ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണിന് മുന്നോടിയായുള്ള പരിശീലന ക്യാംപുകള്‍ ഇതിനോടകം എല്ലാ ടീമുകളും ആരംഭിച്ചിട്ടുണ്ട്. ദേശീയ ടീമിന്റെ ഭാഗമല്ലാത്ത താരങ്ങളെ പരിഗണിച്ച് ഇതിനോടകം പരിശീലക ക്യാംപ് സജീവമായി മുന്നോട്ട് പോവുകയാണ്. മെഗാ ലേലത്തിന് ശേഷം നടക്കുന്ന ആദ്യ സീസണായതിനാല്‍ എല്ലാ ടീമുകളും വലിയ മുന്നൊരുക്കത്തോടെയാണ് പുതിയ സീസണിന് ഇറങ്ങുന്നത്. കപ്പ് ആര് നേടുമെന്ന് പ്രവചിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്.
ഇത്തവണ രാജസ്ഥാന്‍ റോയല്‍സ് വലിയ പ്രതീക്ഷയിലായിരുന്നു. സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്റെ മുഖ്യ പരിശീലകസ്ഥാനത്തേക്ക് രാഹുല്‍ ദ്രാവിഡ് എത്തിയതോടെ ടീം കൂടുതല്‍ ആത്മവിശ്വാസത്തിലേക്കെത്തിയിരുന്നു. എന്നാല്‍ രാജസ്ഥാന്റെ പ്രതീക്ഷകളെല്ലാം തെറ്റിച്ചാണ് സഞ്ജു സാംസണ്‍ പരിക്കിന്റെ പിടിയിലാവുന്നത്. കൈവിരലിന് പരിക്കേല്‍ക്കുകയും പൊട്ടലേല്‍ക്കുകയും ചെയ്തതോടെ സഞ്ജു സാംസണിന് ഐപിഎല്‍ സീസണ്‍ നഷ്ടമാവുമോയെന്ന ആശങ്കയാണ് നിലനില്‍ക്കുന്നത്.
സഞ്ജു ഇതുവരെ പരിശീലനം ആരംഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ കളിക്കുമോയെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. സഞ്ജു കളിച്ചാല്‍ ഇത്തവണ ഓപ്പണര്‍ റോളിലേക്കെത്താനായിരുന്നു സാധ്യത. സഞ്ജുവിന്റെ അഭാവമുണ്ടായാല്‍ രാജസ്ഥാന്‍ റോ റോളിലേക്ക് കാണുന്ന താരമാണ് വൈഭവ് സൂര്യവന്‍ഷി. 13കാരനായ താരം വലിയ ഭാവിയുള്ളവനായാണ് വിലയിരുത്തപ്പെടുന്നത്. ഇപ്പോഴിതാ നെറ്റ്‌സില്‍ തകര്‍ത്തടിച്ച് താരം കൈയടി നേടിയിരിക്കുകയാണ്.
വൈഭവ് സൂര്യവന്‍ഷി പൊളിയല്ലേ
രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലന ക്യാംപിലാണ് നിലവില്‍ വൈഭവ് സൂര്യവന്‍ഷിയുള്ളത്. രാഹുല്‍ ദ്രാവിഡിന്റെ നിര്‍ദേശങ്ങള്‍ക്ക് കീഴില്‍ തകര്‍പ്പന്‍ പ്രകടനമാണ് യുവതാരം കാഴ്ചവെക്കുന്നത്. ഇപ്പോഴിതാ നെറ്റ്‌സില്‍ പരിശീലനം നടത്തി വൈഭവ് എല്ലാവരേയും ഞെട്ടിച്ചിരിക്കുകയാണ്. രാജസ്ഥാന്‍ ക്യാംപില്‍ വെടിക്കെട്ട് ബാറ്റിങ് നടത്തുന്ന വൈഭവിന്റെ വീഡിയോ രാജസ്ഥാന്‍ തന്നെയാണ് സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ചത്. ഇതിനോടകം താരത്തിന്റെ വീഡിയോ വൈറലായിക്കഴിഞ്ഞു.

സഞ്ജു സാംസണിന്റെ അഭാവമുണ്ടായാല്‍ യശ്വസി ജയ്‌സ്വാളിനൊപ്പം ഓപ്പണറായി വൈഭവ് മതിയെന്നാണ് കൂടുതല്‍ പേരും പ്രശംസിക്കുന്നത്. ഇടം കൈയന്‍ ബാറ്റ്‌സ്മാനായ വൈഭവ് സിക്‌സര്‍ പറത്തുന്ന വീഡിയോയാണ് രാജസ്ഥാന്‍ പങ്കുവെച്ചിരിക്കുന്നത്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ താരത്തിന് സാധിക്കുമെന്ന് തെളിയിക്കുന്ന പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചിരിക്കുന്നത്. സഞ്ജു സാംസണിന്റെ അഭാവമുണ്ടായാല്‍ അത് നികത്താന്‍ സൂര്യവന്‍ഷിക്ക് സാധിക്കുമെന്ന് തന്നെ കരുതാം.
വൈഭവില്‍ ദ്രാവിഡും ഹാപ്പി
വൈഭവ് സൂര്യവന്‍ഷിയുടെ പ്രകടനം ടീമിന്റെ പരിശീലകരേയും തൃപ്തിപ്പെടുത്തുന്നതാണ്. പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് വൈഭവിന്റെ പ്രകടനത്തെ പ്രശംസിച്ചിട്ടുണ്ട്. സഞ്ജു സാംസണ്‍ കളിച്ചാലും വൈഭവ് രാജസ്ഥാന്റെ പ്ലേയിങ് 11 ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. സഞ്ജു കളിച്ചാല്‍ സഞ്ജുവും യശ്വസി ജയ്‌സ്വാളും ചേര്‍ന്ന് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യും. മൂന്നാം നമ്പറില്‍ വൈഭവിനെ കളിപ്പിക്കാനാണ് നിലവില്‍ ടീം മാനേജ്‌മെന്റിന്റെ തീരുമാനമെന്നാണ് വിവരം.
വളരെ ചെറുപ്പത്തില്‍ത്തന്നെ രാജസ്ഥാനിലേക്കെത്തിയത് വൈഭവിനെ സംബന്ധിച്ച് ഭാഗ്യമാണ്. കളിച്ച് മികവ് കാട്ടാനായാല്‍ വേഗത്തില്‍ ഇന്ത്യന്‍ ടീമിലേക്കെത്താനും യുവതാരത്തിനാവും. അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ മികവ് കാട്ടാന്‍ വൈഭവിന് സാധിച്ചു. അഞ്ച് മത്സരത്തില്‍ നിന്ന് 176 റണ്‍സാണ് വൈഭവ് നേടിയത്. 44 ശരാശരിയിലും 145.5 സ്‌ട്രൈക്ക് റേറ്റിലുമാണ് താരം മിന്നിച്ചത്. കടന്നാക്രമിച്ച് കളിക്കാന്‍ വൈഭവിന് എത്രത്തോളം സാധിക്കുമെന്നതാണ് കണ്ടറിയേണ്ടത്.
സഞ്ജു ഫിറ്റ്‌നസ് വീണ്ടെടുക്കുമോ
ലഭിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം ഇപ്പോഴും സഞ്ജുവിന്റെ കൈവിരല്‍ പ്ലാസ്റ്ററിട്ട അവസ്ഥയിലാണ്. അദ്ദേഹം ഇതുവരെ പരിശീലനം ആരംഭിച്ചിട്ടില്ല. 22നാണ് ഐപിഎല്‍ ആരംഭിക്കുന്നത്. ഇതിന് മുമ്പ് സഞ്ജുവിന് ഫിറ്റ്‌നസ് വീണ്ടെടുക്കാനാവുമോയെന്നതാണ് ചോദ്യം. ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ സഞ്ജുവിന് ഫിറ്റ്‌നസ് തെളിയിക്കേണ്ടതായുണ്ട്. അതിന് സാധിക്കാതെ പോയാല്‍ അദ്ദേഹത്തിന് ഐപിഎല്ലിന്റെ വരുന്ന സീസണ്‍ നഷ്ടമാവാനാണ് സാധ്യത കൂടുതല്‍.