മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണ്‍ ആരംഭിക്കാന്‍ പോവുകയാണ്. ഇത്തവണ വലിയ മാറ്റങ്ങളോടെയാണ് എല്ലാ ടീമുകളും ഇറങ്ങുന്നത്. മെഗാ ലേലത്തിന് ശേഷം നടക്കുന്ന ആദ്യ സീസണായതിനാല്‍ ഒട്ടുമിക്ക ടീമുകളിലും കാര്യമായ മാറ്റങ്ങള്‍ തന്നെ ഉണ്ടായിട്ടുണ്ട്. പല ടീമുകളുടേയും പരിശീലകരും ക്യാപ്റ്റന്മാരും മാറിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത്തവണ ആര്‍ക്കും മുന്‍തൂക്കം പ്രവചിക്കുക പോലും അസാധ്യമാണെന്ന് പറയാം.
ഇത്തവണത്തെ ഐപിഎല്‍ പല താരങ്ങള്‍ക്കും ദേശീയ ടീമിലേക്ക് തിരിച്ചെത്താനുള്ള വഴിയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വിക്കറ്റ് കീപ്പര്‍ സ്ഥാനം ലക്ഷ്യമിട്ട് നിരവധി താരങ്ങളാണ് ഇത്തവണത്തെ ഐപിഎല്ലില്‍ ഇറങ്ങുന്നത്. ടി20 ലോകകപ്പ് അടുത്ത വര്‍ഷം നടക്കാന്‍ പോവുകയാണ്. അതുകൊണ്ടുതന്നെ ഐപിഎല്ലില്‍ മിന്നിച്ച് പരിശീലകന്‍ ഗൗതം ഗംഭീറിന്റെ ശ്രദ്ധ നേടിയെടുക്കാനാണ് പല താരങ്ങളും ലക്ഷ്യമിടുന്നത്. ഇന്ത്യയുടെ ടി20 വിക്കറ്റ് കീപ്പര്‍ സ്ഥാനം ലക്ഷ്യമിട്ട് അഞ്ച് താരങ്ങളാണ് മത്സരിക്കുന്നത്.
നിലവില്‍ സഞ്ജു സാംസണാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍. എന്നാല്‍ സഞ്ജു സീറ്റുറപ്പിച്ചിട്ടുണ്ടെന്ന് പറയാനാവില്ല. അതുകൊണ്ടുതന്നെ ഐപിഎല്ലിലെ പ്രകടനം വളരെ നിര്‍ണ്ണായകമാണെന്ന് തന്നെ നിസംശയം പറയാം. ഇത്തരത്തില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ സ്ഥാനം ലക്ഷ്യമിട്ടിറങ്ങുന്നത് ആരൊക്കെയാണെന്ന് നോക്കാം.
സഞ്ജു സാംസണ്‍
സഞ്ജു സാംസണാണ് കൂടുതല്‍ മുന്‍തൂക്കം. വിക്കറ്റ് കീപ്പറായും ഓപ്പണറായും മിന്നിക്കാന്‍ സഞ്ജുവിനാകുന്നുണ്ട്. എന്നാല്‍ അവസാന ഇംഗ്ലണ്ട് പരമ്പരയില്‍ നിരാശപ്പെടുത്തിയിരുന്നു. നിലവില്‍ കൈവിരലിന് പരിക്കേറ്റ സഞ്ജു വിശ്രമത്തിലാണ്. എത്ര മത്സരം സഞ്ജുവിന് നഷ്ടമാകുമെന്ന് പറയാനാവാത്ത അവസ്ഥയാണ് നിലവിലുള്ളത്. സഞ്ജു ഗൗതം ഗംഭീറിന്റെ വിശ്വസ്തനാണ്. എന്നാല്‍ സ്ഥിരത ഇപ്പോഴും സഞ്ജുവിന് മുന്നിലെ വലിയ ചോദ്യമാണ്. ഈ സാഹചര്യത്തില്‍ സഞ്ജുവിന് ഇത്തവണത്തെ സീസണില്‍ തകര്‍പ്പന്‍ പ്രകടനം നടത്തേണ്ടത് അത്യാവശ്യമാണെന്ന് പറയാം. അല്ലാത്ത പക്ഷം സഞ്ജുവിന് കാര്യങ്ങള്‍ കടുപ്പമായിരിക്കും.
റിഷഭ് പന്ത്
ഇടം കൈയന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാനും സൂപ്പര്‍ വിക്കറ്റ് കീപ്പറുമായ റിഷഭ് പന്ത് നിലവില്‍ ഇന്ത്യയുടെ ടി20 ടീമിന്റെ ബാക്കപ്പ് കീപ്പറായാണ് പരിഗണിക്കപ്പെടുന്നത്. എക്‌സ് ഫാക്ടര്‍ താരമായിട്ടും വേണ്ടത്ര അവസരം റിഷഭ് പന്തിന് ലഭിക്കുന്നില്ല. ടെസ്റ്റിലേക്ക് മാത്രമായി റിഷഭ് ഒതുക്കപ്പെടുകയാണ്. ഈ സാഹചര്യത്തില്‍ ശക്തമായ തിരിച്ചുവരവ് നടത്താന്‍ റിഷഭിന് ഐപിഎല്ലില്‍ ശോഭിക്കേണ്ടതായുണ്ട്. ഇത്തവണ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനൊപ്പമാണ് റിഷഭ് പന്തുള്ളത്. തല്ലിത്തകര്‍ത്ത് ഗംഭീറിന്റേയും മുഖ്യ സെലക്ടറായ അജിത് അഗാര്‍ക്കറുടേയും കൈയടി നേടാനും ടി20 ടീമില്‍ ഇടം നേടാനും റിഷഭിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.
ഇഷാന്‍ കിഷന്‍
ഇടം കൈയന്‍ വെടിക്കെട്ട് താരമായ ഇഷാന്‍ കിഷന്‍ ഏറെ നാളുകളായി ടീമിന് പുറത്താണ്. ടീം മാനേജ്‌മെന്റുമായുള്ള അഭിപ്രായ ഭിന്നതയെച്ചൊല്ലി കരാറിന് പുറത്തായ ഇഷാന്‍ നിലവില്‍ ഒരു ഫോര്‍മാറ്റിലേക്ക് പരിഗണിക്കപ്പെടുന്നില്ല. ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവ് സ്വപ്‌നം കാണുന്ന ഇഷാന് വരുന്ന ഐപിഎല്‍ സീസണില്‍ മിന്നിക്കണം. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പമാണ് താരമുള്ളത്. പരിശീലന മത്സരത്തില്‍ രണ്ട് അര്‍ധ സെഞ്ച്വറി ഉള്‍പ്പെടെ മിന്നും ഫോമിലാണ് ഇഷാന്‍. ഈ മികവ് തുടര്‍ന്ന് ഇന്ത്യയുടെ ടി20 ടീമിലേക്ക് തിരിച്ചെത്താന്‍ ഇഷാന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.

ജിതേഷ് ശര്‍മ
ഇന്ത്യക്കായി ഇതിനോടകം അരങ്ങേറ്റം നടത്തിയെങ്കിലും സീറ്റുറപ്പിക്കാന്‍ സാധിക്കാതെ പോയ വിക്കറ്റ് കീപ്പറാണ് ജിതേഷ് ശര്‍മ. മധ്യനിരയില്‍ തകര്‍ത്തടിക്കാന്‍ ശേഷിയുള്ള ജിതേഷ് നേരിടുന്ന ആദ്യ പന്ത് മുതല്‍ ആക്രമിക്കുന്നവനാണ്. ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവ് ആഗ്രഹിക്കുന്ന ജിതേഷ് നിലവില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനൊപ്പമാണ്. തകര്‍ത്തടിച്ച് കളിക്കാന്‍ ശേഷിയുള്ള ജിതേഷ് ഇൗ സീസണില്‍ മിന്നിച്ചാല്‍ തിരിച്ചുവരവിന് ഇപ്പോഴും സാധ്യതകളുണ്ട്. അല്ലാത്ത പക്ഷം കാര്യങ്ങള്‍ പ്രയാസമാണെന്ന് തന്നെ പറയാം.
കെ എല്‍ രാഹുല്‍
ഇന്ത്യയുടെ സീനിയര്‍ താരവും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനുമാണ് കെ എല്‍ രാഹുല്‍. വെടിക്കെട്ട് ബാറ്റിങ് പ്രകടനം നടത്തിയിരുന്ന താരം പിന്നീട് സ്‌ട്രൈക്ക് റേറ്റ് മോശമായതോടെയാണ് വിമര്‍ശനം നേരിടാന്‍ തുടങ്ങിയത്. നിലവില്‍ ടി20 ടീമിന് പുറത്താണ് രാഹുല്‍. ഡല്‍ഹി ക്യാപിറ്റല്‍സിലേക്കെത്തിയ രാഹുല്‍ നായകസ്ഥാനവും ഏറ്റെടുക്കാന്‍ തയ്യാറായിട്ടില്ല. വെടിക്കെട്ട് പ്രകടനങ്ങള്‍ നടത്തി ശക്തമായ തിരിച്ചുവരവ് നടത്താന്‍ രാഹുലിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.