ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണ്‍ ആരംഭിക്കുന്നതിന് മുന്നോടിയായുള്ള മുന്നൊരുക്കങ്ങളിലേക്ക് ടീമുകള്‍ കടന്നിരിക്കുകയാണ്. ഇതിനോടകം പല ടീമുകളും തങ്ങളുടെ യുവതാരങ്ങളെ ഉള്‍പ്പെടുത്തി ക്യാംപ് ആരംഭിച്ചിരിക്കുകയാണ്. എന്നാല്‍ ഔദ്യോഗികമായി രാജസ്ഥാന്‍ റോയല്‍സ് ഇപ്പോഴിതാ തങ്ങളുടെ ക്യാംപ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ മാസം 30ന് രാജസ്ഥാന്റെ ക്യാംപ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ജയ്പൂരിലും ഗുവാഹത്തിയിലുമായി പരിശീലന ക്യാംപ് നടത്താനാണ് രാജസ്ഥാന്റെ നീക്കം.
സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് ഇത്തവണയും ശക്തമായ താരനിരയോടെയാണ് ഇറങ്ങുന്നത്. മെഗാ ലേലത്തിന് ശേഷം നടക്കുന്ന ആദ്യത്തെ സീസണായതിനാല്‍ ഇത്തവണ ശക്തമായ മുന്നൊരുക്കം എല്ലാ ടീമുകള്‍ക്കും ആവശ്യമാണ്. രാഹുല്‍ ദ്രാവിഡിനെ പരിശീലകനാക്കിയാണ് ഇത്തവണ രാജസ്ഥാന്‍ പടയൊരുക്കം നടത്തുന്നത്. ദ്രാവിഡിന് കീഴില്‍ നേരത്തെ തന്നെ പരിശീലന ക്യാംപ് ആരംഭിച്ച് കപ്പിലേക്കെത്താനാണ് രാജസ്ഥാന്റെ പദ്ധതി.
സഞ്ജു ഫെബ്രുവരി 18നെത്തും
ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം സഞ്ജു സാംസണ്‍ ഫെബ്രുവരി 18ന് പരിശീലന ക്യാംപിലേക്കെത്തും. ഫെബ്രുവരി 12വരെയാണ് ഇന്ത്യയുടെ ഇംഗ്ലണ്ട് ടി20 പരമ്പര. ഇതില്‍ സഞ്ജു സാംസണ്‍ കളിക്കുന്നുണ്ട്. എന്നാല്‍ ഇതിന് ശേഷം നടക്കുന്ന ഏകദിന പരമ്പരയില്‍ സഞ്ജു സാംസണിന് സ്ഥാനമില്ല. അതുകൊണ്ടുതന്നെ ടി20 പരമ്പരക്ക് ശേഷം ചെറിയ ഇടവേളയെടുത്ത് സഞ്ജു ഐപിഎല്‍ ക്യാംപിലേക്കെത്തുമെന്നാണ് സൂചന.
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരക്ക് മുമ്പ് സഞ്ജു സാംസണ്‍ രാഹുല്‍ ദ്രാവിഡിനെ കാണുകയും അദ്ദേഹത്തിന് കീഴില്‍ പരിശീലനം നടത്തുകയും ചെയ്തിരുന്നു. ടി20 പരമ്പരക്ക് ശേഷം സഞ്ജു രാജസ്ഥാന്‍ ക്യാംപിലേക്കെത്തുന്നതോടെ മുന്നൊരുക്കം കൂടുതല്‍ സജീവമാകും. ഇത്തവണ രാജസ്ഥാന്‍ റോയല്‍സില്‍ വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ട്. ജോസ് ബട്‌ലറും യുസ് വേന്ദ്ര ചഹാലും ആര്‍ അശ്വിനുമെല്ലാം ടീം വിട്ടതിനാല്‍ ഇവരുടെ പകരക്കാരെ കണ്ടെത്തേണ്ടതായുണ്ട്.

ഇത് ക്യാംപിനൊടുവിലാവും തീരുമാനിക്കുക. എന്തായാലും രാജസ്ഥാന്‍ ഇത്തവണ വലിയ മുന്നൊരുക്കത്തോടെയാവും കളത്തിലിറങ്ങുകയെന്ന കാര്യം ഉറപ്പാണ്.
രാജസ്ഥാന്‍ പരിശീലന മത്സരം കളിക്കും
രാജസ്ഥാന്‍ റോയല്‍സ് പരിശീലന മത്സരവും കളിക്കുമെന്നാണ് വിവരം. അഞ്ച് പരിശീലന മത്സരങ്ങള്‍ ഗുവാഹത്തിയിലും ജയ്പൂരിലുമായി ടീം കളിക്കുമെന്നാണ് റിപ്പോര്‍ട്ടുള്ളത്. സഞ്ജു സാംസണ്‍ എത്തിയ ശേഷമാവും പരിശീലന മത്സരങ്ങള്‍ ആരംഭിക്കുക. ടീമെന്ന നിലയില്‍ രാജസ്ഥാന്‍ കരുത്തരാണെങ്കിലും പുതിയ താരങ്ങളുള്ളതിനാല്‍ ഒരുമയിലേക്കെത്താന്‍ സമയം ആവശ്യമാണ്. ഈ പ്രശ്‌നം ക്യാംപിലൂടെ പരിഹരിക്കാന്‍ സാധിക്കും.
സഞ്ജു സാംസണെ ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ നിന്ന് തഴഞ്ഞത് രാജസ്ഥാന്‍ റോയല്‍സിന് അനുഗ്രഹമായിരിക്കുകയാണ്. സഞ്ജു ചാമ്പ്യന്‍സ് ട്രോഫി കളിക്കാന്‍ പോയിരുന്നെങ്കില്‍ ക്യാംപിലേക്കെത്താന്‍ വൈകും. ഇപ്പോള്‍ ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ നിന്ന് തഴയപ്പെട്ടതോടെ രാജസ്ഥാന് കൂടുതല്‍ സമയം തങ്ങളുടെ നായകനെ മുന്നൊരുക്കത്തിനായി ലഭിക്കും. ഇത് രാജസ്ഥാന് ഗുണകരമായി മാറാനുള്ള സാധ്യതയാണ് കൂടുതല്‍. എന്തായാലും സഞ്ജുവിനെ ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ നിന്ന് തഴഞ്ഞത് രാജസ്ഥാന് അനുഗ്രഹമായിരിക്കുകയാണ്.
ഈ സീസണ്‍ സഞ്ജുവിന് നിര്‍ണ്ണായകം
വരാനിരിക്കുന്ന ഐപിഎല്‍ സീസണ്‍ സഞ്ജു സാംസണെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്. ടി20 ലോകകപ്പ് 2026ല്‍ നടക്കാനിരിക്കെ സഞ്ജു സാംസണിന് ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിലേക്കെത്താന്‍ വരുന്ന പരമ്പരകളെല്ലാം മുതലാക്കണം. നായകനെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും മികവ് കാട്ടാന്‍ സഞ്ജുവിന് സാധിക്കുന്നുണ്ട്.
സഞ്ജുവിന്റെ ടി20യിലെ ഓപ്പണര്‍ സ്ഥാനം പലരും നോട്ടമിടുന്നുണ്ട്. അതുകൊണ്ടുതന്നെ മികവ് കാട്ടാന്‍ സഞ്ജുവിന് സാധിക്കേണ്ടതായുണ്ട്. രാജസ്ഥാനിലൂടെ വീണ്ടും ദ്രാവിഡ്, സഞ്ജു കൂട്ടുകെട്ട് വരുമ്പോള്‍ ആരാധകര്‍ വലിയ പ്രതീക്ഷയിലാണുള്ളത്.