ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണിലെ ബാറ്റിങ് വിസ്‌ഫോടനം കണ്ട മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ജയം. എട്ട് വിക്കറ്റിനാണ് പഞ്ചാബിനെ ഹൈദരാബാദ് തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ആറ് വിക്കറ്റിന് 245 റണ്‍സെടുത്തപ്പോള്‍ 9 പന്തും എട്ട് വിക്കറ്റും ബാക്കിയാക്കി ഹൈദരാബാദ് ജയിക്കുകയായിരുന്നു. അഭിഷേക് ശര്‍മ (141), ട്രാവിസ് ഹെഡ് (66) എന്നിവരുടെ പ്രകടനമാണ് ഹൈദരാബാദിന് അനായാസ ജയമൊരുക്കിയത്.
പഞ്ചാബിന് വെടിക്കെട്ട് തുടക്കം
ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ച പഞ്ചാബിന്റെ തീരുമാനം തെറ്റിയില്ലെന്ന് തന്നെ പറയാം. വെടിക്കെട്ട് തുടക്കമാണ് പ്രിയന്‍ഷ് ആര്യയും പ്രഭ്‌സിംറാന്‍ സിങ്ങും ചേര്‍ന്ന് പഞ്ചാബിന് നല്‍കിയത്. ആദ്യ ഓവര്‍ മുതല്‍ ആക്രമിച്ച ഇരുവരും മൂന്ന് ഓവറില്‍ പഞ്ചാബ് സ്‌കോര്‍ 50 കടത്തി. കൂട്ടുകെട്ട് 66ല്‍ നില്‍ക്കുമ്പോള്‍ പ്രിയന്‍ഷ് ആര്യ പുറത്തായി. 13 പന്തില്‍ രണ്ട് ഫോറും നാല് സിക്‌സും ഉള്‍പ്പെടെ 36 റണ്‍സുമായാണ് പ്രിയന്‍ഷ് പുറത്തായത്.
അവസാന മത്സരത്തില്‍ സെഞ്ച്വറി നേടിയ പ്രിയന്‍ഷിനെ ഹര്‍ഷല്‍ പട്ടേല്‍ സ്ലോ ബോള്‍ കെണിയില്‍ വീഴ്ത്തുകയായിരുന്നു. നിതീഷ് കുമാര്‍ റെഡ്ഡിയുടെ ക്യാച്ചിലാണ് പ്രിയന്‍ഷ് പുറത്തായത്. പ്രിയന്‍ഷ് മടങ്ങിയ ശേഷവും പഞ്ചാബ് വെടിക്കെട്ട് തുടര്‍ന്നു. നായകന്‍ ശ്രേയസ് അയ്യരും അതിവേഗം റണ്‍സുയര്‍ത്തിയതോടെ പഞ്ചാബ് സ്‌കോര്‍ബോര്‍ഡ് കുതിച്ചു. പ്രഭ്‌സിംറാന്‍ 23 പന്തില്‍ ഏഴ് ഫോറും ഒരു സിക്‌സുമടക്കം 42 റണ്‍സെടുത്ത് മടങ്ങി. യുവതാരം ഇഷാന്‍ മലിങ്കയുടെ പന്തില്‍ പാറ്റ് കമ്മിന്‍സിന്റെ ക്യാച്ചിലാണ് പ്രിയന്‍ഷ് മടങ്ങിയത്.
ഓപ്പണര്‍മാര്‍ മടങ്ങിയപ്പോഴും ആക്രമണം തുടര്‍ന്ന ശ്രേയസ് 22 പന്തില്‍ അര്‍ധ സെഞ്ച്വറി നേടി. രണ്ട് ഫോറും അഞ്ച് സിക്‌സും ഉള്‍പ്പെടെയാണ് ശ്രേയസിന്റെ അര്‍ധ സെഞ്ച്വറി പ്രകടനം. നിഹാല്‍ വദേരയും ആക്രമണം കടുപ്പിച്ചു. സ്റ്റാര്‍ പേസര്‍മാരായ മുഹമ്മദ് ഷമിയും പാറ്റ് കമ്മിന്‍സുമെല്ലാം പഞ്ചാബ് ബാറ്റ്‌സ്മാന്‍മാരുടെ ചൂടറിഞ്ഞു. 13 ഓവറില്‍ പഞ്ചാബ് സ്‌കോര്‍ബോര്‍ഡ് 160ലെത്തി. 230 സ്‌ട്രൈക്ക് റേറ്റിലാണ് ശ്രേയസ് ബാറ്റുവീശിയത്.
കൂട്ടുകെട്ട് പൊളിച്ച് മലിങ്ക
ശ്രേയസ് അയ്യര്‍, നിഹാല്‍ വദേര കൂട്ടുകെട്ട് അപകടകരമായി മുന്നേറവെ ഇഷാന്‍ മലിങ്ക വദേരയെ പുറത്താക്കി. 22 പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സുമടക്കം 27 റണ്‍സെടുത്ത നിഹാല്‍ വദേരയെ മലിങ്ക വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. അരങ്ങേറ്റ മത്സരത്തില്‍ യോര്‍ക്കറുകളുമായി പഞ്ചാബ് ബാറ്റ്‌സ്മാന്‍മാരെ നന്നായി പ്രയാസപ്പെടുത്താന്‍ മലിങ്കയ്ക്കായി. നിഹാല്‍ വദേര എല്‍ബിയായ വിക്കറ്റില്‍ പന്ത് പുറത്തേക്കായിരുന്നു. എന്നാല്‍ വദേര റിവ്യൂ ചെയ്യാത്തതിനാല്‍ വിക്കറ്റാവുകയായിരുന്നു. റിപ്ലേയില്‍ പന്ത് പുറത്തേക്കാണെന്ന് വ്യക്തമാവുകയായിരുന്നു.

ഗ്ലെന്‍ മാക്‌സ് വെല്ലിന്റെ മോശം ഫോം വിലയിരുത്തി അഞ്ചാം നമ്പറില്‍ ശശാങ്ക് സിങ്ങാണ് ബാറ്റ് ചെയ്യാനെത്തിയത്. എന്നാല്‍ ഈ തീരുമാനം പാളി. മൂന്ന് പന്തില്‍ രണ്ട് റണ്‍സെടുത്ത ശശാങ്കിനെ ഹര്‍ഷല്‍ പട്ടേല്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. ഓണ്‍ഫീല്‍ഡ് അംപയര്‍ നോട്ടൗട്ട് വിളിച്ചപ്പോള്‍ റിവ്യൂവിലൂടെയാണ് ഹൈദരാബാദ് വിക്കറ്റ് നേടിയെടുത്തത്. ഗ്ലെന്‍ മാക്‌സ് വെല്‍ വീണ്ടും നിരാശപ്പെടുത്തി. ഏഴ് പന്തില്‍ മൂന്ന് റണ്‍സെടുത്ത മാക്‌സ് വെല്ലിനെ ഹര്‍ഷല്‍ പട്ടേലാണ് പുറത്താക്കിയത്. രണ്ട പന്ത് അപ്പുറം ശ്രേയസ് അയ്യരേയും ഹര്‍ഷല്‍ മടക്കി. 36 പന്തില്‍ ആറ് വീതം സിക്‌സും ഫോറും ഉള്‍പ്പെടെ 82 റണ്‍സാണ് ശ്രേയസ് നേടിയത്. ഹര്‍ഷലിന്റെ സ്ലോ ബോളില്‍ ഹെഡിന് ക്യാച്ച് നല്‍കിയാണ് ശ്രേയസ് പുറത്തായത്.
എന്നാല്‍ അവസാന ഓവറില്‍ മാര്‍ക്കസ് സ്‌റ്റോയിണിസ് വെടിക്കെട്ട് നടത്തി. നാല് സിക്‌സുകളാണ് ഷമിയുടെ അവസാന ഓവറില്‍ തുടര്‍ച്ചയായി സ്‌റ്റോയിണിസ് പറത്തിയത്. 11 പന്തില്‍ ഒരു ഫോറും നാല് സിക്‌സും ഉള്‍പ്പെടെ 34 റണ്‍സോടെ സ്‌റ്റോയിണിലും അഞ്ച് പന്തില്‍ അഞ്ച് റണ്‍സോടെ മാര്‍ക്കോ യാന്‍സനും പുറത്താവാതെ നിന്നു. ഇതോടെ 20 ഓവറില്‍ 6 വിക്കറ്റിന് 245 റണ്‍സ് എന്ന വമ്പന്‍ ടോട്ടലിലേക്ക് പഞ്ചാബ് എത്തി.
മികവ് കാട്ടി ഹര്‍ഷിത്
ബാറ്റിങ്ങിന് പിന്തുണയുള്ള പിച്ചില്‍ ഹര്‍ഷിത് റാണ നാല് വിക്കറ്റുമായി ഹൈദരാബാദ് നിരയില്‍ തിളങ്ങി. എന്നാല്‍ സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമി നാണംകെട്ടു. നാല് ഓവറില്‍ 75 റണ്‍സ് വഴങ്ങിയ ഷമിക്ക് വിക്കറ്റൊന്നും നേടാനായില്ല. അരങ്ങേറ്റ താരം ഇഷാന്‍ മലിങ്ക രണ്ട് വിക്കറ്റുകള്‍ നേടി. ഇന്ത്യക്കാരന്റെ ഐപിഎല്ലിലെ ഏറ്റവും മോശം ബൗളിങ് പ്രകടനമാണ് ഷമി കാഴ്ചവെച്ചത്.

ഹൈദരാബാദിന് വെടിക്കെട്ട് തുടക്കം
വമ്പന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഹൈദരാബാദ് അടിക്ക് തിരിച്ചടി തന്നെയാണ് നല്‍കിയത്. ആദ്യ പന്ത് മുതല്‍ അഭിഷേക് ശര്‍മയും ട്രാവിസ് ഹെഡും ആക്രമണം അഴിച്ചുവിട്ടു. മോശം ഫോമിലായിരുന്ന കൂട്ടുകെട്ട് താളം കണ്ടെത്തിയതോടെ അതിവേഗം റണ്‍സുയര്‍ന്നു. 19 പന്തിലാണ് അഭിഷേക് ശര്‍മ അര്‍ധ സെഞ്ച്വറി നേടിയത്. പവര്‍പ്ലേയില്‍ വിക്കറ്റ് പോവാതെ 83 റണ്‍സെടുത്ത ഹൈദരാബാദ് 10 ഓവറില്‍ സ്‌കോര്‍ 143ലേക്കെത്തിച്ചു. യഷ് ഠാക്കൂറിന്റെ ഓവറില്‍ അഭിഷേക് പുറത്തായെങ്കിലും ഇത് നോബോളായി. യുസ് വേന്ദ്ര ചഹാല്‍ അഭിഷേകിന്റെ റിട്ടേണ്‍ ക്യാച്ചും പാഴാക്കി. ഭാഗ്യം ഹൈദരാബാദിനൊപ്പമായിരുന്നുവെന്ന് പറയാം. 31 പന്തില്‍ ട്രാവിസ് ഹെഡും അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി.
കൂട്ടുകെട്ട് 171ല്‍ നില്‍ക്കവെ ഹെഡിനെ പുറത്താക്കി ചഹാല്‍ പഞ്ചാബിന് ആദ്യ ആശ്വാസം നല്‍കി. 37 പന്തില്‍ 9 ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 66 റണ്‍സാണ് ഹെഡ് നേടിയത്. വെടിക്കെട്ട് തുടര്‍ന്ന അഭിഷേക് 55 പന്തില്‍ 141 റണ്‍സ് നേടിയാണ് പുറത്തായത്. 14 ഫോറും 10 സിക്‌സും ഉള്‍പ്പെടെയായിരുന്നു അഭിഷേകിന്റെ വെടിക്കെട്ട്. അര്‍ഷ്ദീപ് സിങ്ങാണ് അഭിഷേകിനെ പുറത്താക്കിയത്. പിന്നീട് ഹെന്‍ റിച്ച് ക്ലാസനും ഇഷാന്‍ കിഷനും ചേര്‍ന്ന് ഹൈദരാബാദിനെ വിജയത്തിലേക്കെത്തിക്കുകയായിരുന്നു. ക്ലാസന്‍ 21 റണ്‍സും ഇഷാന്‍ 9 റണ്‍സുമെടുത്ത് പുറത്താവാതെ നിന്നു.
പ്ലേയിങ് 11
സണ്‍റൈസേഴ്‌സ് ഹൈദരാബാദ്- ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, നിതീഷ് കുമാര്‍ റെഡ്ഡി, ഹെന്‍ റിച്ച് ക്ലാസന്‍, അനികേത് വര്‍മ, ഇഷാന്‍ മലിംഗ, പാറ്റ് കമ്മിന്‍സ് (c), സീഷാന്‍ അന്‍സാരി, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് ഷമി
പഞ്ചാബ് കിങ്‌സ്- പ്രഭ്‌സിംറാന്‍ സിങ്, പ്രിയന്‍ഷ് ആര്യ, ശ്രേയസ് അയ്യര്‍ (c), നിഹാല്‍ വദേര, ശശാങ്ക് സിങ്, ഗ്ലെന്‍ മാക്‌സ് വെല്‍, മാര്‍ക്കസ് സ്റ്റോയിണിസ്, മാര്‍ക്കോ യാന്‍സന്‍, യുസ് വേന്ദ്ര ചഹാല്‍, അര്‍ഷ്ദീപ് സിങ്, ലോക്കി ഫെര്‍ഗൂസന്‍