അഹമ്മദാബാദ്: ഗുജറാത്ത് ടൈറ്റന്‍സിനെതിരായ ഐപിഎല്‍ പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ പരാജയത്തിന്റെ യഥാര്‍ഥ കാരണം ചൂണ്ടിക്കാണിച്ചിരിക്കുകയാണ് നായകന്‍ സഞ്്ജു സാംസണ്‍. ഒപ്പം കളിയിലെ ടേണിങ് പോയിന്റ് എന്തായിരുന്നുവെന്നു അദ്ദേഹം തുറന്നു പറയുകയും ചെയ്തു. 58 റണ്‍സിന്റെ വന്‍ പരാജയത്തിനു ശേഷം പോസ്റ്റ് മാച്ച് ഷോയില്‍ സംസാരിക്കുകയായിരുന്നു റോയല്‍സ് ക്യാപ്റ്റന്‍.
ഈ സീസണില്‍ റോയല്‍സിനു നേരിട്ട മൂന്നാമത്തെ പരാജയം കൂടിയാണിത്. തുടര്‍ച്ചയായ രണ്ടു ജയങ്ങള്‍ക്കു ശേഷമാണ് ഈ കളിയില്‍ റോയല്‍സ് പരാജയത്തിലേക്കു വീണത്. 218 റണ്‍സിന്റെ വെല്ലുവിളിയുയര്‍ത്തുന്ന ടോട്ടലാണ് റോയല്‍സിനു ശുഭ്മന്‍് ഗില്ലിന്റെ ജിടി നല്‍കിയത്. പക്ഷെ കാര്യമായി പൊരുതാന്‍ പോലുമാവാതെ 19.2 ഓവറില്‍ 159 റണ്‍സിനു റോയല്‍സ് കൂടാരം കയറുകയും ചെയ്തു.

കളി മാറ്റിയ വിക്കറ്റ്
ഗുജറാത്ത് ടൈറ്റന്‍സിനെതിരേ റണ്‍ചേസിലെ ടേണിങ് പോയിന്റ് തന്റെ പുറത്താവലാണെന്നു സഞ്ജു സാംസണ്‍ വ്യക്തമാക്കി. ഇതു സംഭവിച്ചില്ലായിരുന്നെങ്കില്‍ ടീമിനു വിജയിക്കാന്‍ കഴിയുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഗുജറാത്ത് ടൈറ്റന്‍സിനു ഈ മല്‍സരത്തില്‍ 15-20 റണ്‍സ് അധികം നേടാന്‍ കഴിഞ്ഞു. ഇതു ഞങ്ങളുടെ ബൗളിങ് കാരണമാണ്. റണ്‍ചേസില്‍ ഞങ്ങള്‍ എപ്പോഴെല്ലാം ബാറ്റിങില്‍ സ്ഥിരത ആഗ്രഹിച്ചോ, അപ്പോഴെല്ലാം വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടിരുന്നു. ഞാനും ഷിംറോണ്‍ ഹെറ്റ്‌മെയറും ബാറ്റ് ചെയ്തു കൊണ്ടിരിക്കവെ ഞങ്ങള്‍ക്കു ചേസ് ചെയ്യാവുന്ന സ്‌കോറായിരുന്നു ഇത്. പക്ഷെ എന്റെ വിക്കറ്റ് കളി മാ്റ്റിയതായും സഞ്ജു വ്യക്തമാക്കി.
28 ബോളില്‍ 41 റണ്‍സ് നേടിയാണ് അഞ്ചാമനായി സഞ്ജു പുറത്തായത്. നാലു ഫോറുകളും രണ്ടു സിക്‌സറുകളും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. അഞ്ചാം വിക്കറ്റില്‍ സഞ്ജുവും ഷിംറോണ്‍ ഹെറ്റ്‌മെയറും ചേര്‍ന്ന് 48 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയിരുന്നു.
ഇതോടെ റോയല്‍സിന്റെ ടോട്ടല്‍ 13ാം ഓവറിനു മുമ്പ് 100 കടക്കുകയും ചെയ്തു. ടീം ടോട്ടല്‍ 116ല്‍ വച്ചാണ് പ്രസിദ്ധ് കൃഷ്ണയെറിഞ്ഞ 13ാം ഓവറില്‍ സഞ്ജു പുറത്തായത്. തേര്‍ഡ് മാനിലേക്കു ഷോട്ടിനു ശ്രമിച്ച അദ്ദേഹത്തെ സായ് കിഷോര്‍ സിംപിള്‍ ക്യാച്ചിലൂടെ മടക്കുകയായിരുന്നു.
ബൗളിങിനു വിമര്‍ശനം
രാജസ്ഥാന്‍ റോയല്‍സിന്റെ കനത്ത പരാജയത്തിനു പ്രധാനമായും തന്റെ ബൗളിങ് നിരയെയാണ് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ വിമര്‍ശിച്ചത്. പ്രത്യേകിച്ചും ഡെത്ത് ഓവറിലെ ബൗളിങിനെ കുറിച്ച് ടീം ഗൗരവമായി ചിന്തിക്കേണ്ടത് ആവശ്യമാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. കളിയുടെ തുടക്കത്തില്‍ ഞങ്ങള്‍ നന്നായി പന്തെറിഞ്ഞു. ജോഫ്ര ആര്‍ച്ചര്‍ ബൗള്‍ ചെയ്ത രീതിയും ശുഭ്മന്‍ ഗില്ലിന്റെ വിക്കറ്റെടുത്തതമെല്ലാം മികച്ചതായിരുന്നു.
പക്ഷെ ഡെത്ത് ഓവറിലെ ബൗളിങിലേക്കു നാളത്തെ മീറ്റിങില്‍ ഞങ്ങള്‍ നോക്കേണ്ടത് ആവശ്യമാണ്. ഇനിയിലുള്ള മല്‍സരങ്ങളില്‍ മെച്ചപ്പെട്ട തിരിച്ചുവരവ് നടത്തുകയും വേണമെന്നും സഞ്ജു പറഞ്ഞു. ടോസിനു ശേഷം ബൗളിങ് തിരഞ്ഞെടുത്ത തന്റെ തീരുമാനം തെറ്റായിരുന്നുവെന്നു തോന്നുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നിങ്ങള്‍ മല്‍സരങ്ങള്‍ തോറ്റു കഴിയുമ്പോള്‍ ടോസിനെക്കുറിച്ചും ചര്‍ച്ചകള്‍ വരും. ആദ്യം ബാറ്റ് ചെയ്യണമായിരുന്നുവെന്നും ചേസ് ചെയ്യണമായിരുന്നുവെന്നുമെല്ലാം അഭിപ്രായങ്ങളുമുണ്ടാവും. ഞങ്ങള്‍ ഈ മല്‍സരത്തില്‍ ഇതേ സാഹചര്യങ്ങള്‍ പ്രതീക്ഷിച്ചതാണ്. ഇതു വളരെ മികച്ച വിക്കറ്റായിരുന്നു.
ഞങ്ങള്‍ സാഹചര്യങ്ങളെ ബഹുമാനിക്കാന്‍ ആഗ്രഹിക്കുന്നു. കൂടാതെ ചേസിങിലൂടെ വിജയങ്ങള്‍ നേടുന്ന ടീമായി മാറാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നതായും സഞ്ജു കൂട്ടിച്ചേര്‍ത്തു. ഞായറാഴ്ച വൈകീട്ട് 3.30ന് ഹോംഗ്രൗണ്ടായ ജയ്പൂരില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവമായിട്ടാണ് റോയല്‍സിന്റെ അടുത്ത പോരാട്ടം.