മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണിന് മുന്നോടിയായുള്ള കൂടുമാറ്റ ചര്‍ച്ചകള്‍ സജീവമാണ്. ഈ സീസണിന് മുമ്പ് മെഗാ താരലേലം നടക്കാനുള്ളതിനാല്‍ നോട്ടമിടുന്ന താരങ്ങളെ ഒപ്പം കൂട്ടാന്‍ തന്ത്രം മെനയുന്ന തിരക്കിലാണ് ടീമുകള്‍. പല വമ്പന്മാരും കൂടുമാറ്റം നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുള്ളത്. എല്ലാവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത് സഞ്ജു സാംസണിന്റെ കൂടുമാറ്റത്തിലേക്കാണ്. രാജസ്ഥാന്‍ റോയല്‍സ് നായകനായ സഞ്ജു സാംസണ്‍ മെഗാ ലേലത്തിന് മുമ്പ് ടീം വിട്ടേക്കുമെന്നാണ് വിവരം.
കഴിഞ്ഞ ദിവസം രാജസ്ഥാന്‍ റോയല്‍സ് ഇന്‍സ്റ്റഗ്രാമില്‍ ഒരു വീഡിയോയും പങ്കുവെച്ചതോടെ സഞ്ജുവിന്റെ കൂടുമാറ്റ റിപ്പോര്‍ട്ടുകള്‍ കൂടുതല്‍ സജീവമായി. രാജസ്ഥാന്‍ വിട്ട് സിഎസ്‌കെ, ഡല്‍ഹി ക്യാപിറ്റല്‍സ് എന്നീ ടീമുകളിലൊന്നിലേക്ക് സഞ്ജു പോകുമെന്നാണ് സൂചന. സഞ്ജുവിന്റെ കൂടുമാറ്റ റിപ്പോര്‍ട്ടുകള്‍ വലിയ ചര്‍ച്ചയാകവെ ഇപ്പോഴിതാ സഞ്ജു രാജസ്ഥാനില്‍ തുടരുമെന്ന സൂചനകള്‍ പുറത്തുവരികയാണ്. കുമാര്‍ സംഗക്കാരയായിരുന്നു രാജസ്ഥാന്റെ പരിശീലകന്‍.
അദ്ദേഹം സ്ഥാനമൊഴിഞ്ഞതോടെ പകരം ആരെന്നതാണ് വലിയ ചോദ്യം. ഇപ്പോഴിതാ രാഹുല്‍ ദ്രാവിഡുമായി രാജസ്ഥാന്‍ ധാരണയിലെത്തിയെന്നും നായകസ്ഥാനത്ത് സഞ്ജു സാംസണ്‍ തുടരണമെന്നാണ് ദ്രാവിഡ് നിര്‍ദേശിച്ചതെന്നുമാണ് വിവരം. രാജസ്ഥാന്‍ റോയല്‍സ് നാല് താരങ്ങളെയാണ് നിലനിര്‍ത്തുക. സഞ്ജുവിനൊപ്പം യശ്വസി ജയ്‌സ്വാള്‍, റിയാന്‍ പരാഗ്, ജോസ് ബട്‌ലര്‍ എന്നിവരെയാവും ടീമില്‍ നിലനിര്‍ത്തുകയെന്നതാണ് പുറത്തുവരുന്ന വിവരം.
സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സിലൂടെ വളര്‍ന്ന താരമാണ്. രാജസ്ഥാനിലൂടെ വിരമിക്കാനാണ് ആഗ്രഹമെന്ന് സഞ്ജു നേരത്തെ തുറന്ന് പറഞ്ഞിട്ടുള്ളതാണ്. ഇതിന് മുമ്പും സഞ്ജുവിന് വലിയ ഓഫറുകള്‍ ലഭിച്ചിരുന്നു. സിഎസ്‌കെ ഉള്‍പ്പെടെ വമ്പന്‍ ടീമുകളില്‍ നിന്ന് തനിക്ക് ഓഫര്‍ ലഭിച്ചിരുന്നുവെന്ന് സഞ്ജു തന്നെ സൂചന നല്‍കിയിട്ടുണ്ട്. എന്നാല്‍ അന്നൊന്നും സഞ്ജു രാജസ്ഥാന്‍ വിടാന്‍ തയ്യാറായില്ല. അതിന്റെ കാരണം വളര്‍ന്ന ടീമിനോടുള്ള ഇഷ്ടമാണ്.

രാജസ്ഥാന്‍ റോയല്‍സിലൂടെയാണ് സഞ്ജു വളര്‍ന്നത്. ഐപിഎല്ലില്‍ കിരീടം നേടുകയാണെങ്കില്‍ രാജസ്ഥാന്‍ റോയല്‍സിലൂടെ മതിയെന്നാണ് സഞ്ജു പറഞ്ഞത്. അതുകൊണ്ടുതന്നെ അദ്ദേഹം പല വമ്പന്‍ ഓഫറുകളും നിഷേധിച്ച് രാജസ്ഥാനില്‍ തുടര്‍ന്നു. ഇന്ന് രാജസ്ഥാന്‍ റോയല്‍സ് മികച്ച പ്രകടനം നടത്തുന്നതിന്റെ കാരണങ്ങളിലൊന്ന് സഞ്ജുവിന്റെ നായക മികവാണ്. എല്ലാവരോടും വലിയ സൗഹൃദം കാത്ത് സൂക്ഷിക്കുന്ന താരമാണ് സഞ്ജു.
ടീമിനുള്ളില്‍ വലിയ സൗഹൃദ അന്തരീക്ഷം സഞ്ജു സാംസണിന് സൃഷ്ടിക്കാനായി. സഞ്ജുവിനൊപ്പം ടീമിനുള്ളിലെ സഹതാരങ്ങളെല്ലാം ഒരുപോലെ മികവ് കാട്ടുന്നുണ്ട്. സഞ്ജു നായകനായത് രാജസ്ഥാന് എല്ലാ തരത്തിലും ഗുണമായിട്ടുണ്ട്. സഞ്ജുവിനുള്ള ആരാധക പിന്തുണ രാജസ്ഥാന്റെ ആരാധക പിന്തുണയും ഉയര്‍ത്താന്‍ കാരണമായി. സഞ്ജുവിനുള്ള വലിയ സ്വീകാര്യത രാജസ്ഥാന്‍ റോയല്‍സിന്റെ സമീപകാല വളര്‍ച്ചക്ക് വലിയ കരുത്തായിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ സഞ്ജുവിനെ രാജസ്ഥാന്‍ കൈവിട്ട് കളഞ്ഞാല്‍ അത് രാജസ്ഥാനാവും നഷ്ടം. രാഹുല്‍ ദ്രാവിഡ് കണ്ടെത്തി ഐപിഎല്ലിലേക്ക് കൊണ്ടുവന്ന താരമാണ് സഞ്ജു. മലയാളി താരത്തിന്റെ കരുത്ത് ദ്രാവിഡിന് നന്നായി അറിയാം. ദ്രാവിഡ് ഇന്ത്യയുടെ പരിശീലകനായിരുന്നപ്പോള്‍ സഞ്ജുവിന് മോശമല്ലാത്ത അവസരങ്ങള്‍ ലഭിച്ചിരുന്നു. ടി20 ലോകകപ്പിലടക്കം സഞ്ജു സാംസണിന് ടീമിലിടം നേടിയെടുക്കാന്‍ സാധിച്ചു.
ദ്രാവിഡ് രാജസ്ഥാന്റെ പരിശീലകസ്ഥാനത്തെത്തുമ്പോള്‍ സഞ്ജു സാംസണിനെ പിന്തുണക്കുമെന്നുറപ്പാണ്. രാജസ്ഥാന്റെ ടീം മാനേജ്‌മെന്റ് സഞ്ജുവിന് വലിയ പിന്തുണ നല്‍കുന്നുണ്ട്. മറ്റൊരു ടീമിലേക്ക് ചെല്ലുമ്പോള്‍ സഞ്ജുവിന് നായകസ്ഥാനം ലഭിക്കുക ബുദ്ധിമുട്ടാവും. സഞ്ജുവിന് പ്ലേയിങ് 11ല്‍ സ്ഥിരം സ്ഥാനം പോലും ഉറപ്പില്ല. ഈ സാഹചര്യത്തില്‍ സഞ്ജു രാജസ്ഥാനില്‍ തുടരാനാണ് സാധ്യത കൂടുതലെന്ന് നിസംശയം പറയാം.