Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: നാലാം തോല്‍വി, നാണംകെട്ട് ഹൈദരാബാദ്; അനായാസം ജയിച്ച് ഗുജറാത്ത്

ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണിലെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ നിരാശപ്പെടുത്തുന്ന പ്രകടനം തുടരുന്നു. തുടര്‍ച്ചയായ നാലാം മത്സരത്തിലും ഹൈദരാബാദ് തോല്‍വി നേരിട്ടിരിക്കുകയാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ ഏഴ് വിക്കറ്റിനാണ് ഗുജറാത്തിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് എട്ട് വിക്കറ്റിന് 152 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഗുജറാത്ത് 20 പന്തും ഏഴ് വിക്കറ്റും ബാക്കിയാക്കി വിജയം നേടിയെടുക്കുകയായിരുന്നു. നാല് വിക്കറ്റ് നേടിയ മുഹമ്മദ് സിറാജും 61* റണ്‍സെടുത്ത ശുബ്മാന്‍ ഗില്ലുമാണ് ഗുജറാത്തിന്റെ ജയം എളുപ്പമാക്കിയത്.

ഹൈദരാബാദിന്റെ തുടക്കം പിഴച്ചു

കഴിഞ്ഞ മൂന്ന് മത്സരത്തിലും തോല്‍വി നേരിട്ട ഹൈദരാബാദിന് ഗുജറാത്തിനെതിരായ മത്സരം വളരെ നിര്‍ണ്ണായകമായിരുന്നു. എന്നാല്‍ പ്രതീക്ഷിച്ചപോലെ ഗുജറാത്തിനെതിരേ തുടങ്ങാന്‍ ഹൈദരാബാദിനായില്ല. ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ കൂട്ടുകെട്ട് ഒരിക്കല്‍ക്കൂടി നിരാശപ്പെടുത്തി. വെടിക്കെട്ട് ഓപ്പണര്‍ ട്രാവിസ് ഹെഡ് പ്രതീക്ഷ നല്‍കിയാണ് തുടങ്ങിയത്. മുഹമ്മദ് സിറാജിനെ രണ്ട് ബൗണ്ടറി പായിച്ചപ്പോള്‍ വലിയ പ്രതീക്ഷ എല്ലാവര്‍ക്കുമുണ്ടായിരുന്നു.

എന്നാല്‍ ഈ പ്രതീക്ഷകള്‍ക്ക് അല്‍പ്പായുസ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഓവറിലെ അവസാന പന്തില്‍ ട്രാവിസ് ഹെഡിനെ പുറത്താക്കി സിറാജ് കരുത്തുകാട്ടി. അഞ്ച് പന്തില്‍ എട്ട് റണ്‍സെടുത്ത ഹെഡിനെ സിറാജ് സായ് സുദര്‍ശന്റെ കൈയിലെത്തിക്കുകയായിരുന്നു. രണ്ടാം ഓവര്‍ എറിയാനെത്തിയ ഇഷാന്ത് ശര്‍മയെ ആക്രമിച്ച് കളിക്കാനാണ് അഭിഷേക് ശര്‍മ ശ്രമിച്ചത്. 11 റണ്‍സാണ് ഈ ഓവറില്‍ അഭിഷേക് നേടിയത്. 16 പന്തില്‍ നാല് ഫോറടക്കം 18 റണ്‍സോടെ അഭിഷേക് നിലയുറപ്പിച്ച് വരികെ മുഹമ്മദ് സിറാജ് വീണ്ടും ഹൈദരാബാദിന്റെ അന്തകനായി.

പവര്‍പ്ലേയില്‍ പിടിമുറുക്കി ഗുജറാത്ത്

പവര്‍പ്ലേയില്‍ മൂന്നാം ഓവറും സിറാജിന് നല്‍കാനുള്ള ശുബ്മാന്‍ ഗില്ലിന്റെ തീരുമാനം തെറ്റിയില്ല. സിറാജിനെ സിക്‌സര്‍ പറത്താനുള്ള അഭിഷേകിന്റെ ശ്രമം രാഹുല്‍ തെവാത്തിയയുടെ കൈയില്‍ അവസാനിച്ചു. പിന്നീട് കൃത്യമായ ഇടവേളകളില്‍ ഹൈദരാബാദിന് വിക്കറ്റ് നഷ്ടമായി. മികച്ച കൂട്ടുകെട്ട് സൃഷ്ടിക്കുന്നതില്‍ ഹൈദരാബാദ് പിന്നോട്ട് പോയി. ഇഷാന്‍ കിഷന്‍ നിലയുറപ്പിക്കാനാണ് ശ്രമിച്ചത്. കഴിഞ്ഞ മത്സരങ്ങളിലെല്ലാം ഫ്‌ളോപ്പായ ഇഷാന്‍ 14 പന്തില്‍ രണ്ട് ഫോറടക്കം 17 റണ്‍സാണ് നേടിയത്.

പ്രസിദ്ധ് കൃഷ്ണയുടെ ഷോര്‍ട്ട് ബോള്‍ കെണിയില്‍ ഇഷാന്ത് ശര്‍മക്ക് ക്യാച്ച് നല്‍കിയാണ് ഇഷാന്‍ പുറത്തായത്. പവര്‍പ്ലേയില്‍ 45 റണ്‍സ് മാത്രമാണ് ഹൈദരാബാദിന് നേടാനായത്. 50 റണ്‍സിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായത് ഹൈദരാബാദിനെ തളര്‍ത്തി.

washingtone sundar

മധ്യനിരക്കും മികവ് കാട്ടാനായില്ല

ടോപ് ഓഡറിന്റെ നിരാശപ്പെടുത്തുന്ന പ്രകടനത്തില്‍ നിന്ന് ടീമിനെ കരകയറ്റാന്‍ മധ്യനിരക്കും സാധിച്ചില്ലെന്ന് പറയാം. സൂപ്പര്‍ താരം ഹെന്‍ റിച്ച് ക്ലാസന് നിലവാരം കാട്ടാനായില്ല. 19 പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സുമടക്കം ഭേദപ്പെട്ട നിലയില്‍ തുടങ്ങാന്‍ ക്ലാസന് സാധിച്ചു. എന്നാല്‍ 27 റണ്‍സില്‍ സായ് കിഷോര്‍ ക്ലാസനെ ക്ലീന്‍ബൗള്‍ഡ് ചെയ്തു. നിതീഷ് കുമാര്‍ റെഡ്ഡി അതിവേഗം റണ്‍സുയര്‍ത്താനാവാതെ പ്രയാസപ്പെട്ടു. 34 പന്തില്‍ മൂന്ന് ഫോറടക്കം 31 റണ്‍സ് നേടിയ നിതീഷ് കുമാറിനെയും സായ് കിഷോറാണ് പുറത്താക്കിയത്.

കമിന്‍ഡു മെന്‍ഡിസ് അഞ്ച് പന്തില്‍ ഒരു റണ്‍സാണ് നേടിയത്. പ്രസിദ്ധ് കൃഷ്ണയാണ് താരത്തെ മടക്കിയയച്ചത്. അനികേത് വര്‍മക്ക് വെടിക്കെട്ട് ആവര്‍ത്തിക്കാനായില്ല. 14 പന്തില്‍ രണ്ട് ഫോറടക്കം 18 റണ്‍സെടുത്ത അനികേതിനെ മുഹമ്മദ് സിറാജ് എല്‍ബിയില്‍ കുടുക്കി. ഇംപാക്ട് പ്ലയറായെത്തിയ സിമര്‍ജീത് സിങ്ങിനെ അക്കൗണ്ട് തുറക്കും മുമ്പ് സിറാജ് ക്ലീന്‍ബൗള്‍ഡ് ചെയ്തു.

വാലറ്റത്ത് പാറ്റ് കമ്മിന്‍സ് 9 പന്തില്‍ 3 ഫോറും 1 സിക്‌സുമടക്കം 22 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. മുഹമ്മദ് ഷമി രണ്ട് പന്തില്‍ ആറ് റണ്‍സോടെ ക്രീസില്‍ തുടര്‍ന്നു. ഇതോടെ 20 ഓവറില്‍ എട്ട് വിക്കറ്റിന് 152 റണ്‍സ് എന്ന ഭേദപ്പെട്ട നിലയിലേക്കെത്താന്‍ ഹൈദരാബാദിന് സാധിച്ചു. ഗുജറാത്തിനായി മുഹമ്മദ് സിറാജ് നാല് ഓവറില്‍ 17 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തി. പ്രസിദ്ധ് കൃഷ്ണയും സായ് കിഷോറും രണ്ട് വിക്കറ്റ് വീതവും പങ്കിട്ടു.

mohammed siraj

ഗുജറാത്തിന്റെ തുടക്കം പാളി

153 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സിന്റെ തുടക്കം പാളി. മിന്നും ഫോമിലുണ്ടായിരുന്ന സായ് സുദര്‍ശന് ഇത്തവണ ശോഭിക്കാനായില്ല. 9 പന്തില്‍ 5 റണ്‍സെടുത്ത സായ് സുദര്‍ശനെ മുഹമ്മദ് ഷമിയാണ് പുറത്താക്കിയത്. മുന്‍ ഗുജറാത്ത് താരമായ ഷമി സായ് സുദര്‍ശന്റെ ദൗര്‍ബല്യം മുതലാക്കി വിക്കറ്റ് നേടുകയായിരുന്നു. വൈകാതെ തന്നെ ജോസ് ബട്‌ലറേയും മടക്കാന്‍ ഹൈദരാബാദിനായി. മൂന്ന് പന്ത് നേരിട്ട ബട്‌ലറെ അക്കൗണ്ട് തുറക്കും മുമ്പ് പാറ്റ് കമ്മിന്‍സ് ഡെക്കിന് മടക്കുകയായിരുന്നു.

വന്‍ തകര്‍ച്ചയെ ഗുജറാത്ത് മുന്നില്‍ക്കണ്ടു. എന്നാല്‍ മൂന്നാം വിക്കറ്റില്‍ വാഷിങ്ടണ്‍ സുന്ദറും ശുബ്മാന്‍ ഗില്ലും ചേര്‍ന്ന് ഗുജറാത്തിനെ തിരികെ കൊണ്ടുവന്നു. ആറാം ഓവര്‍ എറിയാനെത്തിയ സിമര്‍ജീത് സിങ്ങിനെതിരേ 20 റണ്‍സാണ് സുന്ദര്‍ നേടിയത്. ഇതോടെ പവര്‍പ്ലേയില്‍ രണ്ട് വിക്കറ്റിന് 48 എന്ന ഭേദപ്പെട്ട സ്‌കോര്‍ നേടാന്‍ ഗുജറാത്തിന് സാധിച്ചു. തകര്‍ത്തടിച്ച സുന്ദര്‍ 29 പന്തില്‍ 49 റണ്‍സെടുത്ത് പുറത്തായി. മുഹമ്മദ് ഷമിയുടെ പന്തില്‍ അനികേത് വര്‍മയുടെ തകര്‍പ്പന്‍ ക്യാച്ചിലാണ് സുന്ദറിന്റെ മടക്കം.

അനായാസം ഗുജറാത്ത് ജയത്തിലേക്ക്

സുന്ദര്‍ പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ ഇംപാക്ട് പ്ലയര്‍ ഷെര്‍ഫെയ്ന്‍ റൂതര്‍ഫോര്‍ഡ് അതിവേഗം റണ്‍സുയര്‍ത്താനാണ് ശ്രമിച്ചത്. അഭിഷേക് ശര്‍മയുടെ ഒരോവറില്‍ 18 റണ്‍സാണ് റൂതര്‍ഫോര്‍ഡ് നേടിയത്. വെടിക്കെട്ട് തുടര്‍ന്ന റൂതര്‍ഫോര്‍ഡ് 16 പന്തില്‍ ആറ് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 35 റണ്‍സോടെ പുറത്താവാതെ നിന്നു. ശുബ്മാന്‍ ഗില്‍ 43 പന്തില്‍ ഒമ്പത് ഫോറടക്കം പുറത്താവാതെ 61 റണ്‍സോടെ വിജയത്തിന് അടിത്തറ പാകി.

പ്ലേയിങ് 11

ഗുജറാത്ത് ടൈറ്റന്‍സ്- ശുബ്മാന്‍ ഗില്‍ (c), സായ് സുദര്‍ശന്‍, ജോസ് ബട്‌ലര്‍, രാഹുല്‍ തെവാത്തിയ, ഷാരൂഖ് ഖാന്‍, റാഷിദ് ഖാന്‍, വാഷിങ്ടണ്‍ സുന്ദര്‍, സായ് കിഷോര്‍, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഇഷാന്ത് ശര്‍മ

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്- ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, നിതീഷ് കുമാര്‍ റെഡ്ഡി, ഹെന്‍ റിച്ച് ക്ലാസന്‍, അനികേത് വര്‍മ, കമിന്‍ഡു മെന്‍ഡിസ്, പാറ്റ് കമ്മിന്‍സ് (c), സീഷാന്‍ അന്‍സാരി, ജയദേവ് ഉനദ്ഘട്ട്, മുഹമ്മദ് ഷമി

Story first published: Sunday, April 6, 2025, 13:19 [IST]
Other articles published on Apr 6, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+