ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണിലെ ആദ്യ റൗണ്ട് പോരാട്ടങ്ങള്‍ ആവേശകരമായി പുരോഗമിക്കുകയാണ്. ആരാധക പ്രതീക്ഷ കാത്ത് പല ടീമുകളും നന്നായി തുടങ്ങിയപ്പോള്‍ ചില ടീമുകള്‍ തീര്‍ത്തും നിരാശപ്പെടുത്തി. അത്തരത്തിലൊരു ടീമാണ് രാജസ്ഥാന്‍ റോയല്‍സ്. സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന് ആരാധകരേറെയാണ്. അവസാന സീസണില്‍വരെ തീപ്പൊരിയായിരുന്ന രാജസ്ഥാന്‍ ഇത്തവണ നനഞ്ഞ പടക്കമായിരിക്കുകയാണ്.
ആദ്യത്തെ രണ്ട് മത്സരത്തിലും രാജസ്ഥാന്‍ തോറ്റു. രാഹുല്‍ ദ്രാവിഡിനെ പരിശീലകസ്ഥാനത്തേക്ക് കൊണ്ടുവന്നതിന് പിന്നാലെ രാജസ്ഥാന്റെ കുതിപ്പ് താഴോട്ടാണെന്ന് പറയാം. ഇംഗ്ലണ്ട് പരമ്പരക്കിടെ പരിക്കേറ്റ സഞ്ജു സാംസണിന് പൂര്‍ണ്ണ ഫിറ്റ്‌നസിലേക്കെത്താന്‍ സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ അദ്ദേഹം ഇപ്പോള്‍ ബാറ്റിങ്ങിന് മാത്രമാണ് ഇപ്പോള്‍ ഇറങ്ങുന്നത്. സഞ്ജുവിന് പരിക്കായതിനാല്‍ നായകനായി റിയാന്‍ പരാഗാണ് ആദ്യ മൂന്ന് മത്സരത്തിലും ടീമിനെ നയിക്കുന്നത്.
റിയാന്‍ പരാഗിന് കീഴില്‍ രണ്ട് മത്സരം തോറ്റതിനാല്‍ മൂന്നാം മത്സരത്തിലും വലിയ ആശങ്കയാണ് ടീമിന് മുന്നിലുള്ളത്. മൂന്ന് മത്സരങ്ങള്‍ക്ക് ശേഷം സഞ്ജു നായകനായി തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. എന്നാല്‍ എല്ലാ ആരാധകര്‍ക്കും നിരാശയുണ്ടാക്കുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സഞ്ജു രാജസ്ഥാന്റെ നായകസ്ഥാനത്തേക്ക് ഇനി മടങ്ങിയെത്തിയേക്കില്ലെന്ന സൂചനകളാണ് ആരാധകരെ ആശങ്കയിലാഴ്ത്തുന്നത്.
എപ്പോഴും ക്യാപ്റ്റനായിരിക്കാനാവില്ലെന്ന് സഞ്ജു
സഞ്ജു സാംസണെ രാജസ്ഥാന്‍ റോയല്‍സ് നായകസ്ഥാനത്തേക്ക് കൊണ്ടുവന്നത് തികച്ചും അപ്രതീക്ഷിതമായാണ്. മലയാളി താരം രാജസ്ഥാന്‍ റോയല്‍സിലൂടെ വളര്‍ന്ന് പേരെടുത്തവനാണ്. അതുകൊണ്ടുതന്നെ ടീം നായകസ്ഥാനം സഞ്ജുവിനെ ഏല്‍പ്പിക്കുകയായിരുന്നു. ഫൈനലിലടക്കം രാജസ്ഥാനെ കളിപ്പിക്കാന്‍ സഞ്ജുവിന് സാധിച്ചു. എന്നാല്‍ ഇതുവരെ കിരീടത്തിലേക്കെത്തിക്കാനായിട്ടില്ല. ഇപ്പോഴിതാ പരിക്കും സഞ്ജുവിന് വില്ലനായി എത്തിയിരിക്കുകയാണ്.

റിയാന്‍ പരാഗിനെ രാജസ്ഥാന്റെ നായകനായി വളര്‍ത്താനാണ് രാജസ്ഥാന് താല്‍പര്യം. കാരണം ടീം മാനേജ്‌മെന്റിന് പരാഗിന്റെ കാര്യത്തില്‍ പ്രത്യേക താല്‍പര്യം തന്നെയുണ്ട്. അതുകൊണ്ടുതന്നെ സഞ്ജുവിന് അധികനാള്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകസ്ഥാനത്ത് തുടരാനായേക്കില്ല. ഇത് സൂചിപ്പിക്കുന്ന തരത്തിലാണ് സഞ്ജുവും പ്രതികരിച്ചിരിക്കുന്നത്. സഞ്ജു രാജസ്ഥാന്‍ നായകസ്ഥാനത്ത് അധികനാള്‍ ഉണ്ടാവില്ലെന്ന സൂചനയാണ് സഞ്ജു നല്‍കുന്നത്.
'രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായ ശേഷം രണ്ടാം സീസണില്‍ ഞാന്‍ ഒരു കാര്യം ചിന്തിച്ചിരുന്നു. രാജസ്ഥാന്റെ നായകനായി എല്ലാക്കാലവും എനിക്ക് തുടരാനാവില്ല. സമയമാവുമ്പോള്‍ ചിലര്‍ വരും. ചിലരെ വളര്‍ത്തേണ്ടതായുണ്ട്' സഞ്ജു കഴിഞ്ഞിടെ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംസാരിക്കവെ പറഞ്ഞു. സഞ്ജുവിനെ രാജസ്ഥാന്‍ റോയല്‍സ് വളരെയധികം പിന്തുണച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പിന്തുണ കുറയുന്നുണ്ടെന്ന ആക്ഷേപം ഒരു വിഭാഗം ആരാധകര്‍ക്കുണ്ട്.
ദ്രാവിഡ് വന്നത് സഞ്ജുവിന് തിരിച്ചടി
രാഹുല്‍ ദ്രാവിഡിനെ രാജസ്ഥാന്‍ റോയല്‍സ് പരിശീലകസ്ഥാനത്തേക്ക് കൊണ്ടുവന്നത് സഞ്ജു സാംസണിന് തിരിച്ചടിയായി മാറിയിരിക്കുകയാണ്. നേരത്തെ രാജസ്ഥാന്‍ റോയല്‍സില്‍ സഞ്ജുവിന് തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. എന്നാല്‍ ദ്രാവിഡ് വന്നതോടെ സഞ്ജുവിന് ഇത്തരമൊരു സ്വാതന്ത്ര്യം ലഭിക്കുന്നില്ലെന്ന് തന്നെ പറയാം. രാജസ്ഥാന്‍ ടീമില്‍ വലിയ പൊളിച്ചെഴുത്താണ് ഇപ്പോള്‍ നടന്നിരിക്കുന്നത്. ഇതില്‍ സഞ്ജുവിന് അതൃപ്തിയുണ്ടായിരുന്നു.
ജോസ് ബട്‌ലര്‍, യുസ് വേന്ദ്ര ചഹാല്‍, ട്രന്റ് ബോള്‍ട്ട് എന്നിവര്‍ ടീം വിടുന്നതിനോട് സഞ്ജുവിന് വിയോജിപ്പുണ്ടായിരുന്നു. ഇക്കാര്യം സഞ്ജു തന്നെ പലപ്പോഴായി സൂചിപ്പിച്ചിരുന്നു. ചില തീരുമാനങ്ങള്‍ അനിവാര്യമാണെന്ന തരത്തിലാണ് സഞ്ജു പ്രതികരിച്ചത്. ഇതെല്ലാം സഞ്ജുവിന് രാജസ്ഥാനില്‍ അതൃപ്തിയുണ്ടെന്ന വ്യക്തമായ സൂചനയാണ് നല്‍കുന്നത്. സഞ്ജു രാജസ്ഥാന്‍ റോയല്‍സ് വിട്ടാല്‍ അത് ടീമിന്റെ ആരാധകരിലടക്കം വലിയ കുറവുണ്ടാക്കുമെന്ന കാര്യം ഉറപ്പാണ്. എന്തായാലും സഞ്ജു ഈ സീസണിന് ശേഷം രാജസ്ഥാനില്‍ തുടരാന്‍ സാധ്യതയില്ല.