ഐപിഎല്ലിന്റെ 18ാം സീസണിലെ ആദ്യ പോരാട്ടത്തിന് കച്ചമുറുക്കുന്ന രാജസ്ഥാന്‍ റോയല്‍സിന് ഏറെ പ്രതീക്ഷ നല്‍കുന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. കൈവിരലിനെ പരിക്കിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസണ്‍ ആദ്യ മല്‍സരത്തില്‍ കളിക്കുമെന്നു ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.
അടുത്ത ഞായറാഴ്ച വൈകീട്ട് 3.30ന് ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായിട്ടാണ് റോയല്‍സിന്റെ ആദ്യ അങ്കം. സഞ്ജുവിന്റെ മടങ്ങിവരവ് റോയല്‍സ് ക്യാംപിനെ ഏറെ ആവേശത്തിലാക്കുമെന്നുറപ്പാണ്.
കാരണം അദ്ദേഹത്തെ നഷ്ടമായാല്‍ പുതിയൊരു ക്യാപ്റ്റനെയും ഓപ്പണറെയുമെല്ലാം ആദ്യ കളിക്കു മുമ്പ് റോയല്‍സിനു തിരയേണ്ടതായി വരും. പക്ഷെ ഭാഗ്യവശാല്‍ അതു വേണ്ടി വരില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

സഞ്ജു ഈസ് ബാക്ക്
കൈയിലെ ചൂണ്ടുവിരലിനു പൊട്ടലേറ്റതു കാരണം വിശ്രമത്തിലായിരുന്ന സഞ്ജു സാംസണിനു ഈ സീസണിലെ ആദ്യത്തെ കുറച്ചു മല്‍സരങ്ങള്‍ നഷ്ടമായേക്കുമെന്നായിരുന്നു ആദ്യം വന്ന അഭ്യൂഹങ്ങള്‍. സമീപകാലത്തു ചില പരിപാടികളില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ സഞ്ജുവിന്റെ കൈവിരല്‍ മറച്ച രീതിയില്‍ കാണപ്പെട്ടത് ആശങ്കകള്‍ വര്‍ധിപ്പിക്കുകയും ചെയ്തു.
എന്നാല്‍ നിലവില്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ (എന്‍സിഎ) പൂര്‍ണ ഫിറ്റ്‌നസിലേക്കു മടങ്ങിയെത്താനുള്ള കഠിന പ്രയത്നത്തിലാണ് അദ്ദേഹം. ഇവിടെ വച്ച് ബാറ്റിങില്‍ നടത്തിയ ഫിറ്റ്‌നസ് ടെസ്റ്റില്‍ സഞ്ജു വിജയിച്ചതായാണ് ഏറ്റവും പുതിയ വിവരം. ഇനി വിക്കറ്റ് കീപ്പിങില്‍ കൂടി ഫിറ്റ്‌നസ് പരീക്ഷ വിജയിച്ചാല്‍ അദ്ദേഹം ദിവസങ്ങള്‍ക്കം രാജസ്ഥാന്‍ റോയല്‍സ് ടീമിനോടൊപ്പം ചേരുകയും ചെയ്യും.
മുഖ്യ കോച്ച് രാഹുല്‍ ദ്രാവിഡിനു കീഴില്‍ റോയല്‍സ് ടീം നേരത്തേ തന്നെ പുതിയ സീസണിനായുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചു കഴിഞ്ഞു. സഞ്ജുവൊഴികെ ടീമിലെ ഭൂരിഭാഗം കളിക്കാരും ഇപ്പോള്‍ ക്യാംപിന്റെ ഭാഗമാണ്. ഇനി അദ്ദേഹം കൂടിയെത്തുന്നതോടെ റോയല്‍സ് ടീം ഫുള്‍ സെറ്റാവുകയും ചെയ്യുമെന്നുറപ്പാണ്.
പരിക്കേറ്റത് ആ പരമ്പരയ്ക്കിടെ
ഐസിസി ചാംപ്യന്‍സ് ട്രോഫിക്കു തൊട്ടു മുമ്പ് ഇംഗ്ലണ്ടുമായി നാട്ടില്‍ വച്ച് വൈറ്റ്‌ബോള്‍ പരമ്പരകളില്‍ ഇന്ത്യ ഏറ്റുമുട്ടിയിരുന്നു. അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പരയില്‍ ടീമിന്റെ ഓപ്പണറും ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറും സഞ്ജു സാംസണായിരുന്നു.
ഈ പരമ്പരയിലെ അപ്രസക്തമായ അഞ്ചാമത്തെയും അവസാനത്തെയും കളിയില്‍ ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആര്‍ച്ചര്‍ക്കെതിരേ ബാറ്റ് ചെയ്യവെയാണ് അദ്ദേഹത്തിനു പരിക്കേറ്റത്. പവര്‍പ്ലേയ്ക്കിടെ ആര്‍ച്ചറുടെ ബോള്‍ തട്ടി ചൂണ്ടുവിരലില്‍ പൊട്ടലേല്‍ക്കുകയായിരുന്നു. പിന്നാലെ പുറത്തായ സഞ്ജു പിന്നീട് വിക്കറ്റ് കീപ്പിങില്‍ ഇറങ്ങിയതുമില്ല.
ഇതോടെയാണ് പരിക്ക് അല്‍പ്പം ഗൗരവമുള്ളതാണെന്നു വ്യക്തമായത്. ഈ പരമ്പരയ്ക്കു ശേഷം മുബൈയിലെത്തിയ സഞ്ജു ശസ്ത്ര ക്രിയക്കും വിധേയനാവുകയായിരുന്നു. ഐപിഎല്ലിനു തൊട്ടുമുമ്പ് അദ്ദേഹത്തിനു ഇത്തരമൊരു ശസ്ത്രക്രിയ വേണ്ടി വന്നത് റോയല്‍സ് ടീമിനെയും ആരാധകരെയുമെല്ലാം ഒരുപോലെ ആശങ്കയിലാക്കുകയും ചെയ്തിരുന്നു.

തിരിച്ചുവരവിന് സഞ്ജു
ഇംഗ്ലണ്ടുമായുള്ള അവസാനത്തെ ടി20 പരമ്പര സഞ്ജു സാംസണിനെ സംബന്ധിച്ച് മികച്ചതായിരുന്നില്ല. പരമ്പരയിലെ എല്ലാ കളിയിലും അദ്ദേഹം ഫ്‌ളോപ്പായെന്നു മാത്രമല്ല, പുറത്താതയതും ഒരേ രീതിയിലായിരുന്നു.
ഇംഗ്ലീഷ് പേസര്‍മാരുടെ ഷോര്‍ട്ട് ബോളുകള്‍ക്കെതിരേ പുള്‍ ഷോട്ട് കളിച്ചാണ് സഞ്ജു ക്യാച്ച് നല്‍കി പുറത്തായി കൊണ്ടിരുന്നത്. വേഗതേറിയ ഷോര്‍ട്ട് ബോളുകള്‍ക്കെതിരേയുളള അദ്ദേഹത്തിന്റെ പുതിയ വീക്ക്‌നെസ് ഈ പരമ്പരയില്‍ തുറന്നു കാണിക്കപ്പെടുകയും ചെയ്തു.
ഇനി ഐപിഎല്ലിലും എതിര്‍ ടീമിലെ ഫാസ്റ്റ് ബൗളര്‍മാര്‍ ഇതേ തന്ത്രമായിരിക്കും സഞ്ജുവിനെതിരേ തയ്യാറാക്കുക. അതുകൊണ്ടു തന്നെ ഇതു മറികടക്കാന്‍ അദ്ദേഹം പുതിയ വഴികള്‍ കണ്ടെത്തിയേ തീരൂ. സഞ്ജുവിനു അതു സാധിക്കുമോയെന്നതിനു വരും ദിവസങ്ങളില്‍ നമുക്കു ഉത്തരവും ലഭിക്കും.