മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണിന് മുന്നോടിയായുള്ള ചരടുവലികള്‍ ഇതിനോടകം ടീമുകള്‍ ആരംഭിച്ച് കഴിഞ്ഞു. മെഗാ ലേലം വരാനിരിക്കുന്നതിനാല്‍ വലിയ അഴിച്ചുപണികള്‍ ടീമുകള്‍ നടത്തുമെന്ന കാര്യം ഉറപ്പാണ്. പല വമ്പന്‍ താരങ്ങളും കൂടുമാറ്റത്തിന് തയ്യാറെടുത്ത് കഴിഞ്ഞു. ഇത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകളും ഇപ്പോള്‍ സജീവമായി പുറത്തുവരികയാണ്. സഞ്ജു സാംസണിന്റെ നിലപാട് എന്താവുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
രാജസ്ഥാന്‍ റോയല്‍സ് നായകനായ സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമിലെ സജീവ താരമല്ല. കരിയറിന്റെ നിര്‍ണ്ണായക ഘട്ടത്തിലൂടെ കടന്ന് പോകുന്ന സഞ്ജുവിന് അടുത്ത ഐപിഎല്‍ സീസണ്‍ വളരെ പ്രധാനപ്പെട്ടതാണ്. നിലവില്‍ മൂന്ന് ഓഫറുകളാണ് മെഗാ ലേലത്തിന് മുമ്പ് സഞ്ജുവിന് മുന്നിലുള്ളത്. ഇതില്‍ ഏതാണ് അദ്ദേഹം സ്വീകരിക്കുകയെന്നതാണ് കണ്ടറിയേണ്ടത്. സഞ്ജുവിന് മുന്നിലുള്ള ഓഫറുകള്‍ എന്തൊക്കെയാണെന്ന് അറിയാം.
ഒന്നാമത്തെ ഓഫര്‍ ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ നിന്നുള്ളതാണ്. എംഎസ് ധോണിയെ സിഎസ്‌കെ നിലനിര്‍ത്തിയേക്കില്ലെന്നും അവസാന സീസണിലൂടെ അദ്ദേഹം പാഡഴിച്ചുവെന്നുമാണ് റിപ്പോര്‍ട്ട്. അങ്ങനെ വരുമ്പോള്‍ ഇന്ത്യക്കാരനായ വിക്കറ്റ് കീപ്പറെ സിഎസ്‌കെയ്ക്ക് ആവശ്യമാണ്. അതിനായി അവര്‍ പരിഗണിക്കുന്നത് സഞ്ജു സാംസണ്‍, റിഷഭ് പന്ത് എന്നിവരിലൊരാളെയാണെന്നാണ് റിപ്പോര്‍ട്ട്. രണ്ട് പേരും ഐപിഎല്ലില്‍ മികവ് കാട്ടുന്ന വിക്കറ്റ് കീപ്പര്‍മാരാണ്.
റിഷഭ് പന്ത് ഡല്‍ഹിയുടെ നായകസ്ഥാനത്ത് തുടര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെ വരുമ്പോള്‍ സഞ്ജുവിന് സിഎസ്‌കെ മുഖ്യ പരിഗണന നല്‍കും. നായകസ്ഥാനം സഞ്ജുവിന് സിഎസ്‌കെ നല്‍കില്ലെന്നുറപ്പ്. എന്നാല്‍ ധോണിയുടെ പകരക്കാരനായി വിക്കറ്റ് കീപ്പര്‍ റോളില്‍ കളിക്കാന്‍ സഞ്ജുവിന് മുന്നില്‍ അവസരമുണ്ട്. ഈ സ്ഥാനത്തേക്കെത്തിയാല്‍ സഞ്ജുവിന്റെ അന്താരാഷ്ട്ര കരിയറിലും അത് വളരെയധികം ഗുണം ചെയ്യുമെന്നുറപ്പാണ്.

നേരത്തെ തന്നെ വമ്പന്‍ ടീമുകളില്‍ നിന്ന് ഓഫര്‍ ലഭിച്ചിട്ടുണ്ടെന്ന് സഞ്ജു തുറന്ന് പറഞ്ഞിട്ടുള്ളതാണ്. എന്നാല്‍ അന്നൊന്നും രാജസ്ഥാന്‍ വിടാന്‍ സഞ്ജു തയ്യാറായിരുന്നില്ല. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ സഞ്ജു ഈ മാറ്റത്തിന് സമ്മതിച്ചാല്‍ അത് ഗുണം ചെയ്യും. ഇത് സഞ്ജു അംഗീകരിക്കുമോയെന്നതാണ് അറിയേണ്ടത്. റിഷഭ് പന്ത് ഡല്‍ഹി വിട്ട് സിഎസ്‌കെയിലേക്ക് പോകുമെന്ന റിപ്പോര്‍ട്ട് വന്നപ്പോള്‍ സഞ്ജു സാംസണെ ഡല്‍ഹി റിഷഭിന്റെ പകരക്കാരനാക്കിയേക്കുമെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു.
എന്നാല്‍ റിഷഭ് ഡല്‍ഹിയില്‍ തുടരാന്‍ സാധ്യത കൂടുതലായതിനാല്‍ സഞ്ജുവിന് മുന്നില്‍ ഈ ഓഫര്‍ അടഞ്ഞു. എന്നാല്‍ പുതിയ ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം ആര്‍സിബി സഞ്ജു സാംസണില്‍ താല്‍പര്യം അറിയിച്ചിട്ടുണ്ട്. കെ എല്‍ രാഹുലിനെ ആര്‍സിബി നായകസ്ഥാനത്തേക്ക് കൊണ്ടുവരുമെന്നാണ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. എന്നാല്‍ രാഹുലിന്റെ സമീപകാല പ്രകടനങ്ങളൊന്നും മികച്ചതല്ല. അതുകൊണ്ടുതന്നെ സഞ്ജുവിനെ നായകനായി ടീമിലേക്കെത്തിക്കാന്‍ ആര്‍സിബിക്ക് പദ്ധതിയുണ്ടെന്നാണ് സൂചന.
ഇതുവരെ കപ്പിലേക്കെത്താനാവാത്ത ടീമാണ് ആര്‍സിബിയെങ്കിലും വിരാട് കോലി ഉള്‍പ്പെടെ നിരവധി സൂപ്പര്‍ താരങ്ങള്‍ കളിക്കുന്ന ടീമാണിത്. വലിയ ആരാധക പിന്തുണയും ആര്‍സിബിക്കുണ്ട്. അതുകൊണ്ടുതന്നെ സഞ്ജുവിന് കൂടുമാറാന്‍ ആര്‍സിബി മികച്ചൊരു ടീമായിരിക്കുമെന്ന് പറയാം. മറ്റൊരു കാര്യം രാജസ്ഥാന്റെ ഓഫര്‍ സ്വീകരിച്ച് ടീമില്‍ തുടരുകയെന്നതാണ്. സഞ്ജുവിനെ ക്യാപ്റ്റനാക്കി മുന്നോട്ട് പോകാന്‍ രാജസ്ഥാന്‍ ആഗ്രഹിക്കുന്നു.
സഞ്ജുവിന് കീഴില്‍ ഒരു തവണ ഫൈനല്‍ കളിക്കാന്‍ രാജസ്ഥാനായിരുന്നു. അവസാന സീസണില്‍ രാജസ്ഥാന്‍ പ്ലേ ഓഫിലുമെത്തി. സഞ്ജുവിനെ നിലനിര്‍ത്താന്‍ രാജസ്ഥാന്‍ തയ്യാറാകുമ്പോള്‍ വളര്‍ത്തിയ ടീമിന്റെ ഓഫര്‍ സഞ്ജു നിരസിക്കുമോയെന്നതാണ് അറിയേണ്ടത്. നേരത്തെ രാജസ്ഥാന്‍ വിടില്ലെന്ന് സഞ്ജു പറഞ്ഞിട്ടുണ്ടെങ്കിലും അന്താരാഷ്ട്ര കരിയറിലെ സാഹചര്യം നോക്കുമ്പോള്‍ സഞ്ജു മറ്റൊരു വമ്പന്‍ ടീമിലേക്ക് കൂടുമാറുന്നത് ഗുണം ചെയ്‌തേക്കും.