Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: സഞ്ജു സ്ഥിരതയില്ലാത്തവന്‍!! റോയല്‍സ് ബൗളിങ് ശോകം, വീണ്ടും ആഞ്ഞടിച്ച് ശ്രീകാന്ത്

ഐപിഎല്ലിന്റെ പുതിയ സീസണിലേക്കുള്ള ടീമുകളെക്കുറിച്ച് വിശകലനം ചെയ്യവെ രാജസ്ഥാന്‍ റോയല്‍സ് ബൗളിങ് നിരയെ വിമര്‍ശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും മുഖ്യ സെലക്ടറുമായിരുന്ന കെ ശ്രീകാന്ത്. റോയല്‍സിന്റെ ബൗളിങ് ലൈനപ്പ് അത്ര മികച്ചതല്ലെന്നു ചൂണ്ടിക്കാണിച്ച അദ്ദേഹം അവരുടെ ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ ഫോമില്‍ സംശയം പ്രകടിപ്പിക്കുകയും ചെയ്തു.

ബാറ്റിങില്‍ അത്രത്തോളം വിശ്വസിക്കാന്‍ സാധിക്കാത്ത താരമാണ് സഞ്ജുവെന്നാണ് ശ്രീകാന്തിന്റെ അഭിപ്രായം. ഇതാദ്യമായിട്ടല്ല, മലയാളി താരത്തെ വിമര്‍ശിച്ച് അദ്ദേഹം രംഗത്തു വരുന്നത്. നേരത്തേ ബംഗ്ലാദേശുമായി നാട്ടില്‍ നടന്ന ടി20 പരമ്പരയില്‍ സഞ്ജു കന്നി സെഞ്ച്വറി കുറിച്ചപ്പോള്‍ അതിനെ വേണ്ടത്ര പ്രശംസിക്കാന്‍ ശ്രീകാന്ത് തയ്യാറായിരുന്നില്ല.

പകരം ബംഗ്ലാദേശ് ബൗളിങ് നിര വളരെ ദുര്‍ബലമാണെന്നും അവര്‍ക്കെതിരേ റണ്ണെടുക്കുന്നത് അത്ര വലിയ കാര്യമല്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം. സ്വന്തം യൂട്യൂബ് ചാനലില്‍ മകനും മുന്‍ ക്രിക്കറ്ററുമായ അനിരുദ്ധയ്‌ക്കൊപ്പം റോയല്‍സ് ടീമിനെക്കുറിച്ച് സംസാരിക്കവെയാണ് ശ്രീകാന്ത് വീണ്ടും തുറന്നടിച്ചിരിക്കുന്നത്.

K SRIKKANTH

റോയല്‍സിന്റെ പ്രകടനം

രാജസ്ഥാന്‍ റോയല്‍സും നായകന്‍ സഞ്ജു സാംസണും ഒട്ടും തന്നെ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്നവരല്ലെന്നാണ് കെ ശ്രീകാന്തിന്റെ വിമര്‍ശനം. പുതിയ കോച്ചായി രാഹുല്‍ ദ്രാവിഡ് വന്നിട്ടുണ്ടെങ്കിലും ഇതു കൊണ്ടു വലിയ കാര്യമുണ്ടെന്നു തനിക്കു തോന്നുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജസ്ഥാന്‍ റോയല്‍സിന്റെ അടുത്ത സീസണില ടീം അത്ര ഗംഭീരമാണെന്ന അഭിപ്രായമൊന്നും എനിക്കില്ല. ടീം കൊള്ളാമെന്നു മാത്രം പറയാം. റോയല്‍സിന്റെ ചരിത്രമെടുത്താല്‍ തുടക്കത്തില്‍ നന്നായി കളിച്ച ശേഷം ഒരു ഘട്ടമെത്തിയാല്‍ അവിടെ തന്നെ നില്‍ക്കുകയും അതിനു ശേഷം നേരെ താഴേക്കു പതിക്കുകയും ചെയ്യുന്നതാണ് അവരുടെ രീതി. അവസാന ഘട്ടത്തില്‍ ചിലപ്പോള്‍ ചെറുതായൊന്നു കത്തിക്കയറുകയും ചെയ്യും. അത്തരമൊരു ടീമാണ് രാജസ്ഥാന്‍ റോയല്‍സെന്നും ശ്രീകാന്ത് വിലയിരുത്തി.

സഞ്ജുവിനു സ്ഥിരതയില്ല

രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണിന്റെ സ്ഥിരതയില്ലായ്മയെയും കെ ശ്രീകാന്ത് വിമര്‍ശിച്ചു. ഐപിഎല്ലില്‍ സഞ്ജു സാംസണിന്റെ പ്രകടനം നോക്കിയാല്‍ സീണിന്റെ ആദ്യ പകുതിയില്‍ വളരെ നന്നായിട്ടു കളിക്കുകയും അതിനു ശേഷം ഫോം കണ്ടെത്താന്‍ കഷ്ടപ്പെടുന്നതും നമ്മള്‍ കണ്ടിട്ടുള്ളതാണ്. അത്തരമൊരു ബാറ്ററാണ് സഞ്ജു.

അടുത്ത സീസണില്‍ റോയല്‍സ് എങ്ങനെ പെര്‍ഫോം ചെയ്യുമെന്നതു സഞ്ജുവിനെയും ഓപ്പണിങ് ജോടിയായ യശസ്വി ജയ്‌സ്വാളിനെയും ആശ്രയിച്ചിരിക്കും. ഓപ്പണിങ് കൂട്ടുകെട്ട് നന്നായി പെര്‍ഫോം ചെയ്യേണ്ടത് അവര്‍ക്കു വളരെ പ്രധാനമാണ്. മൂന്നാം നമ്പറില്‍ റിയാന്‍ പരാഗായിരിക്കും കളിക്കുക. അവന്റെ പ്രകടനവും റോയല്‍സിനു പ്രധാനമാണ്. ബാറ്റിങില്‍ ടോപ്പ് ത്രീയുടെ ഫോമിനെ ആശ്രയിച്ചിരിക്കും റോയല്‍സിന്റെ അടുത്ത സീസണെന്നും ശ്രീകാന്ത് വിലയിരുത്തി.

SANJU SAMSON

ബൗളിങ് മോശം

രാജസ്ഥാന്‍ റോയല്‍സിന്റെ ബൗളിങ് ലൈനപ്പിനെതിരേയും ആഞ്ഞടിച്ചിരിക്കുകയാണ് കെ ശ്രീകാന്ത്. മഹീഷ് തീക്ഷണയും വനിന്ദു ഹസരംഗയമുള്‍പ്പെടുന്ന റോയല്‍സിന്റെ സ്പിന്‍ ബൗളിങ് നിര വളരെ ശോകമാണെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍.

വനിന്ദു ഹസരംഗയെ രാജസ്ഥാന്‍ റോയല്‍സ് എന്തിനാണ് വാങ്ങിയതെന്നു എനിക്കു മനസ്സിലായിട്ടില്ല. ഐപിഎല്ലില്‍ ഇതുവരെ ബൗളിങില്‍ കാര്യമായൊന്നും ചെയ്തിട്ടില്ലാത്ത സ്പിന്നറാണ് ഹസരംഗ. റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനായി കളിക്കവെ അദ്ദേഹത്തിനു നന്നായി തല്ലു കിട്ടിയിട്ടുണ്ടെന്നും ശ്രീകാന്ത് ചൂണ്ടിക്കാട്ടി.

പേസര്‍ ജോഫ്ര ആര്‍ച്ചറുടെ ഫോമിന്റെ കാര്യത്തിലും അദ്ദേഹം സംശയം പ്രകടിപ്പിച്ചു. ആര്‍ച്ചറുടെ ഫിറ്റ്‌നസിന്റെ കാര്യത്തില്‍ എനിക്കു സംശയമുണ്ട്. പരിക്കു മാറി മടങ്ങിയെത്തിയതിനു ശേഷം അദ്ദേഹത്തിനു പഴയ ഫോമില്‍ പന്തെറിയാന്‍ സാധിക്കുന്നില്ല. കഴിഞ്ഞ ടി20 ലോകകപ്പിവും നമ്മള്‍ ഇതു കണ്ടിട്ടുള്ളതാണ്. ആര്‍ച്ചറുടെ ബൗളിങിന്റെ വേഗതയും കുറഞ്ഞിട്ടുണ്ട്. ഇതു റോയല്‍സിനു തിരിച്ചടിയായി മാറിയേക്കുമെന്നും ശ്രീകാന്ത് വിലയിരുത്തി.

Story first published: Wednesday, December 4, 2024, 7:27 [IST]
Other articles published on Dec 4, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+