ ഓവറിലാണ് അദ്ദേഹം പന്തെറിയാനെത്തിയത്.
രണ്ടാമത്തെ ബോളില്‍ തന്നെ ജിടി ഓപ്പണര്‍ സായ് സുദര്‍ശനെ (52) പുറത്താക്കി അദ്ദേഹം ടീമിനു ആദ്യത്തെ ബ്രേക്ക്ത്രൂ നല്‍കുകയും ചെയ്തു. വിക്കറ്റെടുത്ത ശേഷം മൂന്നു ഫോറുടകളടക്കം വിട്ടുകൊടുത്ത് 13 റണ്‍സാണ് റസ്സല്‍ വഴങ്ങിയത്.
പക്ഷെ അതിനു ശേഷം ഒരോവര്‍ പോലും അദ്ദേഹത്തെ കൊണ്ടു ബൗള്‍ ചെയ്യിക്കാന്‍ കെകെആര്‍ നായകന്‍ അജിങ്ക്യ രഹാനെ തയ്യാറായില്ല. വിക്കറ്റെടുത്ത ബൗളറെ ഒരോവര്‍ മാത്രം പന്തെറിയിച്ച ശേഷം മാറ്റി നിര്‍ത്തുന്നത് അപൂര്‍വ്വമായി മാത്രമേ സംഭവിക്കാറുള്ളൂ. ഒന്നോ, രണ്ടോ ഓവര്‍ കൂടിയെങ്കിലും റസ്സിനെ കെകെആറിനു തീര്‍ച്ചയായും പരീക്ഷിക്കാമായിരുന്നു.

മൂന്നാമത്തെ അബദ്ധം
കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് വരുത്തിയ മൂന്നാമത്തെ അബദ്ധം തങ്ങളുടെ ടീമിലെ ഏറ്റലും മികച്ച ഫോമിലുള്ള താരങ്ങളിലൊരാളായ അംഗ്ക്രിഷ് രഘുവംശിയെ ഇംപാക്ട് പ്ലെയറായി കൊണ്ടുവരാന്‍ വൈകിപ്പിച്ചുവെന്നതാണ്. ഒമ്പതാമനായാണ് അദ്ദേഹം ഈ കളിയില്‍ ബാറ്റിങിനെത്തിയത്. ഈ മണ്ടത്തരം ഒരു കോച്ചിനും ക്യാപ്റ്റനും ന്യായീകരിക്കാന്‍ സാധിക്കില്ല.
17ാം ഓവറിലെ മൂന്നാമത്തെ ബോളില്‍ മോയിന്‍ അലി (0) പുറത്തായ ശേഷമാണ് രഘുവംശി ബാറ്റിങിനായി ക്രീസിലെത്തിയത്. അപ്പോഴേക്കും കെകെആര്‍ കളി തോറ്റു കഴിഞ്ഞിരുന്നു. നാല്, അഞ്ച് സ്ഥാനങ്ങളിലെങ്കിലും അദ്ദേഹം ഉറപ്പായും ബാറ്റ് ചെയ്യേണ്ടതായിരുന്നു.
അങ്ങനെയെങ്കില്‍ മല്‍സരഫലം മറ്റൊന്നായേനെ. ഒമ്പതാമാനായെത്തിയ രഘുവംശി 13 ബോളില്‍ മൂന്നു ഫോറും ഒരു സിക്‌സറുമടക്കം പുറത്താവാതെ 27 റണ്‍സുമായി തിളങ്ങുകയും ചെയ്തിരുന്നു.