ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണ്‍ ആവേശകരമായി പുരോഗമിക്കുകയാണ്. ഇത്തവണ പോരാട്ടം മുറുകവെ ഏറ്റവും നിരാശപ്പെടുത്തുന്ന ടീമുകളിലൊന്നാണ് രാജസ്ഥാന്‍ റോയല്‍സ്. സഞ്ജു സാംസണ്‍ നായകനും രാഹുല്‍ ദ്രാവിഡ് പരിശീലകനുമായുള്ള രാജസ്ഥാന്റെ ഈ സീസണിലെ പ്രകടനം തീര്‍ത്തും നിരാശപ്പെടുത്തുകയാണ്. ക്യാപ്റ്റന്‍ സ്ഥാനത്തുള്ള സഞ്ജുവിനെ പരിക്ക് വേട്ടയാടിയതും ലേലത്തിലെ മണ്ടന്‍ തീരുമാനങ്ങളുമാണ് രാജസ്ഥാന്റെ തകര്‍ച്ചക്ക് കാരണമായിരിക്കുന്നത്.

ദ്രാവിഡ് മികച്ച പരിശീലകനാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. ഇന്ത്യയെ ടി20 ലോകകപ്പ് കിരീടം ചൂടിക്കാനും ദ്രാവിഡിനായി. എന്നാല്‍ രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലകനെന്ന നിലയിലേക്കെത്തിയതോടെ ദ്രാവിഡ് തീര്‍ത്തും നിരാശപ്പെടുത്തി. അദ്ദേഹത്തിന്റെ പദ്ധതികളെല്ലാം ടീമിനെ പിന്നോട്ടടിക്കുന്നതാണെന്ന് പറയാം. നായകന്‍ സഞ്ജു സാംസണും ദ്രാവിഡും തമ്മിലുള്ള ഭിന്നതയും രാജസ്ഥാനെ പിന്നോട്ടടിച്ചു. അടുത്ത സീസണിന് മുമ്പ് ചില സുപ്രധാന മാറ്റങ്ങള്‍ രാജസ്ഥാന്‍ ടീമിലുണ്ടാകുമെന്നുറപ്പാണ്.
നായകന്‍ സഞ്ജുവും കോച്ച് ദ്രാവിഡും ഇനി ഒരുമിച്ച് തുടരാന്‍ സാധ്യതയില്ല. അതുകൊണ്ടുതന്നെ രണ്ട് പേരിലൊരാള്‍ രാജസ്ഥാനില്‍ തുടരാനാണ് സാധ്യത. സഞ്ജുവോ ദ്രാവിഡോ എന്ന നിലയിലേക്ക് ചോദ്യമുയര്‍ന്നാല്‍ രാജസ്ഥാന്‍ ആര്‍ക്കൊപ്പം നില്‍ക്കും? സാധ്യത പരിശോധിക്കാം.
സഞ്ജുവിന്റെ ചീട്ടുകീറാന്‍ കൂടുതല്‍ സാധ്യത
നിലവിലെ രാജസ്ഥാന്‍ ടീമിന്റെ സാഹചര്യത്തില്‍ സഞ്ജു സാംസണിന് വലിയ തിരിച്ചടി ലഭിക്കാനാണ് കൂടുതല്‍ സാധ്യത. സഞ്ജുവും രാജസ്ഥാന്‍ ടീം മാനേജ്‌മെന്റും തമ്മിലുള്ള ബന്ധത്തിലും വിള്ളല്‍ വീണിരിക്കുകയാണ്. സഞ്ജുവിനെ നായകസ്ഥാനത്ത് നിന്ന് മാറ്റി റിയാന്‍ പരാഗിനെ ആ സ്ഥാനത്തേക്ക് കൊണ്ടുവരാനാണ് രാജസ്ഥാന്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ സഞ്ജുവിനെ തഴയാന്‍ ലഭിക്കുന്ന അവസരങ്ങളെല്ലാം രാജസ്ഥാന്‍ ചെയ്യുകയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ദ്രാവിഡാണ് സഞ്ജുവിനെ ഐപിഎല്ലിലേക്ക് കൊണ്ടുവന്നത്. എന്നാല്‍ ഇപ്പോള്‍ ഇരുവരും തമ്മില്‍ അത്ര നല്ല ബന്ധമല്ല. സഞ്ജുവുമായി ചേര്‍ന്ന് തീരുമാനമെടുക്കാതെ ഏക പക്ഷീയമായ നിലപാടുകളാണ് ദ്രാവിഡ് സ്വീകരിക്കുന്നത്. മെഗാ ലേലത്തിന് മുമ്പ് സഞ്ജു ആവശ്യപ്പെട്ട താരങ്ങളെയൊന്നും രാജസ്ഥാന്‍ നിലനിര്‍ത്തിയിട്ടില്ല. കൂടാതെ പ്രധാന തീരുമാനങ്ങളൊന്നും സഞ്ജുവിനോട് ചോദിക്കാതെയാണ് ദ്രാവിഡ് തീരുമാനിക്കുന്നത്. ഇതില്‍ സഞ്ജുവിന് നിരാശയുണ്ട്.
സഞ്ജുവിനെക്കാളും രാജസ്ഥാന് പ്രിയപ്പെട്ടത് ദ്രാവിഡാണ്. ടീം മാനേജ്‌മെന്റ് സഞ്ജുവിനെക്കാള്‍ പിന്തുണ ദ്രാവിഡിനാണ് നല്‍കുകയെന്നുറപ്പാണ്. ഈ സാഹചര്യത്തില്‍ നിലവില്‍ സഞ്ജു രാജസ്ഥാന്‍ ടീം വിടാനുള്ള സാധ്യതയാണ് ഏറിയിരിക്കുന്നത്. നിലവില്‍ പരിക്കേറ്റ് പുറത്താണ് സഞ്ജുവുള്ളത്. ഇനി ഈ സീസണിലേക്ക് സഞ്ജു തിരിച്ചെത്താനും സാധ്യത കുറവാണെന്ന് തന്നെ പറയാം.
സഞ്ജുവിന് കൂടുമാറാതെ രക്ഷയില്ല
സഞ്ജു സാംസണിന് രാജസ്ഥാന്‍ റോയല്‍സ് വിടാതെ മറ്റ് വഴികളില്ലെന്ന് പറയാം. നിലവിലെ ടീമിന്റെ അവസ്ഥ പരിഗണിക്കുമ്പോള്‍ യാതൊരു പരിഗണനയും സഞ്ജുവിന് ലഭിക്കുന്നില്ല. ഈ സാഹചര്യത്തില്‍ സഞ്ജു രാജസ്ഥാനില്‍ തുടര്‍ന്നിട്ട് കാര്യമില്ലെന്ന് തന്നെ പറയാം. അതുകൊണ്ടുതന്നെ സിഎസ്‌കെ, ആര്‍സിബി, മുംബൈ ഇന്ത്യന്‍സ്, കെകെആര്‍ തുടങ്ങിയ ഏതെങ്കിലുമൊരു വമ്പന്‍ ടീമിലേക്ക് കൂടുമാറ്റം നടത്തുന്നതാണ് സഞ്ജുവിന് നല്ലത്. നേരത്തെ തന്നെ സഞ്ജുവിനെ വലിയൊരു ടീം സമീപിച്ചിരുന്നു.
എന്നാല്‍ തന്നെ വളര്‍ത്തി വലുതാക്കിയ ടീമിനോട് നന്ദി കാട്ടുന്നതിനായി സഞ്ജു രാജസ്ഥാനില്‍ തുടരാന്‍ തീരുമാനിക്കുകയായിരുന്നു. ഈ തീരുമാനമാണ് ഇപ്പോള്‍ തിരിച്ചടിയായി മാറിയിരിക്കുന്നത്. സഞ്ജുവിന്റെ ആരാധക പിന്തുണകണ്ടുകൊണ്ടാണ് രാജസ്ഥാന്‍ സഞ്ജുവിനെ നായകസ്ഥാനത്തേക്ക് വളര്‍ത്തിയത്. ഇപ്പോള്‍ ദ്രാവിഡ് സഞ്ജുവിനെ മാനിക്കാത്ത സാഹചര്യത്തില്‍ സഞ്ജുവിനെ കൈവിടാതെ രാജസ്ഥാന് മറ്റ് വഴികളില്ലെന്ന് തന്നെ പറയാം. സഞ്ജു രാജസ്ഥാന്‍ വിടുന്നതാണ് താരത്തിന്റെ കരിയറിനും നല്ലതെന്ന് നിലവിലെ സാഹചര്യത്തില്‍ നിസംശയം പറയാം.