ഐപിഎല്ലിന്റെ 18ാം സീസണ്‍ ആവേശകരമായ ക്ലൈമാക്‌സിലേക്കു അടുക്കുകയാണ്. പ്ലേഓഫിലെ നാലു ടീമുകളില്‍ മൂന്നു പേര്‍ ആരൊക്കെയാണെന്നു ചിത്രം തെൡഞ്ഞു കഴിഞ്ഞു. ഗുജറാത്ത് ടൈറ്റന്‍സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു, പഞ്ചാബ് കിങ്‌സ് എന്നിവരാണ് ഇതിനകം പ്ലേഓഫിലേക്കു ടിക്കറ്റ് വാങ്ങിയ മൂന്നു ടീമുകള്‍. നാലാമത്തെയും അവസാനത്തെയും ടീം ആരാണെന്നു ഈയാഴ്ച ഉത്തരം ലഭിക്കുകയും ചെയ്യും.
ഇന്ത്യന്‍ ടി20 ടീമില്‍ നിന്നും ഏറെക്കുറെ പുറത്തായിക്കഴിഞ്ഞ ചില താരങ്ങള്‍ ഈ സീസണില്‍ വിവിധ ഫ്രാഞ്ചൈസികള്‍ക്കായി തകര്‍പ്പന്‍ പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അടുത്ത വര്‍ഷം നടക്കാനിക്കുന്ന ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്കും ഇവര്‍ അവകാശവാദമുന്നയിച്ചു കഴിഞ്ഞു. ടി20 ടീമിലേക്കു തിരിച്ചു വിളിക്കപ്പെടാനിടയുള്ള ഈ താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

ശുഭ്മന്‍ ഗില്‍
ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റനും ഇന്ത്യന്‍ ബാറ്റിങിലെ യുവ സൂപ്പര്‍ താരവുമായ ശുഭ്മന്‍ ഗില്ലാണ് ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍. ഈ ഐപിഎല്ലില്‍ വലിയ റണ്‍വേട്ടയാണ് താരം നടത്തിക്കൊണ്ടിരിക്കുന്നത്. ബാറ്റിങിലും ക്യാപ്റ്റന്‍സിയിലും ഒരുപോലെ മിന്നിക്കുകയാണ് ഗില്‍. 12 ഇന്നിങ്‌സുകളില്‍ നിന്നും 60.10 ശരാശരിയില്‍ 155.70 സ്‌ട്രൈക്ക് റേറ്റില്‍ 601 റണ്‍സ് അദ്ദേഹം അടിച്ചെടുത്തു കഴിഞ്ഞു. ആറു ഫിഫ്റ്റി പ്ലസ് സ്‌കോറുകളും ഇതിലുള്‍പ്പെടും.
നേരത്തേ ടി20യിലെ മോശം സ്‌ട്രൈക്ക് റേറ്റിന്റെയും സ്ഥിരതയില്ലായ്മയുടെയും പേരില്‍ വിമര്‍ശനങ്ങളും പരിഹാസങ്ങളുമെല്ലാം ഏറ്റുവാങ്ങിയ താരമാണ് ഗില്‍. ഏകദിന ക്രിക്കറ്റിലെ മികവ് ടി20യില്‍ ആവര്‍ത്തിക്കാനും അദ്ദേഹത്തിനായിരുന്നില്ല. ഇതിനിടെ അഗ്രസീവ് പ്രകടനങ്ങളിലൂടെ സഞ്ജു സാംസണും അഭിഷേക് ശര്‍മയും ഇന്ത്യന്‍ ടി20 ടീമില്‍ ഓപ്പണിങ് റോള്‍ ഉറപ്പിക്കുകയും ചെയ്തിരുന്നു.
നാട്ടിലും വിദേശത്തുമായി നടന്ന അവസാന മൂന്നു പരമ്പരകളിലും ഈ ജോടിയാണ് ടീമിനായി ഓപ്പണ്‍ ചെയ്തത്. ഗില്ലിനു ഈ ഫോര്‍മാറ്റിലേക്കു ഇനിയൊരു തിരിച്ചുവരവുണ്ടാവില്ലെന്നു എല്ലാവരും ഉറപ്പിച്ചിരിക്കെയാണ് ഐപിഎല്ലിലെ റണ്‍വേട്ടയിലൂടെ വീണ്ടും ടീമിലെ സ്ഥാനത്തിനായി താരം അവകാശവാദമുന്നയിച്ചിരിക്കുന്നത്. അടുത്ത ടി20 പരമ്പരയില്‍ ഗില്‍ തീര്‍ച്ചയായും ടീമിലേക്കു തിരിച്ചുവിളിക്കപ്പെടുമെന്നുറപ്പായിരിക്കുകയാണ്.
കെഎല്‍ രാഹുല്‍
പരിചയ സമ്പന്നനായ സ്റ്റാര്‍ ബാറ്ററും വിക്കറ്റ് കീപ്പറുമായ കെഎല്‍ രാഹുലാണ് ഈ ലിസ്റ്റിലെ അടുത്തയാള്‍. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് വിട്ട് ഈ സീസണിലെ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിലെത്തിയ ശേഷം വലിയ റണ്‍വേട്ടയാണ് അദ്ദേഹം നടത്തുന്നത്. ബാറ്റിങില്‍ ടീമിന്റെ പുതിയ ഹീറോയായി രാഹുല്‍ മാറിയിരിക്കുകയാണ്.
11 ഇന്നിങ്‌സുകളില്‍ നിന്നും 61.63 ശരാശരിയില്‍ 148.05 സ്‌ട്രൈക്ക് റേറ്റില്‍ താരം 493 റണ്‍സ് നേടിക്കഴിഞ്ഞു. ഒരു സെഞ്ചറിയും മൂന്നു ഫിഫ്റ്റി പ്ലസ് സ്‌കോറുകളും ഇതിലുള്‍പ്പെടും. ഗുജറാത്ത് ടൈറ്റന്‍സുമായുള്ള അവസാന കളിയിലാണ് രാഹുല്‍ പുറത്താവാതെ 112 റണ്‍സെടുത്തത്.
ഈ സീസണിലെ പ്രകടനത്തോടെ ഇന്ത്യന്‍ ടി20 ടീമിലേക്കു അദ്ദേഹത്തിന്റെ മടങ്ങിവരവ് ഉറപ്പായിരിക്കുകയാണ്. 2022ല്‍ ഇംഗ്ലണ്ടിനെതിരേയാണ് രാഹുല്‍ അവസാനമായി ടി20യില്‍ കളിച്ചത്. ഈ ഫോര്‍മാറ്റ് ആവശ്യപ്പെടുന്ന പ്രഹരശേഷിയല്ലെന്ന കാരണത്താലാണ് അദ്ദേഹത്തിനു പിന്നീട് സ്ഥാനം നഷ്ടമായത്.

ശ്രേയസ് അയ്യര്‍
പഞ്ചാബ് കിങ്‌സ് ക്യാപ്റ്റനും മധ്യനിര ബാറ്റിങിലെ മിന്നും താരവുമായ ശ്രേയസ് അയ്യരാണ് ഇന്ത്യന്‍ ടി20 ടീമിലേക്കു തിരിച്ചെത്താനിടയുള്ള മൂന്നാമത്തൊള്‍. പഞ്ചാബ് കിങ്‌സിന്റെ പുതിയ ക്യാപ്റ്റന്‍ കൂടിയായ അദ്ദേഹം ഈ സീസണിലെ അഗ്രസീവ് ബാറ്റിങിലൂടെ കൈയടി നേടുകയാണ്.
പഞ്ചാബിനായി 12 ഇന്നിങ്‌സുകളില്‍ നിന്നും 48.33 ശരാശരിയില്‍ 174.70 സ്‌ട്രൈക്ക് റേറ്റില്‍ 435 റണ്‍സ് ശ്രേയസ് നേടിക്കഴിഞ്ഞു. നാലു ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ ഇതിലുള്‍പ്പെടും.
ബാറ്റിങിനൊപ്പം പഞ്ചാബിനെ 11 വര്‍ഷങ്ങള്‍ക്കു ശേഷം പ്ലേഓഫിലെത്തിച്ച് ക്യാപ്റ്റന്‍സിയിലും തിളങ്ങുകയാണ് ശ്രേയസ്. നിലവിലെ ഫോം പരിഗണിക്കുമ്പോള്‍ അദ്ദേഹം ഉടന്‍ ടി20 ടീമില്‍ തിരിച്ചെത്താനുള്ള സാധ്യതയും കൂടുതലാണ്.