ഐപിഎല്ലിന്റെ 18ാം സീസണ്‍ ക്ലൈമാക്‌സിലേക്കു അടുക്കവെ വിവിധ ഫ്രാഞ്ചൈസികള്‍ക്കൊപ്പം മോശം ഫോമില്‍ തുടരുന്ന ഇന്ത്യന്‍ താരങ്ങള്‍ തീര്‍ച്ചയായും ഭയക്കണം. കാരണം വരാനിരിക്കുന്ന ടി20 പരമ്പരകളില്‍ ഇന്ത്യന്‍ ടീമില്‍ ഇവരുടെ സ്ഥാനം തെറിക്കാനുള്ള സാധ്യത കൂടുതലാണ്. സമീപകാലത്തു അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിലെ സജീവ സാന്നിധ്യമായിരുന്ന പലരും ഐപിഎല്ലില്‍ നനഞ്ഞ പടക്കമായി മാറിയിരിക്കുകയാണ്.
ആഗസ്റ്റില്‍ ബംഗ്ലാദേശുമായി അവരുടെ നാട്ടിലാണ് ഇന്ത്യന്‍ ടീം അടുത്ത ടി20 പരമ്പര കളിക്കാനിരിക്കുന്നത്. ഐപിഎല്ലിലെ പ്രകടനം കൂടി വിലയിരുത്തിയാവും ഈ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുക്കുകയെന്നുറപ്പാണ്. അതുകൊണ്ടു തന്നെ ടൂര്‍ണമെന്റില്‍ കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ കഴിയാതെ പോയ താരങ്ങള്‍ തീര്‍ച്ചയായും ഭയക്കണം. ടീമിലെ സ്ഥാനം നഷ്ടമാവാനിടയുള്ള കളിക്കാര്‍ ആരൊക്കെയാണെന്നു നോക്കാം.

ശിവം ദുബെ
ഇടംകൈയന്‍ വെടിക്കെട്ട് ബാറ്ററും സ്പിന്നര്‍മാരുടെ അന്തകനുമായ ഓള്‍റൗണ്ടര്‍ ശിവം ദുബെയാണ് ഇന്ത്യന്‍ ടി20 ടീമിലെ സ്ഥാനം നഷ്ടമായേക്കാനിടയുള്ള ആദ്യത്തെ താരം. ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം ഈ സീസണിലെ ഐപിഎല്ലില്‍ അദ്ദേഹത്തിന്റെ പ്രകടനം വളരെ മോശമാണെന്നു കാണാം.
സ്പിന്നര്‍മാരെ മധ്യ ഓവറുകളില്‍ കടന്നാക്രമിക്കാറുള്ള ദുബെയുടെ പ്രഹരശേഷിയില്‍ വലിയ ഇടിവാണ് ഇത്തവണ സംഭവിച്ചിട്ടുള്ളത്. ഇതു ഇന്ത്യന്‍ ടീമിലും അദ്ദേഹത്തിന്റെ സ്ഥാനം നഷ്ടമാവാന്‍ വഴിയൊരുക്കിയേക്കും. ഈ സീസണില്‍ ചെന്നൈക്കു വേണ്ടി 12 മല്‍സരങ്ങളിലാണ് ദുബെ കളിച്ചത്. 34 ശരാശരിയില്‍ 129.77 എന്ന മോശം സ്‌ട്രൈക്ക് റേറ്റില്‍ ഒരു ഫിഫ്റ്റിയടക്കം 340 റണ്‍സ് മാത്രമേ അദ്ദേഹം നേടിയുള്ളൂ.
ടി0 ഫോര്‍മാറ്റില്‍ ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത സ്‌ട്രൈക്ക് റേറ്റാണ് ഇത്തവണ ദുബെയുടേത്. 170-180 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്യാന്‍ ശേഷിയുള്ള താരങ്ങള്‍ അവസരം കാത്ത് പുറത്തു നില്‍ക്കവെ ദുബെയെ ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിനു ഇനി ആവശ്യം വരില്ല.
മുഹമ്മദ് ഷമി
പരിചയ സമ്പന്നനായ പ്രീമിയം ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയാണ് ഇന്ത്യയുടെ ടി20 ടീമില്‍ സ്ഥാനം നഷ്ടമാവാന്‍ പോവുന്ന രണ്ടാമത്തെയാള്‍. ഇംഗ്ലണ്ടുമായി ഈ വര്‍ഷം ഇന്ത്യ കളിച്ച അവസാനത്തെ അഞ്ചു ടി20 കളുടെ പരമ്പരയില്‍ അദ്ദേഹം ടീമിന്റെ ഭാഗമായിരുന്നു. പക്ഷെ പ്രതീക്ഷിച്ചതു പോലെയൊരു പ്രകടനം ഷമി കാഴ്ചവച്ചില്ല. പരിക്കു കാരണം ഒരു വര്‍ഷത്തിലേറെ പുറത്തിരുന്ന ശേഷം അദ്ദേഹത്തിന്റെ തിരിച്ചുവരവ് കണ്ട പരമ്പരയായിരുന്നു ഇത്.
പക്ഷെ പഴയ ഷമിയുടെ നിഴല്‍ മാത്രമേ ഇംഗ്ലണ്ടിനെതിരേ കണ്ടുള്ളൂ. ഐപിഎല്ലില്‍ തന്റെ പുതിയ ടീമായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പം അദ്ദേഹത്തിന്റെ ശക്തമായ തിരിച്ചുവരവ് എല്ലാവരും ആഗ്രഹിക്കുകയും പ്രതീക്ഷിക്കുകയും ചെയ്തു. പക്ഷെ ഷമി ഒരിക്കല്‍ക്കൂടി നിരാശപ്പെടുത്തി.
മോശം ഫോം കാരണം വെറും ഒമ്പതു മല്‍സരങ്ങളില്‍ മാത്രമേ ഷമിയെ എസ്ആര്‍എച്ച് ഇത്തവണ കളിപ്പിച്ചിട്ടുള്ളൂ. 11.23 എന്ന മോശം ഇക്കോണമി റേറ്റില്‍ വീഴ്ത്തിയത് ആറു വിക്കറ്റുകള്‍ മാത്രം. ഈ സീസണ്‍ കഴിഞ്ഞാല്‍ ഷമിയെ എസ്ആര്‍എച്ച് ടീം ഒഴിവാക്കാനുള്ള സാധ്യതയും കൂടുതസലാണ്. ദേശീയ ടീമില്‍ അദ്ദേഹം ഉടനെയൊന്നും അവസരവും പ്രതീക്ഷിക്കേണ്ടതില്ല.

രവി ബിഷ്‌നോയ്
സമീപകാലത്തു ഇന്ത്യന്‍ ടി20 ടീമിലെ സ്ഥിരം സാന്നിധ്യമായിരുന്നു യുവ സ്പിന്നര്‍ രവി ബിഷ്‌നോയ്. ഈ ഫോര്‍മാറ്റില്‍ ടീമില്‍ സ്ഥാനമുറപ്പിച്ച അദ്ദേഹം മറക്കാനാഗ്രഹിക്കുന്ന ഐപിഎല്‍ സീസണ്‍ തന്നെയാണിത്. ലഖ്‌നൗ സൂപ്പര്‍ ജയന്റസിനൊപ്പം ബിഷ്‌നോയ് വന്‍ ഫ്‌ളോപ്പായി തീര്‍ന്നു.
11 മല്‍സരങ്ങളില്‍ ഈ സീസണില്‍ എല്‍എസ്ജിക്കായി അദ്ദേഹം പന്തെറിഞ്ഞത്. 10.84 ഇക്കോണമി റേറ്റില്‍ നേടാനായത് ഒമ്പതു വിക്കറ്റുകള്‍ മാത്രം. പഴയതു പോലെ ബാറ്റര്‍മാര്‍ക്കു പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ഇപ്പോള്‍ ബിഷ്‌നോയ്ക്കു സാധിക്കുന്നില്ല. അതുകൊണ്ടു തന്നെ ഇന്ത്യന്‍ ടീമില്‍ അദ്ദേഹം ഇനി അവസരം പ്രതീക്ഷിക്കേണ്ടതുമില്ല.