ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണ്‍ ആവേശകരമായി പുരോഗമിക്കുകയാണ്. ഇത്തവണ ഇതുവരെ കപ്പടിക്കാത്ത ടീമടക്കം ശക്തമായ പോരാട്ടമാണ് പുറത്തെടുക്കുന്നത്. അതുകൊണ്ടുതന്നെ പോരാട്ടം അതി ശക്തമാണെന്ന് പറയാം. ഇത്തവണ ആരാധകര്‍ വലിയ പ്രതീക്ഷയോടെ കണ്ട ടീമുകളിലൊന്നാണ് രാജസ്ഥാന്‍ റോയല്‍സ്. സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലകനായി രാഹുല്‍ ദ്രാവിഡുമെത്തിയപ്പോള്‍ ടീം കൂടുതല്‍ ആത്മവിശ്വാസം കൈവരിച്ചു.
എന്നാല്‍ പ്രതീക്ഷക്ക് വിപരീതമായാണ് രാജസ്ഥാന് സംഭവിച്ചത്. പല സൂപ്പര്‍ താരങ്ങളേയും കൈവിട്ട് കളഞ്ഞ രാജസ്ഥാന് ഇത്തവണ തൊട്ടതെല്ലാം പിഴച്ചിരിക്കുകയാണ്. എട്ട് മത്സരത്തില്‍ ആറിലും തോറ്റ രാജസ്ഥാന്‍ നിലവില്‍ എട്ടാം സ്ഥാനത്താണ്. രണ്ട് മത്സരം മാത്രം ജയിച്ച രാജസ്ഥാന് ഇനിയൊരു തിരിച്ചുവരവ് ഏറെക്കുറെ അസാധ്യമാണെന്ന് തന്നെ പറയാം. പ്രകടനം മോശമാവുന്നതോടൊപ്പം മറ്റ് ചില പ്രശ്‌നങ്ങളും ടീമിനെ വേട്ടയാടുകയാണ്.
അതിലൊന്ന് നായകന്‍ സഞ്ജു സാംസണിന്റെ പരിക്കാണ്. ടീമിന്റെ നെടുന്തൂണായ സഞ്ജു സാംസണ്‍ പരിക്കേറ്റ് ടീമിന് പുറത്തുനില്‍ക്കുന്നത് രാജസ്ഥാനെ കാര്യമായിത്തന്നെ ബാധിച്ചിട്ടുണ്ട്. ഇനി ഈ സീസണിലേക്ക് സഞ്ജു മടങ്ങി എത്താനും സാധ്യത കുറവാണ്. ഇന്ന് ആര്‍സിബിക്കെതിരേ ഇറങ്ങുകയാണ് രാജസ്ഥാന്‍. ബംഗളൂരുവിലാണ് മത്സരം നടക്കുന്നത്. ഇത്തവണ തട്ടകത്തില്‍ ജയിക്കാത്ത ടീമെന്ന ചീത്തപ്പേര് മാറ്റാനാണ് ആര്‍സിബി ഇന്നിറങ്ങുന്നത്. എന്നാല്‍ രാജസ്ഥാന്‍ ആര്‍സിബിയെ തോല്‍പ്പിക്കുമെന്നും തന്ത്രം എന്താണെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് രാഹുല്‍ ദ്രാവിഡ്.
മുന്‍ ആര്‍സിബി താരത്തെ തുറുപ്പുചീട്ടാക്കും
ഇത്തവണ കളിച്ച എവേ മത്സരങ്ങളിലെല്ലാം ജയിക്കാന്‍ ആര്‍സിബിക്കായി. എന്നാല്‍ സ്വന്തം തട്ടകമായ ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആര്‍സിബി പതറുകയാണ്. പ്രഥമ സീസണ്‍ മുതല്‍ കളിച്ചിട്ടും ആര്‍സിബി കപ്പടിക്കാത്തതിന് കാരണം ചിന്നസ്വാമിയെന്ന ഹോം ഗ്രൗണ്ടാണെന്ന് പറയാം. ഈ പേരുദോഷം രാജസ്ഥാനോട് തീര്‍ക്കാനാണ് രജത് പാട്ടീധാറും സംഘവും കാത്തിരിക്കുന്നത്. എന്നാല്‍ ആര്‍സിബിയെ തോല്‍പ്പിക്കാന്‍ അവരുടെ മുന്‍ താരങ്ങളെ ഉപയോഗിക്കുമെന്നാണ് ദ്രാവിഡ് പറയുന്നത്.
'മുന്‍ ആര്‍സിബി താരങ്ങളിലാരെങ്കിലും നിങ്ങള്‍ക്കൊപ്പമുണ്ടോ? അവനെ പ്ലേയിങ് 11ലേക്ക് കൊണ്ടുവരികയെന്നതാണ് പ്രധാനപ്പെട്ട കാര്യം. ടൂര്‍ണമെന്റില്‍ ജീവന്‍ നിലനിര്‍ത്താന്‍ നന്നായി കളിക്കേണ്ടതുണ്ടെന്ന് ഞങ്ങള്‍ക്ക് നന്നായി അറിയാം. ഇനിയുള്ള ഓരോ മത്സരങ്ങള്‍ക്കും വളരെ പ്രധാനപ്പെട്ടതാണ്. അധികം തെറ്റുകള്‍ വരുത്താന്‍ ഇനി ആവില്ല. എത്രയും വേഗത്തില്‍ പോയിന്റ് ടേബിളിലില്‍ മുകളിലോട്ട് കയറേണ്ടതായുണ്ട്. അല്ലാതെ മറ്റ് വഴികളില്ല. ഇനി വഴുതി വീണാല്‍ തിരിച്ചുവരവിന് അവസരമുണ്ടാവില്ല' ദ്രാവിഡ് പറഞ്ഞു.
രാജസ്ഥാന്‍ നിരയിലുള്ള മുന്‍ ആര്‍സിബി താരം വനിന്‍ഡു ഹസരങ്കയാണ്. ആര്‍സിബിക്കായി കളിച്ചിട്ടുള്ള താരത്തിന് ചിന്നസ്വാമിയിലെ പിച്ചിനെക്കുറിച്ചും ഇവിടുത്തെ സാഹചര്യത്തെക്കുറിച്ചും നന്നായി അറിയാം. സീസണില്‍ അത്ര മികച്ച ഫോമിലല്ല ഹസരങ്കയുള്ളത്. അതുകൊണ്ടുതന്നെ രാജസ്ഥാനൊപ്പം ഹസരങ്കയെ കളിപ്പിച്ചാലും വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ സാധിക്കുമെന്ന് കരുതാനാവില്ല. ഇനിയൊരു തോല്‍വി നേരിട്ടാല്‍ രാജസ്ഥാന് പ്ലേ ഓഫ് സീറ്റ് നേടുക അസാധ്യമാവും.

പിച്ചിന്റെ മുന്‍തൂക്കം അവകാശപ്പെടാനാവില്ല
രാജസ്ഥാനെ സംബന്ധിച്ച് ആര്‍സിബിക്കെതിരേ എവേ മത്സരമാണ്. ഹോം മത്സരത്തിന്റെ മുന്‍തൂക്കം ആര്‍സിബിക്കുണ്ടെങ്കിലും പിച്ചിന്റെ മുന്‍തൂക്കം ലഭിക്കില്ലെന്നാണ് ദ്രാവിഡ് പറയുന്നത്. അതിന്റെ കാരണവും അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്. 'ഒരു ഫ്രാഞ്ചൈസിയും അവരുടെ ക്യൂറേറ്ററോട് പ്രത്യേക തരത്തില്‍ പിച്ച് വേണമെന്ന് ആവശ്യപ്പെടുമെന്ന് കരുതുന്നില്ല. എന്നാല്‍ തട്ടകത്തിന്റെ മുന്‍തൂക്കം സ്വാഭാവികമായും ടീമുകള്‍ക്ക് ലഭിക്കുന്നു. ഇത് മെഗാ ലേലം കഴിഞ്ഞുള്ള ആദ്യത്തെ സീസണാണ്. അതുകൊണ്ടുതന്നെ പല താരങ്ങളും ഈ ഗ്രൗണ്ടുകളില്‍ കളിക്കുന്നത് ആദ്യമായിട്ടാവും. അവര്‍ക്ക് ഹോം ഗ്രൗണ്ടിന്റെ മുന്‍തൂക്കം ലഭിക്കില്ല.
ഇത്തരത്തില്‍ വലിയ മാറ്റങ്ങള്‍ ടീമുകളില്‍ വന്നിട്ടുള്ളതിനാല്‍ തട്ടകത്തിന്റെ മുന്‍തൂക്കം ലഭിക്കുമെന്ന് പറയാനാവില്ല' ദ്രാവിഡ് അഭിപ്രായപ്പെട്ടു. ആര്‍സിബി ബംഗളൂരുവില്‍ സ്പിന്‍ പിച്ചൊരുക്കാന്‍ ആവശ്യപ്പെട്ടേക്കില്ല. ബാറ്റിങ്ങിനെ തുണക്കുന്ന പിച്ച് ആവശ്യപ്പെടാനാണ് സാധ്യത. സഞ്ജു സാംസണിന്റെ അഭാവത്തില്‍ രാജസ്ഥാന്റെ ബാറ്റിങ് നിര ദുര്‍ബലമാണ്. എന്നാല്‍ ആര്‍സിബിയുടെ ബാറ്റിങ് നിര ശക്തമാണ്. അതുകൊണ്ടുതന്നെ ബാറ്റിങ് പിച്ച് പ്രതീക്ഷിക്കാം.