മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണിലെ സൂപ്പര്‍ പോരാട്ടത്തില്‍ സിഎസ്‌കെയോട് കണക്കുവീട്ടിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. സീസണിലെ ആദ്യ നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ മുംബൈയെ സിഎസ്‌കെ തോല്‍പ്പിച്ചിരുന്നു. എന്നാല്‍ ഇതിന്റെ പലിശയടക്കം വീട്ടുന്ന ജയമാണ് ഇപ്പോള്‍ മുംബൈ നേടിയെടുത്തിരിക്കുന്നത്. 26 പന്ത് ബാക്കിയാക്കി ഒമ്പത് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് മുംബൈ നേടിയെടുത്തിരിക്കുന്നത്.
രോഹിത് ശര്‍മയുടേയും സൂര്യകുമാര്‍ യാദവിന്റേയും തകര്‍പ്പന്‍ പ്രകടനങ്ങളാണ് മുംബൈക്ക് ജയമൊരുക്കിയത്. രോഹിത് 45 പന്ത് നേരിട്ട് ആറ് ഫോറും നാല് സിക്‌സും ഉള്‍പ്പെടെ 76 റണ്‍സുമായി ക്രീസില്‍ തുടര്‍ന്നപ്പോള്‍ സൂര്യകുമാര്‍ യാദവ് 30 പന്തില്‍ ആറ് ഫോറും അഞ്ച് സിക്‌സും ഉള്‍പ്പെടെ 68 റണ്‍സോടെയാണ് ക്രീസില്‍ തുടര്‍ന്നത്. മോശം ഫോമിലായിരുന്ന സൂര്യയും രോഹിത്തും ഫോമിലേക്കെത്തിയത് മുംബൈക്ക് വലിയ ആത്മവിശ്വാസം നല്‍കിയിരിക്കുകയാണ്.
മൂന്നാം നമ്പറിലേക്ക് തിരിച്ചെത്തിയ സൂര്യകുമാര്‍ സിഎസ്‌കെ സ്പിന്നര്‍മാര്‍ക്കെതിരേ കടന്നാക്രമിക്കുന്ന ബാറ്റിങ് പ്രകടനം പുറത്തെടുക്കുകയായിരുന്നു. ഇപ്പോഴിതാ സിഎസ്‌കെയ്‌ക്കെതിരേ ഫോമിലേക്കെത്തിയത് എങ്ങനെയാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് സൂര്യകുമാര്‍ യാദവ്. രോഹിത് ശര്‍മയുടെ ഉപദേശമാണ് ഫോമിലേക്കെത്തിച്ചതെന്നാണ് സൂര്യകുമാര്‍ മത്സരശേഷം പറഞ്ഞത്.
രോഹിത്തിന്റെ ഉപദേശം ധൈര്യം തന്നു
രോഹിത് ശര്‍മ തുടക്കം മുതല്‍ വെടിക്കെട്ട് ബാറ്റിങ്ങാണ് കാഴ്ചവെച്ചത്. കഴിഞ്ഞ മത്സരങ്ങളിലെല്ലാം ഭേദപ്പെട്ട് തുടങ്ങാന്‍ രോഹിത്തിനായിരുന്നു. എന്നാല്‍ വലിയ സ്‌കോറിലേക്കുയരാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. എന്നാല്‍ സിഎസ്‌കെയ്‌ക്കെതിരേ അതിന് സാധിച്ചു. സൂര്യകുമാര്‍ ക്രീസിലേക്കെത്തുമ്പോള്‍ മുംബൈക്ക് മികച്ച അടിത്തറ ലഭിച്ചിരുന്നു. അതുകൊണ്ടുതന്നെ സൂര്യക്ക് മാനസികമായ മുന്‍തൂക്കം ലഭിച്ചിരുന്നു. ആക്രമിച്ച് കളിക്കാന്‍ തയ്യാറായ സൂര്യ പഴയ ഫോമിലേക്ക് തിരിച്ചെത്തുകയും ചെയ്തു.
'ഞാന്‍ മത്സരത്തിന് മുമ്പ് തന്നെ പറഞ്ഞിരുന്നു. വീട്ടില്‍ കേക്കുണ്ടാക്കി വെച്ചിട്ടുണ്ടെന്ന്. രോഹിത് ശര്‍മ ഇതിഹാസമാണ്. മത്സരത്തെക്കുറിച്ച് കൃത്യമായി അദ്ദേഹത്തിന് അറിയാം. ഞാന്‍ ക്രീസിലെത്തിയപ്പോള്‍ നിന്റെ ഷോട്ടുകളോടെ കളിക്കാനാണ് രോഹിത് പറഞ്ഞത്. ഞാന്‍ മുംബൈയുടെ ഗ്രൗണ്ടുകളില്‍ കളിച്ച് വളര്‍ന്നവനാണ്. ചുവന്ന മണ്ണില്‍ ഒരുപാട് ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. പരിശീലകന്‍ നീ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ജഡേജക്ക് ആധിപത്യം നല്‍കരുതെന്ന് ആവശ്യപ്പെട്ടിരുന്നു.
ജഡേജ അനുഭവസമ്പന്നനായ താരമാണ്. എന്നാല്‍ ഞാന്‍ കഠിനമായ പരിശീലനം നടത്തിയിരുന്നു. സിഎസ്‌കെ നിരയില്‍ മികച്ച സ്പിന്നര്‍മാരുണ്ട്. അതുകൊണ്ടുതന്നെ ഞാന്‍ എന്റെ പ്രകടനം പുറത്തെടുക്കേണ്ടതായുണ്ടായിരുന്നു. ഫ്‌ളോപ്പായാലും കുഴപ്പമില്ലെന്ന ആത്മവിശ്വാസം അവര്‍ നല്‍കിയിരുന്നു. ഇതോടെ ധൈര്യത്തോടെ എന്റെ ഷോട്ടുകള്‍ കളിച്ചു. എന്താണ് ടീമിന് ആവശ്യമെന്നും ടീമിന്റെ അവസ്ഥ എന്താണെന്ന് മനസിലാക്കി കളിക്കുകയുമാണ് ചെയ്തത്' സൂര്യകുമാര്‍ യാദവ് പറഞ്ഞു.

സൂര്യയുടെ സ്വീപ് ഷോട്ടുകള്‍ ഫലം കണ്ടു
മുംബൈയുടെ ബാറ്റിങ് നിരയെ സ്പിന്നിനെ ഉപയോഗിച്ച് പൂട്ടാമെന്നാണ് സിഎസ്‌കെ കണക്കുകൂട്ടിയത്. മുംബൈ നാല് പേസര്‍മാരെ ഉപയോഗിച്ച് കളിച്ചപ്പോള്‍ സിഎസ്‌കെ സ്പിന്നര്‍മാരെ കൂടുതല്‍ പിന്തുണച്ചു. ഇംപാക്ട് പ്ലയറായി ആര്‍ അശ്വിനെയാണ് സിഎസ്‌കെ പരിഗണിച്ചത്. മൂന്നാം നമ്പറില്‍ സൂര്യയെ ബാറ്റിങ്ങിന് അയച്ചത് സ്പിന്നിനെ നേരിടാനുള്ള കഴിവ് മനസിലാക്കിയാണ്. ഇത് കൃത്യമായി ഫലം കാണുകയും ചെയ്തു. നൂര്‍ അഹമ്മദാണ് സിഎസ്‌കെയുടെ തുറുപ്പുചീട്ട്. അതുകൊണ്ടുതന്നെ നൂര്‍ അഹമ്മദിനെ തിരഞ്ഞുപിടിച്ച് ആക്രമിക്കാനാണ് മുംബൈ ശ്രമിച്ചത്.
സൂര്യകുമാര്‍ യാദവ് സ്വീപ് ഷോട്ടുകളാണ് കൂടുതല്‍ കളിച്ചത്. മികച്ച ടൈമിങ് ലഭിച്ചതോടെ സൂര്യ കത്തിക്കയറി. ആറ് ഫോറും അഞ്ച് സിക്‌സുമാണ് സൂര്യ അടിച്ചെടുത്തത്. ഇടവേളക്ക് ശേഷമാണ് സൂര്യകുമാര്‍ യാദവിനെ ഇത്തരമൊരു ഫോമില്‍ കാണുന്നത്. എന്തായാലും നിര്‍ണ്ണായക സമയത്ത് ടീമെന്ന നിലയില്‍ ഫോമിലേക്കെത്താന്‍ മുംബൈക്ക് സാധിച്ചിരിക്കുകയാണ്. ഇത് ടീമിന് ഗുണം ചെയ്യുമെന്ന കാര്യം ഉറപ്പാണ്.