Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ജയ്‌സ്വാള്‍-വൈഭവ് ഓപ്പണിങ്, നാലാം നമ്പറില്‍ അവന്‍! 2026ല്‍ രാജസ്ഥാന് ഈ 11

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണില്‍ നിരാശപ്പെടുത്തുന്ന പ്രകടനം പുറത്തെടുക്കുന്ന ടീമാണ് രാജസ്ഥാന്‍ റോയല്‍സ്. 11 മത്സരത്തില്‍ നിന്ന് മൂന്ന് ജയം മാത്രമാണ് രാജസ്ഥാന് നേടാനായിരിക്കുന്നത്. ആറ് പോയിന്റ് മാത്രമുള്ള രാജസ്ഥാന്‍ മൂന്ന് മത്സരം ശേഷിക്കെ പ്ലേ ഓഫ് കാണാതെ പുറത്തായിരിക്കുകയാണ്. രാജസ്ഥാന്‍ റോയല്‍സിന്റെ ആരാധകരെ തീര്‍ത്തും നിരാശപ്പെടുത്തിയാണ് ടീം ഈ സീസണില്‍ നിന്ന് പുറത്താവുന്നത്. രാഹുല്‍ ദ്രാവിഡിനെ പരിശീലകനാക്കിയപ്പോള്‍ ടീമിന് പ്രതീക്ഷകളേറെയായിരുന്നു. എന്നാല്‍ പ്രകടന നിലവാരം താഴോട്ട് പോവുകയാണ് ചെയ്തിരിക്കുന്നത്.

മെഗാ ലേലത്തിന് മുമ്പ് ജോസ് ബട്‌ലര്‍, ട്രന്റ് ബോള്‍ട്ട്, യുസ് വേന്ദ്ര ചഹാല്‍ എന്നിവരെ വിട്ടുകളഞ്ഞത് രാജസ്ഥാന്‍ കാട്ടിയ വലിയ മണ്ടത്തരമാണ്. ഇവരെല്ലാം ഇപ്പോള്‍ മിന്നും ഫോമില്‍ കളിക്കുകയും മാച്ച് വിന്നര്‍മാരാവുകയും ചെയ്യുമ്പോള്‍ രാജസ്ഥാന്‍ പിന്നോട്ട് പോവുകയാണ്. സഞ്ജു സാംസണിന്റെ പരിക്കും ദ്രാവിഡുമായുള്ള ഭിന്നതയുമെല്ലാം ടീമിനെ തളര്‍ത്തുന്ന കാര്യങ്ങളാണ്. എന്തായാലും ഈ സീസണിലെ തിരിച്ചടി മറന്ന് അടുത്ത സീസണില്‍ ശക്തമായൊരു തിരിച്ചുവരവാണ് രാജസ്ഥാന്‍ ലക്ഷ്യമിടുന്നത്.

ഈ സീസണില്‍ നിരാശപ്പെടുത്തിയ എല്ലാ താരങ്ങളേയും പുറത്താക്കാന്‍ രാജസ്ഥാനാവില്ല. അടുത്ത ലേലം വരെ ചില അഴിച്ചുപണികള്‍ മാത്രം നടത്തി രാജസ്ഥാന് മുന്നോട്ട് പോകേണ്ടതായുണ്ട്. അടുത്ത സീസണില്‍ രാജസ്ഥാന് കളത്തിലിറക്കാന്‍ സാധിക്കുന്ന മികച്ച പ്ലേയിങ് 11 ഏതാണെന്ന് പരിശോധിക്കാം.

ജയ്‌സ്വാള്‍-വൈഭവ് ഓപ്പണിങ്

ഈ സീസണില്‍ സഞ്ജു സാംസണിന് പരിക്കേറ്റതോടെയാണ് വൈഭവ് സൂര്യവന്‍ഷിക്ക് ഓപ്പണറായി അവസരം ലഭിച്ചത്. 35 പന്തില്‍ സെഞ്ച്വറിയടക്കം നേടി 14കാരനായ വൈഭവ് എല്ലാവരുടേയും കൈയടി നേടിയെടുക്കുകയും ചെയ്തു. വലിയ ഭാവി കല്‍പ്പിക്കപ്പെടുന്ന താരമാണ് വൈഭവ്. അടുത്ത സീസണിലും രാജസ്ഥാന്‍ നിരയില്‍ വൈഭവ് ഉണ്ടാവുമെന്നുറപ്പാണ്. വൈഭവും യശ്വസി ജയ്‌സ്വാളും ചേര്‍ന്നാവും രാജസ്ഥാന്റെ ഓപ്പണിങ് കൂട്ടുകെട്ട്. സഞ്ജു സാംസണ്‍ രാജസ്ഥാനില്‍ തുടരാനുള്ള സാധ്യത വിരളമാണെന്ന് തന്നെ പറയാം. രാഹുല്‍ ദ്രാവിഡുമായി അഭിപ്രായ ഭിന്നതയിലാണ് സഞ്ജുവുള്ളത്. അതുകൊണ്ടുതന്നെ സഞ്ജുവിനെ നിലനിര്‍ത്തി മുന്നോട്ട് പോകാന്‍ ദ്രാവിഡ് തയ്യാറാവില്ല.

ഭിന്നതയില്‍ ടീമില്‍ തുടരാന്‍ സഞ്ജുവും തയ്യാറായേക്കില്ല. രാജസ്ഥാനിലൂടെ വളര്‍ന്ന് പേരെടുക്കുകയും ഇന്ത്യന്‍ ടീമിലേക്കടക്കം വളരുകയും ചെയ്ത താരമാണ് സഞ്ജു. രാഹുല്‍ ദ്രാവിഡാണ് രാജസ്ഥാനില്‍ സഞ്ജുവിന് അവസരമൊരുക്കിയതും. അതുകൊണ്ടുതന്നെ സഞ്ജു രാജസ്ഥാനില്‍ തുടരണമെന്ന് അഭിപ്രായപ്പെടുന്നവര്‍ ഏറെയാണ്. പക്ഷെ നിലവിലെ സാഹചര്യം വിലയിരുത്തുമ്പോള്‍ സഞ്ജു രാജസ്ഥാന്‍ വിടാനുള്ള സാധ്യതയാണ് കൂടുതല്‍.

ജയ്‌സ്വാള്‍-വൈഭവ് ഓപ്പണിങ് കൂട്ടുകെട്ടില്‍ വിശ്വസിച്ച് രാജസ്ഥാന്‍ തന്ത്രം മെനയുമ്പോള്‍ സഞ്ജു ടീം വിടാനുള്ള സാധ്യതയാണ് കൂടുതല്‍. സഞ്ജു രാജസ്ഥാനില്‍ തുടരുന്നത് താരത്തിനും ടീമിനും ഒരുപോലെ ബാധ്യതയാണെന്ന് പറയാം. അതുകൊണ്ടുതന്നെ സഞ്ജു ഈ സീസണോടെ രാജസ്ഥാനില്‍ നിന്ന് പടിയിറങ്ങുമെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്.

sanju samson rahul dravid ipl 2025

റിയാന്‍ പരാഗ്, ജോണി ബെയര്‍സ്‌റ്റോ, ദ്രുവ് ജുറേല്‍

മൂന്നാം നമ്പറില്‍ റിയാന്‍ പരാഗിന് സ്ഥിരം സീറ്റ് നല്‍കും. സഞ്ജു സാംസണ്‍ കളമൊഴിയുമ്പോള്‍ പരാഗിലേക്കാവും നായകസ്ഥാനമെത്തുക. ഈ സീസണില്‍ത്തന്നെ സഞ്ജുവിന്റെ അഭാവത്തില്‍ രാജസ്ഥാനെ നയിച്ചത് പരാഗാണ്. പ്രകടനം മോശമായിരുന്നെങ്കിലും ഒറ്റ സീസണ്‍കൊണ്ട് പരാഗിനെ എഴുതിത്തള്ളാന്‍ ടീം മാനേജ്‌മെന്റ് തയ്യാറാവില്ല. അസം ടീമിനൊപ്പം ക്യാപ്റ്റനായി മിന്നിച്ചിട്ടുള്ള താരമാണ് പരാഗ്. ഈ മികവില്‍ ടീം വിശ്വാസം അര്‍പ്പിക്കും. രാഹുല്‍ ദ്രാവിഡിന്റെ പിന്തുണകൂടിയാവുമ്പോള്‍ രാജസ്ഥാന്റെ മികച്ച നായകനായി പരാഗ് മാറുമെന്നാണ് ടീം പ്രതീക്ഷിക്കുന്നത്.

അതുകൊണ്ടുതന്നെ പരാഗിന്റെ ക്യാപ്റ്റന്‍സിയെ വിശ്വസിച്ച് ടീം മുന്നോട്ട് പോകുമെന്നാണ് നിലവിലെ സാഹചര്യത്തില്‍ വ്യക്തമാവുന്നത്. മൂന്നാം നമ്പറില്‍ പരാഗിന് തുടര്‍ച്ചയായി അവസരം നല്‍കാനും സാധ്യതകളേറെയാണ്. നിതീഷ് റാണയെ അടുത്ത സീസണില്‍ രാജസ്ഥാന്‍ പിന്തുണക്കാന്‍ സാധ്യത കുറവാണെന്ന് തന്നെ പറയാം. നാലാം നമ്പറില്‍ ജോണി ബെയര്‍സ്‌റ്റോയെ കൊണ്ടുവരാന്‍ രാജസ്ഥാന്‍ ശ്രമിച്ചേക്കും. ഈ സീസണില്‍ ആര്‍ക്കും വേണ്ടാത്ത താരമാണ് ബെയര്‍‌സ്റ്റോ. അതുകൊണ്ടുതന്നെ അടുത്ത സീസണിന് മുമ്പ് താരത്തെ ടീമിലേക്കെത്തിക്കാന്‍ ശ്രമിച്ചേക്കും.

വമ്പനടിക്കാരനായ ബെയര്‍‌സ്റ്റോയെപ്പോലൊരു താരത്തെ രാജസ്ഥാന് ആവശ്യമാണ്. ഈ സീസണില്‍ കെട്ടുറപ്പില്ലാത്ത മധ്യനിരയാണ് രാജസ്ഥാനെ പല മത്സരങ്ങളിലും തോല്‍പ്പിച്ചത്. അതുകൊണ്ടുതന്നെ ഇത്തരമൊരു മാറ്റത്തിന് രാജസ്ഥാന്‍ ശ്രമം നടത്താന്‍ സാധ്യത കൂടുതലാണ്. അഞ്ചാം നമ്പറില്‍ ദ്രുവ് ജുറേല്‍ കളിക്കും. വിക്കറ്റ് കീപ്പര്‍ റോള്‍ ജുറേലിനാവും. 14 കോടിക്ക് രാജസ്ഥാന്‍ നിലനിര്‍ത്തിയ താരമാണ് ജുറേല്‍. ഇത്തവണ പ്രകടം അല്‍പ്പം മോശമായിരുന്നു. എന്നാല്‍ തള്ളിപ്പറയാന്‍ ടീം തയ്യാറായേക്കില്ല. അടുത്ത സീസണിലും ടീമിലെ നിര്‍ണ്ണായക റോള്‍ ജുറേലിന് നല്‍കാനാണ് സാധ്യത കൂടുതല്‍.

shimron hetmyer dhruv jurel

ഷിംറോന്‍ ഹെറ്റ്‌മെയര്‍, യുദ്ധ്‌വീര്‍ സിങ്, ജോഫ്രാ ആര്‍ച്ചര്‍

ആറാം നമ്പറില്‍ ഫിനിഷറായി ഷിംറോന്‍ ഹെറ്റ്‌മെയര്‍ തുടര്‍ന്നേക്കും. 11 കോടിക്ക് രാജസ്ഥാന്‍ നിലനിര്‍ത്തിയ താരമാണ് ഹെറ്റ്‌മെയര്‍. ഈ സീസണില്‍ രാജസ്ഥാന്‍ ജയിക്കേണ്ട പല കളികളും തോല്‍പ്പിച്ചത് ഹെറ്റ്‌മെയറാണ്. എന്നാല്‍ ചരിത്രം പരിശോധിക്കുമ്പോള്‍ രാജസ്ഥാനായി പല മാച്ച് വിന്നിങ് ഇന്നിങ്‌സുകളും കളിച്ചിട്ടുള്ളവനാണ് ഹെറ്റ്‌മെയര്‍. ഈ ഒരു സീസണിലെ പിഴവുകൊണ്ട് ഹെറ്റ്‌മെയറെ ടീം തള്ളിപ്പറയാന്‍ സാധ്യത കുറവാണ്. അടുത്ത സീസണിലും ഫിനിഷര്‍ റോളില്‍ ഹെറ്റ്‌മെയറെത്തന്നെ പ്രതീക്ഷിക്കാം. എന്നാല്‍ ആരാധകര്‍ ഈ തീരുമാനത്തിനെതിരേ വലിയ വിമര്‍ശനം ഉയര്‍ത്താന്‍ സാധ്യതകളേറെയാണ്.

ഓള്‍റൗണ്ടറായി യുദ്ധ് വീര്‍ സിങ്ങിനെ ടീം അടുത്ത സീസണിലും വിശ്വസിച്ചേക്കും. ഈ സീസണില്‍ കാര്യമായി താരത്തെ ഉപയോഗിച്ചിട്ടില്ല. തുടര്‍ അവസരം ലഭിച്ചാല്‍ കഴിവ് കാട്ടാന്‍ കെല്‍പ്പുള്ളവനാണ് താരം. നിലവില്‍ രാജസ്ഥാന് മികച്ചൊരു പേസ് ഓള്‍റൗണ്ടറുടെ അഭാവമുണ്ട്. ഇത് പരിഹരിക്കാന്‍ മെഗാ ലേലത്തിലൂടെയും സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ വരുന്ന സീസണിലും യുദ്ധ് വീറിന് ടീമില്‍ സ്ഥാനം പ്രതീക്ഷിക്കാം. ശുബം ദുബെ ഇംപാക്ട് പ്ലയറായി കളിക്കാനും സാധ്യതയുണ്ട്.

എട്ടാം നമ്പറില്‍ ജോഫ്രാ ആര്‍ച്ചര്‍ പ്രധാന പേസറായി തുടരും. ബാറ്റുകൊണ്ടും ഭേദപ്പെട്ട പ്രകടനം നടത്താന്‍ ആര്‍ച്ചര്‍ക്ക് സാധിക്കും. ട്രന്റ് ബോള്‍ട്ടിനെ ഒഴിവാക്കി രാജസ്ഥാന്‍ കൊണ്ടുവന്ന താരമാണ് ആര്‍ച്ചര്‍. പ്രതീക്ഷിച്ച പ്രകടനം നടത്താന്‍ ആര്‍ച്ചര്‍ക്ക് സാധിച്ചിട്ടില്ല. എന്നാല്‍ താരത്തെ വേണ്ടവിധത്തില്‍ ഉപയോഗിക്കാന്‍ ടീമിന് സാധിച്ചിട്ടില്ലെന്നതാണ് വസ്തുത. എന്തായാലും അടുത്ത സീസണിലും ആര്‍ച്ചര്‍ക്ക് സീറ്റുറപ്പിക്കാം.

jofra archerr ipl 2025

മഹേഷ് തീക്ഷണ, സന്ദീപ് ശര്‍മ, ആകാശ് മദ് വാള്‍

സ്പിന്നറായി മഹേഷ് തീക്ഷണ തുടര്‍ന്നേക്കും. ഭേദപ്പെട്ട പ്രകടനമാണ് തീക്ഷണ ഇത്തവണ കാഴ്ചവെച്ചത്. എന്നാല്‍ വലിയ പ്രതീക്ഷയോടെയെത്തിയ വനിന്‍ഡു ഹസരങ്ക ഫ്‌ളോപ്പായി. അടുത്ത സീസണില്‍ താരത്തെ ഒഴിവാക്കാനാണ് സാധ്യത കൂടുതല്‍. സീനിയര്‍ പേസറായ സന്ദീപ് ശര്‍മ അടുത്ത സീസണിലും തുടര്‍ന്നേക്കും. സന്ദീപ് ഈ സീസണില്‍ പ്രതീക്ഷിച്ച നിലവാരം കാട്ടിയില്ലെങ്കിലും മോശമാക്കിയില്ല. സഞ്ജു സാംസണിന്റെ വിശ്വസ്തനായിരുന്നു സന്ദീപ്.

അവസാനക്കാരനായി ആകാശ് മദ് വാളിനെ കളിപ്പിച്ചേക്കും. ഈ സീസണില്‍ രാജസ്ഥാന്‍ വൈകി ഉപയോഗിച്ച താരമാണ് ആകാശ്. ഡെത്തോവറിലും മധ്യ ഓവറുകളിലും മികച്ച യോര്‍ക്കറുകളോടെ കളി പിടിക്കാന്‍ കെല്‍പ്പുള്ളവനാണ് ആകാശ്. അതുകൊണ്ടുതന്നെ താരത്തെ അടുത്ത സീസണില്‍ പ്രധാന പേസര്‍മാരിലൊരാളായി രാജസ്ഥാന്‍ കൂടെ നിര്‍ത്താനാണ് സാധ്യത കൂടുതല്‍.

Story first published: Friday, May 2, 2025, 14:41 [IST]
Other articles published on May 2, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+