ഐപിഎല്ലിന്റെ മൂന്നു റൗണ്ടുകള്‍ പൂര്‍ത്തിയായപ്പോള്‍ ഒരു ജയവും രണ്ടു തോല്‍വികളുമടക്കം രണ്ടു പോയിന്റുമായി ഒമ്പതാം സ്ഥാനത്തു നില്‍ക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. ഇതിനകം നടന്ന മൂന്നു കളിയിലും റിയാന്‍ പരാഗാണ് ടീമിനെ നയിച്ചതെങ്കില്‍ ഇനി സ്ഥിരം ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ ഊഴമാണ്. ടൂര്‍ണമെന്റിലെ ശേഷിച്ച മല്‍സരങ്ങളില്‍ ടീമിനെ നയിക്കാന്‍ അദ്ദേഹം മടങ്ങിയെത്തുമെന്ന ഉറച്ച വിശ്വാസത്തില്‍ തന്നെയാണ് ആരാധകര്‍.
അടുത്ത ശനിയാഴ്ച പഞ്ചാബ് കിങ്‌സുമായി അവരുടെ തട്ടകത്തിലാണ് റോയല്‍സിന്റെ അടുത്ത മല്‍സരം. ഈ കളിയില്‍ നായകനും ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറുമായി സഞ്ജു മടങ്ങിയെത്തുമോയെന്നാണ് ഇനി കാത്തിരുന്നു കാണേണ്ടത്.
അതിനിടെ ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള അവസാന മല്‍സശേഷം അദ്ദേഹം ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്കു (എന്‍സിഎ) പോയെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്.

എന്തുകൊണ്ട് എന്‍സിഎ?
ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള കളിക്കു ശേഷം ബെംഗളൂരുവിലെ എന്‍സിഎയിലേക്കു സഞ്ജു സാംസണ്‍ മടങ്ങിയതായി ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ അദ്ദേഹത്തിനു വീണ്ടും പരിക്കേറ്റോ, അടുത്ത മല്‍സരം നഷ്ടമാവുമോ എന്നീ ആശങ്കകളിലാണ് ആരാധകര്‍. പക്ഷെ ഇത്തരത്തിലുള്ള ആശങ്കകളുടെയൊന്നും ആവശ്യമില്ല.
ഫിറ്റ്‌നസ് പരിശോധനകള്‍ക്കു വിധേയനാവുന്നതിനു വേണ്ടിയാണ് സഞ്ജു വീണ്ടും എന്‍സിഎയിലെത്തിയത്. നേരത്തേ വിക്കറ്റ് കീപ്പിങില്‍ താരത്തിനു അവിടെ നിന്നും ക്ലിയറന്‍സ് ലഭിച്ചിരുന്നില്ല. ഇതേ തുടര്‍ന്നാണ് കഴിഞ്ഞ മൂന്നു കളിയിലും വെറും ബാറ്റര്‍ മാത്രമായി ഇംപാക്ട് സബിന്റെ റോളില്‍ സഞ്ജു കളിക്കാനിറങ്ങിയത്. നായക സ്ഥാനം യുവ ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗിനും കൈമാറുകയായിരുന്നു.
എന്‍സിഎയില്‍ വച്ച് വിക്കറ്റ് കീപ്പിങിലും സഞ്ജു ഫിറ്റ്‌നസ് ടെസ്റ്റിനു വിധേയനാവും. അവിടെ നിന്നും പച്ചക്കൊടി ലഭിച്ചാല്‍ മാത്രമേ പഞ്ചാബ് കിങ്‌സുമായുള്ള അടുത്ത കളിയില്‍ ക്യാപ്റ്റന്‍സിക്കൊപ്പം വിക്കറ്റ് കീപ്പിങും അദ്ദേഹം ഏറ്റെടുക്കുകയുളളൂ. എന്നാള്‍ ഫിറ്റ്‌നസ് കടമ്പ കടക്കാനായില്ലെങ്കില്‍ അടുത്ത മാച്ചിലും ബാറ്ററായി മാത്രമേ സഞ്ജുവിനെ കാണുകയുള്ളൂ പരാഗ് താല്‍ക്കാലിക ക്യാപ്റ്റനായി തുടരുകയും ചെയ്യും.
സഞ്ജുവിന്റെ പരിക്ക്
കഴിഞ്ഞ മാസം ഇംഗ്ലണ്ടുമൈയി നാട്ടില്‍ നടന്ന അഞ്ചു ടി20 മല്‍സരങ്ങളുടെ പരമ്പരയ്ക്കിടെയാണ് ഇപ്പോള്‍ രാജസ്ഥാന്‍ റോയല്‍സിലെ ടീമംഗം കൂടിയായ ജോഫ്ര ആര്‍ച്ചറെ നേരിടവെ സഞ്ജു സാംസണിനു പരിക്കേറ്റത്. പവര്‍പ്ലേയില്‍ ബാറ്റിങിനിടെ ബോള്‍ തട്ടി അദ്ദേഹത്തിന്റെ ചൂണ്ടുവിരലിനു പൊട്ടലേല്‍ക്കുകയായിരുന്നു.
തുടര്‍ന്നു ഈ കളിയില്‍ വിക്കറ്റ് കീപ്പിങില്‍ നിന്നും താരം മാറി നില്‍ക്കുകയും ചെയ്തു. പകരം ധ്രുവ് ജുറേലാണ് ടീമിനായി വിക്കറ്റ് കാത്തത്. പരിക്ക് അല്‍പ്പം സാരമുള്ളതാണെന്നു വിദഗ്ധ പരിശോധനയില്‍ വ്യക്തമാവുകയും തുടര്‍ന്ന് കഴിഞ്ഞ മാസം 11ന് മുംബൈയില്‍ വച്ച് സഞ്ജു ശസ്ത്രക്രിയക്കു വിധേയനാവുകയും ചെയ്തു.

തുടര്‍ന്നു ഐപിഎല്ലിനു മുമ്പ് ഫിറ്റ്‌നസ് വീണ്ടെടുക്കുന്നതിന്റെ ഭാഗമായി എന്‍സിഎയിലായിരുന്നു അദ്ദേഹം. പുതിയ സീസണിലെ ആദ്യത്തെ കുറച്ചു മല്‍സരങ്ങള്‍ സഞ്ജുവിനു തീര്‍ച്ചയായും നഷ്ടമാവുമെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. ഇതു റോയല്‍സിനെ ആശങ്കയിലാക്കുകയും ചെയ്തു.
എന്നാല്‍ ആരാധകരേ ആവേശത്തിലാക്കിയാണ് സീസണിനു തൊട്ടുമുമ്പ് ടീമിനോടൊപ്പം സഞ്ജു ചേര്‍ന്നത്. അതിനു പിന്നാലെ തന്നെ ആദ്യ മൂന്നു കളിയിലും താന്‍ ക്യാപ്റ്റനായി ഉണ്ടാവില്ലെന്നും പകരം റിയാന്‍ പരാഗ് നയിക്കുമെന്നുമുള്ള അദ്ദേഹത്തിന്റെ പ്രഖ്യാപനം വരികയും ചെയ്തു. ഇംപക്ട് പ്ലെയറായി ഓപ്പണിങില്‍ കളിച്ച സഞ്ജു ഭേദപ്പെട്ട പ്രകടനമാണ് നടത്തിയത്. കഴിഞ്ഞ മൂന്നിങ്‌സുകളില്‍ 66, 13, 20 എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ സ്‌കോറുകള്‍.