Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: സഞ്ജു വൈഭവിന്റെ കരിയര്‍ തകര്‍ക്കും! ചെയ്യുന്നത് ക്രൂരത; വിമര്‍ശിച്ച് ഗവാസ്‌ക്കര്‍

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണില്‍ ഏറ്റവും കൈയടി നേടുന്ന താരങ്ങളിലൊരാളാണ് വൈഭവ് സൂര്യവന്‍ഷി. രാജസ്ഥാന്‍ റോയല്‍സ് ടീമിലേക്കെത്തിച്ച വൈഭവ് ഇത്തവണ അത്ഭുത പ്രകടനമാണ് കാഴ്ചവെച്ചത്. പ്രായം 14 മാത്രമുള്ള വൈഭവ് അരങ്ങേറ്റ മത്സരത്തില്‍ നേരിട്ട ആദ്യ പന്തില്‍ത്തന്നെ സിക്‌സര്‍ പായിച്ചു. തൊട്ടടുത്ത ഇന്നിങ്‌സില്‍ 35 പന്തില്‍ സെഞ്ച്വറി നേടി ഐപിഎല്ലിലെ വേഗ സെഞ്ച്വറിക്കാരില്‍ രണ്ടാമനായി മാറി. കൂടാതെ ഐപിഎല്ലില്‍ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോഡിലേക്കെത്താനും വൈഭവിന് സാധിച്ചു.

ഇടം കൈയന്‍ ഓപ്പണര്‍ ഇതിനോടകം എല്ലാവരുടേയും കൈയടി നേടിക്കഴിഞ്ഞു. പ്രതിഭാശാലിയാണെന്ന് തെളിയിക്കാന്‍ 14കാരനായ വൈഭവിന് സാധിച്ചെങ്കിലും സെഞ്ച്വറിക്ക് പിന്നാലെയുള്ള ഇന്നിങ്‌സില്‍ ഡക്കിന് പുറത്തായി. നിരാശയോടെ താരം കളം വിട്ടത് വലിയ ചര്‍ച്ചയാവുകയും ചെയ്തു. അമിത പ്രശംസയാണ് വൈഭവിനെ ബാധിച്ചതെന്ന് പലരും ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനിടെ രാജസ്ഥാന്‍ നായകനായ സഞ്ജു സാംസണ്‍ വൈഭവ് ഇന്ത്യന്‍ ടീമിലേക്ക് ഉടന്‍ എത്തുമെന്ന് അഭിപ്രായപ്പെട്ടിരുന്നു.

വൈഭവിനെ വാനോളം പ്രശംസിച്ച സഞ്ജു അടുത്ത വര്‍ഷം വൈഭവ് ഇന്ത്യന്‍ ടീമിലേക്കെത്തിയേക്കുമെന്ന തരത്തില്‍ അഭിപ്രായപ്പെട്ടിരുന്നു. ഇപ്പോഴിതാ സഞ്ജു സാംസണ്‍ വൈഭവ് ഉടന്‍ ഇന്ത്യന്‍ ടീമിലേക്കെത്തുമെന്ന് പറഞ്ഞതിനോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ ഇതിഹാസമാസമായ സുനില്‍ ഗവാസ്‌ക്കര്‍. അടുത്ത വര്‍ഷം കളിക്കാന്‍ വൈഭവിന് സാധിക്കുമോയെന്ന് നോക്കിയിട്ട് ഇന്ത്യന്‍ ടീമിനെക്കുറിച്ച് ആലോചിക്കാമെന്നാണ് ഗവാസ്‌ക്കര്‍ പറയുന്നത്.

വൈഭവിന് ഇപ്പോഴേ വലിയ സ്ഥാനം നല്‍കരുത്

വൈഭവ് സൂര്യവന്‍ഷി പ്രതിഭാശാലിയായ താരമാണ്. എന്നാല്‍ ഇപ്പോള്‍ താരത്തിന് ലഭിക്കുന്നത് അമിത പ്രശംസയാണ്. സ്വാതന്ത്ര്യത്തോടെ കളിക്കാന്‍ അനുവദിക്കുകയാണ് വേണ്ടത്. അമിത പ്രതീക്ഷ നല്‍കി താരത്തിന്റെ കരിയര്‍ ഇപ്പോള്‍ തകര്‍ക്കാതിരിക്കുന്നതാണ് നല്ലത്. ഇപ്പോള്‍ താരത്തിന്റെ പ്രകടനം മികച്ചതാണെങ്കിലും പക്വതയിലേക്ക് എത്തേണ്ടതായുണ്ട്. വൈകാരികമായി കാര്യങ്ങളെ കാണുന്ന വൈഭവിന് മാനസികമായി ഇനിയും കരുത്താര്‍ജിക്കണം.

കൂടാതെ സാങ്കേതികമായി ഇനിയും വൈഭവ് മെച്ചപ്പെടേണ്ടതായുണ്ട്. ഇതിനെല്ലാം മുന്നെ ഇന്ത്യന്‍ ടീമിലേക്ക് വൈഭവ് എത്തുമെന്ന് പറയുന്നത് ശരിയല്ലെന്നും അത് താരത്തിന്റെ കരിയറിനെ സമ്മര്‍ദ്ദത്തിലാക്കുമെന്നുമാണ് ഗവാസ്‌ക്കര്‍ ചൂണ്ടിക്കാട്ടുന്നത്. 'ഇപ്പോള്‍ വൈഭവിന്റെ കാര്യത്തില്‍ ക്ഷമകാട്ടുകയാണ് വേണ്ടത്. ഏത് കായിക ഇനത്തിലാണെങ്കിലും തുടക്കത്തിലെ തന്നെ ഒരു താരത്തിന്റേയും കരിയറിനെ വിലയിരുത്താനാവില്ല. രണ്ടാമത്തെ സീസണിലെ പ്രകടനത്തിന് ശേഷം പറയാം. അവസാന സീസണിലെ മികവ് ആവര്‍ത്തിക്കാന്‍ സാധിക്കുമോയെന്നതാണ് അറിയേണ്ടത്.

rahul dravid vaibhav suryavanshi

അടുത്ത സീസണിലെ ഐപിഎല്ലിന് മുമ്പ് ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങളുമുണ്ട്. ഇതില്‍ കളിച്ച് മികവ് കാട്ടാന്‍ വൈഭവിന് സാധിക്കേണ്ടതായുണ്ട്. ഇപ്പോഴെ വലിയ പ്രശംസ ലഭിക്കുന്നത് വൈഭവിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കാനാണ് സാധ്യത. അതുകൊണ്ടുതന്നെ വൈഭവിന് ഇപ്പോള്‍ സമയം അനുവദിക്കുക. അവന്‍ കളിച്ച് വളരട്ടെ' ഗവാസ്‌ക്കര്‍ പറഞ്ഞു.

വൈഭവിന് കാര്യങ്ങള്‍ എളുപ്പമല്ല

വൈഭവ് സൂര്യവന്‍ഷിക്ക് കാര്യങ്ങള്‍ എളുപ്പമല്ലെന്ന് പറയാം. നിലവില്‍ മികച്ച ഫിറ്റ്‌നസുള്ള വൈഭവ് പന്ത് നോക്കി കടന്നാക്രമിക്കുന്ന ബാറ്റിങ് ശൈലിയാണ് പുറത്തെടുക്കുന്നത്. മികച്ച സാങ്കേതികതയുള്ള ബാറ്റ്‌സ്മാനാണ് വൈഭവ് എന്ന് പറയാനാവില്ല. ഐപിഎല്ലിലെ മികവ് കൊണ്ട് മാത്രം മുന്നോട്ട് വരാന്‍ വൈഭവിന് സാധിക്കില്ല. ആഭ്യന്തര ക്രിക്കറ്റിലടക്കം മികവ് കാട്ടാന്‍ വൈഭവിന് സാധിക്കണം. എന്തായാലും പെട്ടെന്ന് ഇന്ത്യന്‍ ടീമിലേക്ക് വൈഭവ് എത്താന്‍ യാതൊരു സാധ്യതയുമില്ലെന്ന് നിസംശയം പറയാം. ഈ സീസണിലെ വരുന്ന മത്സരങ്ങളില്‍ വൈഭവിന് എത്രത്തോളം മികവ് കാട്ടാന്‍ സാധിക്കുമെന്നത് കണ്ടറിയാം.

Story first published: Sunday, May 4, 2025, 15:43 [IST]
Other articles published on May 4, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+