ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണിലെ മെഗാ താരലേലം പൂര്‍ത്തിയായി ടീമുകള്‍ പടയൊരുക്കത്തിലേക്ക് കടന്നിരിക്കുകയാണ്. 10 ടീമുകളും തങ്ങളുടെ കരുത്തും ദൗര്‍ബല്യവും പരിഹരിച്ചാണ് പുതിയ സീസണിലേക്ക് ഇറങ്ങുന്നത്. ഇത്തവണ ഏതാണ് ശക്തമായ ടീമെന്ന് പറയാനാവാത്ത അവസ്ഥയാണെന്ന് പറയാം. മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും ഇത്തവണ എന്ത് വിലകൊടുത്തും കിരീടം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ്.
ലഖ്‌നൗവും പഞ്ചാബും ഡല്‍ഹിയുമെല്ലാം വലിയ മാറ്റങ്ങളോടെ എത്തവെ പോരാട്ടം ശക്തമാണെന്ന് തന്നെ പറയാം. ഇത്തവണ ആരടിക്കും കപ്പ് എന്നത് കാത്തിരുന്ന് കണ്ടറിയണം. മെഗാ ലേലത്തിന് ശേഷം നടക്കുന്ന ആദ്യത്തെ സീസണായതിനാല്‍ എല്ലാ ടീമുകള്‍ക്കും കാര്യങ്ങള്‍ എളുപ്പമല്ലെന്ന് തന്നെ പറയാം. എന്തായാലും ഐപിഎല്‍ 2025ലെ ഡ്രീം 11 പരിഗണിച്ചാല്‍ ആരൊക്കെയാവും അതില്‍ ഉള്‍പ്പെടുക?. പരിശോധിക്കാം.
സഞ്ജു സാംസണ്‍-ജയ്‌സ്വാള്‍ ഓപ്പണിങ്
ഓപ്പണര്‍മാരായി രാജസ്ഥാന്‍ റോയല്‍സിന്റെ സഞ്ജു സാംസണും യശ്വസി ജയ്‌സ്വാളുമാണ് വേണ്ടത്. രണ്ട് പേരും വൈകാതെ ഇന്ത്യക്കായി ഒരുമിച്ച് ഓപ്പണ്‍ ചെയ്യാനുള്ള സാധ്യതയുണ്ട്. ഇടത്-വലത് കൂട്ടുകെട്ട് സൃഷ്ടിക്കാനും സാധിക്കും. രണ്ട് പേരും മികച്ച സാങ്കേതിക മികവോടെ റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ളവരാണ്. പവര്‍പ്ലേ മുതലാക്കി കളിക്കാന്‍ ഇരുവര്‍ക്കും സാധിക്കും. അതുകൊണ്ടുതന്നെ ഈ ഓപ്പണിങ് കൂട്ടുകെട്ട് ക്ലിക്കാവുമെന്നുറപ്പ്. ടി20യില്‍ ഇന്ത്യ വലിയ പ്രതീക്ഷയോടെ കാണുന്ന ഇരുവര്‍ക്കും ഐപിഎല്ലിലും ഗംഭീര റെക്കോഡാണുള്ളത്.
സൂര്യകുമാര്‍ യാദവ്, ഹെന്റിച്ച് ക്ലാസന്‍, ഹാര്‍ദിക് പാണ്ഡ്യ
മൂന്നാം നമ്പറില്‍ ഇന്ത്യന്‍ ടി20 നായകനും മുംബൈ ഇന്ത്യന്‍സ് താരവുമായ സൂര്യകുമാര്‍ യാദവിനാണ് അവസരം. കടന്നാക്രമിച്ച് കളിക്കുന്ന സൂര്യകുമാര്‍ മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ട് പായിക്കാന്‍ കഴിവുള്ള താരമാണ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്നവനാണ് സൂര്യ. നിലവിലെ ഏറ്റവും മികച്ച ടി20 ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് സൂര്യകുമാര്‍ യാദവെന്ന് നിസംശയം പറയാം. നിലവിലെ ഏത് ടി20 11ലും ഇടം അര്‍ഹിക്കുന്ന താരമാണ് സൂര്യകുമാര്‍.

നാലാം നമ്പറില്‍ ഹെന്‍ റിച്ച് ക്ലാസനാണ് അവസരം. ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ക്ലാസന്‍ അടിച്ചുതകര്‍ക്കുന്നവനാണ്. വലിയ സ്‌കോര്‍ നേടാന്‍ കഴിവുള്ള താരം സ്പിന്നിനേയും പേസിനേയും ഒരുപോലെ ആക്രമിക്കാന്‍ ശേഷിയുള്ളവനുമാണ്. ക്ലാസനെ ബാക്കപ്പ് വിക്കറ്റ് കീപ്പറായും ഉപയോഗിക്കാന്‍ സാധിക്കും. മധ്യനിരയില്‍ ബൗളര്‍മാരുടെ പേടിസ്വപ്‌നമാണ് ക്ലാസന്‍.
അഞ്ചാം നമ്പറില്‍ ഹാര്‍ദിക് പാണ്ഡ്യക്കാണ് അവസരം. ടീമിന്റെ നായകനായും പേസ് ഓള്‍റൗണ്ടറായും ഹാര്‍ദിക്കിനെ പരിഗണിക്കാം. ഫോമിലേക്കെത്തിയാല്‍ ബൗളര്‍മാരുടെ അന്തകനായി മാറാന്‍ ഹാര്‍ദിക്കിന് കഴിവുണ്ട്. ടി20യില്‍ മാച്ച് വിന്നറായിട്ടുള്ള താരമാണ് ഹാര്‍ദിക്. ഐപിഎല്ലില്‍ അരങ്ങേറ്റ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ കപ്പടിപ്പിച്ച നായകനാണ് ഹാര്‍ദിക് പാണ്ഡ്യയെന്ന് പറയാം.
നിതീഷ് കുമാര്‍ റെഡ്ഡി, സുനില്‍ നരെയ്ന്‍, അക്ഷര്‍ പട്ടേല്‍
മീഡിയം പേസ് ഓള്‍റൗണ്ടറായി നിതീഷ് കുമാര്‍ റെഡ്ഡിയെ കളിപ്പിക്കാം. ഇതിനോടകം എല്ലാവര്‍ക്കും പ്രതീക്ഷ നല്‍കുന്ന താരമായി നിതീഷ് മാറിയിട്ടുണ്ട്. സ്പിന്‍ ഓള്‍റൗണ്ടര്‍മാരായി സുനില്‍ നരെയ്‌നേയും അക്ഷര്‍ പട്ടേലിനേയും പരിഗണിക്കാം. രണ്ട് പേരും സ്പിന്‍ ബൗളിങ്ങുകൊണ്ട് മികവ് കാട്ടുന്നതോടൊപ്പം ബാറ്റുകൊണ്ടും നിര്‍ണ്ണായക പ്രകടനം നടത്താന്‍ പ്രാപ്തരാണ്. സുനില്‍ നരെയ്ന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമാണ്. അക്ഷര്‍ പട്ടേല്‍ ഡല്‍ഹി ക്യാപിറ്റല്‍സ് താരവും. രണ്ട് പേരും മത്സരഫലത്തെ മാറ്റിമറിക്കാന്‍ ശേഷിയുള്ള ബൗളര്‍മാരാണെന്ന് പറയാം.
ട്രന്റ് ബോള്‍ട്ട്, ജസ്പ്രീത് ബുംറ, ടി നടരാജന്‍
ട്രന്റ് ബോള്‍ട്ടാണ് എട്ടാം നമ്പറില്‍. ഇടം കൈയന്‍ പേസറായ ബോള്‍ട്ട് ന്യൂബോളില്‍ വിക്കറ്റ് വീഴ്ത്താന്‍ മിടുക്കനാണ്. അതുകൊണ്ടുതന്നെ ബോള്‍ട്ട് എല്ലാ ടീമുകളും മോഹിക്കുന്ന താരമാണ്. അതിവേഗത്തില്‍ പന്തെറിയുന്നതോടൊപ്പം നല്ല സ്വിങ്ങും മികച്ച ലൈനും ലെങ്തും ബോള്‍ട്ടിനുണ്ട്. ജസ്പ്രീത് ബുംറയാണ് 10ാമന്‍. യോര്‍ക്കറുകള്‍ക്കൊപ്പം എതിരാളികളെ വിറപ്പിക്കുന്ന ബുംറ ഐപിഎല്ലിലെ ഏറ്റവും മികച്ച പേസര്‍മാരിലൊരാളാണ്. 11ാമനായി ടി നടരാജനെ പരിഗണിക്കാം. യോര്‍ക്കറുകള്‍ക്കൊണ്ട് ഞെട്ടിക്കാന്‍ കെല്‍പ്പുള്ള താരമാണ് ടി നടരാജന്‍.