IPL 2025: സഞ്ജു കസറും, കോലിയും സൂര്യയും ഫ്‌ളോപ്പാവും; ഈ പ്രവചനങ്ങള്‍ സത്യമാകുമോ?
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണ്‍ ആരംഭിക്കാന്‍ പോവുകയാണ്. മാര്‍ച്ച് 22ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവും തമ്മില്‍ ഏറ്റുമുട്ടും. മെഗാ ലേലത്തിന് ശേഷം നടക്കുന്ന ആദ്യത്തെ ഐപിഎല്ലായതിനാല്‍ ഇത്തവണ കപ്പ് ആര് നേടുമെന്ന് പ്രവചിക്കുക പോലും അസാധ്യം. എല്ലാ ടീമുകളിലും വലിയ മാറ്റങ്ങള്‍ ഇത്തവണയുണ്ടായിട്ടുണ്ട്.
പല ടീമുകളുടേയും നായകന്മാരടക്കം മാറിയിട്ടുണ്ട്. പല സൂപ്പര്‍ താരങ്ങളുടേയും കരിയറിലെ അവസാന ഐപിഎല്ലായി ഇത് മാറാനും സാധ്യതയുണ്ട്. ഇത്തരത്തില്‍ പല കാരണങ്ങളാല്‍ ഇത്തവണത്തെ സീസണ്‍ വളരെ പ്രധാനപ്പെട്ടതാണ്. സൂപ്പര്‍ ടീമുകളായ മുംബൈ ഇന്ത്യന്‍സിനും ചെന്നൈ സൂപ്പര്‍ കിങ്‌സിനും വരുന്ന സീസണില്‍ കപ്പ് നേടേണ്ടത് അഭിമാന പ്രശ്‌നമാണെന്ന് പറയാം. ഇതിനോടകം പല പ്രവചനങ്ങളും ഐപിഎല്ലുമായി ബന്ധപ്പെട്ട് പുറത്തുവരുന്നുണ്ട്.
ഇപ്പോഴിതാ ഐപിഎല്‍ 2025ലെ പ്രധാന നേട്ടങ്ങളിലേക്കെത്തുക ആരൊക്കെയാവുമെന്നും കിരീടം നേടുക ആരാണെന്നും പ്രവചിച്ചിരിക്കുകയാണ് ജ്യോതിഷ വെബ്‌സൈറ്റായ ബെജന്‍ പരിവാര്‍. ഇതിന് മുമ്പും പ്രവചനങ്ങള്‍ നടത്തിയിട്ടുള്ള ബെജന്‍ പരിവാര്‍ ഇത്തവണത്തെ ഐപിഎല്ലുമായി ബന്ധപ്പെട്ട് നടത്തിയ പ്രവചനങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
കപ്പ് നേടുക മുംബൈ ഇന്ത്യന്‍സ്
ഇത്തവണ കിരീടം നേടുക മുംബൈ ഇന്ത്യന്‍സായിരിക്കുമെന്നാണ് പ്രവചനം. മുംബൈ അവസാന സീസണില്‍ തീര്‍ത്തും നിരാശപ്പെടുത്തുകയും അവസാന സ്ഥാനക്കാരാവുകയും ചെയ്തു. ഇത്തവണത്തെ സീസണില്‍ മികച്ച താരനിര മുംബൈക്കുണ്ട്. രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, വില്‍ ജാക്‌സ് തുടങ്ങി മികച്ച ബാറ്റ്‌സ്മാന്‍മാരും ട്രന്റ് ബോള്‍ട്ടും ജസ്പ്രീത് ബുംറയും ദീപക് ചഹാറും റീസി ടോപ്ലിയുമെല്ലാം ഉള്‍പ്പെടുന്ന ബൗളിങ് നിരയും ഇത്തവണ മുംബൈക്ക് കരുത്തു പകരുന്നു. സ്പിന്‍ ഓള്‍റൗണ്ടറായി മിച്ചല്‍ സാന്റ്‌നറുമുള്ളപ്പോള്‍ മുംബൈ എല്ലാവര്‍ക്കും വലിയ ഭീഷണിയാവുമെന്ന് നിസംശയം പറയാം.
കോലിയും സൂര്യകുമാറും ഫ്‌ളോപ്പാവും
ഇത്തവണ ആരാധകര്‍ വലിയ പ്രതീക്ഷവെക്കുന്ന പല താരങ്ങളും ഫ്‌ളോപ്പാവുമെന്നാണ് ജ്യോതിഷിയുടെ പ്രവചനം. ആര്‍സിബി ടീമിനൊപ്പം മിന്നിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന വിരാട് കോലിയും മുംബൈ ഇന്ത്യന്‍സിന്റെ വെടിക്കെട്ട് താരവും ഇത്തവണ ഫ്‌ളോപ്പാവുമെന്നാണ് പ്രവചനം. തിലക് വര്‍മ, നിതീഷ് കുമാര്‍ റെഡ്ഡി, ഫില്‍ സാള്‍ട്ട്, നിതീഷ് റാണ, റുതുരാജ് ഗെയ്ക് വാദ്, ഇഷാന്‍ കിഷന്‍ എന്നിവരെല്ലാം ഇത്തവണ ബാറ്റിങ്ങില്‍ തിളങ്ങുമെന്നും പ്രവചിക്കപ്പെടുന്നു.

റിഷഭ് പന്തും ശ്രേയസ് അയ്യരും കെ എല്‍ രാഹുലുമൊന്നും വലിയ പ്രകടനം നടത്തില്ലെന്നുമാണ് പ്രവചന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഇത്തവണ വലിയ പ്രതിഫലം നേടിയവരാണ് റിഷഭും ശ്രേയസും. അതുകൊണ്ടുതന്നെ ഇവര്‍ ഫ്‌ളോപ്പായാല്‍ വലിയ നഷ്ടം ടീമുകള്‍ക്കുണ്ടാവുമെന്ന കാര്യം ഉറപ്പാണ്.
വിക്കറ്റ് വേട്ടയില്‍ വരുണ്‍ ഒന്നാമനാവും
ഇത്തവണത്തെ ഐപിഎല്ലിലെ വിക്കറ്റ് വേട്ടക്കാരില്‍ വരുണ്‍ ചക്രവര്‍ത്തി ഒന്നാമതെത്തുമെന്നാണ് പ്രവചനം. 30ന് മുകളില്‍ വിക്കറ്റ് വരുണ്‍ നേടുമെന്നാണ് പ്രവചനം. കൂടാതെ യുസ് വേന്ദ്ര ചഹാല്‍ 25ലധികം വിക്കറ്റ് നേടും. ട്രന്റ് ബോള്‍ട്ടിനും ജസ്പ്രീത് ബുംറക്കും മുഹമ്മദ് ഷമിക്കുമൊന്നും വലിയ പ്രകടനം നടത്താനാവില്ലെന്നാണ് പ്രവചിക്കപ്പെടുന്നത്. സ്പിന്നര്‍മാര്‍ കൂടുതല്‍ മികവ് കാട്ടുന്ന സീസണായിരിക്കും ഇതെന്നും പ്രവചനത്തിലുണ്ട്.
സഞ്ജു സെഞ്ച്വറി പ്രകടനം നടത്തും
രാജസ്ഥാന്‍ റോയല്‍സ് നായകനായ സഞ്ജു സാംസണ്‍ ഒന്നിലധികം സെഞ്ച്വറി നേടും. തിലക് വര്‍മ, റുതുരാജ് ഗെയ്ക് വാദ് എന്നിവരും സെഞ്ച്വറി പ്രകടനം നടത്തും. വിദേശ താരങ്ങളില്‍ ഫില്‍ സാള്‍ട്ട്, ജേക്ക് ഫ്രേസര്‍ മഗ്യൂര്‍ക്ക് എന്നിവരും സെഞ്ച്വറി പ്രകടനം നടത്തുമെന്നാണ് ജ്യോതിഷിയുടെ പ്രവചനം. ഇതില്‍ ഏതൊക്കെ പ്രവചനങ്ങള്‍ സത്യമാവുമെന്നത് കണ്ടറിയണം. എന്തായാലും മികച്ചൊരു സീസണാണ് ആരാധകരെ കാത്തിരിക്കുന്നതെന്ന് നിസംശയം പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications