പ്രഥമ സീസണിലെ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സ് മറക്കാനാഗ്രഹിക്കുന്ന ഐപിഎല്‍ സീസണുകളിലൊന്നായി ഈ വര്‍ഷത്തേതു മാറിയിരിക്കുകയാണ്. ടൂര്‍ണമെന്റിന്റെ പ്ലേഓഫില്‍ പോലുമെത്താതെയാണ് ഇത്തവണ പിങ്ക് ആര്‍മി പുറത്തായത്. ടീം സെലക്ഷനിലെ പാളിച്ചകളും പരിക്കു കാരണം സീസണിലെ ഭൂരിഭാഗം മല്‍സരങ്ങളിലും നായകന്‍ സഞ്ജു സാംലണിന്റെ സേവനം ലഭിക്കാതെ പോയതുമെല്ലാം റോയല്‍സിനെ സാരമായി ബാധിച്ചു.
ഇതിനിടെ സഞ്ജുവു പുതിയ കോച്ച് രാഹുല്‍ ദ്രാവിഡും തമ്മില്‍ അത്ര നല്ല രസത്തിലല്ലെന്നും വലിയ രീതിയുള്ള അഭിപ്രായഭിന്നതയും തര്‍ക്കങ്ങളുമെല്ലാം ഇവര്‍ക്കിടയിലുള്ളതായും റിപ്പോര്‍ട്ടുകളും വന്നിരുന്നു. ഇതു ശരിവയ്ക്കുന്ന രീതിയിലുള്ള റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. സഞ്ജുവും ദ്രാവിഡും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ മുന്‍ ഇന്ത്യന്‍ നായകനും ദ്രാവിഡിന്റെ അടുത്ത സൃഹൃത്തുമായ സൗരവ് ഗാംഗുലി ഇടപെട്ടുവെന്ന റിപ്പോര്‍ട്ടാണ് ദേശീയ മാധ്യമങ്ങളില്‍ വന്നിരിക്കുന്നത്.

പിണക്കത്തിന്റെ കാരണം
രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണും കോച്ച് രാഹുല്‍ ദ്രാവിഡും തമ്മിലുള്ള അഭിപ്രായ ഭിന്നത ഇപ്പോള്‍ രൂക്ഷമാണെന്നാണ് ഇന്ത്യന്‍ ഹെറാള്‍ഡ് ഡോട്ട് കോം (Indianherald.com) റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇരുവരും തമ്മില്‍ പരസ്പരം സംസാരിക്കാറില്ലെന്നും ദ്രാവിഡിന്റെ ടീം യോഗങ്ങളില്‍ സഞ്ജു പങ്കെടുക്കാറില്ലെന്നുമാണ് പറയപ്പെടുന്നത്. റിയാന്‍ പരാഗിനെ നായകനാക്കാനുള്ള ടീം മാനേജ്‌മെന്റിന്റെ തീരമാനം ദ്രാവിഡ് അംഗീകരിച്ചതാണ് സഞ്ജുവിന്റെ പിണക്കത്തിനു കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു
പരാഗിന്റെ അച്ഛന്റെ സഹോദരനും പ്രമുഖ വ്യവസായിയുമായ രഞ്ജിത് ബര്‍താക്കൂര്‍ റോയല്‍സ് ടീമിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ കൂടിയാണ്. ഇതു കാരണമാണ് താരത്തിനു ടീമില്‍ അമിതമായ പിന്തുണ ലഭിച്ചു കൊണ്ടിരിക്കാനുള്ള പ്രധാന കാരണമെന്നു നേരത്തേ തന്നെ അഭ്യൂഹങ്ങള്‍ വന്നിരുന്നു.
കഴിഞ്ഞ സീസണിലൊഴികെ മറ്റൊന്നിലും പരാഗ് കാര്യമായി തിളങ്ങിയിട്ടില്ല. എന്നിട്ടും ഇത്രയും കാലമായി ടീമിലെ സ്ഥിരം സാന്നിധ്യമായി താരം തുടരാനുള്ള കാരണവും അണിയറില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ഈ പിന്തുണ തന്നെയാണ്.
ഗാംഗുലിയുടെ ഇടപെടല്‍
നിലവില്‍ രാജസ്ഥാന്‍ റോയല്‍സ് വിടാനുള്ള ഉറച്ചു നീക്കത്തിലാണ് സഞ്ജു സാംസണെന്നാണ് സൂചനകള്‍. അടുത്ത സീസണില്‍ മറ്റൊരു ടീമിലേക്കു അദ്ദേഹം ചേക്കേറിയേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. സഞ്ജുവും രാഹുല്‍ ദ്രാവിഡും തമ്മിലുള്ള തര്‍ക്കം രൂക്ഷകമാകവെയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി ഇതു പരിഹരിക്കാന്‍ ഇടപെട്ടതെന്നാണ് ഇന്ത്യന്‍ഹെറാള്‍ഡില്‍ വന്നിട്ടുള്ള റിപ്പോര്‍ട്ട്.

കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായിട്ടായിരുന്നു റോയല്‍സിന്റെ അവസാനത്തെ മല്‍സരം. ആവേശകരമായ ഈ കളിയില്‍ റോയല്‍സ് ഒരു റണ്‍സിനു തോല്‍ക്കുകയും ചെയ്തു. ഈ മല്‍സരശേഷമാണ് ദ്രാവിഡ്, സഞ്്ജു എന്നിവരുമായി ഗാംഗുലി സംസാരിച്ചത്. ഇതു വെറുമൊരു സൗഹൃദ സംഭാഷണമായിരുന്നില്ലെന്നും ഇരുവരും തമ്മിലുള്ള തര്‍ക്കം അവസാനിപ്പിക്കാന്‍ ഗാംഗുലി ആവശ്യപ്പെട്ടുവെന്നുമാണ് റിപ്പോര്‍ട്ട്.
അഭിപ്രായ ഭിന്നതകള്‍ മാറ്റി വച്ച് ദ്രാവിഡും സഞ്ജുവും പഴയതു പോലെ സുഹൃത്തുക്കളായി മാറണമെന്നും ദാദ ഉപദേശിച്ചുവെന്നുമാണ് വിവരം. ഇരുവരുമായി ദാദ സംസാരിക്കുന്ന വീഡിയോ രാജസ്ഥാന്‍ റോയല്‍സ് സോഷ്യല്‍ മീഡിയ പേജില്‍ പങ്കു വച്ചിരുന്നെങ്കിലും പിന്നീട് അതു ഡിലീറ്റ് ചെയ്യുകയായിരുന്നു
അതേസമയം, ബാറ്റിങിനിടെ വാരിയെല്ലിനു താഴെയേറ്റ പരിക്കു കാരണം സഞ്ജു ഇപ്പോള്‍ വിശ്രമത്തിലാണ്. അവസാനത്തെ അഞ്ചു മല്‍സരങ്ങളിലും അദ്ദേഹം കളിക്കാനിറങ്ങിയിട്ടില്ല. എന്നാല്‍ സീസണില്‍ ഇനി ശേഷിച്ച രണ്ടു മല്‍സരങ്ങളില്‍ സഞ്ജു കളിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത തിങ്കളാഴ്ച ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സുമായാണ് റോയല്‍സിന്റെ അടുത്ത മല്‍സരം.