അഹമ്മദാബാദ്: ഐപിഎല്ലിന്റെ 18ാം സീസണിലെ ആദ്യ മല്‍സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ പരാജയത്തിനു കാരണം ശുഭ്മന്‍ ഗില്ലിന്റെ മോശം ക്യാപ്റ്റന്‍സിയാണെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. പഞ്ചാബ് കിങ്‌സുമായുള്ള ഹൈ സ്‌കോറിങ് ത്രില്ലറില്‍ ജിടി 11 റണ്‍സിന്റെ പരാജയമാണ് ജിടി ഏറ്റുവാങ്ങിയത്.
നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടന്ന സൂപ്പര്‍ പോരാട്ടത്തില്‍ 244 റണ്‍സിന്റെ വന്‍ വിജയലക്ഷ്യമാണ് ജിടിക്കു പഞ്ചാബ് നല്‍കിയത്. ഈ ലക്ഷ്യത്തിലേക്കു ജിടി വീറോടെ തന്നെ പൊരുതിയെങ്കിലും അഞ്ചു വിക്കറ്റിനു 232 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ. ക്രിക്ക്ബസിന്റെ ഷോയില്‍ സംസാരിക്കവെയാണ് ഗില്ലിന്റെ ക്യാപ്റ്റന്‍സിയെ സെവാഗ് വിമര്‍ശിച്ചത്.

ഗില്‍ കാണിച്ച അബദ്ധം
പഞ്ചാബ് കിങ്‌സുമായുള്ള കളിയില്‍ ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റനെന്ന നിലയില്‍ ശുഭ്മന്‍ ഗില്‍ വലിയൊരു അബദ്ധം കാണിച്ചതായി ചൂണ്ടിക്കാണിച്ചിരിക്കുകയാണ് വീരേന്ദര്‍ സെവാഗ്. പഞ്ചാബിനെതിരേ ശുഭ്മന്‍ ഗില്ലിന്റെ ക്യാപ്റ്റന്‌സി അത്ര പോരെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. അവന്‍ ക്യാപ്റ്റന്‍സിക്കു റെഡിയാണെന്നു എനിക്കു തോന്നുന്നില്ല. മുന്‍കൂട്ടി തീരുമാനങ്ങളെടുക്കാന്‍ ഗില്ലിനു സാധിക്കുന്നില്ല.
മുഹമ്മദ് സിറാജ് നന്നായി ബൗള്‍ ചെയ്തു കൊണ്ടിരിക്കെ അവന്‍ അര്‍ഷദ് ഖാനെ പന്തെറിയാന്‍ കൊണ്ടുവന്നു. അവനാവട്ടെ പവര്‍പ്ലേയില്‍ 21 റണ്‍സ് വഴങ്ങുകയും ചെയ്തു. കളിയുടെ ഗതി തന്നെ മാറ്റിയതും ആ ഓവറാണെന്നും സെവാഗ് വിലയിരുത്തി. ന്യൂബോളില്‍ സിറാജ് നല്ല ബൗളിങാണ് കാഴ്ചവച്ചു കൊണ്ടിരുന്നത്.
അവന്റെ ഓവറുകള്‍ ഡെത്ത് ഓവറിലേക്കു മാറ്റി വയ്‌ക്കേണ്ട കാര്യവുമില്ലായിരുന്നു. അവസാന ഓവറുകളില്‍ സിറാജിനു തല്ലുകിട്ടിയതും നിങ്ങള്‍ കണ്ടതാണ്. ഒരു ബൗളറെ ഉപയോഗിക്കുമ്പോള്‍ മുന്നോട്ട് എന്തായിരിക്കും സംഭവിക്കുകയെന്നു ഗില്ലിനു ആലോചിക്കാന്‍ സാധിച്ചില്ലെന്നും വീരു ചൂണ്ടിക്കാട്ടി.
തോല്‍വിയെക്കുറിച്ച് ഗില്‍
പഞ്ചാബ് കിങ്‌സുമായുള്ള മല്‍സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനു അനുകൂലമായ ചില മുഹൂര്‍ത്തങ്ങളുണ്ടായിരുന്നതായും പക്ഷെ അതു ടീമിനു മുതലാക്കാന്‍ സാധിച്ചില്ലെന്നുമാണ് പരാജയത്തെക്കുറിച്ച് ശുഭ്മന്‍ ഗില്‍ പ്രതികരിച്ചത്. ബൗളിങിലും ബാറ്റങിലുമെല്ലാം ഞങ്ങള്‍ക്കു ചില അവസരങ്ങള്‍ ലഭിച്ചിരുന്നു. ഇന്നിങ്‌സിന്റെ അവസാനത്തിലേക്കു ഒരുപാട് റണ്‍സ് ഞങ്ങള്‍ക്കു വിട്ടുകൊടുക്കേണ്ടതായി വരികയും ചെയ്തു.

കളിയുടെ മധ്യത്തിലെ ആ മൂന്നോവറുകളില്‍ ഞങ്ങള്‍ക്കു 18 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ. അതു കൂടാതെ ആദ്യത്തെ മൂന്നോവറുകളിലും ഞങ്ങള്‍ക്കു ഒരുപാട് റണ്ണെടുക്കാനായില്ല. ഇതാണ് മല്‍സരം കൈവിടാനുള്ള കാരണമെന്നാണ് ഗില്‍ വിശദീകരിച്ചത്.
കളി കൈവിട്ടു പോയെങ്കിലും ജിടിയെ സംബന്ധിച്ച് ചില പോസിറ്റീവുകളും ഈ മല്‍സരത്തിലുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. ഈ മല്‍സരത്തില്‍ ഞങ്ങളെ സംബന്ധിച്ച് ഒരുപാട് പോസിറ്റീവുകളുമുണ്ട്. ബാറ്റിങിനു എല്ലായ്‌പ്പോഴും വളരെ മികച്ച പിച്ചാണ് ഇവിടുത്തേതെന്നും ഗില്‍ കൂട്ടിച്ചേര്‍ത്തു.