ജയ്പൂരില്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണില്‍ നിരാശപ്പെടുത്തുന്ന പ്രകടനം നടത്തുന്ന ടീമാണ് രാജസ്ഥാന്‍ റോയല്‍സ്. ഒമ്പത് മത്സരത്തില്‍ ഏഴിലും തോറ്റ രാജസ്ഥാന്‍ അവസാന അഞ്ച് മത്സരത്തിലും തുടര്‍ തോല്‍വികള്‍ നേരിട്ടാണ് ഗുജറാത്തിനെതിരേ ഇറങ്ങിയത്. ഇത്തവണത്തെ രാജസ്ഥാന്റെ നിരാശപ്പെടുത്തുന്ന പ്രകടനത്തിന് പ്രധാനകാരണമായി എല്ലാവരും ഉയര്‍ത്തിക്കാട്ടുന്നത് മെഗാ ലേലത്തില്‍ രാജസ്ഥാന്‍ നടത്തിയ മണ്ടന്‍ നീക്കങ്ങളാണ്. ഇതില്‍ പ്രധാനപ്പെട്ട പിഴവ് ജോസ് ബട്‌ലറെ വിട്ടുകളഞ്ഞതാണ്. രാജസ്ഥാനൊപ്പം തകര്‍പ്പന്‍ റെക്കോഡുള്ള താരമായിരുന്നു ബട്‌ലര്‍.
നായകന്‍ സഞ്ജു സാംസണുമായും വലിയ ബന്ധവും കൂട്ടുകെട്ടുമുണ്ടായിരുന്ന ബട്‌ലറെ സഞ്ജുവിന്റെ വാക്ക് അവഗണിച്ചാണ് പരിശീലകനായ രാഹുല്‍ ദ്രാവിഡ് തഴഞ്ഞത്. ബട്‌ലറെ രാജസ്ഥാന്‍ വിട്ടുകളഞ്ഞതിന്റെ നിരാശ പല തവണ സഞ്ജു തുറന്ന് പറഞ്ഞിട്ടുണ്ട്. ടീമിന്റെ തീരുമാനമായിരുന്നു ഇതെന്നാണ് സഞ്ജു പറഞ്ഞത്. രാജസ്ഥാന്‍ തന്നെ വിട്ടുകളഞ്ഞതില്‍ ബട്‌ലര്‍ക്കും നിരാശയുണ്ടായിരുന്നുവെന്ന് അദ്ദേഹത്തിന്റെ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തം.
മെഗാ ലേലത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിലേക്കെത്തിയ ബട്‌ലര്‍ മികച്ച പ്രകടനമാണ് ടീമിനായി കാഴ്ചവെക്കുന്നത്. ഇപ്പോഴിതാ ജയ്പൂരില്‍ തന്റെ മുന്‍ ടീമായ രാജസ്ഥാന്‍ റോയല്‍സിനെതിരേ ബാറ്റിങ് വെടിക്കെട്ട് കാഴ്ചവെച്ചിരിക്കുകയാണ് ജോസ് ബട്‌ലര്‍. രാജസ്ഥാന്റെ സ്പിന്നര്‍മാരെ കടന്നാക്രമിച്ച ബട്‌ലര്‍ ഗുജറാത്തിനെ മികച്ച സ്‌കോറിലേക്കെത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചുവെന്ന് തന്നെ പറയാം.
ഒന്നും മിണ്ടാതെ ദ്രാവിഡ് എല്ലാം കണ്ടു
പരിക്കേറ്റ രാജസ്ഥാന്‍ റോയല്‍സ് സഞ്ജു സാംസണ്‍ കളിക്കാനില്ലെങ്കിലും ഡഗൗട്ടില്‍ ടീമിനൊപ്പമുണ്ടായിരുന്നു. ടീമിന്റെ പരിശീലന സമയത്ത് സഞ്ജുവും ജോസ് ബട്‌ലറും തമ്മില്‍ ഏറെ നേരം സംസാരിച്ചിരുന്നു. ഇരുവരും തമ്മില്‍ ഇപ്പോഴും നല്ല ബന്ധമാണുള്ളതെന്ന് പറയാം. എന്നാല്‍ ദ്രാവിഡിന് ബട്‌ലറെ താല്‍പര്യമില്ലാത്തതിനാലാണ് രാജസ്ഥാന്‍ മെഗാ ലേലത്തിലേക്ക് താരത്തെ വിട്ടുകൊടുത്തത്. ഇപ്പോള്‍ ദ്രാവിഡിനെ സാക്ഷിയാക്കിയാണ് ബട്‌ലറിന്റെ വെടിക്കെട്ട്. ജയ്പൂരിലെ അനുഭവസമ്പത്ത് മുതലാക്കിയാണ് ബട്‌ലര്‍ കത്തിക്കയറിയത്.
പതിയെ തുടങ്ങി പിന്നീട് ആക്രമണത്തിലേക്ക് ഗിയര്‍ മാറ്റിയ ബട്‌ലര്‍ രാജസ്ഥാന്റെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുകയായിരുന്നു. അവസാന രണ്ടോവറില്‍ ബട്‌ലര്‍ക്ക് കാര്യമായി സ്‌ട്രൈക്ക് ലഭിച്ചില്ല. 10 പന്തുകള്‍ സ്‌ട്രൈക്ക് ലഭിക്കാതെ താരത്തിന് നോക്കി നില്‍ക്കേണ്ടി വന്നു. എന്തായാലും രാജസ്ഥാന്റെ മധ്യനിരയില്‍ റണ്‍റേറ്റ് ഉയര്‍ത്തി. ഒടുവില്‍ അവസാന പന്തില്‍ അര്‍ധ സെഞ്ച്വറിയിലേക്കെത്താനും ബട്‌ലര്‍ക്കായി. 26 പന്തില്‍ മൂന്ന് ഫോറും നാല് സിക്‌സും ഉള്‍പ്പെടെയാണ് 50 റണ്‍സോടെ ബട്‌ലര്‍ ക്രീസില്‍ തുടര്‍ന്നത്. രാജസ്ഥാന്‍ കോടികള്‍ മുടക്കിയ താരങ്ങളെല്ലാം ടീമിനെ തോല്‍പ്പിക്കാന്‍ ശ്രമിക്കുന്ന സാഹചര്യത്തിലാണ് ബട്‌ലറിന്റെ വെടിക്കെട്ട്.
സീസണിലെ ബട്‌ലറുടെ നാലാമത്തെ അര്‍ധ സെഞ്ച്വറിയാണിത്. ലഭിക്കുന്ന അവസരങ്ങളിലെല്ലാം മിന്നിച്ച് ടീമിന് അടിത്തറ പാകാന്‍ ബട്‌ലര്‍ക്കാവുന്നു. രാജസ്ഥാന്‍ തകര്‍ന്നടിയുന്ന സാഹചര്യം വിലയിരുത്തുമ്പോള്‍ ബട്‌ലറെ കൈവിട്ടത് ഇപ്പോള്‍ രാജസ്ഥാന് വലിയ നിരാശയായി മാറിയിട്ടുണ്ടാവുമെന്നുറപ്പാണ്. എല്ലാത്തിനും കാരണം ദ്രാവിഡാണെന്നാണ് ആരാധകര്‍ ആരോപിക്കുന്നത്.

ദ്രാവിഡിനെതിരേ രൂക്ഷ വിമര്‍ശനം
പതിവ് പോലെ ഗുജറാത്ത് താരങ്ങള്‍ കടന്നാക്രമിക്കുമ്പോള്‍ രാഹുല്‍ ദ്രാവിഡ് ഡഗൗട്ടിലിരുന്ന് എന്തൊക്കെയോ എഴുതുകയായിരുന്നു. പതിവ് തെറ്റിക്കാതെ ദ്രാവിഡ് എന്താണ് എഴുതുന്നതെന്നും രാജി എഴുതി നല്‍കി ടീം വിട്ടാല്‍ രാജസ്ഥാന്‍ ജയിക്കുമെന്നുമാണ് ആരാധകര്‍ ട്രോളുന്നത്. ദ്രാവിഡിന്റെ പിടിവാശിയാണ് രാജസ്ഥാനെ തകര്‍ത്തതെന്നാണ് ആരാധകര്‍ ആരോപിക്കുന്നത്. റിയാന്‍ പരാഗ്, ദ്രുവ് ജുറേല്‍, ഷിംറോന്‍ ഹെറ്റ്‌മെയര്‍ എന്നിവരെ നിലനിര്‍ത്തിയപ്പോള്‍ ജോസ് ബട്‌ലറേയും ട്രന്റ് ബോള്‍ട്ടിനേയും യുസ് വേന്ദ്ര ചഹാലിനേയും ഒഴിവാക്കി.
രാജസ്ഥാന്‍ ഒഴിവാക്കിയ താരങ്ങളെല്ലാം തകര്‍പ്പന്‍ ഫോമിലും നിലനിര്‍ത്തിയ താരങ്ങളെല്ലാം മോശം ഫോമിലുമാണ്. ട്രന്റ് ബോള്‍ട്ടും ചഹാലുമെല്ലാം മാച്ച് വിന്നിങ് പ്രകടനങ്ങളാണ് കാഴ്ചവെക്കുന്നത്. ദ്രാവിഡ് പോകാതെ രാജസ്ഥാന്‍ ജയിക്കില്ലെന്നാണ് ആരാധകര്‍ പറയുന്നത്.