For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: റിഷഭിനെ ആരും നോക്കേണ്ട, സിഎസ്‌കെ ടീമിലെടുത്തു! വമ്പന്‍ വെളിപ്പെടുത്തലുമായി റെയ്‌ന

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണിന് മുന്നോടിയായി നിലനിര്‍ത്തിയ താരങ്ങളുടെ പട്ടിക പുറത്തായിരിക്കുകയാണ്. 10 ടീമുകളും തങ്ങളുടെ നിലനിര്‍ത്തലുകള്‍ പ്രഖ്യാപിച്ചപ്പോള്‍ ചില അപ്രതീക്ഷിത പേരുകളും ഇതിനോടൊപ്പം ഉണ്ടായിരുന്നു. റിഷഭ് പന്ത്, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോസ് ബട്‌ലര്‍, കെ എല്‍ രാഹുല്‍ എന്നിവരെല്ലാം ഒഴിവാക്കപ്പെട്ടവരുടെ പട്ടികയില്‍ ഉള്‍പ്പെട്ടുവെന്നതാണ് എല്ലാവരേയും ഞെട്ടിച്ചത്. ഇതില്‍ ഡല്‍ഹി നായകന്‍ റിഷഭ് പന്തിനെ ഒഴിവാക്കിയതാണ് ഏറ്റവും ശ്രദ്ധേയം.

റിഷഭ് പന്ത് ലേലത്തിലേക്കെത്തിപ്പെട്ടതോടെ ലേലത്തില്‍ താരത്തിനായി പല പ്രമുഖരും രംഗത്തെത്തുമെന്ന് ഉറപ്പായിരിക്കുകയാണ്. റിഷഭ് പന്തിനെ റെക്കോഡ് തുകയ്ക്ക് ആരാവും സ്വന്തമാക്കുകയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. റിക്കി പോണ്ടിങ് ഡല്‍ഹി ക്യാപിറ്റല്‍സ് പരിശീലകസ്ഥാനമൊഴിഞ്ഞ് പഞ്ചാബ് കിങ്‌സിലേക്കെത്തിയിരുന്നു. ഇതോടെ നായകസ്ഥാനത്തേക്ക് റിഷഭിനെ എത്തിക്കാനാണ് നീക്കമെന്നാണ് എല്ലാവരും കരുതിയിരിക്കുന്നത്.

എന്നാല്‍ എല്ലാ അഭ്യൂഹങ്ങളും തള്ളി വമ്പന്‍ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് മുന്‍ സിഎസ്‌കെ താരവും സൂപ്പര്‍ ഓള്‍റൗണ്ടറുമായിരുന്ന സുരേഷ് റെയ്‌ന. റിഷഭ് പന്ത് സിഎസ്‌കെയിലേക്കാണെന്ന വ്യക്തമായ സൂചന നല്‍കിയിരിക്കുകയാണ് റെയ്‌ന.

ധോണിക്കൊപ്പം റിഷഭിനെ കണ്ടു

ഡല്‍ഹിയില്‍ വെച്ച് എംഎസ് ധോണിയെ കണ്ട ചിത്രം സുരേഷ് റെയ്‌ന പങ്കുവെച്ചിരുന്നു. എന്നാല്‍ അന്ന് ധോണിയെ ഡല്‍ഹിയില്‍വെച്ച് കണ്ടപ്പോള്‍ ഒപ്പം റിഷഭ് പന്തും ഉണ്ടായിരുന്നുവെന്നാണ് റെയ്‌ന പറഞ്ഞത്. ജിയോ സിനിമയില്‍ സംസാരിക്കവെയാണ് റെയ്‌ന ഇത് വെളിപ്പെടുത്തിയത്. ഇതില്‍ നിന്ന് തന്നെ സിഎസ്‌കെ റിഷഭുമായി ധാരണയിലെത്തിയിട്ടുണ്ടെന്ന് വ്യക്തം. നേരത്തെ റിഷഭിനെ നിലനിര്‍ത്തുമെന്നായിരുന്നു ഡല്‍ഹി മാനേജ്‌മെന്റ് പറഞ്ഞത്.

എന്നാല്‍ പെട്ടെന്ന് ചിത്രം മാറുകയായിരുന്നു. റിഷഭ് പന്ത് താന്‍ ലേലത്തിലേക്കെത്തിയാല്‍ എത്ര കോടി രൂപ ലഭിക്കുമെന്ന് എക്‌സില്‍ പോസ്റ്റിട്ടതില്‍ നിന്ന് തന്നെ അദ്ദേഹം ടീം വിടുകയാണെന്ന സൂചന നല്‍കിയിരുന്നു. ഇപ്പോള്‍ റിഷഭിന്റെ കൂടുമാറ്റം ഉറപ്പായിരിക്കുകയുമാണ്. എംഎസ് ധോണിക്ക് ശേഷം സിഎസ്‌കെയുടെ വിക്കറ്റ് കീപ്പറായി റിഷഭ് എത്തുമെന്നുറപ്പാണ്. വരുന്ന സീസണില്‍ നാല് കോടിക്ക് ധോണിയെ സിഎസ്‌കെ നിലനിര്‍ത്തിയിട്ടുണ്ട്. ഒപ്പം റിഷഭുമുണ്ടാവുമെന്ന് ഇപ്പോള്‍ വ്യക്തമാവുകയാണ്.

suresh raina ipl 2025

സിഎസ്‌കെയുടെ വൈസ് ക്യാപ്റ്റന്‍

റുതുരാജ് ഗെയ്ക് വാദിനെ നായകനാക്കിയാവും സിഎസ്‌കെ മുന്നോട്ട് പോവുക. ഇക്കാര്യത്തില്‍ ഔദ്യോഗികമായ സ്ഥിരീകരണം എത്തേണ്ടതായുണ്ട്. വൈസ് ക്യാപ്റ്റനായി സിഎസ്‌കെ റിഷഭ് പന്തിനെ പരിഗണിച്ചേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. സിഎസ്‌കെയ്‌ക്കൊപ്പം ധോണിയുണ്ടെങ്കിലും വരുന്ന സീസണിലെ എല്ലാ മത്സരവും ധോണി കളിച്ചേക്കില്ല. ഈ സാഹചര്യത്തില്‍ സിഎസ്‌കെയുടെ വിക്കറ്റ് കീപ്പര്‍ റോളില്‍ റിഷഭിനെ പ്രതീക്ഷിക്കാം.

ഇന്ത്യന്‍ ടീമില്‍ നിന്ന് ധോണി പടിയിറങ്ങിയപ്പോള്‍ ആ സ്ഥാനത്തേക്ക് എത്തിയത് റിഷഭാണ്. ഈ പാരമ്പര്യം പിന്തുടര്‍ന്ന് സിഎസ്‌കെയിലും ധോണിക്ക് പകരക്കാരനായി റിഷഭ് എത്താനാണ് സാധ്യത കൂടുതല്‍. സിഎസ്‌കെയില്‍ നിന്ന് ഓഫര്‍ ലഭിച്ചാല്‍ റിഷഭും അത് സ്വീകരിക്കുമെന്നുറപ്പാണ്. ധോണിയുടെ കടുത്ത ആരാധകനായ റിഷഭ് ധോണിയുടെ പിന്‍ഗാമിയായി സിഎസ്‌കെയിലെത്തുന്നത് ആരാധകര്‍ക്കും ആവേശം നല്‍കുമെന്നുറപ്പാണ്.

സിഎസ്‌കെ നിലനിര്‍ത്തിയത് അഞ്ച് പേരെ

അഞ്ച് താരങ്ങളെയാണ് സിഎസ്‌കെ നിലനിര്‍ത്തിയത്. 18 കോടി രൂപയ്ക്ക് റുതുരാജ് ഗെയ്ക് വാദിനേയും രവീന്ദ്ര ലജഡേജയേയും സിഎസ്‌കെ നിലനിര്‍ത്തി. ശ്രീലങ്കന്‍ പേസര്‍ മതീഷ പതിരാനയെ 13 കോടിക്ക് സിഎസ്‌കെ ഒപ്പം കൂട്ടിയപ്പോള്‍ ശിവം ദുബെയെ 12 കോടിക്കും നിലനിര്‍ത്തി. ഇതാണ് അല്‍പ്പം കൗതുകം തോന്നിയ തീരുമാനം. മീഡിയം പേസ് ഓള്‍റൗണ്ടര്‍ വിശേഷണമുള്ള ദുബെ സിഎസ്‌കെയ്‌ക്കൊപ്പം മികച്ച പ്രകടനം നടത്തിയിട്ടുണ്ട്.

എന്തായാലും ഇനിയും നിരവധി പിഴവുകള്‍ ധോണിപ്പടക്ക് നികത്തേണ്ടതായുണ്ട്. ഇടവേളക്ക് ശേഷം കപ്പിലേക്കെത്താന്‍ സിഎസ്‌കെയ്ക്ക് സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.

Story first published: Thursday, October 31, 2024, 21:19 [IST]
Other articles published on Oct 31, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+