ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്. വലിയ പ്രതീക്ഷകള്‍ ടീമിലുണ്ടായിരുന്നെങ്കിലും ഇതിനൊത്ത പ്രകടനം കാഴ്ചവെക്കാന്‍ ടീമിനായിട്ടില്ല. രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്റെ പരിശീലകനായതോടെ ടീം വളരെയധികം പിന്നോട്ട് പോയിരിക്കുകയാണ്. തുടര്‍ച്ചയായ അഞ്ച് മത്സരത്തിലെ തോല്‍വികള്‍ക്ക് ശേഷം ഗുജറാത്ത് ടൈറ്റന്‍സിനെ തോല്‍പ്പിച്ച് അല്‍പ്പം ആശ്വാസം കാണാന്‍ രാജസ്ഥാനായിട്ടുണ്ട്.
വൈഭവ് സൂര്യവന്‍ഷിയുടെ തകര്‍പ്പന്‍ പ്രകടനമാണ് രാജസ്ഥാന് കരുത്തായി മാറിയത്. 35 പന്തില്‍ സെഞ്ച്വറി നേടിയ വൈഭവ് ഇന്ത്യക്കാരന്റെ ഐപിഎല്ലിലെ വേഗ സെഞ്ച്വറി, ഐപിഎല്ലിലെ വേഗ രണ്ടാം സെഞ്ച്വറി എന്നീ റെക്കോഡുകളെല്ലാം സ്വന്തമാക്കിയിട്ടുണ്ട്. 14ാം വയസില്‍ ഇത്തരമൊരു അത്ഭുത പ്രകടനം നടത്തി ലോക ക്രിക്കറ്റിനെ വിസ്മയിപ്പിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. വൈഭവിന്റെ പ്രകടനം രാജസ്ഥാന്റെ മോശം പ്രകടനത്തിനിടയിലും എല്ലാവര്‍ക്കും അല്‍പ്പം ആശ്വാസമാവുകയാണ്.
രാജസ്ഥാന്‍ റോയല്‍സ് നായകനായ സഞ്ജു സാംസണ്‍ പരിക്കേറ്റ് പുറത്തിരിക്കുന്നത് ടീമിനേയും ആരാധകരേയും നിരാശപ്പെടുത്തുന്ന കാര്യമാണ്. ഇടുപ്പിന് പരിക്കേറ്റ സഞ്ജു കളിക്കുന്നില്ലെങ്കിലും ഇപ്പോഴും ടീമിന്റെ ഭാഗമായി തുടരുകയാണ്. എന്നാല്‍ വൈഭവ് ഇപ്പോള്‍ താളം കണ്ടെത്തിയതോടെ സഞ്ജു സാംസണ്‍ രാജസ്ഥാന്‍ വിട്ട് ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് പോയേക്കുമെന്നാണ് റിപ്പോര്‍ട്ടുള്ളത്. ബിസിസി ഐയും ഇക്കാര്യത്തില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് വിവരം.
സഞ്ജുവിന് ഈ സീസണില്‍ ഇനി കളിക്കാനാവില്ല
സഞ്ജു സാംസണിന്റെ ഫിറ്റ്‌നസ് ഇപ്പോഴും വലിയ പ്രശ്‌നമാണ്. സഞ്ജു ടീമിനൊപ്പം നില്‍ക്കുന്നത് സഹതാരങ്ങള്‍ക്ക് വലിയ ആത്മവിശ്വാസം നല്‍കുന്ന കാര്യമാണ്. വൈഭവ് സൂര്യവന്‍ഷി ഉള്‍പ്പെടെയുള്ള യുവതാരങ്ങള്‍ക്ക് നെറ്റ്‌സിലടക്കം സഞ്ജു വലിയ പിന്തുണ നല്‍കുന്നുണ്ട്. അതുകൊണ്ടുതന്നെ സഞ്ജു ടീമിനൊപ്പം തുടരണമെന്നാണ് ടീം മാനേജ്‌മെന്റിന്റെ താല്‍പര്യം. എന്നാല്‍ ആവശ്യത്തിന് ചികിത്സ എടുക്കാത്ത പക്ഷം സഞ്ജുവിന്റെ പരിക്ക് കൂടുതല്‍ ഗുരുതരമായി മാറാന്‍ സാധ്യതയുണ്ട്. ഇതൊഴിവാക്കാന്‍ സഞ്ജുവിനോട് ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്കെത്താനാണ് നിര്‍ദേശിച്ചിരിക്കുന്നത്.

സഞ്ജു ഇന്ത്യയുടെ ടി20 ടീമിലെ പ്രധാന താരങ്ങളിലൊരാളാണ്. ബിസിസി ഐ കരാറില്‍ ഉള്‍പ്പെട്ട സഞ്ജു ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണറും വിക്കറ്റ് കീപ്പറുമാണ്. അതുകൊണ്ടുതന്നെ സഞ്ജുവിന്റെ ഫിറ്റ്‌നസില്‍ ഇന്ത്യന്‍ ടീമിനും ആശങ്കകളുണ്ട്. ഏഷ്യാ കപ്പും ടി20 ലോകകപ്പുമെല്ലാം വരാനുള്ളതിനാല്‍ സഞ്ജുവിന് വേഗത്തില്‍ ഫിറ്റ്‌നസിലേക്കും പഴയ ഫോമിലേക്കുമെത്തേണ്ടതായുണ്ട്. സഞ്ജുവിന് സമീപകാലത്തായി തുടര്‍ച്ചയായി പരിക്കേല്‍ക്കുന്നുണ്ട്.
ഇംഗ്ലണ്ട് പരമ്പരക്കിടെ കൈവിരലിന് പൊട്ടലേറ്റിരുന്നു. ഇതിന് ശേഷം സഞ്ജു പഴയ ഫിറ്റ്‌നസിലേക്കെത്തവെയാണ് പരിക്ക് വീണ്ടും വില്ലനായി മാറിയിരിക്കുന്നത്. സഞ്ജുവിന് കൂടുതല്‍ വിശ്രമം അനിവാര്യമാണെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെയാണെങ്കില്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് ഉടന്‍ തന്നെ സഞ്ജു പോവാനാണ് സാധ്യത. പാതി വഴിയില്‍ രാജസ്ഥാന്‍ വിടാന്‍ സഞ്ജു തയ്യാറാവുമോയെന്നതാണ് കണ്ടറിയേണ്ടത്.
രാജസ്ഥാന് ഇനി പ്ലേ ഓഫ് പ്രതീക്ഷയില്ല
സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സില്‍ തുടര്‍ന്നിട്ടും ഇനി കാര്യമില്ലെന്ന് പറയാം. ടീമിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ ഏറെക്കുറെ അവസാനിച്ചതാണ്. ഇനിയുള്ള എല്ലാ മത്സരങ്ങളും ജയിച്ചാലും രാജസ്ഥാന്‍ പ്ലേ ഓഫിലെത്താന്‍ സാധ്യത കുറവാണ്. ഈ സാഹചര്യത്തില്‍ സഞ്ജുവിന് വിശ്രമം അനുവദിക്കാന്‍ രാജസ്ഥാന്‍ ടീമും തയ്യാറായേക്കും. നിലവില്‍ ടീമിനൊപ്പമുള്ള സഞ്ജു അടുത്ത ദിവസം തന്നെ നാട്ടിലേക്ക് മടങ്ങിയേക്കുമെന്നാണ് സൂചനകളുള്ളത്.
സഞ്ജുവിന്റെ ഫിറ്റ്‌നസിന് വലിയ പ്രാധാന്യം ടീം നല്‍കുന്നുണ്ട്. നിലവില്‍ സഹതാരങ്ങളുടെ പരിശീലനത്തിനടക്കം സഹായിക്കുന്ന സഞ്ജുവിന്റെ പരിക്ക് ഗുരുതരമായാല്‍ കാര്യങ്ങള്‍ കൂടുതല്‍ പ്രയാസമാവും. അതുകൊണ്ടുതന്നെ സഞ്ജുവിന്റെ ഫിറ്റ്‌നസിന് പ്രാധാന്യം നല്‍കി തീരുമാനമെടുക്കാനാണ് സാധ്യത.