ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണ്‍ ആരംഭിക്കാന്‍ പോവുകയാണ്. 22ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കരുത്തരായ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെയാണ് നേരിടുന്നത്. സഞ്ജു സാംസണ്‍ നായകനായുള്ള രാജസ്ഥാന്‍ റോയല്‍സ് ഇത്തവണ വലിയ പ്രതീക്ഷയോടെയാണ് ഇറങ്ങുന്നത്. സണ്‍റൈസേഴ്‌സ് റൈസേഴ്‌സ് ഹൈദരാബാദിനെതിരേയാണ് രാജസ്ഥാന്റെ ആദ്യ മത്സരം.
രാജസ്ഥാന് വിജയത്തുടക്കം പ്രതീക്ഷിക്കുന്നവരാണ് എല്ലാവരും. ഇത്തവണ വലിയ മാറ്റങ്ങളോടെയാണ് രാജസ്ഥാന്റെ വരവ്. ജോസ് ബട്‌ലര്‍, ആര്‍ അശ്വിന്‍, ട്രന്റ് ബോള്‍ട്ട്, യുസ് വേന്ദ്ര ചഹാല്‍ എന്നിവരെല്ലാം പോയതിന്റെ വിടവ് നികത്താന്‍ യുവ പ്രതിഭകളെയാണ് രാജസ്ഥാന്‍ കണ്ടെത്തിയിരിക്കുന്നത്. രാഹുല്‍ ദ്രാവിഡിനെ പരിശീലകസ്ഥാനത്തേക്കും രാജസ്ഥാന്‍ കൊണ്ടുവന്നിട്ടുണ്ട്. എന്നാല്‍ ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ഹൈദരാബാദിനോട് തോല്‍ക്കാനാണ് സാധ്യത. ഇത് പറയാനുള്ള കാരണങ്ങള്‍ പരിശോധിക്കാം.
പ്രധാന പ്രശ്‌നം സഞ്ജുവിന്റെ അഭാവം
കൈവിരലിന് പൊട്ടലേറ്റ് വിശ്രമത്തിലുള്ള സഞ്ജു സാംസണ്‍ ആദ്യ മത്സരം കളിക്കാന്‍ സാധ്യതയില്ല. രാജസ്ഥാന്‍ റോയല്‍സ് നായകനായ സഞ്ജുവിന്റെ അഭാവം ടീമിന് വലിയ തിരിച്ചടിയാവുമെന്ന കാര്യത്തില്‍ സംശയമില്ല. ക്യാപ്റ്റനെന്ന നിലയിലെ സഞ്ജുവിന്റെ അഭാവത്തെക്കാള്‍ കൂടുതല്‍ ബാറ്റ്‌സ്മാനെന്ന നിലയിലെ സഞ്ജുവിന്റെ അഭാവം ടീമിന് തിരിച്ചടി നല്‍കുന്നു. വലിയ ബാറ്റിങ് കരുത്ത് രാജസ്ഥാന് അവകാശപ്പെടാമെങ്കിലും സീനിയര്‍ താരങ്ങളുടെ അഭാവം ടീമിലുണ്ട്. ജോസ് ബട്‌ലറെ കൈവിട്ടപ്പോള്‍ ആ സ്ഥാനത്തേക്ക് സീനിയര്‍ താരത്തെ കൊണ്ടുവരാനായിട്ടില്ല.
സഞ്ജുവിന്റെ അഭാവത്തില്‍ ഓപ്പണിങ് കൂട്ടുകെട്ടും വലിയ തലവേദനയാവുകയാണ്. യശ്വസി ജയ്‌സ്വാളിനൊപ്പം യുവതാരം വൈഭവ് സൂര്യവന്‍ഷിയെ കളിപ്പിക്കാന്‍ രാജസ്ഥാന്‍ നിര്‍ബന്ധിതരാവുകയാണ്. മികച്ച ബാക്കപ്പ് ഓപ്പണര്‍മാരെ കൊണ്ടുവരാന്‍ രാജസ്ഥാനായിട്ടില്ല. വിശ്വസ്തരായ താരങ്ങളുടെ അഭാവം രാജസ്ഥാനിലുണ്ട്. ഇത് ആദ്യ മത്സരത്തില്‍ രാജസ്ഥാനെ പിന്നോട്ടടിക്കാനുള്ള സാധ്യതയാണ് കൂടുതലെന്ന് പറയാം.

ഹൈദരാബാദ് സംതുലിതമായ ടീം
സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഇത്തവണയും സംതുലിതമായ ടീമാണ്. ബാറ്റിങ്ങിലും ബൗളിങ്ങിലും കരുത്തുറ്റ താരങ്ങള്‍ ഹൈദരാബാദിനുണ്ട്. അവസാന സീസണിലെ ടീമില്‍ നിന്ന് വലിയ മാറ്റങ്ങള്‍ ഹൈദരാബാദില്‍ വന്നിട്ടില്ല. ഹെന്‍ റിച്ച് ക്ലാസന്‍, ട്രാവിസ് ഹെഡ്, ഇഷാന്‍ കിഷന്‍, അഭിഷേക് ശര്‍മ, നിതീഷ് കുമാര്‍ റെഡ്ഡി, പാറ്റ് കമ്മിന്‍സ്, മുഹമ്മദ് ഷമി എന്നിവരെല്ലാം ഉള്‍പ്പെടുന്ന ഹൈദരാബാദ് രാജസ്ഥാനെക്കാള്‍ ടീം കരുത്തില്‍ മുന്നിലാണ്.
രാജസ്ഥാന്‍ റോയല്‍സിനെക്കാള്‍ മികച്ച ബാറ്റ്‌സ്മാന്‍മാരുടെ നിരയാണ് ഹൈദരാബാദിന്റേത്. യശ്വസി ജയ്‌സ്വാളിനെയാണ് അല്‍പ്പം വിശ്വസിക്കാന്‍ സാധിക്കുന്നത്. സഞ്ജുവിന്റെ അഭാവത്തില്‍ നിതീഷ് റാണ മികവ് കാട്ടേണ്ടതായുണ്ട്. റിയാന്‍ പരാഗ്, ദ്രുവ് ജുറേല്‍, ഷിംറോന്‍ ഹെറ്റ്‌മെയര്‍ എന്നിവരൊന്നും സ്ഥിരതയോടെ മിന്നിക്കുന്നവരല്ല. അതുകൊണ്ടുതന്നെ രാജസ്ഥാന്‍ റോയല്‍സിന് കാര്യങ്ങള്‍ എളുപ്പമാവില്ലെന്ന കാര്യം നിസംശയം പറയാം.
രാജസ്ഥാന്റെ ബൗളിങ് നിരയും മികച്ചതല്ല
രാജസ്ഥാന്‍ റോയല്‍സിന്റെ ബൗളിങ് നിര അത്ര മികച്ച ഫോമിലല്ല എന്നതാണ് പ്രശ്‌നം. ടീം പ്രധാന പേസറായി കാണുന്നത് ജോഫ്രാ ആര്‍ച്ചറെയാണ്. അതിവേഗ പേസറായ ആര്‍ച്ചര്‍ സമീപകാലത്തെ മത്സരങ്ങളിലെല്ലാം നന്നായി തല്ലുവാങ്ങിയിരുന്നു. ശ്രീലങ്കക്കാരായ മഹേഷ് തീക്ഷണയെ കൊണ്ടുവന്നത് മികച്ച നീക്കമാണ്. എന്നാല്‍ വനിന്‍ഡു ഹസരങ്കയുടെ പ്രകടനം കണ്ടറിയണം. സിഎസ്‌കെയില്‍ തിളങ്ങിയെങ്കിലും തുഷാര്‍ ദെശപാണ്ഡെയേയും വിശ്വസിക്കാനാവില്ല. ഇതെല്ലാം രാജസ്ഥാന് വലിയ പ്രതീക്ഷ നല്‍കുന്ന കാര്യമല്ലെന്ന് തന്നെ പറയാം.