ഐപിഎല്ലിന്റെ 18ാം സീസണ്‍ അവസാനിക്കാനിരിക്കെ അടുത്ത സീസണിലേക്കുള്ള ലൈനപ്പിനെക്കുറിച്ച് പല ഫ്രാഞ്ചൈസികളും ഗൗരവമായി തന്നെ ആലോചിക്കാന്‍ തുടങ്ങിയിട്ടുണ്ട്. മിനി താരലേലത്തിലും അതിനു മുമ്പുള്ള ട്രേഡ് വിന്‍ഡോയിലും മികച്ച കളിക്കാരെ നോട്ടമിടുകയാണ് ഫ്രാഞ്ചൈസികള്‍. ട്രേഡ് വിന്‍ഡോയില്‍ ചില വമ്പന്‍ കൂടുമാറ്റങ്ങള്‍ കാണാന്‍ സാധിച്ചേക്കുമെന്ന സൂചനകളാണ് വരുന്നത്.
രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണും ഈ ട്രേഡ് വിന്‍ഡോയില്‍ തട്ടകം മാറുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. ഈ സീസണില്‍ അവസാന സ്ഥാനത്തേക്കു വീണ അഞ്ചു തവണ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കാവും സഞ്ജു ചേക്കേറേകുയെന്നുമാണ് സൂചനകള്‍. ഇതേക്കുറിച്ച് കൂടുതലറിയാം.

23 കോടിയുടെ ഓഫര്‍
രാജസ്ഥാന്‍ റോയല്‍സില്‍ നിന്നും സഞഞ്ജു സാംസണിനെ റാഞ്ചാന്‍ 23 കോടി വരെ മുടക്കാന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് തയ്യാറായിക്കഴിഞ്ഞുവെന്നു ക്രിക്ക്‌സിപ്പെന്ന (Criczip) തമിഴ് യൂട്യൂബ് ചാനലാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതു സംഭവിക്കാനുള്ള സാധ്യത കൂടുതലാണെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. അതിന്റെ കാരണത്തെക്കുറിച്ചും അവരുടെ റിപ്പോര്‍ട്ട് ചെയ്യുന്നു.
2023ല സീസണിനു ശേഷം അന്നത്തെ ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റനായിരുന്ന ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍ൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ട്രേഡ് വിന്‍ഡോയില്‍ പഴയ തട്ടകമായ മുംബൈ ഇന്ത്യന്‍സിലേക്കു പോവുമെന്നു എക്‌സില്‍ ആദ്യമായി ലോകത്തെ അറിയിച്ചത് ജയം എന്നൊരു വ്യക്തിയാണ്.
അവിശ്വസനീയമെന്നു എല്ലാവരും കരുതിയ ആ കൂടുമാറ്റം ട്രേഡ് വിന്‍ഡോ അവസാനിക്കുന്ന ദിവസം സംഭവിക്കുകയും ചെയ്തു. ഇതേ വ്യക്തി തന്നെയാണ് ഇപ്പോള്‍ സഞ്ജു സിഎസ്‌കെയിലേക്കു മാറുമെന്നു എക്‌സിലൂടെ പുറത്തു വിട്ടിരിക്കുന്നത്.
അതുകൊണ്ടു തന്നെ ഇത്തരമൊരു കൂടുമാറ്റം സംഭവിക്കാനുള്ള സാധ്യതയും വളരെ കൂടുതലാണെന്നു ക്രിക്ക്‌സിപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. സഞ്ജുവിനെ സിസ്‌കെ തീര്‍ച്ചയായും ടീമിലെത്തിക്കുമെന്നും അടുത്ത മിനി താരലേലത്തിനു മുമ്പ് തന്നെ ഇതു പൂര്‍ത്തിയാക്കാന്‍ അവര്‍ ശ്രമിക്കുമെന്നും ജയമെന്ന എക്‌സ് അക്കൗണ്ടില്‍ കുറിച്ചിട്ടുണ്ടെന്നും ഈ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.
പകരം സൂപ്പര്‍ താരം ആര്‍ആറിലേക്ക്
ട്രേഡ് വിന്‍ഡോയില്‍ സഞ്ജു സാംസിനെ വിട്ടുകൊടുക്കണമെങ്കില്‍ 23 കോടി രൂപയ്‌ക്കൊപ്പം പകരം ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ നിന്നും മറ്റൊരു താരത്തെയും ആവശ്യപ്പെട്ടേക്കുമെന്നാണ് വിവരം. വെറ്ററന്‍ ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ ആവും റോയല്‍സ് ചോദിച്ചേക്കുക. കാരണം മികച്ചൊരു ഇന്ത്യന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറുടെ അഭാവം നിലവില്‍ റോയല്‍സിനുണ്ട്.

എന്നാല്‍ സഞ്ജുവിനു പകരം ജഡ്ഡുവെന്ന റോയല്‍സിന്റെ ഡിമാന്റ് ചെന്നൈ അംഗീകരിക്കുമോയെന്നതു സംശയമാണ്. കാരണം വര്‍ഷങ്ങളായി ചെന്നൈ ടീമിലെ സജീവ സാന്നിധ്യമാണ് അദ്ദേഹം. ഈ സീസണില്‍ ഭേദപ്പെട്ട പ്രകടനം ജഡ്ഡു കാഴ്ചവയ്ക്കുകയും ചെയ്തു. അതുകൊണ്ടു തന്നെ അദ്ദേഹത്തെ അടുത്ത സീസണിലും നിലനിര്‍ത്താനായിക്കും ചെന്നൈയുടെ ശ്രമം.
എന്നാല്‍ ജഡേജ്ക്കു പകരം മറ്റൊരു ഇന്ത്യന്‍ വെറ്ററന്‍ ഓള്‍റൗണ്ടറായ ആര്‍ അശ്വിനെ റോയല്‍സിനു ചെന്നൈ വിട്ടകൊടുത്തേക്കും. കഴിഞ്ഞ മൂന്നു സീസണുകളിലും റോയല്‍സിന്റെ ഭാഗമായിരുന്നു അദ്ദേഹം. പല മികച്ച പ്രകടനങ്ങളും അശ്വിന്‍ കാഴ്ചവയ്ക്കുകയും ചെയ്തിരുന്നു. അതിനാല്‍ തന്നെ ജഡ്ഡുവിനു പകരം അശ്വിനെ നല്‍കാമെന്ന സിഎസ്‌കെയുടെ ഓഫറിനോടു റോയല്‍സ് യേസ് പറഞ്ഞേക്കും.
ഈ സീസണില്‍ പുതിയ കോച്ചായി രാഹുല്‍ ദ്രാവിഡ് വന്ന ശേഷം റോയല്‍സില്‍ സഞ്ജുവിനു ആകെ മടുപ്പ് വന്നിട്ടുണ്ടെന്നാണ് അണിയറയിലെ സംസാരം. ദ്രാവിഡിന്റെ പല രീതികളോടും അദ്ദേഹത്തിനു അത്ര യോജിപ്പില്ല. കൂടാതെ ടീമില്‍ യുവതാരം റിയാന്‍ പരാഗിനു കൂടുതല്‍ പ്രാധാന്യം ലഭിക്കുന്നതിലും സഞ്ജുവിനു അതൃപ്തിയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഈ കാരണത്താല്‍ തന്നെ ട്രേഡ് വിന്‍ഡോയില്‍ സിഎസ്‌കെയുടെ ഓഫറുണ്ടായാല്‍ അദ്ദേഹം അതു സ്വീകരിക്കാനുള്ള സാധ്യതയും കൂടുതലാണ്.