രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി ഈ സീസണിലെ ഐപിഎല്ലില്‍ പ്രതീക്ഷയ്‌ക്കൊക്ക പ്രകടനം നടത്താന്‍ സാധിക്കാതെ പോയ സഞ്ജു സാംസണിനു മുന്നറിയിപ്പുമായി മുന്‍ ഇതിഹാസവും മുഖ്യ സെലക്ടറുമായ കെ ശ്രീകാന്ത്. ഇന്ത്യന്‍ ടി20 ടീമില്‍ ഇനി സഞ്ജു അവസരം പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് അദ്ദേഹം തുറന്നടിച്ചിരിക്കുന്നത്. ചീക്കി ചീക്കായെന്ന സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ശ്രീകാന്ത്.
ഈ സീസണില്‍ വെറും എട്ടു മല്‍സരങ്ങളില്‍ മാത്രമേ സഞ്ജുവിനു കളിക്കാനായിട്ടുള്ളൂ. പരിക്കു കാരണം അഞ്ചു മല്‍സരങ്ങള്‍ അദ്ദേഹത്തിനു പുറത്തിരിക്കണ്ടി വരികയായിരുന്നു. 141.86 സ്‌ട്രൈക്ക് റേറ്റില്‍ 244 റണ്‍സാണ് റോയല്‍സ് ക്യാപ്റ്റനു നേടാനായത്. ഒരു ഫിഫ്റ്റി മാത്രമേ ഇതിലുള്‍പ്പെടുന്നുള്ളൂ. സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള ആദ്യ മല്‍സരത്തില്‍ നേടിയ 66 റണ്‍സാണ് സഞ്ജുവിന്റെ ഉയര്‍ന്ന സ്‌കോര്‍.

സഞ്ജുവിന്റെ സീറ്റ് തെറിക്കും
ഇന്ത്യന്‍ ടി20 ടീമില്‍ സഞ്ജു സാംസണ്‍ ഇനി അവസരം പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് കെ ശ്രീകാന്തിന്റെ അഭിപ്രായം. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സും പഞ്ചാബ് കിങ്‌സും തമ്മിലുള്ള അവസാന മല്‍സരത്തെക്കുറിച്ച് മകനും മുന്‍ ക്രിക്കറ്ററുമയ അനിരുദ്ധയുമായി വിശലനം നടത്തുകയായിരുന്നു അദ്ദേഹം.
ഇംഗ്ലണ്ടുമായുള്ള അവസാന ടി20 പരമ്പരയില്‍ രണ്ടു സെഞ്ച്വറിയോടെ തിളങ്ങിയ അഭിഷേക് ശര്‍മ ഇന്ത്യന്‍ ടീമില്‍ തുടരുമെന്നു ചൂണ്ടിക്കാട്ടിയ ശ്രീകാന്ത് പക്ഷെ സഞ്ജുവിനു ഇത്തവണ അവസരമുണ്ടാവില്ലെന്നും അഭിപ്രായപ്പെട്ടു. അടുത്ത പരമ്പരയില്‍ സഞ്ജു ഇന്ത്യന്‍ ടീമിലുണ്ടാവുമെന്നു അനിരുദ്ധ ചൂണ്ടിക്കാട്ടിയപ്പോള്‍ ഇതിനോടു യോജിക്കാന്‍ ശ്രീകാന്ത് തയ്യാറായില്ല.
സഞ്ജു സാംസണ്‍ ഇപ്പോള്‍ ഇന്ത്യന്‍ ടീമില്‍ നിന്നും പൂര്‍ണമായി പുറത്തായിക്കഴിഞ്ഞു. കാരണം നിലവില്‍ ഓപ്പണിങ് റോൡലേക്കു അത്രയും വലിയ മല്‍സരമാണ് നടക്കുന്നത്. യശസ്വി ജയ്‌സ്വാള്‍ തീര്‍ച്ചയായും ഓപ്പണറായി ടീമിലുണ്ടാവും. മറ്റൊരു ഓപ്പണറുടെ റോളിലേക്കു സായ് സുദര്‍ശന്‍, ശുഭ്മന്‍ ഗില്‍ തുടങ്ങിയവരെല്ലാം രംഗത്തുണ്ട്. ഈ ഐപിഎല്ലില്‍ ഇവരെല്ലാം വലിയ റണ്‍വേട്ടയാണ് നടത്തുന്നതെന്നും ശ്രീകാന്ത് ചൂണ്ടിക്കാട്ടി.
റോയല്‍സിന്റെ കൗമാര ബാറ്റിങ് സെന്‍സേഷന്‍ വൈഭവ് സൂര്യവംശിയെ അദ്ദേഹം വാനോളം പുകഴ്ത്തുകയും ചെയ്തു. അന്താരാഷ്ട്ര ക്രിക്കറ്റിലേക്കു ഇന്ത്യ എത്രയും വേഗത്തില്‍ വളര്‍ത്തിയെടുക്കേണ്ട താരമാണ് വൈഭവ് സൂര്യവംശി. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഐസിസിസയുടെ ടി20 ലോകകപ്പില്‍ റിസര്‍വ് കളിക്കാരുടെ ലിസ്റ്റില്‍ വൈഭവിനെ ഞാന്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്തുമെന്നും ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.

സഞ്ജു പുറത്താവുമോ?
ഇന്ത്യന്‍ ടി20 ടീമിന്റെ സ്ഥിരം സാന്നിധ്യമായി സഞ്ജു സാംസണ്‍ ഇപ്പോള്‍ മാറിക്കഴിഞ്ഞു. മുഖ്യ കോച്ചായി ഗൗതം ഗംഭീര്‍ എത്തിയതിനു ശേഷം അദ്ദേഹത്തിനു തുടരെ അവസരങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുകയാണ്. അവസാനമായി ഇന്ത്യ കളിച്ച മൂന്നു ടി20 പരമ്പരകളിലും ഓപ്പണറും ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറുമായിരുന്നു സഞ്ജു.
ബംഗ്ലാദേശ്, സൗത്താഫ്രിക്ക, ഇംഗ്ലണ്ട് എന്നിവര്‍ക്കെതിരായ പരമ്പരകളിലെല്ലാം സഞ്ജുവും അഭിഷേക് ശര്‍മയുമായിരുന്നു ടീമിന്റെ ഫസ്റ്റ് ചോയ്‌സ് ഓപ്പണര്‍മാര്‍. ബംഗ്ലാദേശ്, സൗത്താഫ്രിക്ക എന്നിരുമായുള്ള പരമ്പരകളിലായി മൂന്നു സെഞ്ച്വറികളോടെ സഞ്ജു കസറുകയും ചെയ്തു. പക്ഷെ ഇംഗ്ലണ്ടിനെതിരായ അവസാന പരമ്പരയില്‍ അദ്ദേഹം ബാറ്റിങില്‍ ഫ്‌ളോപ്പായി മാറിയിരുന്നു.
ഇനി ആഗസ്റ്റില്‍ ബംഗ്ലാദേശിനെതിരേ അവരുടെ നാട്ടില്‍ ഇന്ത്യയുടെ അടുത്ത പരമ്പര. ശുഭ്മന്‍ ഗില്ലും യശസ്വി ജയ്‌സ്വാളും ടീമിലേക്കു തിരിച്ചെത്തുമെന്നുറപ്പാണ്. അങ്ങനെ വന്നാല്‍ സഞ്്ജുവിന്റെ സ്ഥാനം തെറിക്കാനും സാധ്യതയുണ്ട്. ഐപിഎല്ലില്‍ 500നടുത്ത് റണ്‍സ് അടിച്ചെടുത്തു കഴിഞ്ഞ കെഎല്‍ രാഹുല്‍ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായി ടീമിലെത്തിയേക്കുകയും ചെയ്യും.