ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണിന് നാളെ തുടക്കമാവുകയാണ്. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ നേരിടും. മെഗാ ലേലത്തിന് ശേഷം നടക്കുന്ന ആദ്യ സീസണായതിനാല്‍ വലിയ മാറ്റങ്ങള്‍ ഇത്തവണ ടീമുകളില്‍ സംഭവിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ആരാവും കിരീടത്തിലേക്കെത്തുകയെന്നത് പ്രവചിക്കുക പോലും അസാധ്യമാണ്. ചാമ്പ്യന്മാരായ കെകെആര്‍ പോലും നായകനെ മാറ്റിയിട്ടുണ്ട്.
ശ്രേയസ് അയ്യരെ കൈവിട്ട കെകെആര്‍ അജിന്‍ക്യ രഹാനെയെ നായകനാക്കിയാണ് പുതിയ സീസണിന് ഇറങ്ങുന്നത്. രാജസ്ഥാന്‍ റോയല്‍സ് ഇത്തവണ വലിയ പ്രതീക്ഷ നല്‍കുന്ന ടീമാണ്. സഞ്ജു സംസണ്‍ ക്യാപ്റ്റനായുള്ള രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലകസ്ഥാനത്ത് രാഹുല്‍ ദ്രാവിഡ് ഉണ്ടെന്നതാണ് എടുത്തു പറയേണ്ട കാര്യം. വലിയ അഴിച്ചുപണികളോടെയെത്തുന്ന രാജസ്ഥാന്‍ ശരാശരി നിരയാണെങ്കിലും എല്ലാവരേയും ഞെട്ടിക്കാനുള്ള കെല്‍പ്പ് ടീമിനുണ്ടെന്ന് നിസംശയം പറയാം.
സീസണിലെ രാജസ്ഥാന്റെ ആദ്യ എതിരാളികള്‍ കരുത്തരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ്. ഈ മത്സരത്തിന് രാജസ്ഥാന് തലവേദനയായിരിക്കുന്നത് സഞ്ജു സാംസണിന്റെ പരിക്കാണ്. പൂര്‍ണ്ണ ഫിറ്റ്‌നസില്ലാത്ത സഞ്ജു ആദ്യ മൂന്ന് മത്സരത്തിലും ഇംപാക്ട് പ്ലയറായാവും കളിക്കുക. റിയാന്‍ പരാഗാണ് രാജസ്ഥാനെ നയിക്കുന്നത്. ഇതോടെ സഞ്ജു സാംസണിന്റെ ബാറ്റിങ് പൊസിഷന്‍ വളരെ നിര്‍ണ്ണായകമായിരിക്കുകയാണ്. എവിടെയാവും സഞ്ജു കളിക്കുക?
സഞ്ജുവിനെ ഓപ്പണറാക്കിയേക്കില്ല
ഇത്തവണത്തെ രാജസ്ഥാന്റെ ബാറ്റിങ് നിരയെ കരുത്തുറ്റത് എന്ന് പറയാനാവില്ല. യുവതാരങ്ങളിലാണ് ടീം കൂടുതല്‍ പ്രതീക്ഷവെക്കുന്നത്. ജോസ് ബട്‌ലര്‍ ടീം വിട്ടതോടെ സഞ്ജു സാംസണിന് കൂടുതല്‍ ഉത്തരവാദിത്തം കാട്ടേണ്ടതായുണ്ട്. ഓപ്പണര്‍ റോളില്‍ സഞ്ജു എത്തിയാല്‍ തല്ലിത്തകര്‍ത്ത് കളിക്കേണ്ടതായി വരും. ഈ സമയത്ത് തുടക്കത്തിലേ പുറത്തായാല്‍ അത് രാജസ്ഥാന് വലിയ തിരിച്ചടിയായി മാറും. സഞ്ജു ഫീല്‍ഡിങ്ങിന് ഇറങ്ങില്ലെന്ന് ടീം വ്യക്തമാക്കിക്കഴിഞ്ഞു.
ഇംപാക്ട് പ്ലയറായി ബാറ്റിങ്ങിന് മാത്രം ഇറങ്ങുന്ന സഞ്ജുവിനെ ഓപ്പണറാക്കി പെട്ടെന്ന് വിക്കറ്റ് നഷ്ടപ്പെടുത്തുന്ന സാഹചര്യം ഒഴിവാക്കി മധ്യനിരയില്‍ അവസരം നല്‍കാനാണ് പരിശീലകന്റെ പദ്ധതിയെന്നാണ് വിവരം. അങ്ങനെ വരുമ്പോള്‍ നാലാം നമ്പറിലാവും സഞ്ജു സാംസണ്‍ കളിക്കുക. ടീമിന്റെ ടോപ് ഓഡര്‍ തകര്‍ന്നാല്‍ സ്‌കോര്‍ മുന്നോട്ട് കൊണ്ടുപോകാന്‍ മധ്യനിരയില്‍ വിശ്വസ്തനായ താരം വേണം. ഈ റോളിലേക്ക് സഞ്ജു എത്താനാണ് സാധ്യത.
ഓപ്പണിങ്ങിലേക്ക് വൈഭവ് എത്തിയേക്കും
യശ്വസി ജയ്‌സ്വാളിനൊപ്പം ഓപ്പണിങ്ങിലേക്ക് വൈഭവ് സൂര്യവന്‍ഷി എത്താനുള്ള സാധ്യതയാണ് കൂടുതല്‍. സഞ്ജു സാംസണ്‍ ഇംപാക്ട് പ്ലയറായി കളിക്കുന്ന സാഹചര്യത്തില്‍ താരത്തിന്റെ വിക്കറ്റിന് വലിയ പ്രാധാന്യമുണ്ട്. നിലവില്‍ രാജസ്ഥാന്റെ ഏറ്റവും പ്രധാനപ്പെട്ട വിക്കറ്റ് സഞ്ജുവിന്റേതാണ്. ഓപ്പണറായി ഇറങ്ങി സഞ്ജു പെട്ടെന്ന് പുറത്തായാല്‍ അത് ടീമിന്റെ ആത്മവിശ്വാസത്തെ ബാധിക്കും. പിന്നാലെ എത്തുന്നവരേയും ഇത് പ്രതികൂലമായി ബാധിക്കാനാണ് സാധ്യത.

ഇക്കാരണത്താല്‍ത്തന്നെ സഞ്ജുവിനെ കടന്നാക്രമിച്ച് കളിക്കാന്‍ അനുവദിച്ചേക്കില്ല. സഞ്ജു മധ്യനിരയില്‍ കളിച്ച് ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും ടോപ് ഓഡറില്‍ യശ്വസി ജയ്‌സ്വാള്‍ പവര്‍പ്ലേ പരമാവധി മുതലാക്കി കളിക്കണമെന്നുമാവും രാജസ്ഥാന്റെ ടീം പ്ലാന്‍. നിതീഷ് റാണയ്ക്ക് ടീമില്‍ നിര്‍ണ്ണായ റോളുണ്ടാവും. സഞ്ജു പൂര്‍ണ്ണ ഫിറ്റ്‌നസിലേക്കെത്തുകയും നായകസ്ഥാനത്തേക്ക് തിരിച്ചെത്തുകയും ചെയ്താല്‍ ഓപ്പണര്‍ സ്ഥാനത്ത് കളിക്കാന്‍ സാധ്യതയുണ്ട്.
രാജസ്ഥാന് കാര്യങ്ങള്‍ എളുപ്പമല്ല
ഇത്തവണ കിരീടത്തിലേക്കെത്തുകയെന്നത് രാജസ്ഥാന്‍ റോയല്‍സിനെ സംബന്ധിച്ച് ഒട്ടും എളുപ്പമല്ല. വലിയ വിടവുകളാണ് ടീമിന് നികത്താനുള്ളത്. ഓപ്പണര്‍ റോളില്‍ ജോസ് ബട്‌ലറിന്റെ അഭാവം നിഴലിച്ച് നില്‍ക്കും. സ്പിന്‍ നിരയില്‍ ആര്‍ അശ്വിന്‍, യുസ് വേന്ദ്ര ചഹാല്‍ എന്നിവരുടെ വിടവ് നികത്തുകയും എളുപ്പമല്ല. ശ്രീലങ്കന്‍ സ്പിന്നര്‍മാരായ വനിന്‍ഡു ഹസരങ്ക, മഹേഷ് തീക്ഷണ എന്നിവര്‍ക്ക് എത്രത്തോളം ഇംപാക്ട് സൃഷ്ടിക്കാനാവുമെന്നതാണ് കണ്ടറിയേണ്ടത്. ട്രന്റ് ബോള്‍ട്ടിന്റെ അഭാവവും രാജസ്ഥാന് വലിയ തിരിച്ചടിയായി മാറാന്‍ സാധ്യതയുണ്ട്.