കൊച്ചി: കേരള ക്രിക്കറ്റില്‍ നിന്ന് പ്രതീക്ഷ നല്‍കുന്ന താരങ്ങളിലൊരാളാണ് അബ്ദുല്‍ ബാസിത്. ഓള്‍റൗണ്ട് പ്രകടനത്തോടെ സമീപകാലത്തായി ശ്രദ്ധ നേടിയ അബ്ദുല്‍ ബാസിത് ഇതിനോടകം ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഭാഗമാവുകയും ചെയ്തു. കേരള ക്രിക്കറ്റില്‍ നിന്ന് അത്ര എളുപ്പം സാധ്യമാകാത്ത ഐപിഎല്‍ എന്ന സ്വപ്‌നത്തിലേക്കെത്താന്‍ സാധിച്ച താരങ്ങളിലൊരാളാണ് അബ്ദുല്‍ ബാസിത്. കേരള ക്രിക്കറ്റ് ലീഗില്‍ തിളങ്ങിയ താരം വരുന്ന ഐപിഎല്ലിലെ മെഗാ ലേലത്തിലൂടെ അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ്.
രഞ്ജി ട്രോഫിക്കുള്ള കേരള ക്രിക്കറ്റ് ടീമിലും താരം ഇടം നേടിയിട്ടുണ്ട്. വലിയ പ്രതീക്ഷ നല്‍കുന്ന ഓള്‍റൗണ്ടര്‍ ഇപ്പോഴിതാ തന്റെ കരിയറിനെക്കുറിച്ചും സ്വപ്‌നങ്ങളെക്കുറിച്ചും വഴിത്തിരിവായ സംഭവങ്ങളെക്കുറിച്ചും മൈഖേലിനോട് മനസ് തുറന്നിരിക്കുകയാണ്. കടന്നാക്രമിച്ച് കളിക്കാന്‍ ആഗ്രഹിക്കുന്ന ബാസിതിന് സഞ്ജുവിന്റെ വഴിയേ സഞ്ചരിക്കാനാണ് ഇഷ്ടം.
ക്രിക്കറ്റിലെത്താന്‍ പ്രചോദനം സച്ചിന്‍
ഒട്ടുമിക്ക ക്രിക്കറ്റ് താരങ്ങളേയും പോലെ തന്നെ ബാസിത്തിന്റെ കരിയറിലും വലിയ സ്വാധീനം സൃഷ്ടിച്ചത് സച്ചിന്‍ ടെണ്ടുല്‍ക്കറാണ്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ കളികള്‍ കണ്ടാണ് ക്രിക്കറ്റിലേക്കെത്തിയതെന്നാണ് ബാസിത് പറയുന്നത്. 'സച്ചിന്‍ സാറിന്റെ പ്രകടനങ്ങള്‍ കണ്ട് പ്രചോദനം ഉള്‍ക്കൊണ്ടാണ് ക്രിക്കറ്റിലേക്കെത്തുന്നത്. സ്‌കൂള്‍ തലത്തില്‍ ക്രിക്കറ്റ് പരിശീലകനൊപ്പം എപ്പോഴും നില്‍ക്കാന്‍ ശ്രമിച്ചിരുന്നു.
പ്രദീപ്, ഉമേഷ് എന്നിവരായിരുന്നു അന്ന് പരിശീലകരായി ഉണ്ടായിരുന്നത്. രാവിലെ നേരത്തെ എത്തി അവരോടൊപ്പം സമയം ചിലവിടും. എന്റെ ക്രിക്കറ്റിനോടുള്ള താല്‍പര്യം തിരിച്ചറിഞ്ഞ പരിശീലകരാണ് എന്റെ അച്ഛനോട് പറഞ്ഞത് എനിക്ക് ക്ലബ്ബിലോ മറ്റുമായി പരിശീലനം നല്‍കണമെന്ന്. എന്റെ ക്രിക്കറ്റ് കരിയര്‍ ആരംഭിക്കുന്നത് അങ്ങനെയാണ്.

കുടുംബത്തിന് താല്‍പര്യമില്ലായിരുന്നു
ക്രിക്കറ്റ് താരമെന്ന നിലയില്‍ കരിയര്‍ മുന്നോട്ട് കൊണ്ടുപോകുന്നതിന് കുടുംബത്തിന് താല്‍പര്യമില്ലായിരുന്നു. അവര്‍ വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കണമെന്നാണ് എന്നോട് പറഞ്ഞത്. എന്നാല്‍ പഠനത്തോടൊപ്പം ക്രിക്കറ്റുംകൊണ്ടുപോകാന്‍ തനിക്കായെന്നാണ് ബാസിത് പറയുന്നത്. എന്നാല്‍ ക്രിക്കറ്റില്‍ മുന്നോട്ട് പോകാന്‍ സാമ്പത്തികമായി സഹായിക്കാവുന്ന അവസ്ഥയായിരുന്നില്ല കുടുംബത്തിനെന്നും ബാസിത് പറഞ്ഞു.
'എന്റെ കുടുംബം സാമ്പത്തികമായി വലിയ അടിത്തറയുള്ളതായിരുന്നില്ല. അതുകൊണ്ടുതന്നെ പഠനം മോശമാകാതിരിക്കാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. കാരണം പഠനം മോശമായാല്‍ എനിക്ക് ക്രിക്കറ്റ് ഉപേക്ഷിക്കാന്‍ സമ്മര്‍ദ്ദം കൂടുതലാവും. അതുകൊണ്ടുതന്നെ ക്രിക്കറ്റിനോടൊപ്പം പഠനത്തിനും പ്രാധാന്യം നല്‍കാനാണ് ശ്രമിച്ചത്' ബാസിത് പറഞ്ഞു.
കേരള ക്രിക്കറ്റ് ലീഗ് മികച്ച അനുഭവം
എറണാകുളം കാരനായ ബാസിത് തന്റെ സ്വാഭാവികമായ ആക്രമണ ശൈലിയില്‍ കളിക്കാനാണ് ചെറുപ്പം മുതല്‍ ആഗ്രഹിച്ചിരുന്നത്. വളരെ വേഗം ശ്രദ്ധ നേടിയെടുക്കാന്‍ ബാസിത്തിനായി. 13 വിക്കറ്റുകളുമായി പ്രഥമ കേരള ക്രിക്കറ്റ് ലീഗില്‍ തിളങ്ങാന്‍ ബാസിത്തിന് സാധിച്ചു. കെസിഎല്ലില്‍ ട്രിവാന്‍ഡ്രം റോയല്‍സിനൊപ്പം മികച്ച അനുഭവമായിരുന്നു ഉണ്ടായിരുന്നതെന്നാണ് ബാസിത് പറയുന്നത്.
'പ്രധാനമായും എനിക്ക് ബാറ്റിങ്ങാണ് ഇഷ്ടം. എന്നാല്‍ 13 വിക്കറ്റുകളുമായി തിളങ്ങിയതിനാല്‍ ബൗളിങ്ങില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാനാണ് ഇപ്പോള്‍ ആഗ്രഹിക്കുന്നത്. ഞാനൊരു ഓള്‍റൗണ്ടറാണെന്ന് എനിക്കറിയാം. ആവശ്യ ഘട്ടത്തില്‍ ബാറ്റുകൊണ്ടും തിളങ്ങാന്‍ എനിക്ക് സാധിക്കേണ്ടതായുണ്ട്' ബാസിത് പറഞ്ഞു.
സഞ്ജു ചേട്ടനാണ് എന്നെ പിന്തുണച്ചത്
എനിക്ക് ഏറ്റവും സന്തോഷം നല്‍കുന്ന കാര്യം ആദ്യ ഐപിഎല്‍ കരാര്‍ സഞ്ജു ചേട്ടന് കീഴിലായിരുന്നു എന്നതാണ്. അതുകൊണ്ടുതന്നെ ഞാന്‍ വളരെയധികം സന്തോഷവാനാണ്. കാരണം ഞാന്‍ കളിച്ചതില്‍വെച്ച് ഏറ്റവും മികച്ച നായകനാണ് സഞ്ജു. അദ്ദേഹത്തിന് കീഴില്‍ കളിക്കാന്‍ വളരെ ഇഷ്ടമാണ്. എന്താണ് ചെയ്യേണ്ടതെന്ന കൃത്യമായ ധാരണ നല്‍കാന്‍ എപ്പോഴും സഞ്ജു ചേട്ടന് സാധിക്കാറുണ്ട്. അതുകൊണ്ടുതന്നെ രാജസ്ഥാനില്‍ കളിക്കാന്‍ അവസരം ലഭിച്ചതിനെ വലിയ അംഗീകാരമായി കാണുന്നു.
രാജസ്ഥാനൊപ്പമുള്ള അനുഭവങ്ങളും വളരെ വിലപ്പെട്ടതായിരുന്നു. ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്താനാവുമെന്ന ചിന്താഗതി എപ്പോഴുമുണ്ട്. എങ്കില്‍ മാത്രമെ അടുത്ത തലത്തിലേക്ക് പോകാന്‍ സാധിക്കുകയുള്ളൂ-ബാസിത് കൂട്ടിച്ചേര്‍ത്തു.