ഐപിഎല്ലിന്റെ കഴിഞ്ഞ സീസണിലേറ്റ വന്‍ നാണക്കേടില്‍ നിന്നും പാഠമുള്‍ക്കൊണ്ട് ശക്തമായ തിരിച്ചുവരവിനു തയ്യാറെടുക്കുകയാണ് അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ്. വലിയ താരനിരയുണ്ടായിട്ടും കഴിഞ്ഞ സീസണില്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തേക്കു മുംബൈ കൂപ്പുകുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് അടിമുടി അഴിച്ചുപണിക്കു മുംബൈ ഒരുങ്ങുന്നത്.
വരാനിരിക്കുന്ന സീസണില്‍ ക്യാപ്റ്റനെയടക്കം മാറ്റി പുതിയ ലുക്കിലുള്ള ഒരു ടീമിനെ അണിനിരത്താനാണ് മുംബൈയുടെ ശ്രമം. രോഹിത് ശര്‍മയെ നീക്കി കഴിഞ്ഞ തവണ ഹാര്‍ദിക് പാണ്ഡ്യയെ നായകനാക്കാനുള്ള മുംബൈയുടെ നീക്കം അമ്പെ പാളിയിരുന്നു. ഇതില്‍ നിന്നും പാഠമുള്‍ക്കൊണ്ടാണ് മുംബൈ മാറ്റത്തിനു തയ്യാറെടുക്കുന്നത്.

സൂര്യയുടെ മുംബൈ
മുംബൈ ഇന്ത്യന്‍സിനെ അടുത്ത സീസണില്‍ നയിക്കുക ഹാര്‍ദിക് പാണ്ഡ്യയായിരിക്കില്ലെന്നാണ് പുറത്തുവരുന്ന വിവരം. പകരം ഇന്ത്യയുടെ ടി20 ക്യാപ്റ്റന്‍ കൂടിയായ സൂര്യകുമാര്‍ യാദവിന നായകസ്ഥാനമേല്‍പ്പിക്കാന്‍ മുംബൈ ടീം മാനേജ്‌മെന്റ് ആലോചിക്കുന്നതായി റെവ്‌സ്‌പോര്‍ട്‌സിന്റൈ (Revsportz) മാധ്യമപ്രവര്‍ത്തകനായ രോഹിത് ജുഗ്ലനാണ് എക്‌സില്‍ കുറിച്ചിട്ടുള്ളത്.
മെഗാ ലേലം വരാനിരിക്കെ മുംബൈ നിലനിര്‍ത്തുന്ന ആദ്യത്തെയാള്‍ സ്‌കൈ ആയിരിക്കുമെന്നും അദ്ദേഹം സൂചിപ്പിക്കുന്നു. ഹാര്‍ദിക്കിനു പകരം സൂര്യ നായകനായി വന്നാല്‍ അതു തങ്ങളുടെ ആരാധക പിന്തുണ വീണ്ടെടുക്കാന്‍ സഹായിക്കുമെന്ന കണക്കുകൂട്ടലിലാണ് മുംബൈ ടീം മാനേജ്‌മെന്റ്.
രോഹിത്തോ, ഹാര്‍ദിക്കോ?
മുന്‍ നായകന്‍ രോഹിത് ശര്‍മ, കഴിഞ്ഞ സീസണില്‍ ടീമിനെ നയിച്ച ഹാര്‍ദിക് പാണ്ഡ്യ ഇവരില്‍ ഒരാളെ മാത്രമ മുംബൈ ഇന്തന്‍സ് അടുത്ത സീസണില്‍ നിലനിര്‍ത്തുകയുള്ളൂവെന്നും രോഹിത് ജഗ്ലാന്റെ പോസ്റ്റ് സൂചിപ്പിച്ചുന്നു. ജസ്പ്രീത് ബുംറയായിരിക്കും ആദ്യം നിലനിര്‍ത്തുന്നയാള്‍. സൂര്യകുമാര്‍ യാദവായിരിക്കും ക്യാപ്റ്റന്‍. ഇനി അവസാനത്തെയാളിനായി കാത്തിരിക്കുകയാണെന്നായിന്നു ജുഗ്ലാന്റെ പോസ്റ്റ്.
ഇതോടെ മെഗാ ലേലത്തിനു മുമ്പ് രോഹിത്, ഹാര്‍ദിക് എന്നിവരിലൊരാളെ മുംബൈ കൈവിടുമെന്നുറപ്പായിരിക്കുകയാണ്. ഹാര്‍ദിക്കിനെ മുംബൈ കൈവിടുമോ, അതോ രോഹിത് തുടരുമോയെന്നാണ് ആരാധകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്.
അതേസമയം, കഴിഞ്ഞ സീസണിനു തൊട്ടുമുമ്പ് ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്നും ഹാര്‍ദിക്കിനെ തിരികെ കൊണ്ടുവന്നതു മുതലാണ് മുംബൈയില്‍ പ്രശ്‌നങ്ങളുടെ തുടക്കം. ദിവസങ്ങള്‍ക്കകം തന്നെ രോഹിത് ശര്‍മയെ മാറ്റി പകരം ഹാര്‍ദിക്കിനെ അവര്‍ നായകനായി പ്രഖ്യാപിക്കുകയും ചെയ്തു.

പക്ഷെ ഈ തീരുമാനത്തില്‍ രോഹിത്തിനും മുംബൈ ടീമിലെ സീനിയര്‍ താരങ്ങള്‍ക്കും കടുത്ത അതൃപ്തിയുമുണ്ടായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയുളള സൂര്യയുടെ പ്രതികരണം ഇതു ശരിവയ്ക്കുകയും ചെയ്തു. സൂര്യയടക്കമുള്ള സീനിയര്‍ കളിക്കാര്‍ രോഹിത്തിനൊപ്പം തന്നെ നിന്നപ്പോള്‍ ഹാര്‍ദിക്കിനെ പിന്തുണച്ചത് കുറച്ചു പേര്‍ മാത്രമായിരുന്നു. ഇതു ടീമിനകത്ത് രണ്ടു ഗ്രൂപ്പുകളുണ്ടാവാന്‍ വഴിയൊരുക്കുകയും ചെയ്തു.
എന്തുകൊണ്ട് സൂര്യ ക്യാപ്റ്റന്‍?
രോഹിത് ശര്‍മ വിരമിച്ചതിനു ശേഷം സൂര്യകുമാര്‍ യാദവിനെ ഇന്ത്യന്‍ ടി20 ടീമിന്റെ സ്ഥിരം ക്യാപ്റ്റനാക്കിയതാവാം അദ്ദേഹത്തെ നായകസ്ഥാനമേല്‍പ്പിക്കാന്‍ മുംബൈ ഇന്ത്യന്‍സിനെ പ്രേരിപ്പിക്കുന്നതെന്നാണ് വിവരം. നേരത്തേ ഹാര്‍ദിക് പാണ്ഡ്യയായിരുന്നു വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍. അതുകൊണ്ടു തന്നെ കഴിഞ്ഞ ടി20 ലോകകപ്പിനു ശേഷം രോഹിത് വിരമിച്ചപ്പോള്‍ സ്വാഭാവികമായും ഈ റോള്‍ ഹാര്‍ദിക്കിനായിരിക്കുമെന്നും എല്ലാവരും ഉറപ്പിച്ചു.
പക്ഷെ ബിസിസിഐയും സെലക്ഷന്‍ കമ്മിറ്റിയും സര്‍പ്രൈസ് തീരുമാനത്തിലൂടെ ഞെട്ടിക്കുകയായിരുന്നു. പുതിയ കോച്ചായി സ്ഥാനമേറ്റെടുത്ത ഗൗതം ഗംഭീറിന്റെ പിന്തുണയും സൂര്യയെ നായകസ്ഥാനത്തേക്കു വരാന്‍ സഹായിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ഹാര്‍ദിക്കിനെ സ്ഥിരം ക്യാപ്റ്റനാക്കുന്ന കാര്യത്തില്‍ ടീമംഗങ്ങളില്‍ നിന്നും ബിസിസിഐ അഭിപ്രായം തേടിയതായും പക്ഷെ അധികം പേര്‍ അദ്ദേഹത്തെ പിന്തുണച്ചില്ലെന്നും വാര്‍ത്തകള്‍ വന്നിരുന്നു. ഇതോടെയാണ് നായകസ്ഥാനം സൂര്യയിലേക്കു വന്നത്.