ഐസിസി ചാംപ്യന്‍സ് ട്രോഫി അവസാനിച്ചതോടെ ക്രിക്കറ്റ് പ്രേമികളുടെ ശ്രദ്ധ മുഴുവന്‍ ഈ മാസം 22ന് ആരംഭിക്കാനിരിക്കുന്ന ഐപിഎല്ലിന്റെ 18ാം സീസണിലേക്കാണ്. രണ്ടു മാസത്തിലേറെ നീളുന്ന ക്രിക്കറ്റ് കാര്‍ണിവലില്‍ ഇത്തവണയും തീപാറുന്ന പോരാട്ടങ്ങളും പല മാജിക്കല്‍ പ്രകടനങ്ങളും ക്രിക്കറ്റ് പ്രേമികള്‍ക്കു പ്രതീക്ഷിക്കാം.
ഒരോവറിലെ ആറു ബോളിലും സിക്‌സറിലേക്കു പായിക്കുകയെന്നത് ഏതൊരു ബാറ്ററും സ്വപ്‌നം കാണുന്ന അപൂര്‍വനേട്ടങ്ങളിലൊന്നാണ്. ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങ്, വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ സൂപ്പര്‍ താരം കരെണ്‍ പൊള്ളാര്‍ഡ് തുടങ്ങിയവര്‍ക്കു മാത്രമാണ് ഇതിനകം ഈ നേട്ടം കുറിക്കാനായിട്ടുള്ളത്.
ഐപിഎല്ലിലാവട്ടെ ഇതുവരെ ഒരു താരത്തിനും ഈ റെക്കോര്‍ഡിടാന്‍ സാധിച്ചിട്ടുമില്ല. എന്നാല്‍ വരാനിരിക്കുന്ന സീസണില്‍ ഒരുപക്ഷെ ഇതു കാണാനായേക്കും. ഐപിഎല്ലില്‍ ഒരോവറിലെ ആറു ബോളിലും സിക്‌സര്‍ പറത്താന്‍ ശേഷിയുളള ചില ബാറ്റര്‍മാര്‍ ആരൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

നിക്കോളാസ് പൂരന്‍
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനായി കളിക്കുന്ന വെസ്റ്റ് ഇന്‍ഡീസിന്റെ തീപ്പൊരി ബാറ്ററും വിക്കറ്റ് കീപ്പറുമായ നിക്കോളാസ് പൂരനാണ് ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍. ആധുനിക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റര്‍മാരില്‍ ഒരാളെന്നു തീര്‍ച്ചയായും പൂരനെ വിശേഷിപ്പിക്കാം. ക്രീസില്‍ നിലയുറപ്പിച്ചു കഴിഞ്ഞാല്‍ അദ്ദേഹത്തെ പുറത്തക്കുകയെന്നത് ഏറെ കടുപ്പം തന്നെയാണ്.
പേസ്, സ്പിന്‍ വ്യത്യാസമില്ലാതെ ഏതു തരത്തിലുള്ള ബൗളിങ് ആക്രമണത്തെയും തന്റേതായ ദിവസം കശാപ്പ് ചെയ്യാന്‍ പൂരനു സാധിക്കും. സ്പിന്നര്‍മാര്‍ക്കെതിരേ സ്വീപ്പ് ഷോട്ടുകളിലൂടെയും റിവേഴ്‌സ് സ്വീപ്പ് ഷോട്ടുകളിലൂടെയും വളരെ അനായാസമാണ് അദ്ദേഹം സിക്‌സറുകള്‍ പായിക്കാറുള്ളത്. മുന്‍ സീസണുകളില്‍ ഇതു പല തവണ കാണുകയും ചെയ്തിട്ടുളളതാണ്.
2019ല്‍ ഐപിഎല്ലില്‍ അരങ്ങേറിയ പൂരന് സിക്‌സറുകളുടെ കാര്യത്തില്‍ മികച്ച റെക്കോര്‍ഡാണുള്ളത്. ബൗണ്ടറിയേക്കാള്‍ കൂടുതല്‍ സിക്‌സറുകളാണ് അദ്ദേഹം നേടിയിട്ടുള്ളത്. 76 മല്‍സരങ്ങളില്‍ നിന്നും താരം വാരിക്കൂട്ടിയത് 127 സിക്‌സറുകളാണ്. ഫോറുകളാവട്ടെ 113 മാത്രമേയുള്ളൂ. ഇത്തവണ എല്‍എസ്ജിയുടെ കുപ്പായത്തില്‍ ഒരോവറിലെ ആറുബോളിലും പൂരന്‍ സിക്‌സര്‍ പായിക്കുന്നത് നമുക്കു കാണാനായേക്കും.
സഞ്ജു സാംസണ്‍
രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസണാണ് ഈ ലിസ്റ്റിലെ അടുത്തയാള്‍. നിക്കോളാസ് പൂരനെപ്പോലെ ബാറ്ററെന്ന നിലയില്‍ ഒരു ക്ലീന്‍ ഹിറ്റര്‍ തന്നെയാണ് അദ്ദേഹം. കഴിഞ്ഞ വര്‍ഷം ബംഗ്ലാദേശുമായുള്ള ടി20യില്‍ ഇന്ത്യക്കു വേണ്ടി ഒരോവറില്‍ അഞ്ചു സിക്‌സറുകള്‍ പറത്തിയ സഞ്ജു ആരാധകരെ ആവേശത്തിലാക്കിയിരുന്നു.
ഇനി ഓവറിലെ ആറു ബോളിലും സിക്‌സറടിക്കുകയാണ് ലക്ഷ്യമെന്നു അദ്ദേഹം തുറന്നു പറയുകയും ചെയ്തിരുന്നു. വരാനിരിക്കുന്ന ഐപിഎല്ലില്‍ റോയല്‍സിന്റെ കുപ്പായത്തില്‍ സഞ്ജു ഈ ലക്ഷ്യം സാധിച്ചെടുത്തേക്കും. പേസ്, സ്പിന്‍ ബൗളിങിനെതിരേ വളരെ അനായാസം ഷോട്ടുകള്‍ കളിക്കാനുള്ള കരുത്ത് അദ്ദേഹത്തിനുണ്ട്.

കാര്യമായ അധ്വാനമില്ലാതെ ക്രീസില്‍ നിലയുറപ്പിച്ച് വമ്പന്‍ സിക്‌സറുകള്‍ പറത്താന്‍ സഞ്ജുവിനു സാധിക്കും. ഐപിഎല്ലില്‍ സിക്‌സറുകളുടെ കാര്യത്തില്‍ മികച്ച റെക്കോര്‍ഡും അദ്ദേഹത്തിനുണ്ട്. 167 മല്‍സരങ്ങളില്‍ നിന്നും 206 സിക്‌സറുകളാണ് സഞ്ജുവിന്റെ സമ്പാദ്യം.
അഭിഷേക് ശര്‍മ
സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റ ഇന്ത്യന്‍ ഓപ്പണറും യുവതാരവുമായ അഭിഷേക് ശര്‍മയാണ് ഐപിഎല്ലില്‍ ഇത്തവണ ഒരോവറിലെ മുഴുവന്‍ ബോളുകളിലും സിക്‌സറടിക്കാന്‍ സാധ്യതയുള്ള മൂന്നാമത്തെ താരം. ഫോറുകളേക്കാള്‍ സിക്‌സറുകളടിക്കാനാണ് ഇടംകൈയന്‍ ബാറ്റര്‍ക്കു താല്‍പ്പര്യം. ഇന്ത്യന്‍ കുപ്പായത്തിലും ഐപിഎല്ലിലുമെല്ലാം അഭിഷേകിന്റെ പ്രഹരശേഷി ഇതിനകം ലോകം കണ്ടിട്ടുള്ളതുമാണ്.
ഐപിഎല്‍ കരിയറില്‍ 63 മല്‍സരങ്ങളിലാണ് അഭിഷേക് ഇതിനകം കളിച്ചിട്ടുള്ളത്. ഇവയില്‍ നിന്നും 73 സിക്‌സറുകളും അടിച്ചെടുത്തു. അനായാസം സിക്‌സര്‍ പായിക്കാനുള്ള ശേഷിയാണ് താരത്തെ അപകടകാരിയാക്കി മാറ്റുന്നത്.