ഐപിഎല്ലിന്റെ 18ാം സീസണില്‍ വമ്പന്‍ തിരിച്ചുവരവ് നടത്തി തങ്ങളുടെ നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ തയ്യാറെടുക്കുകയാണ് അഞ്ചു തവണ ചാംപ്യന്‍മാരായിട്ടുള്ള മുംബൈ ഇന്ത്യന്‍സ്. മും,ബൈ ടീം മറക്കാനാഗ്രഹിക്കുന്ന സീസണുകളിലൊന്നായിരിക്കും കഴിഞ്ഞ തവണത്തേത്.
കാരണം ഹാര്‍ദിക് പാണ്ഡ്യ നായകനായ ശേഷം ആദ്യ സീസണ്‍ കളിക്കാനിറങ്ങിയ അവര്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തേക്കു കൂപ്പുകുത്തിയിരുന്നു. ഇത്തവണ ശക്തമായ തിരിച്ചുവരവ് നടത്താമെന്ന ആത്മവിശ്വാസത്തിലാണ് എംഐ പള്‍ത്താന്‍സ്.
അതിനിടെ പുതിയ സീസണിനു മുന്നോടിയായി കഴിഞ്ഞ ദിവസം ആദ്യ പരിശീലന മല്‍സരം കളിച്ചിരിക്കുകയാണ് മുംബൈ ടീം. ഈ കളിയില്‍ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. മുംബൈയുടെ സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവിനെ യുവ ഓള്‍റൗണ്ടര്‍ തിലക് വര്‍മ പുറത്താക്കുന്നതാണ് ഈ വീഡിയോയിലുള്ളത്.

സൂര്യയുടെ പുറത്താവല്‍
സമീപകാലത്തു ബാറ്റിങില്‍ അത്ര മികച്ച ഫോമിലല്ല സൂര്യകുമാര്‍ യാദവ് കാണപ്പെടുന്നത്. ഇംഗ്ലണ്ടുമായി കഴിഞ്ഞ മാസം നടന്ന അഞ്ചു ടി20കളുടെ പരമ്പരയിലും പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താന്‍ അദ്ദേഹത്തിനായിരുന്നില്ല. ഇപ്പോള്‍ ഐപിഎല്ലിലേക്കു വന്നപ്പോള്‍ മുംബൈ ഇന്ത്യന്‍സ് കുപ്പായത്തിലും വളരെ ചീപ്പായിട്ടാണ് സ്‌കൈ വിക്കറ്റ് നഷ്ടപ്പെടുത്തിയത്.
പരിശീലന മല്‍സരത്തില്‍ വലം കൈയന്‍ സ്ലോ ബൗളറായ തിലക് വര്‍മയ്‌ക്കെതിരേ സ്വീപ്പ് ഷോട്ടിലൂടെ ഒരു സിക്‌സറിനായിരുന്നു സൂര്യയുടെ ശ്രമം. നേരത്തേ അദ്ദേഹം ഏറ്റവും വിജയകരമായി പരീക്ഷിച്ചിട്ടുള്ള ഷോട്ടുകളിലൊന്ന് കൂടിയാണിത്. പക്ഷെ ഈ കളിയില്‍ സ്‌കൈയുടെ ടൈമിങ് പാടെ പാളി. ടോപ്പ് എഡ്ജായ ശേഷം ക്യാച്ച് സമ്മാനിച്ചാണ് സൂര്യ കളിയില്‍ പുറത്തായത്.
തിലക് വര്‍മയുടെ ബൗളിങില്‍ സൂര്യകുമാര്‍ യാദവ് പുറത്താവുന്നു. വീഡിയോ കാണാം
വിക്കറ്റ് നേടിയ ശേഷം വളരെ സന്തോഷാവാനായാണ് തിലക് കാണപ്പെട്ടത്. ഇരുകൈകളും മുകളിലേക്കുയര്‍ത്തി ആദ്യം ആഹ്ലാദ പ്രകടനം നടത്തിയ അദ്ദേഹം പിന്നീട് വിരാട് കോലി, ശുഭ്മന്‍ ഗില്‍ എന്നിവരുടെ ട്രേഡ് മാര്‍ക്കായ ആഹ്ലാദ പ്രകടനം അനുകരിക്കുകയുമായിരുന്നു. ഇതു കണ്ട സൂര്യ ഒരു ചിരിയോടെയാണ് ക്രീസ് വിട്ടത്. അദ്ദേഹത്തിനു അരികിലേക്കുവന്ന് കെട്ടിപ്പിടിച്ച് തിലക് യാത്രയാക്കുന്നതും മുംബൈ ഇന്ത്യന്‍സ് പങ്കുവച്ചിട്ടുള്ള വീഡിയോയില്‍ കാണാം.
അതേസമയം, പരിശീലന മല്‍സരതതില്‍ മുംബൈയ്ക്കായി ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയും തിലകും ഫിഫ്റ്റികള്‍ നേടിയതായാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവരുന്ന വിവരം. ഇതില്‍ എത്രത്തോളം ആധികാരികതയുണ്ടെന്ന കാര്യം വ്യക്തമല്ല.
35 ബോളില്‍ 86 റണ്‍സോടെ ഹാര്‍ദിക്കാണ് ടീമിന്റെ ടോപ്‌സ്‌കോററായതെന്നാണ് സൂചന. കൂടാതെ രണ്ടു വിക്കറ്റുകളുമായി ബൗളിങിലും അദ്ദേഹം സാന്നിധ്യമറിയിച്ചു. തിലക് 34 ബോളില്‍ 53 റണ്‍സും നേടി പുറത്താവുകയായിരുന്നു.
മുംബൈ ടീമിലെ പുതിയ അംഗമായ സൗത്താഫ്രിക്കന്‍ ഓപ്പണര്‍ റയാന്‍ റിക്കെല്‍റ്റണും ആദ്യ കളിയില്‍ തന്റെ സാന്നിധ്യമറിയിച്ചു. 23 ബോളില്‍ 46 റണ്‍സാണ് താരം സ്‌കോര്‍ ചെയ്തത്. ബൗളിങിലേക്കു വന്നാല്‍ മുംബൈയിലേക്കു ഈ സീസണില്‍ തിരിച്ചുവരവ് നടത്തിയ ന്യൂസിലാന്‍ഡ് മുന്‍ സ്റ്റാര്‍ പേസര്‍ ട്രെന്റ് ബോള്‍ട്ട് നാലു വിക്കറ്റുകളും നേടി.

സൂര്യ നയിച്ചേക്കും
ഈ ഞായറാഴ്ച ബദ്ധവൈരികളായ ചെന്നൈ സൂപ്പര്‍ കിങ്‌സുമായി ചെപ്പോക്ക് സ്‌റ്റേഡിയത്തിലാണ് മുംബൈ ഇന്ത്യന്‍സിന്റെ ആദ്യ പോരാട്ടം. ഐപിഎല്ലിലെ എല്‍ ക്ലാസിക്കോയെന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ വമ്പന്‍ മല്‍സരത്തില്‍ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ സേവനം മുംബൈയ്ക്കു ലഭിക്കില്ല. കഴിഞ്ഞ സീസണില്‍ കുറഞ്ഞ ഓവര്‍ നിരക്കിനെ തുടര്‍ന്നു ഒരു കളിയില്‍ ലഭിച്ച വിലക്ക് കാരണമാണ് ഇത്തവണത്തെ ആദ്യ മല്‍സരത്തില്‍ അദ്ദേഹത്തിനു പുറത്തിരിക്കേണ്ടി വന്നത്.
ഹാര്‍ദിക്കിന്റെ അഭാവത്തില്‍ സൂര്യകുമാര്‍ യാദവായിരിക്കും ആദ്യ കളിയില്‍ മുംബൈയെ നയിച്ചേക്കുകയെന്നാണ് വിവരം. ഇന്ത്യന്‍ ടി20 ക്യാപ്റ്റന്‍ കൂടിയായ അദ്ദേഹം നേരത്തേ ചില മല്‍സരങ്ങളില്‍ മുംബൈയെ നയിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടു തന്നെ ക്യാപ്റ്റന്റെ റോളിന് ഏറ്റവും അനുയോജ്യനും സ്‌കൈ തന്നെയാണ്.