രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനെന്ന നിലയിലും ബാറ്ററെന്ന നിലയിലും സഞ്ജു സാംസണിനെ സംബന്ധിച്ച് ഈ ഐപിഎല്‍ സീസണ്‍ അത്ര മികച്ചതല്ലെന്നു നിസംശയം പറയാം. ടീം പ്ലേഓഫിലെത്താതെ പുറത്താവലിന്റെ വക്കില്‍ നില്‍ക്കുമ്പോള്‍ സഞ്ജുവാകട്ടെ പരിക്കേറ്റ് ഗ്രൗണ്ടിനു പുറത്തുമാണ്. ബാറ്റിങിനിടെ വാരിയെല്ലിന്റെ ഭാഗത്തേറ്റ പരിക്കു കാരണം അവസാനത്തെ മൂന്നു മല്‍സരങ്ങളിലും അദ്ദേഹത്തിനു കളിക്കാനായിട്ടില്ല.
സഞ്ജു എപ്പോള്‍ മടങ്ങിയെത്തുമെന്ന കാര്യത്തിലും അവ്യക്തത തുടരുകയാണ്. ഒരുപക്ഷെ സീസണിലെ അവസാനത്തെ രണ്ടു മല്‍സരങ്ങളില്‍ മാത്രമേ മലയാളി താരം കളിച്ചേക്കുകയുള്ളൂവെന്നാണ് റോയസുമായി ബന്ധപ്പെട്ട ചില അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചത്.
റോയല്‍സിനെ സംബന്ധിച്ച് അവരുടെ ഐക്കണ്‍ താരം തന്നെയാണ് സഞ്ജു. പക്ഷെ ടീമിനൊപ്പം ഇതു അദ്ദേഹത്തിനു അവസാനത്തെ സീസണായി മാറിയേക്കും. അടുത്ത സീസണില്‍ റോയല്‍സിന്റെ പിങ്ക് ജഴ്‌സിയില്‍ സഞ്ജുവിനെ കണ്ടേക്കില്ല. ഇതിനു പിന്നിലെ കാരണങ്ങളറിയാം.

ദ്രാവിഡുമായുള്ള ഭിന്നത
രാജസ്ഥാന്‍ റോയല്‍സ് മുഖ്യ കോച്ച് രാഹുല്‍ ദ്രാവിഡുമായി അത്ര നല്ല രസത്തിലല്ലെന്നതാണ് സഞ്ജു സാംസണിനെ ടീം വിടാന്‍ പ്രേരിപ്പിക്കുന്ന ആദ്യത്തെ ഘടകം. റോയല്‍സിലേക്കു ആദ്യമായി സഞ്ജുവിനെ കൊണ്ടുവന്നതും ദ്രാവിഡാണ്. അതുകൊണ്ടു തന്നെ തന്റെ ഗുരുതുല്യനായ അദ്ദേഹത്തോടു വലിയ ബഹുമാനവും ആരാധനയുമെല്ലാം മലയാളി താരത്തിനുണ്ട്.
പക്ഷെ റോയല്‍സ് ടീമിന്റെ ക്യാപ്റ്റന്‍, കോച്ച് എന്നി നിലയില്‍ ഇവര്‍ക്കിടയില്‍ അത്ര നല്ലൊരു കെമിസ്ട്രിയില്ലെന്നാണ് പുറമെ നിന്നു നോക്കുമ്പോള്‍ വ്യക്തമാവുന്നത്. മുന്‍ കോച്ച് കുമാര്‍ സങ്കക്കാരയുമായി വളരെ നല്ല ആത്മബന്ധമാണുള്ളത്. മാത്രമല്ല സമാനമായ രീതിയില്‍ ചിന്തിരുന്നവര്‍ കൂടിയായിരുന്നു ഇവര്‍.
ഓരോ മല്‍സരത്തിലും ഡഗൗട്ടില്‍ സഞ്ജുവും സങ്കക്കാരയും ഒരുമിച്ച് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതും പ്ലാനുകള്‍ ആസൂത്രണം ചെയ്യുന്നതുമെല്ലാം നമ്മള്‍ കണ്ടിട്ടുള്ളതാണ്. പക്ഷെ ഇത്തവണ ദ്രാവിഡിന്റെ അടുത്തെങ്ങും നമുക്കു സഞ്ജുവിനെ കാണാനാവില്ല. മാത്രമല്ല. ഡഗൗട്ടില്‍ ഇരുവരും പരസ്പരം സംസാരിക്കുന്നതും ഇതുവരെ കണ്ടിട്ടില്ല.
ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള കളി ടൈയില്‍ കലാശിച്ച ശേഷം പിന്നീട് സൂപ്പര്‍ ഓവറിലേക്കു കടക്കുംമുമ്പ്് ഡഗൗട്ടില്‍ ടീമിനു ദ്രാവിഡ് നിര്‍ദേശം നല്‍കവെ സഞ്ജു ഒഴിഞ്ഞു മാറി നടക്കുന്ന ദൃശ്യങ്ങള്‍ വൈറലായിരുന്നു. ഈ തരത്തില്‍ മുന്നോട്ടു പോവുക വളരെ കടുപ്പം തന്നെയാണ്.
ദ്രാവിഡിനെ റോയല്‍സ് എന്തായാവും കൈവിടാന്‍ സാധ്യതയില്ല. കാരണം അവരുടെ മുന്‍ ക്യാപ്റ്റനും ഉപദേശകനും ഇന്ത്യയെ ടി20 ലോകകപ്പില്‍ ചാംപ്യന്‍മാരാക്കി കോച്ചുമെല്ലാമാണ് അദ്ദേഹം. അതിനാല്‍ റോയല്‍സിനെ ഉടച്ചുവാര്‍ത്ത് മാച്ച് വിന്നിങ് ടീമാക്കി മാറ്റാന്‍ ദ്രാവിഡിനു അടുത്ത സീസണിലും റോയല്‍സ് അവസരം നല്‍കിയേക്കുകയും ചെയ്യും. അതുകൊണ്ടു തന്നെ ടീമിനു പുറത്തു പോവേണ്ടി വരിക.

പരാഗും വൈഭവും
സഞ്ജു സാംസണില്ലെങ്കില്‍ രാജസ്ഥാന്‍ റോല്‍സിനെ നയിക്കാന്‍ റിയാന്‍ പരാഗെന്ന പുതിയ ക്യാപ്റ്റനെ അവര്‍ കണ്ടെത്തിക്കഴിഞ്ഞു. മാത്രമല്ല പരാഗിനെ ഈ റോളില്‍ പിന്തുണയ്ക്കാന്‍ അച്ഛന്റെ സഹോദരനായ രഞ്ജിത് ബര്‍താക്കൂറും റോയല്‍സിന്റെ അണിയറയിലുണ്ട്. ഫ്രാഞ്ചൈസിയുടെ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ കൂടിയാണ് വ്യവസായിയായ അദ്ദേഹം.
ഈ സീസണില്‍ സഞ്ജു പുറത്തിരുന്ന ആറു മല്‍സരങ്ങളില്‍ ടീമിനെ നയിച്ചത് പരാഗാണ്. ഇവയില്‍ രണ്ടു ജയവും റോയല്‍സ് നേടി. സഞ്ജുവിനു പകരം ഓപ്പണിങിലേക്കു വൈഭവ് സൂര്യവംശിയെന്ന പുത്തന്‍ താരോദയത്തെയും റോയല്‍സിനു ലളിച്ചിരിക്കുകയാണ്. അതുകൊണ്ടു തന്നെ ബാറ്റിങിലും അദ്ദേഹത്തിന്റെ അഭാവം ഇനി ടീമിനെ സാരമായി ബാധിക്കില്ല.
വിക്കറ്റ് കീപ്പിങിലേക്കു വന്നാല്‍ അവിടെ യുവതാരം ധ്രുവ് ജുറേലുമുണ്ട്. ഈ കാരണങ്ങളാല്‍ ഇപ്പോള്‍ ടീമിലെ അവിഭാജ്യ ഘടകമല്ലാതായി സഞ്ജു മാറിക്കൊണ്ടിരിക്കുകയാണ്. സീസണ്‍ കഴിഞ്ഞാല്‍ അദ്ദേഹത്തെ ഒഴിവാക്കി ദ്രാവിഡിനും പരാഗിനും കീഴില്‍ പുതിയ ലുക്കിലുള്ള ഒരു ടീമിനെ അവര്‍ കൊണ്ടുവന്നേക്കുകയും ചെയ്യും.