ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണില്‍ ശക്തമായ തിരിച്ചുവരവിന് ശ്രമിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന് എട്ടിന്റെ പണി. നായകന്‍ സഞ്ജു സാംസണ്‍ വീണ്ടും പരിക്കിന്റെ പിടിയിലായിരിക്കുകയാണ്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ ഗംഭീരമായി ബാറ്റ് ചെയ്യവെയാണ് സഞ്ജു പരിക്കിന്റെ പിടിയിലാകുന്നത്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ 189 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റ് ചെയ്യവെയാണ് പരിക്ക് വില്ലനായെത്തിയത്. യശ്വസി ജയ്‌സ്വാളും സഞ്ജു സാംസണും ചേര്‍ന്ന് വെടിക്കെട്ട് പ്രകടനമാണ് ഓപ്പണിങ് വിക്കറ്റില്‍ കാഴ്ചവെച്ചത്.
ഒന്നാം വിക്കറ്റില്‍ 61 റണ്‍സ് കൂട്ടുകെട്ട് സൃഷ്ടിച്ച് നില്‍ക്കവെ സഞ്ജുവിന്റെ ഇടുപ്പിന് പരിക്കേല്‍ക്കുകയായിരുന്നു. വിപ്രജ് നിഗത്തെ ഒരു ഫോറും സിക്‌സും പറത്തി സഞ്ജു കരുത്തുകാട്ടി നില്‍ക്കുകയായിരുന്നു. താരത്തിന്റെ മൂന്നാം പന്തില്‍ വൈഡ് ലൈന്‍ ലെങ്തിലായിരുന്നു. ഈ പന്തിനെ ഷോട്ടിന് ശ്രമിച്ച സഞ്ജുവിന് കൃത്യമായി കണക്ട് ചെയ്യാനായില്ല. ഇൗ ഷോട്ടിന് ശ്രമിക്കവെ സഞ്ജുവിന്റെ ഇടുപ്പിന് പരിക്കേല്‍ക്കുകയായിരുന്നു. നോബോളായിരുന്ന ഈ പന്തില്‍ ഫ്രീ ഹിറ്റ് നേടിയെങ്കിലും സഞ്ജുവിന്റെ ഷോട്ട് ഫീല്‍ഡറുടെ കൈയിലൊതുങ്ങി. സിംഗിളോടാന്‍ പോലും സാധിക്കാതെ സഞ്ജു പ്രയാസപ്പെടുകയായിരുന്നു.
ഫിസിയോ എത്തി പരിശോധിച്ച ശേഷവും വേദന കുറയാത്തതിനാല്‍ സഞ്ജു കളം വിടാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു. 19 പന്തില്‍ രണ്ട് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 31 റണ്‍സ് നേടി നില്‍ക്കവെയാണ് സഞ്ജുവിന് പരിക്കേല്‍ക്കുന്നത്. രാജസ്ഥാന് വലിയ ഷോക്ക് നല്‍കി റിട്ടേര്‍ഡ് ഹര്‍ട്ടായാണ് സഞ്ജു ക്രീസില്‍ നിന്ന് മടങ്ങിയത്.
സഞ്ജുവിന്റെ പരിക്ക് ഗുരുതരമോ?
കൈവിരലിന്റെ പരിക്ക് പൂര്‍ണ്ണമായും ഭേദമായ ശേഷം സഞ്ജു സാംസണ്‍ മൂന്ന് മത്സരം മാത്രമാണ് കളിച്ചത്. ഇതിനിടെയാണ് വീണ്ടും പരിക്ക് വില്ലനായെത്തിയത്. നിലവില്‍ സഞ്ജുവിന്റെ പരിക്ക് ഗുരുതരമാണെന്ന് പറയാനാവില്ല. എന്നാല്‍ ഷോട്ട് കളിച്ചപ്പോള്‍ സഞ്ജുവിന്റെ ഇടുപ്പ് ഉളുക്കുകയായിരുന്നു. ഇതിന്റെ വേദന പെട്ടെന്ന് കുറയുന്നതല്ല. വേഗത്തില്‍ ഷോട്ട് കളിക്കാന്‍ സാധിക്കാത്ത വിധം വേദന സഞ്ജുവിനുണ്ടായിരുന്നു. ഓടാന്‍ പോലും സാധിക്കാത്ത രീതിയിലാണ് സഞ്ജുവിനെ പരിക്ക് ബാധിച്ചിരിക്കുന്നത്. കടുത്ത വേദന സഞ്ജുവിന്റെ മുഖ ഭാവത്തില്‍ത്തന്നെ വ്യക്തമായിരുന്നു.

വിക്കറ്റിന് പിന്നിലും സഞ്ജു നന്നായി പ്രയാസപ്പെട്ടിരുന്നു. ഡൈവിങ് സേവുകള്‍ ഉള്‍പ്പെടെ ഗ്രൗണ്ടില്‍ ഡൈവടിക്കുന്ന നീക്കങ്ങളും സഞ്ജു നടത്തിയിരുന്നു. ഇതും പരിക്കിലേക്ക് നയിച്ചോയെന്ന സംശയിക്കേണ്ടിയിരിക്കുന്നു. സഞ്ജുവിന് വിശ്രമം എടുക്കേണ്ടി വന്നാല്‍ രാജസ്ഥാനെയത് പ്രതികൂലമായി ബാധിക്കുമെന്ന കാര്യം ഉറപ്പാണ്. സഞ്ജു നായകനായി തിരിച്ചെത്തിയ ശേഷം ടീം പ്രതീക്ഷ കൈവരിച്ചിരുന്നു. ശക്തമായി തിരിച്ചെത്താമെന്ന് ടീം കരുതവെയാണ് വീണ്ടും പരിക്ക് സഞ്ജുവിന്റെ അന്തകനായി മാറിയിരിക്കുന്നത്. ഇത് ടീമിന് ആശങ്കയുണ്ടാക്കുന്നതാണെന്ന് വ്യക്തം.
പരാഗ് വീണ്ടും ക്യാപ്റ്റനാവുമോ?
സഞ്ജു സാംസണിന് വിട്ടുനില്‍ക്കേണ്ടി വന്നാല്‍ റിയാന്‍ പരാഗിലേക്ക് വീണ്ടും ക്യാപ്റ്റന്‍സി എത്തുമെന്ന് ഉറപ്പാണ്. സീസണിലെ ആദ്യ മൂന്ന് മത്സരത്തില്‍ രാജസ്ഥാനെ നയിച്ചത് പരാഗാണ്. മൂന്ന് മത്സരത്തില്‍ നിന്ന് ഒരു ജയമാണ് പരാഗ് രാജസ്ഥാന് നേടിക്കൊടുത്തത്. ഈ സാഹചര്യത്തില്‍ പരാഗിലേക്ക് വീണ്ടും നായകസ്ഥാനമെത്തുന്നത് രാജസ്ഥാന് ഗുണം ചെയ്യില്ലെന്നുറപ്പാണ്. പ്രകടനംകൊണ്ടും പരാഗ് മോശമാണ്. ഡല്‍ഹിക്കെതിരേ മൂന്നാം നമ്പറിലിറങ്ങിയ പരാഗ് 11 പന്തില്‍ എട്ട് റണ്‍സെടുത്താണ് പുറത്തായത്. ഒരു ബൗണ്ടറി മാത്രമാണ് പരാഗ് നേടിയത്.
ഈ സീസണില്‍ കാര്യമായൊന്നും ചെയ്യാന്‍ സാധിക്കാത്ത പരാഗിലേക്ക് വീണ്ടും നായകസ്ഥാനമെത്തിയാല്‍ രാജസ്ഥാനത് തിരിച്ചടിയാവാനാണ് സാധ്യത. സഞ്ജു സാംസണിന് കളിക്കാന്‍ സാധിക്കാതെ പോയാല്‍ യുവതാരം വൈഭവ് സൂര്യവന്‍ഷിക്ക് അവസരം ലഭിക്കാനാണ് സാധ്യത. എന്നാല്‍ സഞ്ജുവിന്റെ വിടവ് ബാറ്റിങ്ങില്‍ നികത്തുകയെന്നത് രാജസ്ഥാന് എളുപ്പമാവില്ലെന്ന കാര്യം ഉറപ്പാണ്.