ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണില്‍ തിരിച്ചുവരവ് പ്രതീക്ഷയിലാണ് രാജസ്ഥാന്‍ റോയല്‍സ്. ആദ്യത്തെ രണ്ട് മത്സരത്തിലും തോറ്റ രാജസ്ഥാന്‍ മൂന്നാം മത്സരത്തില്‍ ആശ്വാസ ജയം നേടി തിരിച്ചുവരവ് നടത്തിയിട്ടുണ്ട്. ഇപ്പോള്‍ പഞ്ചാബ് കിങ്‌സിനെ നേരിടാന്‍ തയ്യാറെടുക്കുകയാണ് രാജസ്ഥാന്‍. റിയാന്‍ പരാഗാണ് ആദ്യ മൂന്ന് മത്സരത്തിലും രാജസ്ഥാനെ നയിച്ചത്. എന്നാല്‍ പ്രതീക്ഷിച്ച മികവ് കാട്ടാനായില്ല. ഇപ്പോഴിതാ പഞ്ചാബിനെതിരായ മത്സരത്തിന് മുമ്പ് സഞ്ജു സാംസണ്‍ ഫിറ്റ്‌നസ് വീണ്ടെടുത്തിരിക്കുകയാണ്.
ഇതോടെ പഞ്ചാബ് കിങ്‌സിനെതിരേ സഞ്ജു സാംസണ്‍ രാജസ്ഥാനെ നയിക്കുമെന്നുറപ്പാണ്. തോല്‍വി അറിയാതെ എത്തുന്ന പഞ്ചാബ് കിങ്‌സ് രാജസ്ഥാന്‍ റോയല്‍സിന് വലിയ ഭീഷണിയാവുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. സഞ്ജു സാംസണ്‍ മടങ്ങിവരവില്‍ തകര്‍പ്പന്‍ ജയമാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇതൊട്ടും എളുപ്പമാവില്ലെന്ന് പറയാം. ടീമിനുള്ളിലെ രണ്ട് താരങ്ങള്‍ സഞ്ജുവിന്റെ പ്രതീക്ഷകള്‍ തകര്‍ക്കാന്‍ സാധ്യതയുണ്ട്. ഇത് ആരൊക്കെയാണെന്ന് നോക്കാം.
യശ്വസി ജയ്‌സ്വാള്‍
ഇടം കൈയന്‍ ഓപ്പണര്‍ യശ്വസി ജയ്‌സ്വാളാണ് സഞ്ജുവിന് വലിയ തലവേദന ഉയര്‍ത്തുന്ന താരം. ആദ്യത്തെ മൂന്ന് മത്സരത്തിലും നിരാശപ്പെടുത്തുന്ന പ്രകടനം നടത്താന്‍ ജയ്‌സ്വാളിന് സാധിച്ചിട്ടില്ല. തല്ലിത്തകര്‍ക്കുന്ന ജയ്‌സ്വാള്‍ രാജസ്ഥാന് വലിയ പ്രതീക്ഷ നല്‍കുന്ന താരമാണെങ്കിലും ഇത്തവണ ഫോമിലേക്കുയരാനായിട്ടില്ല. ജയ്‌സ്വാളിന്റെ മോശം ഫോം സഞ്ജുവിനെ സമ്മര്‍ദ്ദത്തിലാക്കുന്ന കാര്യമാണ്. ഓപ്പണറായി ഇറങ്ങുന്ന സഞ്ജുവിനൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കാന്‍ ജയ്‌സ്വാളിന് സാധിക്കണം.
അല്ലാത്ത പക്ഷം രാജസ്ഥാന്റെ തുടക്കം പിഴക്കും. ഇത് നായകനേയും പിന്നാലെ എത്തുന്നവരേയും ഒരുപോലെ സമ്മര്‍ദ്ദത്തിലാക്കും. രാജസ്ഥാനെ ജയ്‌സ്വാള്‍ ചതിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. ജയ്‌സ്വാള്‍ നിലവില്‍ ചില വിവാദങ്ങള്‍ സൃഷ്ടിച്ച് വില്ലനായി നില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ താരത്തില്‍ നിന്ന് വലിയ പ്രകടനം പ്രതീക്ഷിക്കാനാവില്ല. ഇത് രാജസ്ഥാനെ പ്രതികൂലമായി ബാധിക്കാനാണ് സാധ്യ കൂടുതല്‍.

ജോഫ്രാ ആര്‍ച്ചര്‍
ആദ്യത്തെ രണ്ട് മത്സരത്തിലും തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് ജോഫ്രാ ആര്‍ച്ചര്‍ കാഴ്ചവെച്ചത്. വലിയ പ്രതീക്ഷയോടെ രാജസ്ഥാന്‍ കൊണ്ടുവന്ന ആര്‍ച്ചര്‍ നന്നായി തല്ലുവാങ്ങി. എന്നാല്‍ മൂന്നാം മത്സരത്തിലൂടെ തകര്‍പ്പന്‍ തിരിച്ചുവരവാണ് ജോഫ്രാ ആര്‍ച്ചര്‍ നടത്തിയത്. പക്ഷെ ആര്‍ച്ചറെ വിശ്വസിക്കാനാവില്ല. സ്ഥിരതയുടെ കാര്യത്തില്‍ ആര്‍ച്ചര്‍ വളരെ പിന്നോക്കമാണെന്ന് തന്നെ പറയാം. അതുകൊണ്ടുതന്നെ സഞ്ജുവിന് ആശങ്കകളേറെയാണ്.
ആര്‍ച്ചറുടെ പ്രകടനം മോശമായാല്‍ രാജസ്ഥാനെ അത് പ്രതികൂലമായി ബാധിക്കും. ന്യൂബോളില്‍ സഞ്ജു ആര്‍ച്ചറെ വിശ്വസിക്കുമ്പോള്‍ താരം ചതിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. ജയ്‌സ്വാളും ആര്‍ച്ചറും ഫ്‌ളോപ്പായാല്‍ രാജസ്ഥാനെയത് കാര്യമായി ബാധിക്കുമെന്നുറപ്പാണ്. ഇരുവരും മികച്ച പ്രകടനം നടത്തിയാല്‍ രാജസ്ഥാന്‍ ജയിക്കാനുള്ള സാധ്യതയാണ് കൂടുതല്‍. സഞ്ജുവിനെ ഇരുവരും മികച്ച പ്രകടനം നടത്തി പിന്തുണക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.