കൊച്ചി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണ്‍ ആവേശകരമായി പുരോഗമിക്കുകയാണ്. ഇത്തവണ ഇതുവരെ കപ്പ് നേടാത്ത ടീമുകളുടെ മുന്നേറ്റമാണ് കാണാനാവുന്നത്. ഇത് ഐപിഎല്ലിനെ കൂടുതല്‍ ആവേശകരമാക്കുകയാണ്. മുംബൈ, ഡല്‍ഹി, ബംഗളൂരു, ലഖ്‌നൗ, പഞ്ചാബ്, ചെന്നൈ, ഗുജറാത്ത്, രാജസ്ഥാന്‍, കൊല്‍ക്കത്ത, ഹൈദരാബാദ് എന്നിവര്‍ക്കെല്ലാം ഐപിഎല്ലില്‍ സ്വന്തമായി ടീമുകളുണ്ട്. എന്നാല്‍ ക്രിക്കറ്റിനെ വളരെയധികം നെഞ്ചേറ്റുന്ന കേരളത്തില്‍ നിന്ന് ഐപിഎല്ലില്‍ ഒരു ടീം വേണമെന്നത് ആരാധകരുടെ സ്വപ്‌നമാണ്.
കേരളത്തിലെ ആരാധകരുടെ സ്വപ്‌നമെന്നോണം കൊച്ചി ടസ്‌കേഴ്‌സ് കേരള ഒരിക്കല്‍ ഐപിഎല്ലില്‍ പങ്കെടുത്തിരുന്നു. മഹേല ജയവര്‍ധന, ബ്രണ്ടന്‍ മക്കല്ലം, വിവിഎസ് ലക്ഷ്മണ്‍, മുത്തയ്യ മുരളീധരന്‍ തുടങ്ങി പല ഇതിഹാസ താരങ്ങളേയും ടീമിലേക്ക് കൊണ്ടുവരാന്‍ കൊച്ചി ടസ്‌കേഴ്‌സ് കേരളക്ക് സാധിച്ചിരുന്നു. പ്രതീക്ഷിച്ചപോലെ മികവ് കാട്ടിയില്ലെങ്കിലും ആരാധകരുടെ വികാരമായി മാറാന്‍ കൊച്ചി ടസ്‌കേഴ്‌സ് കേരളക്ക് സാധിച്ചിരുന്നു.
പക്ഷെ സാമ്പത്തിക പ്രശ്‌നങ്ങളെത്തുടര്‍ന്ന് കൊച്ചി ടസ്‌കേഴ്‌സ് കേരളക്ക് ഐപിഎല്ലില്‍ തുടരാനായില്ല. കേരളത്തില്‍ നിന്ന് വീണ്ടുമൊരു ഐപിഎല്‍ ഫ്രാഞ്ചൈസി ഉണ്ടാവണമെന്നത് ആരാധകരുടെ സ്വപ്‌നമാണ്. എന്നാല്‍ ഇത് നടക്കാന്‍ സാധ്യത വളരെ കുറവാണെന്ന് തന്നെ പറയാം. നിലവില്‍ 10 ടീമുകള്‍ ഐപിഎല്ലിലുണ്ട്. ഈ 10 ടീമുകളില്‍ കൂടുതല്‍ ടീമുകളെ പരിഗണിച്ച് ഐപിഎല്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സാധ്യതയില്ലെന്ന് തന്നെ പറയാം. കേരളത്തില്‍ നിന്ന് ഇനിയൊരു ഐപിഎല്‍ ടീമുണ്ടായാല്‍ അതില്‍ ആരൊക്കെ ഉള്‍പ്പെടണമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ഡ്രീം ടീം പരിശോധിക്കാം.
സഞ്ജു സാംസണ്‍, യശ്വസി ജയ്‌സ്വാള്‍, വൈഭവ് സൂര്യവന്‍ഷി
ടീമിന്റെ നായകനായി സഞ്ജു സാംസണെയാവും ആരാധകര്‍ ആഗ്രഹിക്കുക. കേരളത്തിന്റെ അഭിമാന താരമായ സഞ്ജു സാംസണ്‍ നിലവില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനാണ്. കേരളത്തില്‍ നിന്ന് വീണ്ടുമൊരു ഫ്രാഞ്ചൈസി ഉണ്ടായാല്‍ അതില്‍ കേരളക്കാരനായ നായകന്‍ ഉണ്ടാവണമെന്നാവും ആരാധകര്‍ സ്വാഭാവികമായും ആഗ്രഹിക്കുക. രാജസ്ഥാന്‍ റോയല്‍സിനെ ഫൈനലിലെത്തിച്ച ക്യാപ്റ്റനാണ് സഞ്ജു സാംസണ്‍. ഓപ്പണറെന്ന നിലയിലും മിന്നിക്കുന്ന സഞ്ജു സാംസണ്‍ ടീമിന്റെ നെടുന്തൂണായി ഒപ്പമുണ്ടാവണം.
യശ്വസി ജയ്‌സ്വാളിനേയും ടീമില്‍ ഉള്‍പ്പെടുത്തണം. നിലവില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഓപ്പണറാണ് ജയ്‌സ്വാള്‍. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി തിളങ്ങുന്ന ജയ്‌സ്വാള്‍ തല്ലിത്തകര്‍ക്കാന്‍ ശേഷിയുള്ള ബാറ്റ്‌സ്മാനാണ്. അതുകൊണ്ടുതന്നെ ജയ്‌സ്വാളിനെ ടീമിലേക്ക് കൊണ്ടുവരാന്‍ ഏതൊരു ഫ്രാഞ്ചൈസിയും താല്‍പര്യപ്പെടും. കേരളത്തില്‍ നിന്നൊരു ടീമുണ്ടായാല്‍ ജയ്‌സ്വാളിനെ ആ ടീമില്‍ വേണമെന്ന് എല്ലാവരും ആഗ്രഹിക്കും. കേരളത്തില്‍ വലിയ ആരാധക പിന്തുണ ജയ്‌സ്വാളിനുണ്ട്.
വൈഭവ് സൂര്യവന്‍ഷിയെപ്പോലൊരു യുവതാരം കേരളത്തിന്റെ ഫ്രാഞ്ചൈസിയില്‍ ഉണ്ടാവണം. ടീമിന്റെ ഭാവി മുന്നില്‍ക്കണ്ട് വളര്‍ത്തിക്കൊണ്ടുവരാന്‍ സാധിക്കുന്ന യുവതാരങ്ങള്‍ ഒപ്പമുണ്ടാവേണ്ടത് ഏതൊരു ടീമിനും കരുത്ത് പകരുന്ന കാര്യമാണ്. നിലവിലെ സാഹചര്യത്തില്‍ വലിയ ഭാവി കല്‍പ്പിക്കുന്ന താരമാണ് വൈഭവ്. അതുകൊണ്ടുതന്നെ ഇത്തരമൊരു യുവതാരം കേരളത്തിന്റെ ഫ്രാഞ്ചൈസിയിലുമുണ്ടാവണം.

തിലക് വര്‍മ, നിക്കോളാസ് പുരാന്‍, ജോസ് ബട്‌ലര്‍, ഹെന്‍ റിച്ച് ക്ലാസന്‍
തിലക് വര്‍മയെ കേരള ടീം ഒപ്പം കൂട്ടണണമെന്ന് ആരാധകര്‍ ആഗ്രഹിക്കും. തിലക് മികച്ച റെക്കോഡുള്ള യുവതാരമാണ്. മുംബൈ ഇന്ത്യന്‍സിനൊപ്പം വ്യത്യസ്ത റോളുകളില്‍ മിന്നിക്കുന്ന തിലകിനെ ടീമിലേക്കെത്തിക്കണമെന്ന് ആരാധകര്‍ ആഗ്രഹിക്കും. ബാറ്റുകൊണ്ട് മാത്രമല്ല പന്തുകൊണ്ടും ഗുണം ചെയ്യുന്ന ബൗളറാണ് തിലക് വര്‍മ. അതുകൊണ്ടുതന്നെ തിലകിനെപ്പോലൊരു യുവതാരത്തെ എല്ലാവരും ആഗ്രഹിക്കും. നിക്കോളാസ് പുരാനാണ് മറ്റൊരു താരം.
നിലവിലെ ഏറ്റവും അപകടകാരിയായ ടി20 ബാറ്റ്‌സ്മാനാണ് നിക്കോളാസ് പുരാന്‍. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ള പുരാന്റെ ബാറ്റിങ് വെടിക്കെട്ട് കാണാന്‍ ഇഷ്ടമില്ലാത്ത ക്രിക്കറ്റ് ആരാധകരില്ലെന്ന് തന്നെ പറയാം. അതുകൊണ്ടുതന്നെ പുരാന്റെ ബാറ്റിങ് മികവിനെ ഒപ്പം കൂട്ടാനാവും ഏതൊരു ടീമും ആഗ്രഹിക്കുക. കേരളം ഒരു ടീമിനെ ഇറക്കുമ്പോള്‍ അതിനൊപ്പം പുരാനുണ്ടാകുന്നത് വലിയ ധൈര്യമാണെന്ന് തന്നെ പറയാം.
ജോസ് ബട്‌ലറേയും ആരാധകര്‍ ടീമില്‍ പ്രതീക്ഷിക്കും. രാജസ്ഥാന്‍ റോയല്‍സ് താരമായിരുന്ന ജോസ് ബട്‌ലര്‍ ഇപ്പോള്‍ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പമാണ്. സഞ്ജു നയിക്കുന്ന ടീമില്‍ ബട്‌ലറെക്കൂടി വേണമെന്ന് ആരാധകര്‍ ആഗ്രഹിക്കും. മധ്യനിരയില്‍ ഹെന്‍ റിച്ച് ക്ലാസനെപ്പോലൊരു താരത്തെ ടീമിന് ആവശ്യമാണ്. അതിവേഗം റണ്‍സുയര്‍ത്തുന്ന മികച്ച ടി20 റെക്കോഡുള്ള താരമാണ് ക്ലാസന്‍. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരമായ ക്ലാസനെ ടീമിലെത്തിച്ചാല്‍ അത് ഗുണം ചെയ്യുമെന്നുറപ്പാണ്.

അക്ഷര്‍ പട്ടേല്‍, സായ് കിഷോര്‍, ജലജ് സക്‌സേന, മിച്ചല്‍ സ്റ്റാര്‍ക്ക്, ട്രന്റ് ബോള്‍ട്ട്
അക്ഷര്‍ പട്ടേലും ഈ ടീമില്‍ വേണം. നിലവിലെ ഏറ്റവും മികച്ച സ്പിന്‍ ഓള്‍റൗണ്ടര്‍മാരിലൊരാളാണ് അക്ഷര്‍ പട്ടേല്‍. ഇടം കൈയന്‍ താരം നിലവില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നായകനാണ്. പന്തുകൊണ്ടും ബാറ്റുകൊണ്ടും അക്ഷര്‍ മാച്ച് വിന്നറാണ്. ഇത്തരമൊരു താരത്തെ ടീമിലേക്കെത്തിക്കുകയെന്നത് എളുപ്പമല്ല. എന്നാല്‍ എല്ലാവരോടും വലിയ സൗഹൃദം കാത്തുസൂക്ഷിക്കുന്ന താരമാണ് അക്ഷര്‍. സഞ്ജുവുമായും വലിയ സൗഹൃദം അക്ഷറിനുണ്ട്.
സ്പിന്‍ ഓള്‍റൗണ്ടറായി സായി കിഷോറിനേയും കൊണ്ടുവരാം. സ്ഥിരതയോടെ പന്തെറിയുന്ന താരങ്ങളിലൊരാളാണ് സായ് കിഷോര്‍. ഇത്തവണ ഗുജറാത്തിനൊപ്പമാണ് സായ് കിഷോര്‍. ഇതുവരെ ഒരു ഐപിഎല്‍ ടീമും പരിഗണിക്കാത്ത ജലജ് സക്‌സേനക്കും അവസരം നല്‍കാം. കേരളത്തിനായി ആഭ്യന്തര ക്രിക്കറ്റില്‍ തകര്‍പ്പന്‍ പ്രകടനമാണ് ജലജ് നടത്തുന്നത്. കേരളത്തിനൊരു ഫ്രാഞ്ചൈസി ഉണ്ടായാല്‍ സക്‌സേനക്ക് അവസരം നല്‍കാവുന്നതാണ്.
പേസ് നിരയില്‍ മിച്ചല്‍ സ്റ്റാര്‍ക്കിനേയും ട്രന്റ് ബോള്‍ട്ടിനേയും വേണം. രണ്ട് പേരും ഇടം കൈയന്‍ പേസര്‍മാരാണ്. മികച്ച റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന താരങ്ങളാണ് ഇരുവരും. ഐപിഎല്ലില്‍ തകര്‍പ്പന്‍ പ്രകടനം നടത്തി കൈയടി നേടിയിട്ടുള്ള ഇവരെ ഒപ്പം കൂട്ടുന്നത് ഏത് ടീമിനും കരുത്ത് പകരും.
കരുണ്‍ നായര്‍, ടി നടരാജാന്‍, നിതീഷ് കുമാര്‍ റെഡ്ഡി, പ്രസിദ്ധ് കൃഷ്ണ
ഇവരെക്കൂടി 15 അംഗ ടീമിലേക്ക് പരിഗണിക്കാം. പാതി മലയാളിയായ കരുണ്‍ നായര്‍ കേരളത്തില്‍ നിന്നൊരു ഫ്രാഞ്ചൈസി ഉണ്ടായാല്‍ അവസരം അര്‍ഹിക്കുന്നു. ഇടം കൈയന്‍ പേസറായ ടി നടരാജനേയും ടീമില്‍ ഉള്‍പ്പെടുത്താം. വളരെയധികം പ്രതിസന്ധികളെ തരണം ചെയ്ത് വളര്‍ന്നുവന്ന താരമാണ് നടരാജന്‍. ഇത്തവണ ഡല്‍ഹിക്കൊപ്പമുള്ള നടരാജനെ ഇതുവരെ കളിപ്പിച്ചിട്ടില്ല. മീഡിയം പേസ് ഓള്‍റൗണ്ടറായി നിതീഷ് കുമാര്‍ റെഡ്ഡിയെക്കൂടി പരിഗണിക്കാം. പ്രസിദ്ധ് കൃഷ്ണക്കും ടീമിലിടം നല്‍കാം. മികച്ച ലൈനിലും ലെങ്തിലും പന്തെറിയാന്‍ ശേഷിയുള്ള താരമാണ് പ്രസിദ്ധ്.