ഐപിഎല്ലിന്റെ അടുത്ത സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനായി ധ്രുവ് ജുറേലും കുറച്ചു മല്‍സരങ്ങളില്‍ വിക്കറ്റ് കാക്കുമെന്നുള്ള നായകന്‍ സഞ്ജു സാംസണിന്റെ വെളിപ്പെടുത്തല്‍ ആരാധകര്‍ ഞെട്ടലോടെയാണ് കേട്ടത്. സൗത്താഫ്രിക്കയുടെ മുന്‍ ബാറ്റിങ് ഇതിഹാസം എബി ഡിവില്ലിയേഴ്‌സിന്റെ യൂട്യൂബ് ചാനലില്‍ അതിഥിയായി വന്നപ്പോഴാണ് അദ്ദേഹം ഇക്കാര്യം തുറന്നു പറഞ്ഞത്. അടുത്ത സീസണില്‍ വിക്കറ്റ് കീപ്പിങ് താനും ജുറേലും പങ്കിടുമെന്നായിരുന്നു സഞ്ജു വ്യക്തമാക്കിയത്.
നിലവില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ ബാക്കപ്പ് വിക്കറ്റ് കീപ്പറായി മാറിയിരിക്കുകയാണ് ജുറേല്‍. ഇതാണ് റോയല്‍സ് ടീമിലും അദ്ദേഹത്തിനു കുറച്ചു മല്‍സരങ്ങളില്‍ വിക്കറ്റ് കീപ്പിങില്‍ അവസരം നല്‍കാന്‍ സഞ്ജുവിനെ പ്രേരിപ്പിക്കുന്നത്.
എന്നാല്‍ അദ്ദേഹത്തിന്റെ ഈ തീരുമാനം അത്ര മികച്ചതല്ലെന്നു തന്നെ പറയേണ്ടതായി വരും. ജുറേലിനും അടുത്ത സീസണില്‍ വിക്കറ്റ് കീപ്പിങ് നല്‍കിയാല്‍ അതു സഞ്ജുവിനു വലിയ തിരിച്ചടിയാവാന്‍ സാധ്യത കൂടുതലാണ്. ഇതിന്റെ കാരണങ്ങളറിയാം.

ടീം ഇന്ത്യയിലെ സ്ഥാനം
ഇന്ത്യയുടെ വൈറ്റ് ബോള്‍ ടീമുകളില്‍ സഞ്ജു സാംസണ്‍ തന്റെ സ്ഥാനമുറപ്പിച്ചു കൊണ്ടിരിക്കുന്ന സമയമാണിത്. ടി20യില്‍ അദ്ദേഹം ടീമിന്റെ ഓപ്പണിങിനൊപ്പം ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ റോളും ഏറെക്കുറെ ഭദ്രമാക്കിയിട്ടുണ്ട്. ബംഗ്ലാദേശ്, സൗത്താഫ്രിക്ക എന്നിവരുമായുള്ള അവസാനത്തെ രണ്ടു പരമ്പരകളിലെ മിന്നുന്ന പ്രകടനമാണ് ഇതിനു സഹായിച്ചത്. ഏഴു കളിയില്‍ മൂന്നു സെഞ്ച്വറികള്‍ സഞ്ജു കുറിച്ചിരുന്നു.
സ്‌പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പര്‍ കൂടിയാണെന്നതാണ് ഇന്ത്യന്‍ ടീമില്‍ സഞ്ജുവിന്റെ മൂല്യം വര്‍ധിപ്പിക്കുന്നത്. വിക്കറ്റ് കീപ്പിങ് വിട്ട് സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍ മാത്രമായി മാറിയാല്‍ ഇപ്പോള്‍ കിട്ടുന്ന മുന്‍തൂക്കം അദ്ദേഹത്തിനു ലഭിക്കില്ല. കാരണം ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീര്‍ എല്ലായ്‌പ്പോഴും ഒന്നിലേറെ റോളുകളില്‍ ടീമിനു ഉപയോഗിക്കാന്‍ സാധിക്കുന്ന താരങ്ങള്‍ക്കു കൂടുതല്‍ പരിഗണന നല്‍കാറുണ്ട്.
ബാറ്റിങിനൊപ്പം ബൗളിങില്‍ കൂടി മുതല്‍ക്കൂട്ടായി മാറുന്ന താരങ്ങളെയാണ് അദ്ദേഹം ടീമിലേക്കു കൊണ്ടു വരാറുള്ളത്. അതുകൊണ്ടു തന്നെ സഞ്ജു വിക്കറ്റ് കീപ്പിങ് വിട്ട് ബാറ്റര്‍ മാത്രമായാല്‍ അദ്ദേഹത്തിനു ഗംഭീര്‍ ഇപ്പോള്‍ നല്‍കുന്ന പരിഗണനയും നല്‍കിയേക്കില്ല.
വിക്കറ്റ് കീപ്പിങില്‍ നിന്നും മാറി നിന്നാല്‍ ബൗളിങിലും ഒരു കൈ നോക്കേണ്ടി വരുമെന്നതാണ് ഇതു മറികടക്കാന്‍ സഞ്ജുവിനു മുന്നിലുള്ള ഏക വഴി. എന്നാല്‍ ഐപിഎല്‍ പോലെ കടുപ്പമേറിയ ഒരു ടൂര്‍ണമെന്റില്‍ ബൗളിങില്‍ ഒരു പരീക്ഷണം നടത്തുന്നത് മണ്ടത്തരമായി മാറാനിടയുണ്ട്.
അതിനാല്‍ തന്നെ റോയല്‍സില്‍ അടുത്ത സീസണിലും എല്ലാ കളിയിലും വിക്കറ്റ് കാത്ത് തന്റെ വിക്കറ്റ് കീപ്പിങ് കൂടുതല്‍ മിനുക്കിയെടുക്കാനാണ് അദ്ദേഹം ശ്രമിക്കേണ്ടത്. ജുറേലിനൊപ്പം കുറച്ചു മല്‍സരങ്ങളില്‍ വിക്കറ്റ് കീപ്പിങ് പങ്കിട്ടാല്‍ അതു അതു വിക്കറ്റിനു പിന്നില്‍ സഞ്ജുവിന്റെ പ്രകടനത്തെ ബാധിച്ചേക്കുകയും ചെയ്യും.

ക്യാപ്റ്റന്‍സി കടുപ്പമാവും
രാജസ്ഥാന്‍ റോയല്‍സില്‍ വിക്കറ്റ് കീപ്പിങ് പങ്കിടുകയാണെങ്കില്‍ സഞ്ജു സാംസണിനെ കാത്തിരിക്കുന്ന മറ്റൊരു തിരിച്ചടി അതു അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിയെയും ബാധിക്കുമെന്നതാണ്. 2021ലെ ഐപിഎല്‍ മുതല്‍ ടീമിനെ നയിച്ചു കൊണ്ടിരിക്കുകയാണ് മലയാളി താരം. വളരെ മികച്ച രീതിയില്‍ ടീമിനെ മുന്നോട്ടു നയിക്കാനും അദ്ദേഹത്തിനു സാധിച്ചിട്ടുണ്ട്.
ഇതിനു പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന് ടീമിന്റെ വിക്കറ്റ് കാക്കുന്നതും സഞ്ജുവാണെന്നതാണ്. വിക്കറ്റിനു പിറകില്‍ നില്‍ക്കുമ്പോള്‍ ഓരോ ബാറ്ററുടെയും ചലനങ്ങള്‍ സൂക്ഷ്മമായി വീക്ഷിക്കാനും ഇതിനു അനുസരിച്ച് തന്ത്രങ്ങള്‍ മെനയാനും കഴിയും. കാരണം ഇവിടെ നിന്നാണ് ഏറ്റവും മികച്ച ആംഗിള്‍ ഒരാള്‍ക്കു ലഭിക്കുന്നത്. ഇതു നായകനെന്ന നിലയില്‍ സഞ്ജുവിനു കാര്യങ്ങള്‍ എളുപ്പമാവുകയും ചെയ്യുന്നു.
എന്നാല്‍ ധ്രുവ് ജുറേല്‍ വിക്കറ്റ് കാക്കുകയാണെങ്കില്‍ സഞ്ജുവിനു ഏതെങ്കിലും ഫീല്‍ഡിങ് പൊസിഷനിലേക്കു മാറേണ്ടതായി വരും. ഇതു പലപ്പോഴും തീരുമാനങ്ങളെടുക്കുമ്പോള്‍ അദ്ദേഹത്തെ ബാധിക്കുകയും ചെയ്യും. ക്യാപ്റ്റന്‍സിയില്‍ പിഴവ് പറ്റിയാല്‍ അതു ടീമിനെയും കുഴപ്പത്തിലാക്കും.
റോയല്‍സിനു തിരിച്ചടികള്‍ നേരിട്ടാല്‍ അതു സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയും ചോദ്യം ചെയ്യപ്പെടാന്‍ ഇടയാക്കും. അടുത്ത സീസണിലും റോയല്‍സിനു കിരീടം നേടാനായില്ലെങ്കില്‍ അതു അദ്ദേഹത്തെ നായകസ്ഥാനത്തു നിന്നു മാറ്റാനും വഴിയൊരുക്കിയേക്കും. ഈ കാരണങ്ങളാല്‍ തന്നെ വിക്കറ്റ് കീപ്പിങ് പങ്കിടുന്നത് സഞ്ജുവിനെ സംബന്ധിച്ച് വലിയ തിരിച്ചടിയായേക്കുമെന്നു ഉറപ്പിച്ച് പറയാം.