അഹമ്മദാബാദ്: ഗുജറാത്ത് ടൈറ്റന്‍സുമായുള്ള ഐപിഎല്‍ പോരാട്ടത്തില്‍ സെഞ്ച്വറി നേട്ടത്തിനു വേണ്ടി ശ്രമിക്കാതെ നിസ്വാര്‍ഥമായ ബാറ്റിങ് കാഴ്്ചവച്ച പഞ്ചാബ് കിങ്‌സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെ പുകഴ്ത്തിയിരിക്കുകയാണ് മുന്‍ താരം ആകാശ് ചോപ്ര. ഒപ്പം റെക്കോര്‍ഡുകളുടെ തോഴനായ ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം വിരാട് കോലിയെ പരോക്ഷമായി വിമര്‍ശിക്കാനും അദ്ദേഹം മറന്നില്ല.
പഞ്ചാബ് ക്യാപ്റ്റനായി ആദ്യ മല്‍സരം കളിക്കാനിറങ്ങിയ ശ്രേയസ് പുറത്താവാതെ 97 റണ്‍സാണ് നേടിയത്. 42 ബോളുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ ഒമ്പതു സിക്‌സറും അഞ്ചു ഫോറുമുള്‍പ്പെട്ടിരുന്നു. അവസാന ഓവറില്‍ സെഞ്ച്വറി തികയ്ക്കാനുള്ള അവസരം ശ്രേയസിന്റെ പക്കലുണ്ടായിരുന്നെങ്കിലും ആറു ബോളും നേരിട്ടത് ശശാങ്ക് സിങായിരുന്നു. 23 റണ്‍സുമായി താരം കളി നന്നായി ഫിനിഷ് ചെയ്യുകയും ചെയ്തു.

ശ്രേയസിനെ പ്രശംസിച്ച് ചോപ്ര
സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് ശ്രേയസ് അയ്യരുടെ ഗംഭീര ഇന്നിങ്‌സിനെ ആകാശ് ചോപ്ര പ്രശംസിച്ചത്. എല്ലാവര്‍ക്കും ഇതു നല്ലൊരു ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കകയും ചെയ്തു.
ഐപിഎല്‍ സെഞ്ച്വറിക്ക് ഒരു ഹിറ്റ് മാത്രം അകലെയയാരുന്നു ശ്രേയസ് അയ്യര്‍. അതിനു ശേഷം അദ്ദേഹത്തിനു സ്‌ട്രൈക്ക് ലഭിക്കുകയും ചെയ്തില്ല. അതിനു വേണ്ടി താരം ആവശ്യപ്പെടുകയും ചെയ്തില്ല. ഇതു എല്ലാവര്‍ക്കും നല്ലൊരു ഉദാഹരണം കൂടിയാണ്.
ഓരോ ബോളും പരമാവധി ഉപയോഗിക്കുകയെന്നതാണ് ടി20 ക്രിക്കറ്റ്. ആരാണോ അടിക്കുന്നത്, അയാള്‍ അതു തുടര്‍ന്നു കൊണ്ടിരിക്കണം. ഒരു വ്യക്തിഗത നാഴികക്കല്ലും ടീമിനു അധികമായി ലഭിക്കുന്ന റണ്‍സിനേക്കാള്‍ വലുതല്ല. ഒരു നാഴികക്കല്ലിന് തൊട്ടരികെ എത്തി നില്‍ക്കുമ്പോള്‍ അവസാന ഓവറുകളില്‍ സ്വയം സ്‌ട്രൈക്ക് കിട്ടാന്‍ മറ്റുള്ളവര്‍ക്കു അതു നിഷേധിച്ചവരെ നമ്മള്‍ കണ്ടിട്ടുണ്ടെന്നത് മറക്കാന്‍ പാടില്ലെന്നും എക്‌സില്‍ ചോപ്ര കുറിക്കുകയായിരുന്നു.
ഈ പോസ്റ്റില്‍ അദ്ദേഹം അവസാനമായി പരാമര്‍ശിച്ചത് വിരാട് കോലിയെക്കുറിച്ചു തന്നെയാണെന്നു ക്രിക്കറ്റ് പ്രേമികളും ഉറപ്പിച്ചിരിക്കുകയാണ്. ഇതിനു താഴെ പലരും ഇക്കാര്യം കുറിക്കുകയും ചെയ്തിട്ടുണ്ട്. അവസാനത്തെ മൂന്നു വരികള്‍ സെല്‍ഫിഷ് ബാറ്ററായിട്ടുള്ള വിരാട് കോലിയെ കുറിച്ചാണെന്നായിരുന്നു ഒരു പ്രതികരണം. വിരാട് കോലിയെ നിങ്ങള്‍ എന്തിനാണ് പരിഹസിക്കുന്നതെന്നായിരുന്നു ഒരു കോലി ആരാധകന്റെ ചോദ്യം.
ശ്രേയസിന്റെ ബാറ്റിങ്
ഗുജറാത്ത് ടൈറ്റന്‍സുമായുള്ള മല്‍സത്തില്‍ 19 ഓവറുകള്‍ പൂര്‍ത്തിാവുമ്പോള്‍ 97 റണ്‍സോടെ ശ്രേയസ് അയ്യരും 22 റണ്‍സുമായി ശശാങ്ക് സിങുമായിരുന്നു ക്രീസില്‍. പക്ഷെ മുഹമ്മദ് സിറാജെറിഞ്ഞ 20ാം ഓവറിലെ ആദ്യ ബോളില്‍ സ്‌ട്രൈക്ക് ലഭിച്ചത് ശശാങ്കിനാണ്. അദ്ദേഹം ആദ്യ ബോളില്‍ ബൗണ്ടറി പായിക്കുകയും ചെയ്തു.

അടുത്ത ബോളില്‍ ശശാങ്ക് ഡബിളെടുത്തു. ഇതോടെ ശ്രേയസ് വീണ്ടും നോണ്‍സ്‌ട്രൈക്കറുടെ എന്‍ഡില്‍ തന്നെ. മൂന്നാമത്തെയും നാലാമത്തെയും ബോളുകള്‍ ശശാങ്ക് ബൗണ്ടറിയിലേക്കു പായിച്ചു. അടുത്ത ബോളില്‍ വൈഡ്. ശേഷിച്ച രണ്ടു ബോളിലും ശശാങ്ക് ബൗണ്ടറി കണ്ടെത്തുകയും ചെയ്തതോടെ ശ്രേയസിനു 97 റണ്‍സോടെ തന്നെ ബാറ്റിങ് അവസാനിപ്പിക്കേണ്ടതായും വന്നു.
ശ്രേയസിനെക്കുറിച്ച് ശശാങ്ക്
സെഞ്ച്വറിക്കു അരികില്‍ നില്‍ക്കവെ അവസാന ഓവറില്‍ ശ്രേയസ് അയ്യര്‍ക്കു സ്‌ട്രൈക്ക് നല്‍കാതിരുന്നതിന്റെ പേരില്‍ ശശാങ്ക് സിങിനെതിരേ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. എന്നാല്‍ ഇതേക്കുറിച്ച് മല്‍സരശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ താരം തുറന്നു പറയുകയും ചെയ്തിരുന്നു.
സത്യസന്ധമായി പറഞ്ഞാല്‍ ഞാന്‍ സ്‌കോര്‍ബോര്‍ഡ് കണ്ടിരുന്നില്ല. പക്ഷെ 20ാം ഓവറിലെ ആദ്യ ബോളിലെ ഷോട്ടിന ശേഷമാണ് ഞാന്‍ സ്‌കോര്‍ബോര്‍ഡ് കണ്ടത്. അപ്പോഴാണ് ശ്രേയസ് 97 ലാണെന്നു അറിഞ്ഞത്. സിംഗിളെടുത്ത് സ്‌ട്രൈക്ക് നല്‍കട്ടേയെന്നു ഞാന്‍ അദ്ദേഹത്തോടു ചോദിക്കാനിരുന്നതാണ്.
പക്ഷെ ശ്രേയസ് അതിനിടെ എന്റെയടുക്കല്‍ വന്നു. എന്റെ സെഞ്ച്വറിയെക്കുറിച്ച് നീ അസ്വസ്ഥനാവേണ്ടെന്നു പറഞ്ഞു. ടി20യില്‍ സെഞ്ച്വറിയെന്നത് എളുപ്പത്തില്‍ വരുന്നതല്ല. അതുകൊണ്ടു തന്നെ അങ്ങനെ പറയാന്‍ ഒരുപാട് ധൈര്യവും നല്ല മനസ്സും വേണമെന്നും ശശാങ്ക് വ്യക്തമാക്കിയിരുന്നു.