ഐപിഎല്ലിന്റെ 18ാം സീസണില്‍ ബാറ്റിങില്‍ കസറുന്നതിനായുള്ള കഠിന പ്രയത്നത്തിലാണ് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനും മലയാളി വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണ്‍. കൈവിരലിലെ പരിക്കില്‍ നിന്നും മോചിതനായി മടങ്ങിയെത്തിയ അദ്ദേഹം ആദ്യത്തെ മൂന്നു കളിയിലും ടീമിനെ നയിക്കാനില്ലെന്നു വ്യക്തമാക്കി കഴിഞ്ഞു. പകരം റിയാന്‍ പരാഗിനു നായകസ്ഥാനം നല്‍കിയിരിക്കുകയാണ്. ഇംപാക്ട് പ്ലെയറായിട്ടാവും സഞ്ജു ഈ മല്‍സരങ്ങളില്‍ കളിക്കാനിറങ്ങിയേക്കുകയെന്നാണ് സൂചനകള്‍.
അതിനിടെ റോയല്‍സ് പരിശീലന സെഷനില്‍ നിന്നുള്ള സഞ്ജുവിന്റെ ബാറ്റിങ് വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. സെഞ്ച്വറികളല്ല, പകരം 500 പ്ലസ് റണ്‍സാണ് അദ്ദേഹം ഇത്തവണ ലക്ഷ്യമിടുന്നതെന്നു ഈ വീഡിയോയില്‍ നിന്നും വ്യക്തമാണ്. അതു വഴി ഇന്ത്യന്‍ ടി20 ടീമില്‍ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ സ്ഥാനം അരക്കിട്ടുറപ്പിക്കുകയാണ് സഞ്ജുവിന്റെ പ്രധാന ലക്ഷ്യം.

ശൈലി മാറ്റി സഞ്ജു
രാജസ്ഥാന്‍ റോയല്‍സിനൊപ്പം വളരെ ശ്രദ്ധയോടെ ബാറ്റ് വീശുന്ന സഞ്ജു സാംസണിനെയാണ് പരിശീലന വീഡിയോയില്‍ കാണാന്‍ സാധിക്കുക. 2023 വരെയുള്ള മുന്‍ സീസണുകളെ അപേക്ഷിച്ച് അമിത അഗ്രസീവായി ഷോട്ടുകള്‍ കളിക്കാന്‍ അദ്ദേഹം തുനിയുന്നില്ല. പകരം പരമാവധി ഗ്രൗണ്ട് ഷോട്ടുകള്‍ക്കാണ് സഞ്ജു പ്രഥമ പരിഗണന നല്‍കുന്നത്. ഇപ്പോള്‍ പുറത്തു വന്ന പരിശീലന വീഡിയോയില്‍ ഒരൊറ്റ സിക്‌സറിനു പോലും അദ്ദേഹം തുനിയുന്നില്ല.
പകരം മികച്ച ടൈമിങോടെ ഗ്രൗണ്ടിന്റെ എല്ലാ മൂലയിലേക്കും ഷോട്ടുകള്‍ പായിക്കുന്നതിലാണ് സഞ്ജു കൂടുതല്‍ ശ്രദ്ധിക്കുന്നത്. ഇതില്‍ അദ്ദേഹം വിജയിക്കുകയും ചെയ്തിട്ടുണ്ട്. റിസ്‌കുകള്‍ പരാമവധി കുറച്ചുള്ള ഒരു ബാറ്റിങ് ശൈലിയാണ് റോയല്‍സില്‍ താന്‍ ഇത്തവണ പരീക്ഷിക്കാന്‍ പോവുന്നതെന്ന സൂചന കൂടിയാണ് സഞ്ജു നല്‍കിയിരിക്കുന്നത്.
സഞ്ജു സാംസണിന്റെ ബാറ്റിങ് വീഡിയോ കാണാം
കഴിഞ്ഞ ഐപിഎല്ലിലും ഏറെക്കുറെ സമാനമായ ബാറ്റിങാണ് അദ്ദേഹം കാഴ്ചവച്ചത്. ക്രീസില്‍ അല്‍പ്പ സമയം ചെലവഴിച്ച് സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്തു കളിച്ച ശേഷം പിന്നീട് വമ്പന്‍ ഷോട്ടുകള്‍ കളിക്കുകയെന്നതായിരുന്നു സഞ്ജുവിന്റെ പ്ലാന്‍. ഇതു വലിയ വിജയമായി മാറുകയും ചെയ്തു. കരിയറിലാദ്യമായി അദ്ദേഹം 500 പ്ലസ് റണ്‍സ് നേടിയ സീസണായും 2024 മാറിയിരുന്നു.
ശൈലി മാറ്റിയ സഞ്ജു
ഐപിഎല്ലിന്റെ 2023 വരെയുള്ള സീസണുകളെടുത്താല്‍ ക്രീസിലെത്തിയ ശേഷം ആദ്യ ബോള്‍ മുതല്‍ തന്നെ ആഞ്ഞടിക്കുകയെന്ന ശൈലിയാണ് സഞ്ജു സാംസണ്‍ സ്വീകരിച്ചിരുന്നത്. പക്ഷെ അമിത അഗ്രസീവായ ഈ ശൈലി കാരണം പലപ്പോഴും അദ്ദേഹത്തിനു തിരിച്ചടികളും നേരിട്ടു. സുനില്‍ ഗവാസ്‌കറുള്‍പ്പെടെ പലരും സഞ്ജുവിനോടു ഈ ശൈലി മാറ്റാന്‍ ഉപദേശിച്ചെങ്കിലും അദ്ദേഹം അതിനു തയ്യാറായില്ല.
എന്നാല്‍ അവസാന ഐപിഎല്‍ സീസണില്‍ പുതിയൊരു സഞ്ജുവിനെയാണ് ക്രിക്കറ്റ് ലോകം കണ്ടത്. പിച്ചിന്റെ സ്വഭാവം മനസ്സിലാക്കി പതിയെ തുടങ്ങിയ ശേഷം പിന്നീട് അഗ്രസീവ് ശൈയിലേക്കു ചുവട് മാറ്റുകയെന്ന അദ്ദേഹത്തിന്റെ സമീപനം ക്ലിക്കാവുകയും ചെയ്തു. 16 മല്‍സരങ്ങളില്‍ നിന്നും 153.47 സ്‌ട്രൈക്ക് റേറ്റില്‍ 531 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. അഞ്ചു ഫിഫ്റ്റി പ്ലസ് സ്‌കോറുകളും ഇതിലുള്‍പ്പെടും.

2021ലെ ഐപിഎല്ലില്‍ 484 റണ്‍സ് സ്‌കോര്‍ ചെയ്തതായിരുന്നു നേരത്തേ ഒരു സീസണില്‍ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനം. ഇതാണ് കഴിഞ്ഞ എഡിഷനില്‍ സഞ്ജു 531 റണ്‍സാക്കി മെച്ചപ്പെടുത്തിയത്. കൂടാതെ ഒരു സീസണില്‍ അദ്ദേഹം അഞ്ചു ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ അടിച്ചെടുത്തതും ആദ്യമായിരുന്നു.
ഇത്തവണയും സമാനമായ ശൈലിയിലൂടെ വീണ്ടുമൊരു 500 പ്ലസ് റണ്‍സ് സീസണാണ് സഞ്ജു സ്വപ്‌നം കാണുന്നത്. ഇതു വഴി ഈ വര്‍ഷം നടക്കാനിരിക്കുന്ന ഏഷ്യാ കപ്പിലും അടുത്ത വര്‍ഷത്തെ ഐസിസി ടി20 ലോകകപ്പിലുമെല്ലാം ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ തനിക്കു സാധിക്കുമെന്നും അദ്ദേഹം ഉറച്ചു വിശ്വസിക്കുന്നു.
ഇന്ത്യയുടെ അവസാന മൂന്നു ടി20 പരമ്പരകളിലും സഞ്ജുവാണ് വിക്കറ്റ് കാത്തത്. കൂടാതെ ഓപ്പണിങിലേക്കും പ്രൊമോഷന്‍ ലഭിച്ചു. മൂന്നു സെഞ്ച്വറികളുമായാണ് ഇതിനോടു അദ്ദേഹം പ്രതികരിച്ചത്.